Slider

പാവം ദൈവം

0
Image may contain: 1 person

ഉയരത്തിലെങ്ങോ വസിക്കും ദൈവമേ
നീയറിയുന്നുവോ നിന്നെ തിന്നു ജീവിക്കുന്നവരെ.....
ഇങ്ങു താഴെയീ മണ്ണിൽ നിനക്കായ്
ഭിക്ഷാടനം നടത്തുന്നു മനുഷ്യർ ചിലർ..
നിനക്കാലയം പണിയുവാൻ...
നിനക്കുടയാടയണിയുവാൻ...
നിനക്കന്നദാനം നടത്തുവാൻ...
ഭിക്ഷ യാചിക്കുന്നവരുണ്ടിവിടെ...
ഇത്രമേൽ ദരിദ്രനാണ് നീയെങ്കിൽ
എന്തിനു നിനക്കീ ദൈവമെന്ന പേര്
ഇത്രമേൽ നിസ്സഹായനാണ് നീയെങ്കിൽ ഞങ്ങളെയെങ്ങിനെ സംരക്ഷിക്കും നീ...
സർവ്വവും സൃഷ്ടിച്ചത് നീയെന്നോതുന്നിവർ
സർവ്വവും കാക്കുന്നതും നീയെന്നോതുന്നിവർ...
സർവ്വവും സൃഷ്ടിച്ച നീയെന്തേ
നിനക്കാലയം പണിയുവാൻ മറന്നു
സർവ്വവും കാക്കുന്ന നിന്നെ
ഞങ്ങൾ കാക്കണമോ...
നിനക്കുണ്ണുവാൻ...
നിനക്കുറങ്ങുവാൻ...
നിനക്കുടുക്കുവാൻ...
ഞങ്ങളേകണമോ...
നിന്റെ കോപമായുധമാക്കി
അന്നന്നത്തെയപ്പത്തിനായദ്ധ്വാനിക്കും
ജനത്തിൻ ചട്ടിയിൽ കയ്യിട്ടു വാരുന്നവരുണ്ടിവിടെ...
കാലിത്തൊഴുത്തിൽ പിറന്ന കർത്താവിനിന്നു കോടികളുടെ
ആലയങ്ങളുണ്ടിവിടെ....
അരൂപിയായൊരള്ളാഹുവിനും
മിന്നിത്തിളങ്ങും മിനാരങ്ങളുണ്ടിവിടെ...
തൂണിലും തുരുമ്പിലുമുള്ള ദൈവങ്ങൾ
നാലു ചുവരുകൾക്കുള്ളിൽ തടവിലായി
രാജ്യം ഭരിച്ച രാമനും കൃഷ്ണനും
നാലു ചുവരുകൾക്കുള്ളിലൊതുങ്ങി
നീ സൃഷ്ടിച്ച മനുഷ്യൻ നിന്നെയടിമയാക്കി
സർവ്വതും സൃഷ്ടിച്ച നീയെന്തിനിവിടെ
ഇത്രയേറെ മതങ്ങൾ സൃഷ്ടിച്ചു...
നിനക്കായൊരു മതമുണ്ടെങ്കിലതൊഴികെയെല്ലാ
മതവും മായ്ച്ചു കളയേണ്ട നീ
മൗനം പാലിക്കുവതെന്തേ...
എന്തേ .... ദൈവമേ....
നിന്റെ മതമേതെന്ന് നിനക്കറിയില്ലയോ...
അല്ലെങ്കിലിവിടെ തമ്മിൽ തല്ലി ചാകും ക്രൂരവിനോദം കണ്ടാനന്ദിക്കും ക്രൂരനോ നീ..
ഒന്നുകിൽ നീ വരികയിങ്ങോട്ടുടനെ
അല്ലെങ്കിലീ ഭൂമിയെ മറന്നേക്കുക
ഹേ ദൈവമേ... നീയെന്ന വാക്ക് കച്ചിത്തുരുമ്പായി പിടിക്കുമൊരായിരം
ജന്മങ്ങൾക്കു മുമ്പിൽ കോമാളിയാകുന്നുവോ നീ...
ജാതിമത കോമരങ്ങൾക്ക് നടുവിൽ നട്ടം തിരിഞ്ഞു പോയവനാം ദൈവമേ
വിഡ്ഢിത്തമൊന്നു നീ ചെയ്തത്
മനുഷ്യനെ സൃഷ്ടിച്ചത് മാത്രം...
മജ്ജയും മാംസവും രക്തവുമൊന്നുപോലെ നൽകി നീയെങ്കിലും... മനസ്സ്...
മനസ്സ് മാത്രം വെവ്വേറെ നൽകി നീ...
മനസ്സാക്ഷിയെന്നത് മരിച്ചു പോയൊരീ മണ്ണിൽ മറുപിറവിക്കു പോലും നീയർഹനല്ല ദൈവമേ...
പോകുക...
ഇനിയും മറ്റൊരു ഗ്രഹത്തിലേക്ക്
പോകുക നീ...
അവിടെ മനുഷ്യനില്ലാത്തൊരു ലോകം സൃഷ്ടിക്കുക...
വാഴുക..
ദൈവമായി നിന്മതിയോടെ വാഴുക...
ഇവിടെയീ മണ്ണിലിനി നിനക്ക് നിലനിൽപ്പില്ല
കാരണം നീ വെറും പാവമാണ്...
പാവം ദൈവം..
ജയ്‌സൺ ജോർജ്ജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo