Slider

ആരവ് ഗ്രൂപ്പ് ഓഫ് കമ്പനീസ്‌

0
Image may contain: 1 person

ആരവ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. നിരർവ്വയുടെ മുമ്പിൽ ടൈംസ് ഓഫ് ഇന്ത്യ ജേർണലിസ്റ്റ് സാധു പ്രതാപന്റെ ഇന്റർവ്യൂ അതിന്റെ അവസാന ഘട്ടമെത്തിയിരുന്നു.
" മാഡം, അവസാനമായി ഒരു ചോദ്യം കൂടി "
" യെസ് ചോദിക്കൂ "
" എന്തുകൊണ്ടാണ് താങ്കളുടെ കമ്പനിയുടെ ലോഗോയിൽ കയറിൽ ബാലൻസ് ചെയ്തു നിൽക്കുന്ന ഒരു തെരുവ് സർക്കസ് ബാലികയുടെ ചിത്രം ആലേഖനം ചെയ്‍തിരിക്കുന്നത് .... കാണുന്നവരുടെ മനസ്സിൽ പെട്ടെന്ന് പതിയാനുള്ള തന്ത്രമായിരിക്കും അല്ലേ..."
നിരർവ്വയുടെ മുഖത്തേക്ക് ഇരച്ചു കയറിയ കോപം എന്തിനാണെന്ന് മനസ്സിലാവുന്നതിന് മുമ്പേ ആ വാക്കുകൾ മുഴങ്ങി...
" ഗെറ്റ് ഔട്ട് "
" മാഡം "
" ഐ സെ യു ഗെറ്റ് ഔട്ട് "
സാധു പ്രതാപൻ പുറത്തേക്കിറങ്ങുന്നതിനിടയിൽ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കോപം കൊണ്ട് കിതച്ചു താഴേക്ക് നോക്കിയിരിക്കുന്ന നിരർവ്വയെയാണ്. കോടികൾ ടേൺ ഓവറുള്ള കമ്പനിയുടെ മുതലാളിയായ നിരർവ്വയിൽ നിന്നും ഇത്തരമൊരു നീക്കം സാധു പ്രതാപൻ പ്രതീക്ഷിച്ചിരുന്നില്ല. എന്തിനായിരിക്കും ദേഷ്യപ്പെട്ടത് എന്ന സംശയവും ഉള്ളിൽ ചുമന്നു കൊണ്ടുള്ള ആ യാത്ര അവസാനിച്ചത് സുഹൃത്തും ആരവ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറൽ മാനേജരും സർവ്വോപരി നിരർവ്വയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ ദേവനന്ദന്റെ മുമ്പിലാണ് . ദേവനന്ദനാണ് സാധു പ്രതാപന് ആ ഇന്റർവ്യൂ ചെയ്യുന്നതിനുള്ള അവസരമൊരുക്കി കൊടുത്തത്.
സാധു പ്രതാപൻ ഉണ്ടായ സംഭവങ്ങൾ പറഞ്ഞു... എല്ലാം കേട്ട് നിശ്ശബ്ദനായിരുന്ന ദേവനന്ദന്റെ മുഖത്തുണ്ടായ ഭാവമെന്തെന്നു വിവേചിച്ചറിയാൻ സാധു പ്രതാപന് കഴിഞ്ഞില്ല.
" നിനക്കറിയുമല്ലോ നന്ദൂ... ആരവ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വ്യത്യസ്തമായ ഈ ലോഗോയുടെ പിന്നിലുള്ള കഥയെ കുറിച്ചറിയാനുള്ള എല്ലാ ആളുകളുടെയും ആകാംക്ഷയെക്കുറിച്ചു....അതുംകൂടി കിട്ടിയിരുന്നെങ്കിൽ എനിക്ക് ഇത് എന്റെ പത്രത്തിന്റെ സർക്കുലേഷൻ ഇരട്ടിയാക്കുമെന്ന് ഉറപ്പാണ്. "
ദേവനന്ദൻ നിഷേധാർത്ഥത്തിൽ തല വെട്ടിച്ചു.
" നടക്കില്ല സാധു.... ഞാൻ നിന്നോട് അതിന് പുറകിലെ കാരണം പറയണമെങ്കിൽ ആദ്യം നീ നിന്റെ ജോലി എന്തെന്ന് മറക്കണം. ഒരു പത്രപ്രവർത്തകനായി നീയത് ഒരിക്കലും കേൾക്കില്ല. അതിന് നിനക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ അക്കാര്യത്തെ കുറിച്ചു നീ ചിന്തിക്കുകയും വേണ്ട."
" ഇല്ല നന്ദു... നീ പറയുന്ന ഏത് നിബന്ധനയ്ക്കും ഞാൻ തയ്യാർ.. ഇപ്പോഴെനിക്കത് വെറുമൊരു ന്യൂസ് മാത്രമല്ല... അടക്കാനാവാത്ത ജിജ്ഞാസ കൂടിയാണ്. എനിക്കതറിയണം.."
" ഒരിക്കൽക്കൂടി ഞാൻ നിന്നോട് പറയുന്നു.. നിന്റെയുള്ളിലെ പത്രക്കാരന്റെ കൗശലം മാത്രമാണ് ഈ ആഗ്രഹത്തിന് പിന്നിലെങ്കിൽ നീയത് മറക്കുക... നിങ്ങൾ പത്രക്കാരാണ് ഏറ്റവും നല്ല പരദൂഷണക്കാർ.. ഒരു വാർത്ത കേട്ടാൽ അതിൽ എരിവും പുളിയും ചേർത്തു മറ്റുള്ളവരെ അറിയിച്ചില്ലെങ്കിൽ നിങ്ങൾക്ക് സമാധാനമുണ്ടാകില്ല. എന്നിട്ട് പത്ര ധർമ്മമെന്ന ന്യായീകരണവും.. കുറെ കണ്ടതാ മോനേ... ശരി ഒരു പത്രക്കാരനാകുന്നതിന് മുമ്പേ ചെറുപ്പം മുതലേ നീയെന്റെ സുഹൃത്തായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ടും ഒരു വാക്ക് പറഞ്ഞാൽ നീ അത് തെറ്റിക്കില്ല എന്നുറപ്പുള്ളത് കൊണ്ടും അടുത്തയാഴ്ച്ച നമുക്കൊരു സ്ഥലം വരെ പോകാം. അവിടെ വെച്ചു ഞാനിത് നിന്നോട് പറയാം "
പക്ഷേ പിറ്റേ ദിവസത്തെ പത്രത്തിൽ ആ ലോഗോയെ കുറിച്ചുള്ള കാര്യം പരാമർശിക്കാതെ തന്നെ സാധു പ്രതാപൻ നിരർവ്വയുമായുള്ള തന്റെ ഇന്റർവ്യൂ പ്രസിദ്ധീകരിച്ചു. ഏകദേശം ഉച്ചയാകാറായപ്പോൾ സാധു പ്രതാപന് ദേവനന്ദന്റെ കാൾ വന്നു.
" എവിടെയാണ് "
" ഓഫിസിലുണ്ട് "
" താഴെ വരെ വരാമോ അത്യാവശ്യമുള്ള ഒരു കാര്യം പറയാനുണ്ട്. ജസ്റ്റ് ഫൈവ് മിനിറ്റ്‌സ്... ഞാൻ പാർക്കിങ്ങിലുണ്ട്. "
" ഓക്കേ ഞാനിപ്പോ വരാം.."
" താഴെയെത്തിയ സാധു പ്രതാപനോട് വണ്ടിയില് കയറാനാണ് ദേവനന്ദൻ പറഞ്ഞത്... കയറിയതും കാർ മുന്നോട്ട് കുതിച്ചു... അമ്പരന്ന സാധു പ്രതാപൻ താൻ ഫോൺ വരെ എടുത്തിട്ടില്ല എന്നു പറഞ്ഞെങ്കിലും നിന്റെ ചോദ്യത്തിനുള്ള ഉത്തരം വേണമെങ്കിൽ നീ എന്റൊപ്പം വരണമെന്ന മറുപടിയാണ് ദേവനനന്ദൻ സാധു പ്രതാപന് നൽകിയത്. സാധു പ്രതാപൻ ദേവനന്ദന്റെ ഫോണിൽ നിന്നും ഓഫീസിൽ വിളിച്ചു അത്യാവശ്യമായി ഒരിടം വരെ പോകുകയാണ് എന്നറിയിച്ചു. അതിനെ കഴിയുമായിരുന്നുള്ളൂ.
അവരുടെ ആ യാത്ര അവസാനിച്ചത് ഒരു പടുകൂറ്റൻ ബംഗ്ലാവിനുള്ളിലാണ്. കാർ തുറന്നു ഇറങ്ങിയ അവരെ സ്വീകരിച്ചത് കുറച്ചു പ്രായം ചെന്ന വൃദ്ധ ദമ്പതികളും അവരുടെ മക്കളെന്നു തോന്നിക്കുന്ന രണ്ടു പേരുടെ കുടുംബങ്ങളുമാണ്. നിരർവ്വയുടെ വീടാണ് എന്നാദ്യം സാധു പ്രതാപൻ തെറ്റിദ്ധരിച്ചെങ്കിലും പ്രത്യക്ഷത്തിൽ ഇവർക്ക് നിർർവ്വയുമായി ഒരു ബന്ധവും തോന്നിയില്ല എന്നതാണ് സത്യം... ലഘുവായി പറഞ്ഞാൽ നിരർവ്വ പൗർണ്ണമി ചന്ദ്രനാണെങ്കിൽ ഇവർ അമാവാസിക്ക് തുല്യം. നിരർവ്വയുടെ ഭർത്താവ് ഗോപാൽ നായിഡുവിന്റെ ചിത്രം സാധു പ്രതാപൻ കണ്ടിട്ടുള്ളതുമാണ് അതുകൊണ്ട് തന്നെ ഇത് നിരർവ്വയുടെ ഭർതൃ വീട്ടുകാരും അല്ല എന്ന കാര്യത്തിലും ഉറപ്പായി. അവരുടെ ദേവനന്ദനോടുള്ള ബഹുമാനവും മറ്റും കണ്ടപ്പോൾ എന്തോ അസ്വാഭാവികത സാധു പ്രതാപന് അനുഭവപ്പെടുകയും ചെയ്തു.
അവിടുന്ന് യാത്ര പറഞ്ഞിറങ്ങുമ്പോഴും സാധു പ്രതാപൻ ഏതോ മിഥ്യാ ലോകത്ത് എത്തിയത് പോലെയായിരുന്നു. അവിടുന്നുള്ള യാത്രയിൽ അതാരാണെന്നു അന്വേഷിച്ചെങ്കിലും പറയാമെന്നായിരുന്നു ദേവനന്ദന്റെ മറുപടി.
പിന്നീട് ആ യാത്ര എത്തിയത് നിരർവ്വയുടെ വീട്ടിലാണ്. ആദ്യം പോയ വീട് ഈ വീടിനെക്കാൾ രണ്ടിരട്ടി വലിപ്പമുള്ളതാണല്ലോ എന്നാണ് വീട്ടിനുള്ളിലേക്ക് കയറുമ്പോൾ തന്നെ സാധു പ്രതാപൻ ചിന്തിച്ചത്. അവിടെ നിരർവ്വയാണ് അവരെ സ്വീകരിച്ചത്.
" മിസ്റ്റർ സാധു പ്രതാപൻ ക്ഷമിക്കണം. ആളുകളെ ആകർഷിക്കാനുള്ള തന്ത്രം എന്ന താങ്കളുടെ ചോദ്യമാണ് ഇന്നലെ എന്നെക്കൊണ്ട് അങ്ങിനെ പെരുമാറിപ്പിച്ചത്. അതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു. താങ്കളുടെ ആ ലോഗോയെ കുറിച്ചുള്ള ആകാംക്ഷയെ കുറിച്ചു നന്ദൻ പറഞ്ഞിരുന്നു. ആർക്കും അറിയാത്ത ആ രഹസ്യം ദേവനന്ദന്റെ ഒറ്റ ഉറപ്പിലാണ് താങ്കളെ അറിയിക്കുന്നത്. നല്ല സുഹൃത്ത് എന്ന വിശ്വാസം താങ്കൾ കാത്ത് സൂക്ഷിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു... ഓക്കേ... ബാക്കി കാര്യങ്ങൾ നന്ദൻ വിശദീകരിച്ചു തരും."
അത് കഴിഞ്ഞു ദേവനന്ദനെ നോക്കി ഇതുകൂടി കൂട്ടിച്ചേർത്തു.... " നന്ദാ... കാണിച്ചു കൊടുത്തോളൂ... ഞാൻ ഓഫീസിലേക്ക് പോകുന്നു. എല്ലാം പറഞ്ഞത് പോലെ "
" ശരി മാം "
പിന്നീട് സാധു പ്രതാപനേയും കൂട്ടി ആ വീടിനുള്ളിലെ ശീതീകരിച്ച ഒരു മുറിക്കുള്ളിലേക്കാണ് ദേവനന്ദൻ പോയത്. ആ മുറിക്കുള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ വാതിലിന് പുറകിൽ സെല്ലു പോലെ അഴികൾ കൊണ്ടുള്ള വേറൊരു വാതിലുമുണ്ടെന്നു സാധു പ്രതാപൻ അത്ഭുതത്തോട് കൂടെ കണ്ടു. ആ മുറിക്കുള്ളിൽ സാധു പ്രതാപൻ കണ്ടത് കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു ശാന്തനായി ഉറങ്ങുന്ന ഒരു യുവ കോമളനെയാണ്. സാധു പ്രതാപ് ആ യുവാവിനെയും ദേവനന്ദനെയും മാറി മാറി നോക്കി. ഒന്ന് മുരടനക്കി ദേവനന്ദൻ സാധു പ്രതാപിനോടായി പറഞ്ഞു
" സാധൂ.... ഇതാണ് ആരവ്... ഈ കമ്പനിയുടെയും മറ്റെല്ലാ സ്വത്തിന്റെയും ഏക അവകാശി. ആരവ് ഈ അവസ്ഥയിലാണ് എന്നത് ഇന്നും പുറം ലോകത്തിന് അറിയാത്ത ഒരു കാര്യമാണ്. ഇപ്പോൾ ശാന്തനായി കിടക്കുന്നത് നോക്കണ്ട. ഇടയ്ക്ക് ബോധം തെളിയുമ്പോൾ വല്ലാതെ വയലന്റാകും... അതാണ് ഈ സൗണ്ട് പ്രൂഫ് റൂമും സെല്ലുമെല്ലാം... ഇവൻ ഇങ്ങിനെയാകനുള്ള കാരണമാണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം.. ഇവന് ഒമ്പത് വയസ്സ് പ്രായം. ഭർത്താവ് നേരത്തെ മരിച്ചത് കാരണം ഇവന് എല്ലാം അമ്മ തന്നെയായിരുന്നു. ബിസിനസ്സ് തിരക്കുകൾക്കിടയിൽ നല്ലൊരു അമ്മയുടെ റോൾ നിരർവ്വ മാഡം മറന്നു പോയിരുന്നു. അതുകൊണ്ട് തന്നെ നല്ല കുസൃതിയായിരുന്നു ആരവ്.. ഒരു ദിവസം പുറത്തെവിടെയോ യാത്ര പോകുമ്പോൾ ഒരു ട്രാഫിക് ബ്ലോക്കിൽ പെട്ടു കാർ കിടക്കുന്ന സമയത്തു തെരുവിൽ ഒരു സർക്കസ് നടക്കുന്നുണ്ടായിരുന്നു. കാർ ഓടിച്ചിരുന്നത് നിരർവ്വ മാഡമാണ്. ആരവ് പുറകിലെ സീറ്റിലായിരുന്നു. അമ്മാ അങ്ങോട്ട് നോക്കൂ ഇപ്പോൾ ഒരു സൂത്രം കാണാം എന്ന ആരവിന്റെ ശബ്ദം കേട്ടാണ് നിരർവ്വ മാഡം ആ സർക്കസ് കാണുന്നത് തന്നെ. ഇരുവശവും ഒരു വടിയുടെ സഹായത്താൽ ബാലൻസ് ചെയ്ത് കയറിലൂടെ നടക്കുന്ന ഒരു കൊച്ചു പെൺകുട്ടി. നിരർവ്വ മാഡം അത് നോക്കി കൊണ്ടിരുന്ന സമയത്താണ് ഒരു കല്ല് പാഞ്ഞു ചെന്നു ആ കുട്ടിയുടെ മേൽ പതിക്കുന്നത്. ഒരാർത്തനാദത്തോടെ ആ പെൺകുട്ടി മുകളിൽ നിന്നും താഴേക്ക് പതിച്ചു പിടഞ്ഞു നിശ്ചലയായി. ഞെട്ടി തിരിഞ്ഞു നോക്കിയ നിരർവ്വ മാഡം കണ്ടത് പകച്ച മുഖത്തോടെ കയ്യിലൊരു കവണയും പിടിച്ചിരിക്കുന്ന ആരവിനെയാണ്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിന് മുമ്പേ ജനക്കൂട്ടം കാർ വളഞ്ഞു. പോലീസിന്റെ സഹായത്തോടെ ജനക്കൂട്ടത്തെ നിയന്ത്രിച്ചെങ്കിലും പെട്ടെന്നുണ്ടായ ആ സംഭവ വികാസങ്ങൾ പക്ഷേ ആരവിന്റെ മാനസിക നില തന്നെ തകർത്തു കളഞ്ഞു. അതേ പരിഗണന വെച്ചു കേസും തള്ളിപ്പോയി. പക്ഷേ ആരവിനെ അവിടെ നഷ്ടപ്പെടുകയായിരുന്നു... ഒരുപാട് കാശ് മുടക്കി ചികിൽസിച്ചെങ്കിലും ഇന്നും ആരവിന്റെ നിലയിൽ യാതൊരു പുരോഗതിയുമില്ല. പക്ഷേ മോന്റെ ഈ അവസ്ഥയിലും ഭർത്താവിന്റെ വേർപാടിലും നിരർവ്വ മാഡം തളർന്നില്ല. ആ തെരുവ് സർക്കസ് സംഘത്തെ തേടിപ്പിടിച്ചു തങ്ങളെക്കാൾ നല്ല നിലയിൽ അവരെ താമസിപ്പിച്ചു. തന്റെ കമ്പനിയുടെ ലോഗോ ആ പെൺകുട്ടിയുടെ ഫോട്ടോ ആക്കുകയും ചെയ്തു. മാത്രമല്ല തെരുവിൽ ഒരു നേരത്തെ അന്നത്തിന് വേണ്ടി ഇതുപോലെ നടക്കുന്നവരെ തേടിപ്പിടിച്ചു പുനരധിവസിപ്പിക്കുന്നതിന് ഓരോ സംസ്ഥാനത്തും ഓരോരോ സാധു സംരക്ഷണ മന്ദിരങ്ങൾ തുറന്നു. ഈ കമ്പനിയുടെ ലാഭ വിഹിതത്തിൽ നല്ലൊരു ശതമാനവും ചിലവഴിക്കുന്നത് അതിന് വേണ്ടിയാണ്. ഒറ്റ നിർബന്ധമേ മാഡത്തിനുള്ളൂ ഇതിന്റെയൊന്നും പുറകിൽ മാഡമാണെന്നു ഒരാളും അറിയരുത്. ഇപ്പോഴും ഞാനിത് നിന്നോട് പറയുമ്പോൾ അത് കേട്ട് നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് മാഡം ഇവിടെ നിന്നും പോയത്. "
ദേവനന്ദൻ ഒന്ന് നിർത്തി കൂട്ടിച്ചേർത്തു. " സാധൂ... നിന്നോടുള്ള സൗഹൃദത്തിന്റെ എല്ലാ അധികാരവും കൂട്ടിച്ചേർത്തു ഞാൻ നിന്നോട് അപേക്ഷിക്കുകയാണ് ഏതു വിധ ലാഭത്തിന് വേണ്ടിയും നീ ഈ വാർത്ത പുറത്തു വിടരുത്. അതേ എനിക്ക് പറയാനുള്ളൂ.."
ദേവനന്ദൻ പറഞ്ഞു തീർന്ന ഉടനെ തന്നെ സാധു പ്രതാപൻ ദേവനന്ദന്റെ രണ്ടു കയ്യും കൂട്ടിച്ചേർത്തു പിടിച്ചു. " നിനക്കെന്നെ വിശ്വസിക്കാം..."
തിരിച്ചുള്ള യാത്രയിൽ രണ്ടുപേരും നിശ്ശബ്ദരായിരുന്നു എങ്കിലും സാധു പ്രതാപന്റെ മനസ്സ് ശാന്തമായിരുന്നു. സാധു പ്രതാപൻ ജീവിച്ചിരിക്കുന്ന ഒരു ദേവതയെ മനസ്സിൽ കാണുകയായിരുന്നു. ഇന്നും ഈ ലോകത്തുള്ള നന്മ നിറഞ്ഞ മനുഷ്യരിൽ അറിയപ്പെടാത്ത ആയിരങ്ങളിൽ ഒരാളായ ദേവതമാരിൽ ഒരാളെ....
ജയ്സൺ ജോർജ്ജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo