നിറയെ പിച്ചി പൂക്കൾ പുഞ്ചിരിച്ചു നിന്ന ഒരു വെകുന്നേരമാണ് അവൻ ജനിച്ചത്. .എല്ലാ കുട്ടികളേയും പോലെ അവൻ ആദ്യം ഒന്നുറക്കെ കരഞ്ഞു. നിറകണ്ണോടെ ആ അമ്മ അവനെ ഒന്നു നോക്കി. നീണ്ട മൂക്ക് . ചുവന്ന ചുണ്ടുകൾ. .വേദനയിലും അവളവന്റെ നെറ്റിയിൽ ഉമ്മ വച്ചു ചിരിച്ചു.
അപ്പോൾ തൊടിയിലെ പൂക്കളും അവളോടൊപ്പം ചിരിച്ചു.
പൂവിന്റെ ചിരി..
ഒരു ശുഭ മുഹൂർത്തത്തിൽ ഒരു ചെവി പൊത്തി അവന്റെ അച്ഛൻ അവനെ പേരു വിളിച്ചു.
തുറന്നിട്ട ജനാലയിലൂടെ ചിരിച്ചു കൊണ്ടു വന്ന കാറ്റിൽ താരാട്ടിന്റെ മാധുര്യം അലിഞ്ഞു ചേർന്നു.തൊട്ടിലിൽ വിരൽ നുണഞ്ഞു അവൻ വളർന്നു.
വ്യക്ഷങ്ങൾ ചില്ലകളാട്ടി അവനെ നോക്കി പാട്ടു പാടി.
അമ്മേ മരങ്ങൾ ചിരിക്കുന്നു.
അച്ഛാ പക്ഷികൾ ചിരിക്കുന്നു.
അങ്ങനെ മരങ്ങളുടെ പക്ഷികളുടെ ചിരികൾ കണ്ടു അവൻ വളർന്നു വലുതായി..
പുഴകൾ ചിരിക്കുന്നുവോ?
കടവിലെ മൺത്തിട്ടയിൽ പുഴയുടെ ചിരി കേട്ടയാൾ ഇരുന്നു. തലമുടിയഴിച്ചിട്ടു തുള്ളുന്ന ഭ്രാന്തിയായ പുഴയെ പെരുവിരലാൽ അയാൾ ഒന്നു തൊട്ടു. ഒരിക്കലും തിരിച്ചു വരാതെ , ചിരിയോടെ പുഴയിലെ വെള്ളം അകലേയ്ക്കു ഒഴുകിയകന്നു. ഒഴുകിയകലുന്ന ബന്ധങ്ങൾ നോക്കി അയാൾ നെടുവീപ്പിട്ടു..
മേഘങ്ങൾ വെൺചാമരങ്ങൾ വീശി നിന്ന ആകാശത്തെ നോക്കി നിൽക്കവേ ...വീണ്ടും ഒരു ചിരി
പെണ്ണിന്റെ ചിരി..
കാറ്റിൽ അവളുടെ മുടിയിഴകൾ പറന്നു നടന്നിരുന്നു
വൈരക്കല്ലു പതിച്ച മുക്കൂത്തിയുടെ തിളക്കം.അവന്റെ കണ്ണുകൾ നോക്കി ആ ചുവന്ന ചുണ്ടുകൾ ചിരിക്കുന്നു... നീണ്ട മ്യദുലമായ അവളുടെ കൈവിരലുകൾ തലോടവേ നക്ഷത്രങ്ങൾ കണ്ണു ചിമ്മുന്നു.
മറ്റൊരിക്കൽ തീവെയിലിന്റെ പൊൻ വെളിച്ചങ്ങളിൽ കണ്ണുകളിൽ പതിയവേ ആരോ പറയുന്നതയാൾ കേട്ടു.
പൊന്നിന്റെ ചിരി..
നഗരങ്ങളിലെ തിരക്കിൽ ആൾക്കൂട്ടങ്ങളിലെ അനാഥനായി നടക്കുമ്പോൾ അവനാ ചിരി വ്യക്തമായി കേട്ടു.
കണ്ണാടിക്കൂടുകളിൽ അണിഞ്ഞൊരുങ്ങി നിന്ന ബൊമ്മകളിലും. തിരക്കുള്ള ജീവിത വീഥികളിലും. ശീതികരിച്ച മുറികളിലും ഒക്കെ ആ ചിരിയുടെ പ്രതിദ്ധ്വനികൾ മുഴങ്ങി..
പൊന്നിന്റെ ചിരിയുടെ മാറ്റൊലികൾ..
സ്ഥാനമാനങ്ങൾക്കായുള്ള മത്സരങ്ങൾ. കുതിച്ചു പായുന്ന വേഗതകൾ. ഒഴിവില്ലാത്ത നേരങ്ങൾ.. തങ്ക തിളക്കങ്ങളിൽ എത്തിപ്പിടിക്കാനാവാത്ത കാഴ്ചകളുടെ മായാ പ്രപഞ്ചം.
കാലത്തിന്റെ പറക്കുന്ന ചിറകുകൾ.. ഉരുളുന്ന ചക്ര വേഗങ്ങൾ..
അവസാനം....
വീണ്ടും ഒരു ചിരി.. മണ്ണിന്റെ ചിരി.
തലയ്ക്കൽ കത്തിച്ചു വച്ച നിലവിളക്കിനു സാക്ഷിയായി അയാൾ കിടന്നു..
അനങ്ങാതെ ..മിണ്ടാതെ..
മരവിച്ചു പോയ ശരീരത്തെ നോക്കി മണ്ണിന്റെ ചിരി ഉയർന്നു പൊങ്ങി...
. _പ്രേം..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക