Slider

ഇത് ഞങ്ങളുടെ കഥ(ഭാഗം 13)

0


 നമുക്ക് ഒരിക്കൽ കൂടി ആ ജ്വല്ലറിയിൽ പോകാം. .....
സേതുലക്ഷ്മി പറഞ്ഞ വാക്കുകൾ കേട്ട് പ്രവീൺ വല്ലാതെയായി...
ഒന്നും ചോദിക്കേണ്ടായിരുന്നു എന്ന് അയാൾക്ക് തോന്നി.
ഇനി ഇതൊരു ഇഷ്യൂ ആകുമോ എന്തോ...
എം ഡിയോട് ആരെങ്കിലും പറഞ്ഞാൽ....
പലവിധ മാനസിക സംഘർഷങ്ങൾ ഒരേ സമയം അയാളെ വേട്ടയാടി..
ഇതേ സമയം രമയുടെ മനസ്സിലും ഈ അവസ്ഥ തന്നെ ആയിരുന്നു...
അമ്മ ഇതേക്കുറിച്ചെങ്ങാനും വീണ്ടും ചോദിക്കുമോ...?
പ്രവീൺ നീരജിനോട് ഇതേക്കുറിച്ച് എന്തെങ്കിലും സംസാരിക്കുമോ...?
തൽക്കാലം ഇലക്കും മുള്ളിനും കേടുകൂടാതെ താൻ രക്ഷപ്പെട്ടു....
പക്ഷേ പിന്നീട് എപ്പോഴെങ്കിലും പ്രവീൺ തനിക്ക് പാരയായി വരുമോ ഈശ്വരാ..
എല്ലാ വിഷമങ്ങളും അവസാനിച്ച് ഒരു നല്ല ജീവിതം തൊട്ടു മുന്നിൽ വന്നിട്ടും ആ സന്തോഷം അനുഭവിക്കാൻ തനിക്ക് കഴിയാതെ വരുമോ..?
എന്നാൽ സേതുലക്ഷ്മി പിന്നീട് അതേക്കുറിച്ച് യാതൊന്നും രമയോട് ചോദിച്ചില്ല.
സേതുലക്ഷ്മി രമയെ അവളുടെ വീട്ടിൽ തിരികെ കൊണ്ടു വിട്ട് ഒരു കപ്പ് കാപ്പിയും കുടിച്ചാണ് തിരിച്ചു പോന്നത്.. വല്ല്യമ്മയോട് വേണ്ട കാര്യങ്ങൾ എല്ലാം ധരിപ്പിക്കുകയും ചെയ്തു. .
* * * * *
നാളെ രമയുടേയും നീരജിന്റേയും വിവാഹമാണ്... കൂടാതെ പത്ത് യുവതീ യുവാക്കളുടേയും....
രമയുടെ വീട്ടിൽ പ്രത്യേകിച്ച് ചടങ്ങുകൾ ഒന്നും ചെയ്യുവാനില്ല.. എല്ലാം നീരജിന്റെ കുടുംബമാണ് ഏറ്റെടുത്തിരിക്കുന്നത്..
ശ്രീ വടക്കുന്നാഥന്റെ തിരുനടയിലായി പ്രത്യേകം സജ്ജമാക്കിയ കതിർമണ്‌ഡപത്തിലാണ് വിവാഹ ചടങ്ങുകൾ..
പല പ്രമുഖ വ്യക്തികളുടേയും അഭ്യർത്ഥന മാനിച്ചാണ് നീരജിന്റെ അച്ഛൻ ഈ ചടങ്ങ് ഇവിടെ ഒരുക്കിയത്...
കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശിവപേരൂർ എന്ന തൃശ്ശൂരിന്റെ നാമധേയം ഒരിക്കൽ കൂടി ഇക്കാരണത്താൽ പലരുടേയും കാതുകളിൽ കുളിരേകി. ..
പല സംഘടനകൾ ചേർന്ന് ഇത്തരം സമൂഹ വിവാഹങ്ങൾ തൃശൂരിൽ സംഘടിപ്പിച്ചിട്ടുണ്ട് എങ്കിലും ഒരു വ്യക്തി അല്ലെങ്കിൽ കുടുംബം തനിയെ ഇതിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് നടത്തുന്നത് ആദ്യമായാണ്.
അതുകൊണ്ടുതന്നെ അതിനായി വേദി ഒരുക്കിയവരെ കാണുവാനുള്ള തയ്യാറെടുപ്പിലാണ് തൃശ്ശൂർ നഗരവാസികൾ. ..
എന്നാൽ അത്യധികം സന്തോഷത്തോടെ കഴിയേണ്ട ഈ ദിവസവും രമയുടെ മനസ്സ് ആശങ്കകൾ നിറഞ്ഞതായിരുന്നു..
രമയുടെ വീട്ടിൽ സ്വന്തക്കാരായി ആരും വരാനില്ലെങ്കിലും അയൽവാസികളായ ചിലരും രമയുടെ സ്റ്റുഡൻസും മറ്റു ചില ടീച്ചേഴ്സും തലേദിവസം രമയെ കാണുവാൻ എത്തിയിരുന്നു...
എല്ലാവരേയും സ്നേഹത്തോടെ സ്വീകരിച്ച് മധുര പാനീയങ്ങളും പഴങ്ങളും സ്വീറ്റ്സും നൽകി സന്തോഷപൂർവ്വം കുശലം പറഞ്ഞ് അവർ നൽകിയ സ്നേഹ സമ്മാനങ്ങളും അവൾ സ്വീകരിച്ചു.
ആളും തിരക്കും ഒഴിഞ്ഞ ആ രാത്രിയിൽ രമയുടെ മുറിയിലേക്ക് വല്ല്യമ്മ കടന്നു വന്നു.
രമ ആ സമയത്ത് തന്റെ കട്ടിലിൽ ചുവരിനോട് ചേർന്ന് ചരിഞ്ഞു കിടക്കുകയായിരുന്നു. .
തന്റെ മനസ്സിലെ സംഘർഷങ്ങൾ ആരോടും പറയുവാനാകാതെ ഒരു പാവം പെണ്ണ്...
'മോളെ...'
വല്ല്യമ്മ ചാരിയിട്ടിരുന്ന കതക് തുറന്ന് അകത്തേക്ക് കടന്നുകൊണ്ട് വിളിച്ചു...
വാതിൽ തുറക്കുന്ന ശബ്ദം ശ്രവിച്ച മാത്രയിൽ തന്നെ രമ എഴുന്നേറ്റു...
തന്റെ സാരിയുടെ ഒരറ്റത്താൽ മുഖം തുടച്ചുകൊണ്ട് കാലുകൾ താഴോട്ടാക്കി രമ കട്ടിലിന്റെ ഒരു വശത്തായി ഇരുന്നു.
വല്ല്യമ്മ മറ്റൊരു വശത്തായി ഇരുന്നുകൊണ്ടു പറഞ്ഞു തുടങ്ങി...
'രണ്ടു ദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു.... നിനക്കെന്താ പറ്റിയത്. .?
ആഭരണങ്ങൾ എടുക്കുവാൻ പോയി വന്നപ്പോൾ മുതൽ നിന്റെ മുഖം വല്ലാതിരിക്കുന്നത് വല്ല്യമ്മ ശ്രദ്ധിച്ചു.... എന്താ പറ്റീത്... മോള് വല്ല്യമ്മയോട് പറയ്....'
വളരെ നിർവ്വികാരമായ മനോഭാവത്തോടെ രമ പറഞ്ഞു....
'ഒന്നൂല്ല്യ വല്ല്യമ്മെ.. വെറുതെ തോന്നുന്നാണ്...'
'അതല്ല... എന്തോ ഉണ്ട്.. ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലൊ... നീ കള്ളം പറയാൻ ശ്രമിക്കേണ്ട... പറയൂ.... എന്താ നിന്റെ ഉള്ളിൽ..?'
'രമയുടെ കണ്ണുകൾ അല്പം ഈറനായി...
'അവര് എന്തെങ്കിലും പറഞ്ഞോ... മോളെ വെഷമിപ്പിക്കണ രീതിയിൽ...?'
'ഏയ്.... അങ്ങനെ ഒന്നും ഇല്ല വല്ല്യമ്മെ... അവരൊക്കെ നല്ല ആളുകളാണ്...'
'പിന്നെ ആരാ... മോശമായി...?'
'അതല്ല വല്ല്യമ്മെ.... അവരുടെ ജ്വല്ലറിയിൽ വെച്ച് ഞാൻ പ്രവീണിനെ കണ്ടു...'
'ഏത് പ്രവീൺ...?'
'പണ്ട് ഞങ്ങൾ തിരുവില്ല്വാമലയിൽ താമസിച്ചിരുന്ന കാലത്ത് അവിടെ ഉണ്ടായിരുന്നതാ... '
'എന്നിട്ട്...?'
'എന്നെ തിരിച്ചറിഞ്ഞോ എന്ന് സംശയമുണ്ട്.... എന്നോട് രമേഷിന്റെ സഹോദരിയാണോ എന്ന് ചോദിക്കുകയും ചെയ്തു...'
'എന്നിട്ട് നീ എന്ത് പറഞ്ഞു...'
'ഞാൻ അറിയാത്തതുപോലെ ഒഴിഞ്ഞുമാറി അല്ലെന്ന് പറഞ്ഞു....'
'അത് നന്നായി... കഴിഞ്ഞു പോയതൊന്നും ഇനി ഓർമ്മിക്കേണ്ട...'
'എന്നാലും വല്ല്യമ്മെ... പ്രവീണെങ്ങാനും സംശയം തോന്നി നീരജിനോട് എന്തെങ്കിലും പറയുമോ എന്നാണെന്റെ പേടി...'
'ഏയ്. .... മോള് അല്ലെന്ന് പറഞ്ഞില്ലെ...?'
'ഉം... നീരജിന്റെ അമ്മ പ്രവീണിനെ വഴക്കു പറയുകയും ചെയ്തു...'
'അപ്പോ പിന്നെ മോള് ഒന്നുകൊണ്ടും പേടിക്കേണ്ട... - അവൻ ഒരിക്കലും ഒന്നും പറയാൻ പോകില്ല. ..'
'പക്ഷേ എന്റെ മനസ്സിൽ വല്ലാത്ത കുറ്റബോധം... എല്ലാം നീരജിനോട് തുറന്നു പറഞ്ഞെങ്കിലോ എന്നാണ് ഞാൻ ചിന്തിക്കുന്നത്... പിന്നീടെപ്പോഴെങ്കിലും എല്ലാം അറിയാൻ ഇടവന്നാൽ...'
'മോളെ... നീ വെറുതെ വിണ്ഢിത്തം പറയാതിരിക്കു... നാളെ നിങ്ങളുടെ വിവാഹമാണ്... നിങ്ങളുടെ മാത്രമല്ല... അറിയാമല്ലോ... ഈ സമയത്താണോ ഇതൊക്കെ പറയുന്നത്...? ആ കൊച്ചിന് അതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ....!'
'എന്നാലും...'
'ഒരെന്നാലുമില്ല.... നിന്നെപ്പോലൊരാൾക്ക് ഒരിക്കലും സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരു ബന്ധമാണിത്. അറിയാല്ലോ.. അത് ഇനി നീയായിട്ട് നശിപ്പിക്കരുത്... വിവാഹത്തിന് ശേഷം പിന്നീടെപ്പോഴെങ്കിലും സാവകാശം അവനെ പറഞ്ഞു മനസ്സിലാക്കാം... ഇത് വല്ല്യമ്മേടെ ഒരാഗ്രഹാണ്.. എന്റെ കണ്ണടയും മുമ്പ് നിന്നെ നല്ലൊരു വീട്ടിലേക്ക് മരുമകളായി പറഞ്ഞയക്ക എന്നത്... ഈശ്വരൻ സഹായിച്ച് അത് ഇവിടെ വരെ എത്തിച്ചുതന്നു... ഇനി നീ ആയിട്ട് അത് നശിപ്പിക്കരുത് മോളെ...'
വല്ല്യമ്മയുടെ കണ്ണുകൾ നിറയുന്നത് രമ കണ്ടു...
'എന്റെ കാലം കഴിഞ്ഞാൽ എന്റെ മോള് തനിച്ചാവും... ആ ദുഃഖം വല്ല്യമ്മ കാണണോ...?'
വല്ല്യമ്മ മൂക്കുചീറ്റുവാനും കരയുവാനും തുടങ്ങി...
വല്ല്യമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് രമ പറഞ്ഞു...
'വല്ല്യമ്മ വിഷമിക്കേണ്ട.. ഞാൻ ഒന്നും പറയുന്നില്ല. ..'
അല്പം ആശ്വാസത്തോടെ അവർ പറഞ്ഞു.
'അതാ നല്ലത് മോളെ... വിവാഹം എന്ന് പറയണത് ഒരു യോഗവും ഭാഗ്യവുമാണ്.. എന്റെ മോൾക്ക് അത് രണ്ടുംകൂടി ഒത്തുവന്ന സമയാണ്. ഇനി എല്ലാം ഈശ്വരൻ നിശ്ചയിക്കട്ടെ... നമ്മളായിട്ട് ഒന്നിനും പോകണ്ട... മോൾക്ക് മനസ്സിലായോ...?'
'ഉം...'
'നാളെ നീ മറ്റൊരു വീട്ടിലേക്ക് പോകും.. ഈ സമയത്ത് നിന്നോട് പലതും പറഞ്ഞു തരേണ്ടതുണ്ട്.... പക്ഷേ അതിന് നിന്റെ അമ്മ കൂടെ ഇല്ലല്ലോ..!'
ശോകമൂകയായി ഇരിക്കുന്ന രമയോട് വല്ല്യമ്മ വീണ്ടും പറഞ്ഞു....
'വല്ല്യമ്മക്ക് മോളത്രേം വിവരോം വിദ്യാഭ്യാസൊന്നും ഇല്ല... കൊറച്ചു ലോകപരിചയം മാത്രേ ഉള്ളൂ.. . അതു വെച്ച് പറയാ. ......'
'എന്താ വല്ല്യമ്മെ....?'
'വലിയ ഒരു വീട്ടിലേക്കാണ് നീ പോകുന്നത്.. ഒരു പണക്കാരന്റെ വീട്ടിലേക്ക്. ... അവരുടെ ഒരേയൊരു മോന്റെ ഭാര്യയായി. .. സേതുലക്ഷ്മിയെ കണ്ടിടത്തോളം അവര് നല്ല ഒരു സ്ത്രീയാണ്.. അവരുടെ മകനോടുള്ള സ്നേഹം അവരുടെ വാക്കുകളിലൂടെ നമ്മൾ കേട്ടതല്ലെ.. ആ സ്നേഹം എന്നും നിലനിൽക്കണം... അത് കുറയാനോ നഷ്ടപ്പെടാനോ എന്റെ മോള് ഒരിക്കലും ഇടയാവരുത്..'
ഒന്നു നിർത്തി അവർ രമയെ നോക്കി...
'ഇല്ല വല്ല്യമ്മെ... '
'അതുപോലെ നാളെ മുതൽ അതാണ് നിന്റെ വീട്... നീരജിന്റെ അമ്മയെ മോള് സ്വന്തം അമ്മയായിതന്നെ കാണാൻ ശ്രമിക്കണം... അവരുടെ വീട്ടിൽ ഉള്ള സന്തോഷവും സ്നേഹവും നിസ്സാര കാര്യങ്ങൾക്ക് വാശി പിടിച്ചോ മറ്റോ നീയായിട്ട് ഇല്ലാതാക്കരുത്... ഇതാരയും കാലം ആ മകന്റെ സ്നേഹം മുഴുവൻ ആ അമ്മയോടും അച്ഛനോടും ആയിരുന്നു.. നാളെ മുതൽ അതിന് മറ്റൊരവകാശിയായി മോള് അവിടെ എത്തുമ്പോൾ ആ അമ്മയെ ഒരിക്കലും വേദനിപ്പിക്കരുത്..'
'ഉം....'
'ആ അമ്മയോടൊപ്പം സ്നേഹമായി നിന്ന് അവരുടെ രീതികൾ നയത്തിൽ മനസ്സിലാക്കി അവർക്ക് അനിഷ്ടം തോന്നാത്ത വിധത്തിൽ പെരുമാറാൻ നീ ശീലിക്കണം..'
രമ ശ്രദ്ധാപൂർവ്വം എല്ലാം കേട്ടിരുന്നു..
' നീരജിന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കി അതുപോലെ പെരുമാറി എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ നിനക്ക് തോന്നിയാൽ എടുത്തുചാടി ഒന്നും പറയരുത്... സമയവും സന്ദർഭവും മനസ്സിലാക്കി ജീവിക്കാൻ പഠിക്കണം...'
'അവരെ നീ സ്നേഹിച്ചാൽ നിന്നെ അവരും സ്നേഹിക്കും.. ഒരു കുടുംബത്തിന്റെ ഐശ്വര്യം എന്ന് പറയുന്നത് ആ വീട്ടിലെ സ്ത്രീകളാണ്. . ഒരിക്കലും ഒരാളും മോളെ കുറ്റം പറയാനായി മോള് ഇടയാക്കരുത്.. മോൾക്ക് മനസ്സിലാവണുണ്ടോ വല്ല്യമ്മ പറയണത്....?'
'ഉണ്ട് വല്ല്യമ്മെ... ഞാൻ എല്ലാം ശ്രദ്ധിച്ചു ചെയ്തോളാം...'
'എല്ലാം മോളുടെ നല്ലതിനാ.... എന്നാ ശരി .. നേരം കുറെയായി.... മോള് കിടന്നൊ... രാവിലെ നേരത്തെ എണീക്കണം... വിളക്ക് വെച്ചു തൊഴണം.... നല്ലപോലെ പ്രാർത്ഥിക്കണം... '
വല്ല്യമ്മ മെല്ലെ അവിടെനിന്നും എഴുന്നേറ്റു. ..
'നാളെ രാവിലെ ഹാളിലേയ്ക്ക് പോകാൻ കാറുമായി അവിടെനിന്ന് ആളെത്തുമെന്നല്ലെ പറഞ്ഞത്.. ആ... ഒരുക്കങ്ങളും സദ്യയുമൊക്കെ ഹാളിലല്ലെ.. എല്ലാം നല്ലതിനാവട്ടെ.... ശിവ ശിവാ.. ശ്രീ പരമേശ്വരാ... പാർവ്വതീ വല്ലഭാ... എന്റെ കുട്ടിയെ കാത്തോളണേ.....'
വല്ല്യമ്മ മെല്ലെ മുറിയിൽ നിന്നും അവരുടെ മുറിയിലേക്ക് പോയി....
രമ ബാത്ത്റൂമിൽ പോയി ഒന്നുകൂടി ഫ്രഷായി തിരിച്ചു വന്നു കിടന്നു..
ലൈറ്റണക്കാൻ നേരത്ത് അവളോർത്തു...
ഇന്ന് നീരജ് വിളിച്ചില്ലല്ലോ..
കുറച്ചു ദിവസമായി ഇതേസമയം അന്നത്തെ വിശേഷങ്ങളെല്ലാം പറയാറുള്ളതാണ്... അതുകൊണ്ട് തന്നെ നീരജിലേക്കുള്ള അകലം കുറഞ്ഞുവന്നു.
മനസ്സുകൊണ്ട് പരസ്പരം ഒരുപാട് അടുത്തുകഴിഞ്ഞു....
ഇനി എപ്പോഴെങ്കിലും ആ സ്നേഹം നഷ്ടപ്പെടുവാൻ ഇട വന്നാൽ പിന്നെ ഈ ഭൂമുഖത്ത് ഞാൻ ഉണ്ടാവില്ല...
ആ സമയത്താണ് രമയുടെ ഫോൺ ബെല്ലടിച്ചത്...
രമ ആ നമ്പർ നോക്കി...
നൂറായുസ്സാണ്... മനസ്സിൽ വിചാരിച്ചതേയുള്ളൂ നീരജിന്റെ കാര്യം... അപ്പോഴേക്കും നീരജ് വിളിച്ചു....
ഇതുവരെ കഴിഞ്ഞതെല്ലാം ആ ഒരു നിമിഷം കൊണ്ടു അവൾ മറന്നതുപോലെ....
എന്നത്തേക്കാളും ഏറെ ആനന്ദത്തോടെ അവൾ സംസാരിച്ചു തുടങ്ങി....
മനസ്സ് മനസ്സിന്റെ കാതിൽ മന്ത്രിക്കാൻ തുടങ്ങി...
പുറത്ത് എവിടെയോ രാപ്പാടിയുടെ മധുരനാദം...
യാമിനി നിലാവിൽ കുളിച്ച് നവവധുവേപ്പോലെ നാണിച്ച് മുഖം താഴ്ത്തി....
(തുടരും..... അഭിപ്രായം പറയണം.... നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo