Slider

കുഞ്ഞുടുപ്പുകൾ

0
കുഞ്ഞുടുപ്പുകൾ
•••••••••••••••••••••••••••••••••••••
"അച്ഛാ ഈ ഉടുപ്പെങ്ങനെ ഉണ്ട്‌?
ഒന്ന് നോക്കച്ഛാ ?"
രാവിലെ പത്രം വായിക്കാനിരുന്നാൽ എന്നും ഉള്ളതാ ഇവൾക്ക്‌ ഈ ഒരു അസഹിഷ്ണുത.
വീട്ടിലുള്ളപ്പോൾ ഒരു അരമണിക്കൂർ പോലും അവളെ ശ്രദ്ധിക്കാതെ ഇരിക്കുന്നത്‌ അവൾക്ക്‌ സഹിക്കാൻ പറ്റില്ല. എന്തെങ്കിലും കൊണ്ട്‌ വന്ന് കാണിച്ച്‌ ചിണുങ്ങി കൊണ്ടിരിക്കണം. അവളെയും കുറ്റം പറയാൻ പറ്റില്ല.
ഓർമ്മ വച്ച്‌ തുടങ്ങിയിട്ട്‌ അവൾക്ക്‌ അച്ഛനെ കൂടെ കിട്ടിയത്‌ മൂന്നോ നാലോ മാസം മാത്രാണു.
"ആഹാ നന്നായിട്ടുണ്ടല്ലൊ? ഇത്‌ ആരാ വാങ്ങി തന്നെ?"
അവൾ ഇട്ട ഉടുപ്പിന്റെ അടിഭാഗത്തെ രണ്ട്‌ തുമ്പും വിടർത്തി പിടിച്ച്‌ രണ്ട്‌ ഭാഗത്തേക്കും ആടി കൊണ്ടിരിക്കുകയാ.
"അച്ഛനോർമ്മയില്ല? നല്ലോണം ഒന്നോർത്ത്‌ നോക്കിയേ?"
ഞാൻ കൊണ്ടു വന്നതിലുള്ളതല്ല.
എന്നാലും ഈ നിറവും ഉടുപ്പും ഓർമ്മയിൽ എവിടെയോ ഉണ്ട്‌.
"നിന്റെ അമ്മ"
"അല്ല തെറ്റ്‌"
"ആന്റി "
"അല്ല"
"അമ്മൂമ്മാ"
"അല്ലേ അല്ല"
"എന്നാ തോറ്റു"
"അവരൊന്നും അല്ല പൊട്ടാ ഇത്‌ അച്ചമ്മയുടെ വകയാ"
അവൾ അതും പറഞ്ഞ്‌ അകത്തേക്ക്‌ ഓടി.
അച്ചമ്മയുടെയോ?!പുറത്തൊരിടത്തും തനിച്ച്‌ പോകാത്ത അച്ചമ്മയോ??
ആരെ കൊണ്ടെങ്കിലും വാങ്ങിപ്പിച്ചതാകും.
തിരിച്ച്‌ വന്ന അവൾ ഒരു ഫോട്ടോ എന്റെ നേർക്ക്‌ നീട്ടി.
എന്റെ അനിയത്തിയുടെ രണ്ടാം ക്ലാസ്സിലെ സ്കൂൾ ഫോട്ടോ.
******* ******** ********
"വാടാ എണീക്ക്‌ പോകാം."
"നീ പോയ്ക്കോ ഞാൻ വരാം "
എന്ന് പറഞ്ഞ്‌ കൂട്ടുകാരനെ അയച്ച്‌ വെറുതെ ആ കലുങ്കിൽ മേലേക്ക്‌ നോക്കി കിടന്നു.
മേഘങ്ങൾക്കിടയിൽ നിന്ന് തന്നെ നോക്കി ചിരിക്കുന്ന ആ ഒറ്റ നക്ഷത്രത്തെ നോക്കി ഞാൻ പറഞ്ഞു
"ഇല്ല ഇന്നിനി വീട്ടിലേക്കില്ല."
കലുഷിതമായിരുന്നു എന്റെ മനസ്സ്‌.
ഒരു വീട്‌ എന്ന് പറഞ്ഞാൽ ഉള്ള ചവറുകളൊക്കെ ശേഖരിച്ച്‌ വെക്കാനുള്ള സ്ഥലമാണോ? ഇത്ര കാലം ചെറിയ വീടും ചെറിയ കുട്ടികളും ആയത്‌ കൊണ്ട്‌ ശ്രദ്ധിച്ചില്ല.
കല്ല്യാണപ്രായമെത്തിയ ഒരു പെൺകുട്ടിയുള്ളൊരു വീടല്ലേ? ഇടക്ക്‌ പെണ്ണു കാണാനും മറ്റുമായി ആൾക്കാർ വീടിനകത്തേക്ക്‌ കയറുമ്പോ, അമ്മയുടെ ഭാണ്ഡക്കെട്ടുകൾ നിറച്ച്‌ വച്ചത്‌ കാണുമ്പോൾ ശരിക്കും നാണക്കേട്‌ തോന്നും.
അച്ഛൻ വൈകുന്നേരം കൊണ്ട്‌ വരുന്ന കടല പൊതിഞ്ഞ വെള്ള നൂൽ ,പീടികയിൽ നിന്ന് കൊണ്ട്‌ വരുന്ന സാധനകെട്ടിന്റെ ചണനൂൽ തുടങ്ങി പെങ്ങൾക്ക്‌ ചെറുപ്പത്തിൽ മുടി കെട്ടികൊടുത്ത തുണി കഷ്ണങ്ങൾ വരെ കളയാതെ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നുണ്ട്‌ ആ മുറിയിൽ.
രണ്ടാളുകൾ കിടക്കുന്ന മുറിയാ ഒന്ന് കാൽ കുത്താൻ പോലും ഇടമില്ല അമ്മയുടെ ഈ ശേഖരണം കാരണം.
കുറേ ദിവസായി കരുതി നടക്കുകായിരുന്നു. അറിയാമായിരുന്നു ബഹളമാകുമെന്ന്. എന്നാലും സാരമില്ല ഒരു വീട്‌ വീടാക്കാൻ ആണുങ്ങൾ തന്നെയാണു മുൻകൈ എടുക്കേണ്ടത്‌.
പെട്ടെന്നുള്ള പരിപാടി ആയത്‌ കൊണ്ട്‌ തന്നെ ആദ്യത്തെ ചെറുത്ത്‌ നിൽപ്‌ കൂടുതൽ സമയം തുടരാൻ അമ്മക്ക്‌ സാധിച്ചില്ല. ബാക്കിയായ ചെറുത്ത്‌ നിൽപിനെ വലിയ വായിലെ ശബ്ദം കൊണ്ട്‌ ഞാൻ തോൽപ്പിച്ചു. എല്ലാം എടുത്ത്‌ പറമ്പിന്റെ മൂലയിൽ കൊണ്ട്‌ പോയി മണ്ണെണ്ണ ഒഴിച്ച്‌ തീ കൊടുക്കുന്നതിനിടയിലാ വീടിന്റെ ഉമ്മറത്ത്‌ നിന്ന് എന്തോ വലിയ ഗ്ലാസ്സ്‌ പൊട്ടി ചിതറുന്ന ശബ്ദം കേട്ടത്‌.
ചെന്ന് നോക്കിയപ്പോ ഞെട്ടി പോയി.
ഒരു ചുവന്ന ഫുഡ്ബോളിന്റെ മാതൃകയിലുള്ളൊരു മദ്യത്തിന്റെ ബോട്ടിലായിരുന്നു അത്‌. ഒരു ഗൾഫുകാരന്റെ വീട്ടിൽ ജോലിക്ക്‌ പോയപ്പോ കിട്ടിയതാ ആ ഒഴിഞ്ഞ ബോട്ടിൽ. എന്റെ കൗതുകം കണ്ടപ്പോൾ അമ്മ തന്നെയാ അതിന്റെ ഉൾഭാഗമൊക്കെ വൃത്തിയാക്കി ചുമരലമാരക്കുള്ളിൽ വച്ചത്‌. ഒരു നിധി പോലെ തട്ടാതെ മുട്ടാതെ ഞങ്ങൾ സൂക്ഷിച്ച്‌ വച്ച അമൂല്യവസ്തു .
ഉമ്മറത്ത്‌ ചിന്നഭിന്നമായി കിടക്കുന്നു.
എനിക്കാകെ സങ്കടമായി.
ഒരു വീട്‌ വൃത്തിയാക്കാൻ തുടങ്ങി എന്നതിനു ഇത്രയും വലിയ ശിക്ഷയോ ?
ഏകദേശം ആ സന്ധ്യ മുതൽ വന്ന് ഇരിക്കുന്നതാണീ കലുങ്കിൽ.
മതി ആ വീട്ടിൽ തനിക്കൊരു സ്ഥാനവുമില്ല. എത്രയൊക്കെ കഷ്ടപ്പെട്ടാലും ഒടുവിലുള്ള അനുഭവം ആ ഉമ്മറത്തെ ചില്ലുകഷണങ്ങൾക്ക്‌ തുല്ല്യമായിരിക്കും. എവിടേലും പോണം. നാളെ കാലത്ത്‌ പുറപ്പെടണം. തന്നെ ആവശ്യമില്ലാത്തവരെ തനിക്കും ആവശ്യമില്ല.
അപ്പൊളേക്കും കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.
ആ കണ്ണീരിനെ കഴുകാൻ എന്ന വ്യാജേന വന്ന ചാറൽ മഴക്ക്‌ മുന്നിൽ തോറ്റ്‌ മുട്ട്‌ കുത്തി ഞാൻ വീട്ടിലേക്ക്‌ മടങ്ങി.
ആ ചാറ്റൽ മഴയിൽ തീ നഷ്ടപ്പെട്ട്‌ പുകയുന്ന പഴയ തുണികളും പ്ലാസ്റ്റിക്കുകളും കത്തിയ മണം മൂക്കിലേക്ക്‌ അടിച്ച്‌ കയറുന്നുണ്ടായിരുന്നു.
വീട്ടിൽ വന്നപ്പോൾ ചോറും വിളമ്പി കാത്തിരിക്കുന്ന അമ്മയെ കണ്ട ഭാവം നടിക്കാതെ തല തുവർത്തി ഞാൻ പായ വിരിച്ച്‌ കിടന്നു.
വൈകാതെ ഒന്നും മിണ്ടാതെ ചോറും പാത്രവും മൂടി വച്ച്‌ അമ്മയും വിളക്കണച്ച്‌ കിടന്നു. ഞാൻ കഴിച്ചതിനു ശേഷം കഴിക്കുന്ന അമ്മയും ഒന്നും കഴിച്ചില്ല എന്നത്‌ ആ ദേഷ്യത്തിൽ വലിയ കാര്യമായി എനിക്ക്‌ തോന്നിയില്ല.
പലതും കൂട്ടിയും കുറച്ചും തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പൊഴോ ഞാൻഉറങ്ങി പോയി.
പുലർച്ചയിൽ എന്തോ സ്വപ്നം കണ്ട്‌ ഞെട്ടിയുണർന്ന ഞാൻ ജനൽ തുറന്ന് പറമ്പിലേക്ക്‌ നോക്കുമ്പോ ഇന്നലെ തീയിട്ട ഇടത്ത്‌ അമ്മ ചെറിയ ഒരു കമ്പ്‌ വച്ച്‌ എന്തൊക്കെയോ ചികഞ്ഞ്‌ മാറ്റി വെക്കുന്നതാ കണ്ടത്‌.
ഞാൻ സൂക്ഷിച്ച്‌ നോക്കി. അമ്മ എന്റെ ചെറുപ്പത്തിലെ ഒരു വെള്ള ജുബ്ബയിലെ തീ കരിച്ച ഭാഗങ്ങൾ തട്ടി നെഞ്ചോട്‌ ചേർത്ത് പിടിച്ച്‌ കണ്ണടച്ച്‌ നിൽക്കുന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എനിക്ക്‌ അതൊരു ഭ്രാന്ത്‌ പോലെ മാത്രമേ തോന്നിയുള്ളൂ. എനിക്ക്‌ എന്റെ ആ ഗ്ലാസ്സ്‌ ബോളിനേക്കാൾ വലുതായിരുന്നില്ല ആ പഴഞ്ചൻ ജുബ്ബ.
******* ********* *********
"എന്നാടാ പെയ്പ്പറും പിടിച്ച്‌ സ്വപ്നം കാണുവാണോ നീ ഇതാ ചായ"
നീട്ടിയ ചായഗ്ലാസ്സുമായി മുന്നിൽ അമ്മ.
ഞാൻ മോളെ മുന്നിലേക്ക്‌ നീക്കി നിർത്തി ചോദിച്ചു.
"എത്ര വീടുകൾ കയറിതിരിഞ്ഞമ്മേ ഈ കുഞ്ഞുടുപ്പ്‌ . എന്നിട്ടും ഇതിനൊരു പോറലും ഇല്ലാലോ"
"അതങ്ങനയാടാ കുഞ്ഞുടുപ്പുകൾ നശിപ്പിക്കാൻ ഒരമ്മക്കും ഒരിക്കലും സാധിക്കില്ല"
"എന്നാലും എന്റെ ആ ബോൾ"
"ഏത്‌ ബോൾ"
അമ്മയുടെ ഓർമ്മയിൽ നിന്ന് മദ്യക്കുപ്പിയിലെ ആ കൗതുകം എന്നേ മറഞ്ഞു പോയിരുന്നു.
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo