Slider

പ്രീഡിഗ്രി ചരിതം വിൽപ്പാട്ട്

0
പ്രീഡിഗ്രി ചരിതം വിൽപ്പാട്ട്
**************************
നിരനിരനിരയായ് കനവുകൾ കണ്ടു
നുരയും വന്നു മയങ്ങും നേരം
ദിനകരൻ എത്തി; ദിനവും പോലെ
കിരണം കൊണ്ടെൻ മൂട്ടിലടിച്ചു.
(എന്റെ ദിനകരാ....!
നാരായണ ജയ നാരായണ ജയ)
ചാടിയെണീറ്റു തിരയും നേരം
ഉടുമുണ്ടവിടെ കട്ടിലിനടിയിൽ
ഒറ്റയിരുപ്പിൽ ഒന്നു തിരിഞ്ഞു
കറങ്ങി മറിഞ്ഞു കുളിമുറിയിൽ മറഞ്ഞു
(ഉടുമുണ്ടേ....!
നാരായണ ജയ നാരായണ ജയ)
"പ്രീഡിഗ്രിയ്ക്കായ് പോകണ്ടവനാ
ക്ലോറോഫോമിൽ കൈവിഷമേറ്റോ"?
അമ്മയെ നോക്കി ചുണ്ടും കോട്ടി
അച്ഛനിറങ്ങി അപ്പീസീപ്പോയ്
(ക്ലോറോഫോമോ.....?
നാരായണ ജയ നാരായണ ജയ)
"വയറിൽ വന്നു പിറന്നിതു മുടിയാൻ
മണ്ടയടച്ചൊരു ഞാലിപ്പൂവൻ
താങ്ങീം തൂങ്ങീം നിന്നീടാതെ
പോടാ വേഗം!" അമ്മ ചിറഞ്ഞു.
(ഞാലിപ്പൂവൻ....!
നാരായണ ജയ നാരായണ ജയ)
പല്ലു വെളുക്കാൻ പൗഡറുമിട്ടു
ദോശ മുറിച്ചു കടിച്ചു പറിക്കവെ
അമലും രാജുവുമരുണും മനുവും
ഗേറ്റിൽ വന്നു സിഗ്നലടിച്ചു
(പല്ലു വെളുത്തോ....?
നാരായണ ജയ നാരായണ ജയ)
ആദ്യ ദിനത്തിൽ കോളേജിൽ ചെന്നാ-
ക്രാന്തത്തൊടു വായിന്നോക്കവേ
നിരനിരനിരയായ് തരുണീമണികൾ
ദാവണി ചുരിദാർ ജീൻസും ടോപ്പും
(തരുണീമണികൾ....!
നാരായണ ജയ നാരായണ ജയ)
മഞ്ഞ നിറത്തിൽ ചുവപ്പുനിറത്തിൽ
പച്ചയിലും വയലറ്റിലു, മപ്പൊ
വന്നൂ സീനിയർ ചേട്ടൻ ചേച്ചിമാർ
റാഗിംഗെന്നു പറഞ്ഞും കൊണ്ട്
(റാഗിംഗത്രേ....!
നാരായണ ജയ നാരായണ ജയ)
പാട്ടുകൾ പാടി മിമിക്രി പറഞ്ഞു
കൂവൽ, തെറികൾ വിരണ്ടുവശായി
അമലും രാജുവുമരുണും മനുവും
മൂത്രം പോലും ബ്ലോക്കായ് നിൽപ്പൂ
(ബ്ലോക്കിൽ മൂത്രം....!
നാരായണ ജയ നാരായണ ജയ)
ക്ലാസിൽ കയറിയിരിക്കും നേരം
സീതാ ഭദ്രൻ മാഡം വന്നൂ
മീഥേൻ ഈഥേൻ കോപ്പർ കാർബൺ
ആകെ ജഗപൊക കൺഫ്യൂഷനിലായ്
(കൺഫ്യൂഷനിലായ്.....!
നാരായണ ജയ നാരായണ ജയ)
ഇംഗ്ലീഷിങ്ങനെ ദഹനക്കേടായ്
മണ്ടയിലാകെ കിളികൾ പറന്നു.
ടെക്സ്റ്റുകൾ കണ്ടു ഭയന്നിട്ടങ്ങനെ
ഉറക്കം പോയിട്ടൂണും സ്വാഹാ
(ഭയന്നിട്ടയ്യോ....!
നാരായണ ജയ നാരായണ ജയ)
കൊടിയുമുയർത്തി സമരം ചെയ്തു
അടിയും കിട്ടി സസ്പെൻഷനിലായ്
മഞ്ജു,അഞ്ജു, സ്മിതയും, ജാസ്മിനും
കണ്ടാൽപ്പോലും മിണ്ടാതായി
(മിണ്ടാതായി....!
നാരായണ ജയ നാരായണ ജയ)
ഒന്നാം വർഷം കഴിയുന്നേരം
സപ്ലികളമ്പോ! രക്ഷയതില്ല
അമലും രാജുവുമരുണും മനുവും
കമ്പനി തന്നൂ 'പൂജ്യൻ'മാരായ്
(സപ്ലികൾ തന്നെ....!
നാരായണ ജയ നാരായണ ജയ)
അമ്മയുമച്ഛനും ഒത്തു വിളിച്ചു
കരണം നോക്കീട്ടൊന്നു പുകച്ചു
ഞാലിപ്പൂവൻ വാഴയിലപ്പടി
മിന്നാമിന്നികൾ ബട്ടർ ഫ്ലൈകൾ
(ബട്ടർ ഫ്ലൈകൾ....!
നാരായണ ജയ നാരായണ ജയ)
ട്യൂഷൻ സാറിൻ കാൽക്കൽ വീണു
പൂക്കൾ നൽകി ഭഗവാൻമാർക്കും
ചൈനാ വാളാം പ്രീഡിഗ്രിയിൽ
അങ്ങനെയയ്യോ! കടന്നതു ഞാനും
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
ഇതി പ്രീഡിഗ്രി പുരാണം സമാപ്തം....
- ഗണേശ് -
19-1-2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo