Slider

നാണിയമ്മയുടെ തിരോധാനം

0


നാണിയമ്മയെ കാണാനില്ല. വാർത്ത കാട്ടുതീ പോലെ നാട്ടിൽ പരന്നു.മകനും മരുമകളും തിരയാനിനി ഒരു ദിക്കുപോലും ബാക്കിയില്ല.
മരുമകളുടെ ചെയ്തികൾ സഹിക്കാൻ പറ്റാതെയാണ് നാണിയമ്മ പോയതെന്ന് നാട്ടുകാർ പറഞ്ഞു നടക്കാനും തുടങ്ങി.
ഇന്നോളം ഒരു നോട്ടം കൊണ്ടു പോലും അമ്മയെ വേദനിപ്പിച്ചിട്ടില്ലാത്ത മരുമകൾ കരച്ചിലിൻ്റെ വക്കോളമെത്തി.
കഴിഞ്ഞ രണ്ടു ദിവസായി വയറുവേദനയായി കിടപ്പിലായ നാണിയമ്മയാണ് മൂന്നാംപക്കം അപ്രത്യക്ഷയായത്.
വേദന സഹിക്കാതെ ആത്മഹത്യ ചെയ്യാൻ പോയതാകുമെന്ന് വേറെ ചിലർ പറഞ്ഞുണ്ടാക്കി.
നാണിയമ്മയുടെ തിരോധാനമറിഞ്ഞ് നെഞ്ചത്തടിച്ച് അലമുറയിട്ട് ഓടിക്കേറി വരുന്ന നാല് പെൺമക്കളെ കണ്ട് മരുമകളുടെ പാതി ജീവൻ പോയി. ഹൊ ഇനി എന്തൊക്കെ കേൾക്കണം..
എന്താ ടീ നീ ഞങ്ങടെ അമ്മയെ കൊന്നോ... അതോ എവ്ടേലും കൊണ്ട് കളഞ്ഞോ...?
രണ്ടു ദിവസായി അമ്മ വയറ് വേദനിച്ച് കിടക്ക്ണു. ഒന്നു വിളിച്ചു പോലും അന്വേഷിക്കാത്തോരാ..ഈ പറയണെ,
രണ്ടു കൈയ്യും കൂട്ടിയടിച്ചാലെ
ശബ്ദണ്ടാവൂ.. ഞാൻ മിണ്ടണില്യ.
ഇന്നലെ നല്ല ഭേദണ്ടായ്ര്ന്നു ,രാത്രി അത്താഴം കഴിച്ച് കിടക്കണ വരെ ഞാനൊപ്പണ്ടായിരുന്നു. എന്നാലും രാവിലിങ്ങനൊരു പണി തരുന്ന് അറിഞ്ഞില്യ ൻ്റെ ദേവിയേ...
നാണിയമ്മയുടെ വിവരം അറിഞ്ഞവരറിഞ്ഞവർ വീട്ടുമുറ്റത്ത് തടിച്ചു കൂടി.
നാത്തൂൻമാര്ടെ തുറിച്ചു നോട്ടവും പ്രാക്കും കേട്ട് വന്നവരൊക്കെയും മരുമകൾ തന്നാണ് കുറ്റക്കാരിയെന്ന് ഉറപ്പിച്ചു.
ഇതിനിടയിലാണ് വീട്ടുമുറ്റത്ത് തടിച്ചുകൂടിയവരുടെ മുന്നിലേക്ക് മിന്നൽപിണർപോലെ നാണിയമ്മ ഓടിക്കേറിയത്.
"യ്യോ.. ഇവ്ടെന്താ.."
അൾക്കൂട്ടം കണ്ട് നാണിയമ്മ ആകെ ഭയന്നു.
"ൻ്റെ മോൻ...
അയ്യോ,,,,ൻ്റെ മോനേ നിനക്കെന്തു പറ്റിയെടാ... "
നാണിയമ്മ അലമുറയിടാൻ തുടങ്ങി.
"അയ്യോ നാണിയമ്മേ ങ്ട മോന് ഒന്നും പറ്റീട്ടില്ല.. നിങ്ങള്.."
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ നാണിയമ്മ വീണ്ടും അലറി...
"യ്യോ ൻ്റെ മരുമോളെ.. നിനക്കെന്ത് പറ്റിയെ ടീ... എന്നെ നോക്കിനിനിയാരുണ്ട്... പെൺമക്കള് നാലാ... ഒക്കെ പാഴാ .. നിക്കൊരാവശ്യത്തിന് അവളേണ്ടാര്ന്നുള്ളൂ...ൻ്റെ മോളെ..."
അലറി കരയുന്ന നാണിയമ്മയ്ക്ക് മുന്നിലേക്ക് മകനും മരുമകളും കടന്നു വന്നു.
"ദേ... ൻ്റെ മോനും മോളും."
ഒന്നമ്പരന്ന് നാണിയമ്മ ചുറ്റിനും നോക്കി.
"എടിയേ ... ന്തിനാ നാട്ടാരു മൊത്തം ഇങ്ങ് ട്ട പോന്നെ..ൻ്റെ ശിവനേ ൻ്റെ പാതി ജീവനങ്ങ് പോയി.. "
അതിനിടയിൽ അലമുറയിട്ട് ഓടി വരുന്ന പെൺമക്കളെ കണ്ട് നാണിയമ്മ അന്തം വിട്ടു.
"ഇതെന്താൻ്റെ ശിവനെ ... ഇന്ന് കാക്ക മലർന്ന് പറക്കോ..ൻ്റെ മക്കള് വഴി തെറ്റി വന്നതാണോ? "
"അമ്മ ആത്മഹത്യ ചെയ്തില്ലേ..?"
"പ്ഫ..ആത്മഹത്യ... നിനക്കൊക്കെ പ്രാന്താണോടി.."
"അമ്മേ ഞാനമ്മയെ ഉപദ്രവിച്ച് നാടുകടത്തീന്നും പറഞ്ഞ് പ്രാക്കായിരുന്നു ന്നെ നാത്തൂൻമാര്.."
മരുമകളുടെ മുഖം കണ്ട് നാണിയമ്മ വല്ലാതായി...
രൂക്ഷമായി മക്കളെ ഒന്നു നോക്കി.
ൻ്റെ മോളെ ,വയറുവേദന വരേം പോവേം ചെയ്യുവല്ലേ.. ലോട്ടർമാരെ എത്ര കണ്ടു .. ന്ന് പു ല ർച്ചെ സയ്ക്കാൻ പറ്റാണ്ടായി., അപ്പൊഴാ വാര്യര് മാഷെ ഓർത്തെ.. നീ നല്ല ഉറക്കായ്ര്ന്നു. അതാ ഞാൻ വിളിക്കാഞ്ഞെ"
"വാര്യർ മാഷൊ..?"
"മ്മടെ മനയ്ക്കലെ വാര്യർ മാഷ്,കണിശൻ... ഒന്ന് പ്രശ്നം വെച്ച് നോക്കാലോന്ന് കര്തി.. മ്മടെ മാതീടെ മാറാത്ത നടുവേദന വാരിവെച്ച് മാറ്റിയ ആളാ.. മാഷെ കണ്ടപ്പൊ തന്നെ ൻ്റെ പാതി വേദന മാറി. ഹൊ മാഷ് പറഞ്ഞതൊക്കെ ഒന്ന് കേക്കണം.
കണ്ണാത്രെ, മാരണം ചെയ്തിട്ട്ണ്ട്.. അതാ വേദന വിട്ട് മാറാത്തെ..
പരിഹരായിട്ട് കുറച്ച് കാര്യങ്ങള്
എഴുതി തന്നു... നീയീ കുറിപ്പടി പൂജാമുറിയിൽ വച്ചേക്ക്.
ആദ്യം കണ്ണേറ് കളയണം..
ന്നാലും ൻ്റെ പോക്ക് ഇത്രേം പുകിലാവുന്ന് കര്തീല്ല"
കയ്യിലെ മുളവടി ഉയർത്തി രൗദ്രഭാവത്തിൽ നാണിയമ്മ നടുമുറ്റത്തു നിന്നു..
പൊയ്ക്കോണം ൻ്റെ മുറ്റത്തൂന്ന്.. ആരെടാ ൻ്റെ മരുമോളെ അപവാദം പറഞ്ഞെ .. നിക്കിട്ട് മാരണം ചെയത് ൻ്റെ മരണം കാണാൻ കാത്തു നിക്കണ കള്ളക്കൂട്ടങ്ങൾ..
വന്ന് വന്ന് ഒരു ജോത്സ്യനെ കാണാൻ പോവാനും പറ്റാതായി.
നാണിയമ്മേടെ ഡയലോഗ് കേട്ട്.. ചിരിയടക്കിപ്പിടിച്ച് നാട്ടുകാർ പിരിഞ്ഞു.
"മരുമോളെ നീയിത്തിരി കടും മുളകും ഉപ്പും എട്ത്ത് എന്നെ ഒന്നുഴിഞ്ഞെ... കണ്ണേറ് പോട്ടെ ഒപ്പം വയറുവേനേം."
എന്ത് ചെയ്യാനാ അമ്മയായി പോയില്ലെ. ഉഴിഞ്ഞേക്കാം.
ൻ്റെ ദേവ്യേ... ഇനി ഹോമം വേണ്ടി വരോ..?
അകത്തേക്ക് ഓടികേറണ അമ്മയെ നോക്കി മരുമകൾ അന്തം വിട്ടുനിന്നു.
* * * *
ഇതുപോലെ വേദനയ്ക്കും മറ്റും ഡോക്ടറെ കാണാതെ ജോത്സ്യൻമാരെ കണ്ട് പരിഹാരം തേടുന്ന നാണിയമ്മമാർ ഒരുപാടുണ്ടാകും നമുക്ക് ചുറ്റിനും.
ജിഷ രതീഷ്
11/1/18
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo