Slider

സർപ്രൈസ്

0


രക്തബന്ധത്തേക്കാൾ വലുത് സ്നേഹബന്ധമാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അത് സത്യമാണെന്ന് തെളിയിച്ച എൻ്റെ പെണ്ണ്. അവളെൻ്റെ കൂടെ കൂടിയിട്ട് ആറു വർഷം കഴിഞ്ഞിരിക്കുന്നു.
വീട്ടുകാരുടെ വെറുപ്പ് മാത്രം സ്വന്തമാക്കി എൻ്റെ കൂടെ വന്ന എൻ്റെ പെണ്ണ്.
കുട്ടേട്ടനല്ലാതെ ഒരുത്തനും കഴുത്തു നീട്ടി കൊടുക്കില്ലായെന്ന് വിറയാർന്ന ശബ്ദത്തിൽ അവൾ പറഞ്ഞത് ഇന്നും എൻ്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്.
പ്രേമം... ഒലക്കേടെ മൂട് ,അച്ഛനേം അമ്മേം ചതിച്ചോളാ നിന്നെം
ചതിക്കുംന്ന് നാട്ടുകാർ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോഴും പതറാതെ എൻ്റെ കൂടെ നിന്ന എൻ്റെ പെണ്ണ്.
അവളെ ഞാനെൻ്റെ
തൻപാതിയാക്കി.നിലവിളക്കുമായ് ലക്ഷ്മീ ദേവിയെ പോലെ കടന്നു വന്ന അവളെ ഇരുകൈയും നീട്ടി സ്വീകരിച്ച എൻ്റെ അമ്മ.
ജീവിതത്തിന് ഇനിയൊരു അടിത്തറയൊക്കെ വേണ്ടേടാ എന്ന. അച്ഛൻ്റെ ചോദ്യമാണ് എന്നെ പ്രവാസിയാക്കിയത്.
ഇരുമിഴികളും നിറഞ്ഞ് കവിഞ്ഞൊഴുകുന്ന അവളുടെ കണ്ണീർ തുടച്ച് ഇടതു കവിളിലൊരു നേർത്ത ചുംബനം നൽകിയപ്പോൾ, നാണത്തോടെ ൻ്റെ ഇടനെഞ്ചിലേക്ക് ചാഞ്ഞവൾ.
ഒടുവിൽ കണ്ണീർ മറച്ച്
കരുതലോടെ എന്നെ യാത്രയാക്കിയവൾ.
മരുഭൂമിയിലും കുളിരുപകരാൻ അവളുടെ ഓർമ്മകൾ മാത്രം മതിയായിരുന്നു.എൻ്റെ സ്വപ്നങ്ങളിൽ എന്നും നിറഞ്ഞു നിന്നിരുന്നത് അവളുടെ കരിനീലമിഴികളായിരുന്നു.
കാത്തിരിപ്പിനും ഒരു സുഖമുണ്ടെന്ന് വിളിക്കുമ്പോഴെല്ലാം എൻ്റെ മനസിനെ പറഞ്ഞു പഠിപ്പിക്കുന്ന എൻ്റെ പെണ്ണ്.
കാലമേറെ കഴിഞ്ഞിട്ടും വീട്ടുകാർ ഒന്നു വിളിക്കപോലും ചെയ്തില്ല, എന്നിട്ടും ഞാനൊന്നവിടെവരെ പൊയ്ക്കോട്ടെയെന്ന് ഒരിക്കൽ പോലും എന്നോടവൾ ചോദിച്ചിട്ടുമില്ല.
നിനക്കൊന്നു പോയ് അവരെ കണ്ടു കൂടെയെന്ന് ഞാൻ ചോദിച്ചപ്പോൾ ,അങ്ങേതലയ്ക്കൽ ഒരു തേങ്ങൽ മാത്രമായിരുന്നു .
അവളുടെ മനസ് വായിക്കാൻ എനിക്ക് പണ്ടേ മിടുക്കായിരുന്നു. അവളുടെ ആഗ്രഹങ്ങൾ അവളേക്കാൾ നന്നായെനിക്കറിയാം.
എന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന വിശ്വസിക്കുന്ന എൻ്റെ പെണ്ണിന് , അവൾക്ക് ജീവനേകിയ മാതാപിതാക്കളെ പാടെ മറക്കാൻ എങ്ങനെ കഴിയും.
വീട്ടിൽ ചെന്നപ്പോൾ കുഞ്ഞിലെ അവൾക്ക് നിഴലായ അവളുടെ വളർത്തുനായ ഞങ്ങളുടെ പ്രണയത്തിലെ ഹംസം 'ജൂലി' മാത്രം പരിചയം നടിച്ചതും,അച്ഛൻ വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് അമ്മ കുടിക്കാൻ തന്ന വെള്ളം തട്ടിത്തെറിപ്പിച്ചതും , എന്നെ വിഷമിപ്പിക്കാതിരിക്കാൻ ചെറുചിരിയോടെ പറഞ്ഞപ്പോൾ അവളുടെ ഉള്ള് കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു.
കണ്ട പാണ്ടിയുടെ കൂടെ ഇറങ്ങി വന്ന നിന്നെ പായസം നൽകി ഊഞ്ഞാലിലിരുത്തി ആട്ടുമെന്ന് കരുതിയോ മണ്ടൂസെ, എന്ന ചോദ്യത്തിന്
അപ്പൊ കണ്ണാടി നോക്കാറുണ്ടല്ലേ എന്ന് പറഞ്ഞ് എന്നെ ചിരിപ്പിച്ചവൾ.
കൂട്ടുകാരിയുടെ ഭർത്താവ് അറിയിക്കാതെ ഗൾഫീന്നു വന്ന കാര്യം ആവേശത്തോടെ എന്നോട് പറഞ്ഞത്,അവൾ എൻ്റെ സാമീപ്യവും അതുപോലൊരു സർപ്രൈസും കൊതിക്കുന്നെണ്ടെന്നതിനുള്ള തെളിവായിരുന്നു.
അവളുടെ കരിനീല മിഴികൾ ചിരിക്കുന്നതെനിക്കു കാണണം, സ്നേഹത്തോടെ ചേർത്തു നിർത്തി അവളുടെ നുണക്കുഴി കവിളിൽ ഒരു ചുടുചുംബനമേകണം.
ഇനിയും കാത്തിരിക്കാൻ വയ്യ എൻ്റെ തൻ പാതിയെ എന്നോട് ചേർക്കാൻ ഞാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.
അതെ ഈ പുതുവർഷത്തിൽ ഞാനവൾക്ക് സർപ്രൈസ് നൽകാനുള്ള യാത്രയിലാണ്. എത്രയും പെട്ടന്ന് അവളുടെ അടുത്തെത്തിയാൽ മതിയായിരുന്നു. എൻ്റെ പെണ്ണിൻ്റെ കരിനീലമിഴികളിൽ പ്രണയം പൂക്കുന്നതെനിക്കിപ്പഴേ കാണാം..
ജിഷ രതീഷ്
1/1/18
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo