Slider

സംശയങ്ങൾ (ചെറു കഥ)

0
സംശയങ്ങൾ (ചെറു കഥ)
---------------------------------------
"ഈ കുട്ടി.... വെയിലത്ത് നിന്ന് കളിക്കാതെ ആ തണലിലേക്ക് മാറിയിരുന്ന് കളിക്ക് മോളെ...."
ചിന്നുമോൾ തിരിഞ്ഞ് അപ്പൂപ്പനെ നോക്കി. മണ്ണിൽ ചിരട്ടകൊണ്ട് മണ്ണപ്പം ചുട്ടു കളിക്കുകയായിരുന്നു അവൾ. അപ്പൂപ്പൻ പറഞ്ഞതനുസരിച്ച് അവൾ മരത്തണ ലിലേക്ക് നീങ്ങിയിരുന്നു. വിയർത്തൊലിച്ചിരുന്ന അവളുടെ ദേഹം കുളിര്കാറ്റേറ്റ് തണുത്തു.
ചിന്നുമോൾ മെല്ലെ തലയുയർത്തി മുകളിലേക്ക് നോക്കി. ഇലകൾക്കിടയിലൂടെ പൊട്ട് പോലെ ആകാശത്തുണ്ടുകൾ കാണാം. വെയിൽ അതിലൂടെ താഴേക്ക് ഒഴുകാൻ ശ്രമിച്ചുകൊണ്ടിരുന്നു.
"അപ്പൂപ്പാ... ഇപ്പൊ ഈ മരങ്ങൾ വെയിൽ കൊള്ളുന്നില്ലേ...?"
"ഉണ്ട്."
"അപ്പൊ മരം വിയർക്കാത്തതെന്താ...?"
അപ്പൂപ്പൻ ഒരു നിമിഷം ആലോചിച്ചു.
"മരം വിയർക്കില്ല മോളെ. അതിന് വെയിൽ കിട്ടിയാലേ വളരാൻ പറ്റു."
"അപ്പൊ മരത്തിന് വെള്ളം കിട്ടിയാലേ വളരൂ എന്ന് അപ്പൂപ്പൻ പറഞ്ഞില്ലേ ഇന്നാള്..."
"ഉവ്വ്. വെയിലും വേണം. വെള്ളവും വേണം."
ചിന്നുമോൾ ആ ഉത്തരത്തിൽ തൃപ്‌തയാകാത്തത് പോലെ സംശയിച്ച് നിന്നു.
"നമ്മൾ വെള്ളം നനച്ചാൽ അത് വേരുകളിലൂടെ മരത്തിന്റെ ഇലകളിൽ എത്തും. പിന്നെ വെയിലും കൂടി കിട്ടുമ്പോ മരം വളരും."
"വേരുകൾ എവിടെയാ അപ്പൂപ്പാ...?"
"അത് മണ്ണിനടിയിൽ."
അവൾ മരത്തിന്റെ വേരുകളിലേക്ക് നോക്കി നിന്നു.
"അത് മണ്ണിനടിയിൽ ആഴത്തിൽ ഉറച്ച് പോയിട്ടുണ്ടാകും മോളെ. നമ്മൾ വെള്ളം ഒഴിക്കുമ്പോ അത് വലിച്ചെടുക്കും."
"ആഴത്തിൽ എന്ന് പറഞ്ഞാ...?"
"ആഴത്തിൽ എന്ന് പറഞ്ഞാൽ ഒരുപാട് താഴേക്ക്. അതല്ലേ മരം വീഴാതെ ഉറച്ച് നിൽക്കുന്നെ..."
"ആണോ... അപ്പൊ മരത്തിന് അനങ്ങാൻ പറ്റില്ലേ..?"
"ഇല്ല."
"അയ്യോ... അനങ്ങാതെ എങ്ങനെയാ വളരുന്നെ. ഓടി കളിച്ചാലെ വളരൂ എന്ന് അമ്മൂമ്മ പറഞ്ഞല്ലോ..."
അപ്പൂപ്പൻ ഉത്തരമില്ലാതെ നിന്നു. കുഞ്ഞു മനസ്സിൽ ഒരായിരം ചോദ്യങ്ങൾ. ഓടികളിക്കാതെ ആകാശം മുട്ടെ വളർന്ന് നമ്മെ സംരക്ഷിക്കുന്ന മരങ്ങളെപ്പറ്റി എങ്ങനെ പറഞ്ഞ് മനസ്സിലാക്കണം എന്നറിയാതെ അപ്പൂപ്പൻ വിഷമിച്ച് നിന്നു.
പക്ഷെ ചിന്നുമോൾ അപ്പോഴേക്കും മരത്തിന്റെ വേരുകളെ കെട്ടിപ്പിടിച്ച് അടുത്ത കളിയിലേക്ക് കടന്നിരുന്നു.

samini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo