
അലക്കി അലക്കി വെയിലത്തിട്ടു നരപ്പിച്ചെടുത്തൊരു കുർത്തയിട്ട് രണ്ടു റൗണ്ട് പുട്ടി മുഖത്തടിച്ച് അമ്പിളിമാമയുടെ വട്ടത്തിലൊരു കറുത്ത പൊട്ടും നെറ്റിയിലൊട്ടിച്ച് മൂക്ക് മറക്കുന്ന മൂക്കുത്തിയുമണിഞ്ഞ് കാതിലമ്മേടെ ജിമിക്കി കമ്മലുമിട്ട് അവൾ കണ്ണാടിയിൽ നോക്കി.
''ഒന്ന് ഇന്റലക്ച്വൽ ആവാന്നു വെച്ചപ്പോ കുറ്റിച്ചൂല് പോലിരിക്കുന്ന ഈ മുടി സമ്മതിക്കുന്നില്ലല്ലോ.
ഇതു കൊണ്ടെങ്ങനാ ഈശ്വരാ മണ്ടയിൽ കൊണ്ട കെട്ടി വെക്കുന്നേ....
തത്ക്കാലം അഴിച്ചിടാം .... അല്ലെങ്കിലും കെട്ടി വെച്ചാൽ അടക്കവും ഒതുക്കവും ഉണ്ടെന്ന് കാണുന്നവർ തെറ്റിദ്ധരിക്കും.
കുളിക്കാത്തതു കൊണ്ട് മുടി നന്നായി പാറിപ്പറന്നു കിടക്കുന്നുണ്ട്.
ഇന്ന് ഞാൻ പൊളിക്കും .പാർവ്വതി ചേച്ചി.. റീമ ചേച്ചീ മിന്നിച്ചേക്കണേ..."
കറുത്ത കട്ടിക്കണ്ണടയും തോൾമാറാപ്പും കയ്യിൽ രണ്ടു പുസ്തകവും പിടിച്ച് അവൾ താഴേക്കിറങ്ങി .
"അമ്മേ...ഇന്നും ദോശയും ചമ്മന്തിയും ആണോ?
ചട്ണി ഇല്ലേ?
ചട്ണി ഇല്ലേ?
അല്ലെങ്കിലും ഈ വീട്ടിൽ എല്ലാം അവന്റെ ഇഷ്ടത്തിനല്ലേ ഉണ്ടാക്കുന്നത്.
ഭക്ഷണത്തിൽ പോലും പക്ഷഭേദം "
"ഇതിലൊരു പക്ഷഭേദവുമില്ല.
ചട്ണിയരക്കാൻ ഒരു മുറി തേങ്ങ ചിരകിത്തരാൻ പറഞ്ഞപ്പോ ... കേട്ട ഭാവം നടിച്ചോ നീ?
അവൻ ഉള്ളി നന്നാക്കി തന്നു.അതോണ്ട് അവന് ചമ്മന്തി ഉണ്ടാക്കി കൊടുത്തു.
എന്തൊരു കോലമാടീ ഇത് ?"
"എന്നെ കണ്ടാൽ ഇപ്പോ ഒരു ബുദ്ധിജീവി ലൂക്കില്ലേ അമ്മേ ?
"നല്ല ലുക്കുണ്ട് !!! .... എന്നാ പിന്നെ ബുദ്ധിജീവി ഒരു കാര്യം ചെയ്യ്. കഴുത്തിൽ ഒരു ബാനറും കൂടി തൂക്ക് ... എന്നിട്ട് കരിങ്കണ്ണാ നോക്കല്ലേന്ന് അതിലെഴുതിയും വെക്ക്.
ഇന്ന് കോളേജിലേക്ക് തന്നെയാണോ എഴുന്നള്ളത്ത്?
"അതേ ... ഇന്ന് കോളേജിൽ ഒരു സെമിനാറുണ്ട്. വിഷയം മലയാളസിനിമയിലെ സ്ത്രീ വിരുദ്ധത."
"ആദ്യം നീ സ്വന്തം വീട്ടിൽ കാണിക്കുന്ന സ്ത്രീ വിരുദ്ധത ഒന്നവസാനിപ്പിക്ക് ...
രാവിലെ മുതൽ ഞാനൊരുത്തി ഇവിടെ കിടന്ന് പുകയുന്നുണ്ട്.
അത് കാണണ്ട ... സിനിമേലെ സ്ത്രീകളെ കണ്ടാൽ മതി.
"അമ്മ ഒരു മാതിരി വെറും പെണ്ണുങ്ങളെ പോലെ സംസാരിക്കരുത് .
എനിക്ക് ഇപ്പോ തന്നെ നേരം വൈകി. ബാക്കി വന്നിട്ട് .
ടാ കണ്ണാ .... നീയെന്നെ ആ ബസ് സ്റ്റോപ്പ് വരെ ഒന്ന് കൊണ്ട് വിട്. "
ഷൂറാക്കിൽ നിന്നും രണ്ടു നിറത്തിലുള്ള മെതിയടികൾ തെരഞ്ഞെടുക്കുമ്പോൾ പിന്നിൽ നിന്നും ഒരു വിളി കേട്ടു .
"മോളേ... നീ ഇന്നത്തെ പത്രം നോക്കിയോ?"
"ഇല്ലച്ഛാ..... എനിക്കെവിടുന്നാ സമയം.
ഇന്നലത്തെ ഗുഡ് നൈറ്റുകൾക്ക് തന്നെ ഇന്ന് രാവിലെയാ റിപ്ലൈ കൊടുക്കുന്നത്.
പത്രത്തിൽ ഇന്ററസ്റ്റിംഗ് ആയി വല്ലതുമുണ്ടോ അച്ഛാ ?"
" ഉണ്ട് .... നിന്റെ സപ്ലീടെ ഡേറ്റ് വന്നിട്ടുണ്ട്.
ബുദ്ധിമുട്ടില്ലെങ്കിൽ ഒന്ന് അപേക്ഷിച്ചേക്ക്.
ഇതേതാ ഈ പുസ്തകങ്ങൾ?"
''ഓ ....അതോ എനിക്കറിയില്ല... ലൈബ്രറിയിൽ കയറിയപ്പോൾ വെറുതെ എടുത്തൂന്നേയുള്ളൂ. പിന്നെ ഒരു പഞ്ചിന് കയ്യിൽ പിടിച്ചതാ.... "
" ഇന്നെവിടെങ്കിലും വിരുദ്ധത ഉണ്ടോ?"
'' ഉണ്ടെങ്കിൽ.... "
'' അല്ലാ ....ഈ വിഡ്ഢി വേഷം കണ്ടതോണ്ട് ചോദിച്ചൂന്നേയുള്ളൂ.
അതേയ് .... ഒരു കാര്യം പറഞ്ഞേക്കാം ...
പഠിച്ച് നല്ലൊരു ജോലി വാങ്ങിയാൽ നിനക്ക് എവിടേയും നട്ടെല്ല് നിവർത്തി നിൽക്കാം. അല്ലെങ്കിൽ വല്ലവന്റേയും അടുക്കളയിലെ എച്ചിൽ പാത്രങ്ങളിലെ സ്ത്രീവിരുദ്ധത കാണേണ്ടി വരും."
പഠിച്ച് നല്ലൊരു ജോലി വാങ്ങിയാൽ നിനക്ക് എവിടേയും നട്ടെല്ല് നിവർത്തി നിൽക്കാം. അല്ലെങ്കിൽ വല്ലവന്റേയും അടുക്കളയിലെ എച്ചിൽ പാത്രങ്ങളിലെ സ്ത്രീവിരുദ്ധത കാണേണ്ടി വരും."
" ആയിക്കോട്ടേ.... എനിക്ക് സംസാരിച്ച് നിൽക്കാൻ സമയമില്ല.
പിന്നേയ് .... പേഴ്സിൽ നിന്നും ഒരഞ്ഞൂറ് ഞാൻ വലിച്ചിട്ടുണ്ട്. ഇന്നത്തെ വട്ട ചെലവിന് .
അപ്പോ പോയിട്ട് വരാം
റ്റാ റ്റാ...."
"എന്താരുന്നു ചേച്ചി ഉമ്മറത്തൊരു മേളം"
" അത് .....നിന്റെച്ഛന്റെ രോദനം. വണ്ടിയെടുക്കെടാ ചെക്കാ ..."
ബസ്സിൽ വലിഞ്ഞു കയറി നിൽപ്പുറപ്പിച്ച് നോക്കുമ്പോൾ സകല അവളുമാരും സീറ്റുകളിൽ ഞെളിഞ്ഞിരിക്കുന്നു.
അപ്പോഴല്ലേ കാണുന്നത് ലേഡീസ് സീറ്റിൽ ഒരമ്മാവൻ കയറി ഇരിക്കുന്നു.
അവളിലെ സ്ത്രീ ഉണർന്നു.
അമ്മാവനെ അവിടെ നിന്നും എഴുന്നേൽപ്പിച്ച് സീറ്റിലിരുന്നപ്പോൾ വല്ലാത്തൊരു റിലാക്സേഷനുണ്ടായിരുന്നു.
ഓരോ സ്റ്റോപ്പ് കഴിയുന്തോറും ബസ്സിൽ തിരക്കേറി വരുന്നുണ്ട്.
ഏതോ ഒരു സ്റ്റോപ്പിലെത്തിയപ്പോൾ കുറേ സ്ക്കൂൾ കുട്ടികളും ഗർഭിണിയായ ഒരു സ്ത്രീയും കയറി... എട്ടൊമ്പതു മാസമായിട്ടുണ്ടാകും.
ഇവർക്കൊക്കെ ഈ സമയത്ത് വീട്ടിൽ അടങ്ങിയിരുന്നൂടെ... അല്ലെങ്കിൽ വല്ല കാറിലും പൊയ്ക്കൂടെ ....
ബസ്സിൽ തൂങ്ങി നിൽക്കാൻ കഷ്ടപ്പെടുന്നതിനിടെ പല തവണ അവർ മറ്റുള്ളവരുടെ മുഖത്തേക്ക് പ്രതീക്ഷയോടെ ഉറ്റു നോക്കുന്നുണ്ട്.
സീറ്റിലിരിക്കുന്ന എല്ലാവരും വേറേതോ ലോകത്ത് ഒന്നും അറിയാത്ത ഭാവത്തിൽ മെനക്കെട്ട് എന്തൊക്കെയോ തിരക്കുകളും കാഴ്ച്ചകളും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
ബസ്സ് ഓരോ കുണ്ടിലും കുഴിയിലും ചാടുമ്പോൾ അവർ അടിവയർ താങ്ങി പിടിക്കുന്നുണ്ട്.
ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ലാത്തത് കൊണ്ട് അവൾ യൂട്യൂബിൽ സ്ത്രീ വിരുദ്ധത പരതി കൊണ്ടിരുന്നു.
പെട്ടെന്ന് ബസ് സഡൻ ബ്രേക്കിട്ടു..... അമ്മേ എന്നൊരു ആർത്ത നാദം കേട്ടു .. '
അവളുടെ ഫോൺ കയ്യിൽ നിന്നും എങ്ങോട്ടോ തെറിച്ചു വീണു.
നിലത്ത് നിന്ന് എണീക്കാനാകാതെ വേദനയിൽ കിടന്ന് പുളയുകയാണ് ആ സ്ത്രീ.
ക്രമാധികം വേഗതയിൽ പൊങ്ങുകയും താഴുകയും ചെയ്യുന്ന അവരുടെ വീർത്ത വയർ ഒരു വശത്തേക്ക് ഏങ്കോണിച്ച് തുടങ്ങിയിരിക്കുന്നു.
മേലോട്ടുരുണ്ടു കയറി പകച്ച കണ്ണുകൾ എന്തൊക്കെയോ തേടുകയാണ്.
ആ കാഴ്ച്ച കണ്ട് അവൾ വിറച്ചു.
അവളുടെ നെഞ്ച് പടപടാന്ന് മിടിച്ചു.
അവൾക്ക് ശ്വാസം മുട്ടി.
കെട്ടു പിണഞ്ഞിഴയുന്ന പാമ്പുകളെ പോലെ അവരുടെ കാലുകൾക്കിടയിലൂടെ ഒഴുകി വരുന്ന രക്തം അവളുടെ കാലുകളെ പിന്നിലേക്ക് വലിച്ചു .
ഇരുട്ട് പതിയെ മനസ്സിൽ നിന്നും കണ്ണുകളിലേക്ക് കയറി തുടങ്ങി.
തളം കെട്ടി നിൽക്കുന്ന രക്തത്തിൽ കിടന്ന് അവളുടെ ഫോൺ റിംഗ് ചെയ്തു കൊണ്ടിരുന്നു.
"ഏമാൻമാരേ ഏമാൻമാരേ ..... ഞങ്ങളുമുണ്ടേ ഇവൾടെ കൂടെ .... ഞങ്ങളുമുണ്ടേ ഇവൾടെ കൂടെ !!! "
...................
...................
അഞ്ജു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക