ഓഫീസും ഹോസ്റ്റലും വീടുമായി ജീവിതം അങ്ങനെ സുഗമമായി പോവുമ്പോളാണ് എവിടെനിന്നോ അവളുടെ തലയിൽ ആ ചിന്ത കയറിക്കൂടിയത്... ഒരു മൂക്കുത്തി കുത്തിയാലോ! അതെന്താണാവോ ഇപ്പോൾ അങ്ങനെ തോന്നാൻ..? അല്ലാ, ഇപ്പോൾ മൂക്കുത്തി ഒരു ഫാഷൻ ആണല്ലോ... ഓഫീസിൽ കുറച്ച് കൂട്ടുകാരികൾ ഈയ്യിടെ കുത്തുകയും ചെയ്തു.. പക്ഷേ ഒരു ഇൻജക്ഷൻ എടുക്കാൻ പോലും പേടിയുള്ള ആളെങ്ങനെ മൂക്കൂത്തി കുത്തും.. വയസ്സ് 25 ആയെന്നു പറഞ്ഞിട്ടു കാര്യമില്ല, ഇപ്പോളും സൂചി കണ്ടാൽ തലകറങ്ങും.. വേദനയുടെ കാര്യം ഓർത്തപ്പോൾ അവളാ മോഹമടക്കി.എങ്കിലും കണ്ണാടിയുടെ മുന്നിൽ നിന്നു മൂക്കിൽ കല്ലിന്റെ പൊട്ടു വെച്ചു നോക്കി ആഗ്രഹസാഫല്യം അടക്കി നിന്നപ്പോളാണ് കൂട്ടുകാരി റൂമിലേക്ക് വന്നത്.. വന്നപാടെ ആ ദുഷ്ട്ട പറയുവാണ് "ആഹാ, നല്ല പാണ്ടി ലുക്ക്" എന്നു.. "പാണ്ടി നിന്റെ മറ്റവൾ എന്നു" മനസ്സിൽ പറഞ്ഞെങ്കിലും അവൾക്കെങ്ങനെ മറ്റവൾ ഉണ്ടാവാനാ എന്നോർത്തപ്പോൾ നമ്മുടെ കഥാനായിക ഒന്നും മിണ്ടിയില്ല. എങ്കിലും തൽക്കാലത്തേക്ക് മൂക്കൂത്തിമോഹത്തിനു ഒരു വിരാമമിട്ടു.
രണ്ടു ദിവസം കഴിഞ്ഞുള്ളൊരു ശനിയാഴ്ച്ച. ശനി,ഞായർ ഓഫീസ് അവധിയായതിനാൽ എല്ലാ ആഴ്ചയും അവൾ ആലപ്പുഴയിലെ വീട്ടിൽ പോകും. വീട്ടുകാരോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല, വായ്ക്ക് രുചിയായിട്ടു വല്ലതും കഴിക്കാനും കൂടിയാണീ പോക്ക്. സ്റ്റാൻഡിൽ ഒരു ആലപ്പുഴ ഫാസ്റ്റ് കിടപ്പുണ്ട്. സീറ്റുകൾ ചിലത് ഒഴിഞ്ഞു കിടപ്പുണ്ട്. അവൾക്ക് വേണ്ടി മാറ്റിവെച്ചത് പോലെ അതാ ഡ്രൈവർ സീറ്റിനു പിന്നിലെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ഇതിൽപരമൊരു ആനന്ദം വേറെ എന്ത്!! അവൾ ഓടിച്ചെന്നു അവിടെ സ്ഥാനം പിടിച്ചു. ആ സീറ്റിൽ ഇരുന്നാൽ ഒരു പ്രത്യേക ഫീൽ ആണ്. വണ്ടി നമ്മളാ ഓടിക്കുന്നത് എന്നു തോന്നും. അങ്ങനെ ഹെഡ്ഫോണിൽ പാട്ടും കേട്ട് വണ്ടി ഓടിക്കുന്ന ഗമയിൽ അവൾ സ്വസ്ഥമായി ഇരിക്കുമ്പോളാണ് അരൂരിൽ നിന്നും കുറെ പെണ്കുട്ടികൾ കയറിയത്. അവളുടെ അരികിലെ സീറ്റ് ഫ്രീ ആയതിനാൽ ചിലർ അവിടെ വന്നും ഇരുന്നു. ആരാ എന്താ എന്നൊന്നും അവൾ ശ്രദ്ധിക്കാൻ പോയില്ല. ഇടയ്ക്കെപ്പോഴോ അവളുടെ കഷ്ടകാലത്തിന് അറിയാതെ തിരിഞ്ഞപ്പോളാണ് ആ കാഴ്ച്ച അവളുടെ കണ്ണിൽ പതിഞ്ഞത്. പതിയുക എന്നു വെച്ചാൽ വെറുതെ തൊട്ടുതലോടി പോകുവല്ല ചെയ്തത്.. അങ്ങു തറഞ്ഞു കയറി. ദേ ആ പെങ്കൊച്ചിന്റെ മൂക്കിൽ ഒരു മൂക്കുത്തി.. അതോടെ അവളുടെ അടക്കിവെച്ച മൂക്കൂത്തിമോഹം വീണ്ടും തളിരിട്ടു. തളിർ മാത്രമല്ല അതങ്ങു വളർന്നുപന്തലിച്ചു പൂവും കായും വരെ ഇട്ടു.. ഇന്നിനി മൂക്ക് കുത്തിയിട്ടേയുള്ളൂ ബാക്കി. ഉടനെ ഫോൺ എടുത്തു അനിയനെ വിളിച്ചു: "ഡാ, നീ അത്യാവശ്യമായി ഒന്നു ആലപ്പുഴ വരെ വരണം. എനിക്ക് ഇന്നു മൂക്ക് കുത്തണം". ആദ്യം അവൻ "പോടി, പോയി പണിനോക്കെടി, അവളുടെ ഒരു മൂക്കുത്തി," എന്നൊക്കെ പറഞ്ഞെങ്കിലും അടുത്ത മാസത്തെ സാലറി കിട്ടുമ്പോൾ പുതിയ ഷൂസ് വാങ്ങി തരാമെന്ന ഉറപ്പിൽ വരാമെന്നേറ്റു. തനിയെ പോയി കുത്താവുന്ന കാര്യമേയുള്ളു, പക്ഷെ ഇനി ജ്വല്ലറിയിൽ ചെല്ലുമ്പോൾ എങ്ങാനും ചെറുതായി തലകറങ്ങുവോ മറ്റോ ചെയ്താലോ... അത്ര ധൈര്യശാലി ആണല്ലോ നമ്മുടെ നായിക. അതുകൊണ്ടാണ് അനിയനേയും കൂടെ കൂടിയത്.
അങ്ങനെ ബസ് ആലപ്പുഴ ഏത്താറായി. മുല്ലക്കൽ ജംഗ്ഷൻ എത്താറായപ്പോൾ അവൾ എണീറ്റു കിളിനാദത്തിൽ മൊഴിഞ്ഞു "ആളിറങ്ങണം". അപ്പോളതാ കണ്ടക്ടർ ചേട്ടന്റെ മറുപടി..., ഇവിടെ സ്റ്റോപ് ഇല്ലത്രേ... കഴിഞ്ഞ ആഴ്ച അവൾ നാട്ടിലേക്ക് വന്നപോളും ബസ് അവിടെ നിർത്തിയത് കണ്ടതാണ്.. അല്ലേലും ഈ KSRTC ഡ്രൈവർമാർക്ക് അപ്പപ്പോൾ തോന്നുന്നത് അപ്പപ്പോൾ ചെയ്യുവാണല്ലോ.. സ്റ്റോപ് ഇല്ലെങ്കിലെന്താ, ട്രാഫിക് ബ്ലോക്കിന് ഒരു കുറവുമില്ല. ബസ് ബ്ലോക്കിൽപ്പെട്ട സമയം അവൾ ഡ്രൈവറോട് ചോദിച്ചിട്ട് ഡോർ തുറന്നിറങ്ങി. ഭാഗ്യം, ഇല്ലേൽ കുറെ നടക്കേണ്ടി വന്നേനെ. പറഞ്ഞപോലെ അനിയൻ മുല്ലക്കൽ നിൽപ്പുണ്ട്. രണ്ടു പേരും നേരെ കല്യാണിലേക്കു വെച്ചുപിടിച്ചു. അവിടെ ഷൂട്ട് ചെയ്യുമത്രെ. അങ്ങനെ കുത്തുമ്പോൾ അധികം വേദനിക്കില്ലത്രേ..
അങ്ങനെ രണ്ടുപേരും നടന്നു കല്യാണിൽ എത്തി. കട തുറന്നതെയൊള്ളു. അധികം തിരക്കില്ല. അത്കൊണ്ട് സെയിൽസ്മാന് ചേട്ടന്മാരെ നന്നായി കാണാൻ പറ്റി. സുന്ദരന്മാരെ കാണാണേൽ ജ്വല്ലറി വന്നാൽ മതി.. നല്ല ടിപ്പ് ടോപ്പ് മൊഞ്ചന്മാർ.. ആവശ്യമറിയിച്ചപ്പോൾ ഒരു കൗണ്ടറിൽ ഇരുത്തി. ആഹാ കമ്മൽ, മോതിരം സെക്ഷൻ ആണ്. അവളിങ്ങനെ കമ്മലും മോതിരവും നോക്കി അയവിറക്കി ഇരിക്കുന്ന സമയം ഒരു ഘഢാഗഡിയൻ ചേട്ടൻ ടൂൾബോക്സുംആയി വന്നു. ഈ ചേട്ടനെ ജ്വല്ലറിയുടെ മുൻപിൽ നിർത്തിയിരുന്നേല് ഞാൻ ഇങ്ങോട്ടു കയറില്ലാരുന്നല്ലോ ദൈവമേ എന്നവൾ മനസിൽ പറഞ്ഞു. ചേട്ടൻ ടൂൾബോക്സ് തുറന്നു.. "ശിവനെ, തോക്ക് !!" അവൾ അനിയനെ നോക്കി. അവൻ ഇതെന്ത് കുന്തം എന്ന മട്ടിൽ അവളെ നോക്കി. അവരുടെ ഈ കഥകളി കണ്ടു സെയിൽസ് ചേട്ടന്മാർ കൂടി നിന്നു അവരെ നോക്കി. ഇതൊക്കെ ഞാൻ എത്ര കണ്ടു എന്ന മട്ടിൽ നമ്മുടെ ഘഢാഗഡിയൻ ചേട്ടൻ ആ തോക്കും എടുത്തു അതിൽ സ്റ്റഡ് വെക്കാൻ തുടങ്ങി. എന്നിട്ടു അവളുടെ താടിയിൽ പിടിച്ചു മുഖം ഇടവും വലവും തിരിച്ചു നോക്കി ചോദിച്ചു. "ഏത് സൈഡിലാ കുത്തേണ്ടത്?" അവൾ പറഞ്ഞു "ഇടത്". ചേട്ടൻ മൂക്കിൽ ഒരു മാർക് ഇട്ടു. കാര്യത്തോടടുത്തപ്പോൾ അവളുടെ ധൈര്യം (ലേശം ഉണ്ടായിരുന്നത്) പോയി. അയ്യോ ചേട്ടാ കുത്തല്ലേ, അയ്യോ ചേട്ടാ കുത്തല്ലേ എന്ന് മനസ്സിൽ പറഞ്ഞെങ്കിലും പുറത്തേക്കു വന്നത് "ചേട്ടാ പതുക്കെ കുത്താണെ" എന്നായിരുന്നു. ചേട്ടൻ ഇതെത്ര കണ്ടിരിക്കുന്നു. ഇപ്പോൾ കുത്തും ഇപ്പോൾ കുത്തും എന്നു ആയിപ്പിച്ചിട്ടു ഒരൊറ്റ കുത്തായിരുന്നു. അവൾക്കു എന്താ നടന്നെ എന്നു ആദ്യം മനസിലായില്ല. കൗണ്ടറിൽ നിന്ന ചുള്ളൻ കണ്ണാടി കാണിച്ചപ്പോൾ, wow, അവൾ തന്നെ അന്തംവിട്ടു. ദേ മൂക്കുത്തി മൂക്കിൽ !! ഇനി ഒരു മൂക്കുത്തി കൂടി വാങ്ങണം.. ഇപ്പോൾ കുത്തിയത് ഗോൾഡ് അല്ല. ഡയമണ്ട് വാങ്ങാനുള്ള ക്യാഷ് തികയാത്തതിനാൽ തൽക്കാലം ഒരു നോർമൽ സ്റ്റോണ് മൂക്കുത്തി വാങ്ങി അവർ സ്ഥലം വിട്ടു.

പിന്നെ ഓഫീസ്, ഹോസ്റ്റൽ, വീട്ടുതിരക്കിൽപെട്ടു ഡയമണ്ട് മൂക്കുത്തിയുടെ കാര്യം അവൾ മറന്നു. പിന്നെ കല്യാണം നടക്കാറായപ്പോഴാണ് മൂക്കുത്തി മാറ്റുന്ന കാര്യം വീണ്ടും പൊങ്ങി വന്നത്. അപ്പോളല്ലേ പണി മൂക്കൂത്തിയിൽ കിട്ടിയത്.. സംഭവം പിരിവെട്ടി കിടക്കുവാ.. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല.. വേറെ ആരെകൊണ്ടും തന്റെ മൂക്കിൽ തൊടുവിക്കില്ല എന്നു നമ്മുടെ കഥാനായികയും (ധൈര്യത്തിന്റെ കൂടുതലെ). എങ്കിൽ നീ ആ കടുക് പോലത്തെ മൂക്കൂത്തിതന്നെ ഇട്ടാൽ മതിയെന്നു വീട്ടുകാരും കൂട്ടുകാരും അവളോട് പറഞ്ഞു.. ഒരിത്തിരി സങ്കടത്തോടെയാണേലും അതേയോള്ളൂ ഇനിയൊരു മർഗ്ഗമെന്നു അവളും തിരിച്ചറിഞ്ഞു... ആശിച്ചു മോഹിച്ചു കുത്തിയത് കൊണ്ടാവും ഊരി വരാൻ മടിച്ച് ശരീരത്തിന്റെ ഒരു ഭാഗം പോലെ ആ മൂക്കുത്തി കിടക്കുന്നതെന്നു ആശ്വസിച്ചു നമ്മുടെ കഥാനായിക ഇന്നും ജീവിച്ചപോരുന്നു..
By: Revathy M Radhakrishnan

കഥാകാരിയുടെ സ്വാനുഭവം ആണെന്ന്‍ തോന്നുന്നല്ലോ...........എന്തായാലും നന്നായി.
ReplyDeleteഅതേ സുധീ... എന്റെ സ്വന്തം അനുഭവമാണ്.. കുറേ കൂടി കോമഡി ഉള്ളതാണ്. എല്ലാം എഴുതി ബോറാക്കണ്ട എന്നു തോന്നി.. മൂക്ക്‌കുത്തിയ അന്ന് രാത്രി അത് ഊരി മൂക്കിനുള്ളിൽ പോകുമെന്ന് കരുതി ഞാൻ ഉറങ്ങിയില്ല����
ReplyDelete