Slider

തിരക്കുകൾ

0
Image may contain: 3 people, people smiling

 ഹാലോ "
"ആ പറയൂ .. "
"ഏട്ടൻ എന്തെടുക്കുവാ ?"
"ഇതു ചോദിക്കാനാണോ നീ ഇപ്പം വിളിച്ചത് ?"
"വെറുതെ ആ സ്വരമൊന്ന് കേൾക്കാൻ "
"നിനക്ക് വേറെ പണിയില്ലേ ? .. എനിക്കിവിടെ നൂറു കൂട്ടം പ്രശ്നങ്ങളാ .. തല പെരുകുന്നു .. അതിനിടയിലാ നീ.."
" ബുദ്ധിമുട്ടായോ ഞാൻ വിളിച്ചത് ?"
"തിരക്കിലാണ് .. അതുകൊണ്ടല്ലേ .. സ്വന്തമായി ഒരു ബിസിനസ് നല്ലനിലയിൽ നടത്തിക്കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട്‌ നിനക്ക് പറഞ്ഞാൽ മനസിലാവില്ല "
"ശരി ഏട്ടാ .. ഞാൻ വെക്കുന്നു "
"ആ ശരി .. തിരക്കൊഴിയുമ്പോൾ വിളിക്കാം "
ഫോൺ കട്ടായി !
അങ്ങനെ ഒന്ന് ഉണ്ടാവില്ലെന്ന് അവൾക്കറിയാം .. തിരക്കൊഴിഞ്ഞൊരു നേരം !!
അയാൾക്ക് എന്നും തിരക്കായിരുന്നു .. അയാൾ എന്നും പ്രശ്നങ്ങളുടെ നാടുവിലായിരുന്നു .. അല്ലെങ്കിൽ ഒരു പുരുഷജന്മത്തിൽ വളരെ സാധാരണമായി സംഭവിക്കാവുന്ന കാര്യങ്ങളെയെല്ലാം അയാൾ പ്രശ്നങ്ങളായാണ് കണ്ടിരുന്നത്..
അയാൾക്ക് സ്നേഹക്കുറവില്ലെന്ന് അവൾക്കറിയാം .. പക്ഷെ ആ സ്നേഹം അയാൾ ഒരിക്കലും മക്കളുടെ മുന്പിലോ ഭാര്യക്ക് മുന്പിലോ പ്രകടിപ്പിച്ചിരുന്നില്ല ..
സ്നേഹം പ്രകടിപ്പിക്കൽ നാണക്കേടാണത്രേ !! പ്രത്യേകിച്ച് ഭാര്യയോട് ..
രാവിലെ ഒരു ഗുഡ് മോർണിംഗ് മെസേജ് .. അത് മിക്കവാറും ആരെങ്കിലും അയാൾക്കയച്ച ഒരു പിക്ച്ചർ മെസേജ് ആവും .. അവളത് തുറക്കാറുകൂടി ഇല്ല ഇപ്പോൾ ..
പിന്നെ വൈകിട്ട്‌ ചില ദിവസങ്ങളിൽ ധൃതിപ്പെട്ടൊരു ഫോൺ വിളി.
എല്ലാ ഫോൺ വിളികളും അഞ്ചു മിനിറ്റിൽ കൂടുതൽ നീളില്ല ..
ആ വിളികളിൽ വീട്ടുകാര്യവും കുടുംബകാര്യവും നാട്ടുകാരുടെ കാര്യവും ഉണ്ടാകും ..
പക്ഷെ അവളെ പറ്റി ഒന്നും ചോദ്യമുണ്ടാവാറില്ല!..
എല്ലാ ഫോൺ വിളികളും പതിവ് ശൈലിയിൽ അയാൾ അവസാനിപ്പിക്കും
"തിരക്കാണ് .. നൂറു കൂട്ടം പ്രശ്നങ്ങൾ .. പിന്നെ വിളിക്കാം "!!!
പക്ഷെ എന്ത് ചെയ്യാം .. ! സമയത്തിന് അയാളെക്കാൾ തിരക്കായിരുന്നു .. ആരുടേയും തിരക്കൊഴിയാൻ കാത്തുനിൽക്കാതെ അത് കുതിച്ചു പാഞ്ഞു ..
ഇടക്കെപ്പഴോ നിശബ്ദയായ അവളെ അയാൾ ശ്രദ്ധിച്ചതേയില്ല .
ചിലപ്പോൾ അവൾക്കും തിരക്കാണെന്ന് അയാൾ കരുതിയിരിക്കാം !!!
വർഷങ്ങൾക്കിപ്പുറം കത്തിയെരിയുന്ന ചിതയിൽ നോക്കി നിൽക്കുമ്പോൾ അയാൾക്ക് അല്പം പോലും തിരക്കുണ്ടായിരുന്നില്ല ... !!!!
പക്ഷെ വാശിയോടെ അവളുടെ ശരീരത്തെ വിഴുങ്ങുന്ന തീനാളങ്ങൾ പറഞ്ഞു
" ഞങ്ങൾക്ക് തിരക്കുണ്ട് !!"
സമയവും പ്രായവും ഒരിക്കലും ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല!!
കുറച്ചു വർഷങ്ങൾ മാത്രമുള്ളൊരു ജീവിതം ..
അതിൽ നല്ലൊരു സമയം തിരക്കിട്ടോടിയും വെട്ടിപിടിച്ചും തിരികെ എത്തുമ്പോൾ നിങ്ങൾ ആർക്കു വേണ്ടിയാണോ അതൊക്കെ ചെയ്തത് അവർ അതനുഭവിക്കാൻ ഇല്ലാതെ പോകുന്ന ഒരവസ്ഥ !!
ആലോചിച്ചീട്ടുണ്ടോ അങ്ങനൊന്ന്??!
ജീവിതത്തിൽ പ്രയാസങ്ങളും ദുഖങ്ങളും ഇല്ലാത്തവർ ആരാണുള്ളത് .. പക്ഷെ അതൊക്കെ മറികടക്കാനുള്ള കഴിവും മനുഷ്യന് ദൈവം കൊടുത്തീട്ടുണ്ട് ..
നഷ്ടങ്ങളെ പറ്റിയും പ്രയാസങ്ങളെ പറ്റിയും മാത്രമോർത്തു ജീവിച്ചാൽ നിങ്ങൾ സ്വയം ദുഃഖിക്കുകയും നിങ്ങൾക്ക് ചുറ്റുമുള്ളവരെ ദുഖത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്..
ജീവിതത്തിന്റെ അവസാന നാളുകളിൽ തിരിഞ്ഞൊന്നു നോക്കുമ്പോൾ ഓർത്തെടുക്കാൻ കുറെ നല്ല നിമിഷങ്ങൾ ഉണ്ടാവണം നമുക്ക് .. ഒരു മനുഷ്യ ജന്മത്തിന്റ കണക്കു പുസ്തകത്തിൽ അത് മാത്രമാണ് ആകെ ലാഭം !!
വന്ദന 🖌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo