Slider

പുരുഷ കേസരി

0
പുരുഷ കേസരി
****************
രാവിലെ പത്രം വായിച്ചു മുന്നേറിക്കൊണ്ടി രിക്കുമ്പോഴാണ് വെണ്ടയ്ക്കാ വലുപ്പത്തിലുള്ള ഒരു വാർത്ത
ചെന്താമരാക്ഷന്റെ കണ്ണുകളിൽ ഉടക്കിയത്.
" കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളും തന്റെ ഭർത്താക്കന്മാരുടെ കൈയ്യിൽ നിന്നും , രണ്ടു തല്ലു കിട്ടിയാലും കുഴപ്പമില്ല എന്ന് ".
കോരിത്തരിപ്പോടെ ആ വാർത്ത വായിച്ചു പുളകമണിഞ്ഞു. തൃപ്തി പോരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ചു.
അപ്പോൾ അകത്തു നിന്നും അയാളുടെ ഭാര്യ ദാക്ഷായണിയുടെ ശബ്ദം കേട്ടു .
" ദേ മനുഷ്യാ.. കഴിക്കാൻ വിളമ്പി വെച്ചത് എത്ര നേരമായി. വന്നു കഴിക്കുന്നുണ്ടോ ..?
അയാൾ ഉടൻ മറുപടി കൊടുത്തു,
"ഞാനിപ്പോൾ തന്നെ വരുവാണ് ".
അല്ലെങ്കിലും അവൾക്ക് എന്നോട് ഒരു ബഹുമാനവുമില്ല. കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിൽ ഏട്ടാ ... എന്നൊരു വിളിയായിരുന്നു. പോകെ പോകെ , മനുഷ്യാ.. എന്നൊരു വിളിയിൽ എത്തി നില്ക്കുന്നു.
ഇനി എന്റെ കൈയ്യിൽ നിന്ന് നല്ല തല്ല് അവൾക്കിട്ട് കൊടുക്കാഞ്ഞിട്ടാണോ ? പത്രത്തിൽ എഴുതിയിരിക്കുന്നതു പോലെ , അവളും ഇത് ആഗ്രഹിക്കുന്നുണ്ടാവുമോ ..?
അയാൾ അല്പനേരം അതിനെക്കുറിച്ച് വിശകലനം ചെയ്തു. എന്നിട്ട് പത്രവുമായി അകത്തേക്ക് കയറി തീൻമേശയിൽ വന്നിരുന്നു. അയാൾക്ക് കഴിക്കാനായി ഇടിയപ്പവും കടലക്കറിയും അവിടെ വിളമ്പി വച്ചിട്ടുണ്ടായിരുന്നു.
എന്നും കടലക്കറി കഴിച്ചു മടുത്തു. മുട്ടക്കറി ഒന്നു അവൾക്ക് ഉണ്ടാക്കിക്കൂടെ. കടല കഴിച്ചു കഴിച്ചു, വയറ്റിൽ ഗ്യാസ് മുഴുവൻ നിറഞ്ഞ്, പോകുന്ന വഴീലൊക്കെ , പിടിച്ചു നിറുത്താൻ പറ്റാതെ ഗ്യാസ് കണ്ടമാനം ലീക്കാകുന്നതു കാരണം , ആളുകൾ മൂക്കു പൊത്തുന്നു എന്നു പല തവണ അവളോടു പറഞ്ഞിട്ടും ഒരു രക്ഷയുമില്ല.
എളുപ്പം ഉണ്ടാക്കാവുന്ന കറിയാത്രേ... കടല, അതാണ് അവളുടെ ന്യായം.
ഇങ്ങനെ ചിന്തിച്ചു, നിവൃത്തിയില്ലാതെ ഇടിയപ്പം എടുത്ത് കടലക്കറിയിൽ മുക്കി കഴിക്കുമ്പോഴാണ് വായിൽ എന്തോ തടഞ്ഞത്. എന്താണെന്ന് നാക്കു കൊണ്ട് സെർച്ച് ചെയ്തതിനു ശേഷം നോക്കിയപ്പോൾ കിട്ടി മുടിയിഴ.
അയാൾക്ക് ദേഷ്യം വന്നു. ഒന്നാമതേ കടലക്കറി, പോരാത്തതിന് മുടീം...
ഒറ്റ അടി അവൾക്കിട്ട് കൊടുക്കണം. എന്നാലേ , അവൾക്ക് എന്നോട് പേടിയും ബഹുമാനവും ഉണ്ടാവൂ..
അയാൾ ഒരു പുരുഷ കേസരിയായി
മന: പൂർവ്വം തന്നെ മാറ്റിയെടുത്ത്, പത്രത്തിൽ വന്ന , പുളകമണിയിച്ച ആ വാർത്ത ഒരാവർത്തി കൂടി
വായിച്ചിട്ട്, പത്രം മടക്കി വച്ചിട്ടു, ഭാര്യയെ വിളിച്ചു,
" എടീ ദാക്ഷായണീ.... ഇവിടെ വാടീ... "
അടുക്കളയിൽ ഉണ്ടായിരുന്ന ദാക്ഷായണി , ചെന്താമരാക്ഷന്റെ വിളി കേട്ട് ഞെട്ടിപ്പോയി. അവൾ വിചാരിച്ചു ഇതെന്താ പതിവില്ലാതെ ഇങ്ങനെയൊരു വിളി. കാര്യം അറിയാൻ അവൾ ഭർത്താവിനടുത്തേക്ക് ചെന്നു.
എന്തേ ...?
ഭാര്യയെ കണ്ടതും അയാൾ ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റ് കൊണ്ട് അലറി,
" ഇതെന്താണെടീ ... " അയാൾ ഉയർത്തിക്കാട്ടിയ സാധനത്തിനു നേരെ നോക്കി കൊണ്ടു, ദാക്ഷായണി സാധാരണ മട്ടിൽ പറഞ്ഞു,
' നിങ്ങൾക്കു കണ്ണു കണ്ടു കൂടെ മനുഷ്യാ.. അതൊരു മുടിയാണെന്ന് അറിഞ്ഞു
കൂടെ ".
"മുടിയാണെന്ന് എനിക്കു മനസ്സിലായി. നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട്, കടലക്കറി വേണ്ടെന്ന്, അതു തന്നെ നീ എനിക്കു തരുന്നു. പോരാത്തതിനു കറിയിൽ മുടിയും . മേലാൽ ഇനി ഇതാവർത്തിക്കരുത് . കുറേ നാളായി നിനക്കിട്ടു തരണം എന്നു വിചാരിക്കുന്നു " എന്നു പറഞ്ഞതും , കണ്ണുമടച്ചു ഭാര്യയുടെ കവിളിൽ ആഞ്ഞ് ഒറ്റ അടി.
കുറച്ചു നേരത്തേക്ക് അവിടെ നിശബ്ദത... പരന്നു.
അയാളും, ദാക്ഷായണിയും, ആ അടിയിൽ ഞെട്ടിപ്പോയിരുന്നു. ഞെട്ടൽ മാറി അയാൾ ഭാര്യയെ നോക്കുമ്പോൾ, കണ്ണുകളിൽ നിന്നും തീ പാറി, തന്റെ കവിൾ പൊത്തിപ്പിടിച്ചിരിക്കുന്നതാണ് കണ്ടത്. അവൾ ഒന്നും മിണ്ടാതെ അടുക്കളയിലോട്ട് പോയി.
അയാൾക്ക് ഭയങ്കര സന്തോഷമായി. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഒന്നു കൊടുക്കണം . ഇന്നേതായാലും വിജയിച്ചു. അയാൾ പത്രമെടുത്ത്, ആ വാർത്തയുടെ മേൽ ഉമ്മ വച്ചിട്ട്, എന്താ ചക്കരേ .. ഈ വാർത്ത നേരത്തെ വരാതിരുന്നത് എന്നു ഉറക്കെ ആത്മഗതം ചെയ്തതും, "പ്പട്ടേ.... " എന്ന ശബ്ദത്തോടെ എന്തോ തന്റെ നടുoപുറത്തിൽ ആഞ്ഞു പതിച്ചതും ഒപ്പമായിരുന്നു.
ഞെട്ടിത്തിരിഞ്ഞു നോക്കിയ അയാൾ കണ്ടത് ചൂലു പിടിച്ചു നില്ക്കുന്ന ദാക്ഷായണിയെ ആണ്.
" എന്നെ തല്ലും അല്ലേടാ... ഇന്നത്തോടെ ഞാൻ തീർക്കുമെടാ..." എന്നു അലറിക്കൊണ്ടവൾ , ചൂലു കൊണ്ട് ചെന്താമരാക്ഷനെ അടിച്ചു വാരാൻ തുടങ്ങി.
എല്ലാം കഴിഞ്ഞപ്പോൾ, മുഖം പൊത്തി തറയിൽ കമിഴ്ന്നു കിടക്കുന്ന ചെന്താമരാക്ഷൻ, അവൾ പോയെന്ന് ഉറപ്പു വരുത്തിക്കൊണ്ട്, മുഖമൊന്ന് ഉയർത്തി, കൈക്കുത്തി , എണീറ്റപ്പോൾ , തൊട്ടരികിലായി ആ വാർത്തയടങ്ങിയ പത്രം അയാളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
സുമി ആൽഫസ്
****************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo