Slider

ശാപജന്മങ്ങൾ

0


ശാപജന്മങ്ങൾ
~~~~~~~~~~~
ശ്ശൊ....... ഇന്ന് ബസ്സ് കാണുന്നില്ലല്ലോ.....?
രാമേട്ടൻ കുറേ നേരമായി ആശങ്കയിലാണ്. 
എന്നും ഈ നേരത്തിനു മുൻപ് വരാറുള്ളതാ.
ചെലപ്പൊ.... വല്ല ബ്ലോക്കും ഉണ്ടായിക്കാണും.ഇങ്ങളെ പെണ്ണുമ്പിള്ളേ ഈ വയസ്സാം കാലത്ത് ആരുംനി കൊത്തിക്കൊണ്ടോവ്വോന്നുംല്ല.
ദിവാകരന് ചിരിവരുന്നുണ്ടായിരുന്നു.
പക്ഷേ രാമേട്ടന് സമാധാനമായില്ല. അവൾക്ക് സുഖല്ലാത്തതാ.
രണ്ട് വയറ് നിറക്കാൻ വഴീല്ലാത്തോണ്ട് മാത്രാ ഓള് പണിക്കു പോണത്.
ന്നാ.. പിന്നെ ഇങ്ങക്കങ്ങ്ട് പൊയ്ക്കൂടാരുന്നോ. വയ്യാത്ത ആളെ വിടാണ്ടെ. ദിവാകരൻ പിന്നേം വാദിച്ചു.
ഇക്ക് മോഹല്യാണ്ടല്ല. അന്നത്തെ ഹാർട്ടോപ്പറേഷൻ കഴിഞ്ഞപ്പം ഡോക്ടറ് ഒന്നേ ആവശ്യപ്പെട്ടുള്ളൂ .
യാതൊരു പണിം എടുക്കരുതെന്ന്.
ഇന്നിട്ടും അവള് വയ്യാണ്ടെ പോണത് കാണുമ്പം ഞാൻ പറയും നിനക്ക് പകരം ഞാം പോവാന്ന്.
അവള്ന്നെ കൊന്നില്ലന്നേയുള്ളൂ. അവൾക്കീ ലോകത്തില് ഞാം മാത്രല്ലേള്ളൂ. പറഞ്ഞു വന്നതും രാമേട്ടന്റെ തൊണ്ടയിടറി. ആ വൃദ്ധ നയനങ്ങൾ രണ്ട് തടാകങ്ങളായി.
ദിവാകരന് വല്ലാത്ത സഹതാപവും, സങ്കടവും തോന്നി.
അയാൾക്കറിയാം രാമേട്ടന്റെ ബദ്ധപ്പാടുകളെക്കുറിച്ച്. അയാൾ രാമേട്ടന്റെ മകൻ ശിവരാജനെക്കുറിച്ചോർക്കുകയായിരുന്നു.
എന്തൊരു തങ്കം പോലത്തെ കൊച്ചനായിരുന്നു. അക്കരേല് അത്രേം സൽസ്വഭാവികള് വേറെണ്ടായിരുന്നില്ല. പഠിക്കാനാണേൽ ബഹുകേമൻ.
അന്നൊക്കെ രാമേട്ടൻ എല്ലുമുറിയെ പണിയെടുക്വായിരുന്നു. മകനെ ഏറ്റവും വലിയ നിലയിലെത്തിക്കണം അതായിരുന്നു അദ്ദേഹത്തിന്റേയും, ഭാര്യയുടേയും ഏറ്റവും വലിയ ആഗ്രഹം.
ഡിഗ്രി കഴിഞ്ഞ് അങ്ങനെയാണവനെ കോയമ്പത്തൂരിലുള്ള ഏതോ സഥലത്ത് മെഡിസിനയച്ചത്. അദ്ദേഹത്തിനറിയായിരുന്നു അത് തനിക്ക് താങ്ങാനാവില്ലെന്ന്. അന്നിട്ടും അദ്ദേഹം അതിനായി രാപകലില്ലാതെ കഷ്ടപ്പെട്ടു.
പക്ഷേ കൊല്ലം തികയുന്നതിനു മുൻപെ
രാമേട്ടന്റെ മകൻ ശിവരാജൻ തിരികെയെത്തി. ജീവനോടല്ല ... നിർജ്ജീവമായിട്ട്.
അവന്റെ ശരീരം വഹിച്ചെത്തിയ കോളേജ്
അധികൃതരിൽ നിന്നാണ്, മകൻ നേരിട്ടുകൊണ്ടിരുന്ന ക്രൂരമായ റാഗിംങ്ങും കാര്യവും രാമേട്ടനറിഞ്ഞത്.
അദ്ദേഹം മകനു നീതി കിട്ടാനായി പരക്കം പാഞ്ഞുകൊണ്ടിരുന്നു. അവന്റെ ആത്മാവിനെങ്കിലും നീതികിട്ടണം അതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എവിടെന്ന്. അതെല്ലാം സ്വാധീനത്തിൽപ്പെട്ട് തേഞ്ഞുമാഞ്ഞില്ലാതായി.
അങ്ങനെ അദ്ദേഹം തീർത്തും രോഗിയായി.
ജീവിതത്തിന്റെ പ്രതീക്ഷകൾ മുഴുവനസ്തമിച്ചു. ഭാര്യയും ഭർത്താവും
ഒരേ പുരയിൽ തളർന്നു കിടന്നു.
പക്ഷേ ജീവിതം അങ്ങനൊന്നും തീരില്ലല്ലോ.
അനുഭവിക്കാനുള്ളതു മുഴുവൻ അനുഭവിക്കാതെ വിടില്ലെന്ന മട്ടിൽ അതങ്ങനെ താണ്ഡവമാടിക്കൊണ്ടിരുന്നു.
രാമേട്ടന്റെ ഓപ്പറേഷൻ വരുത്തിയ കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ അവസാനം ഭാര്യ ശ്യാമളക്ക് ഓട്ടുകമ്പനിയിൽ ജോലിക്കുപോകേണ്ടി വന്നു.
എന്നും രാവിലെ അവര് തന്റെ വീടിനു മുന്നിലൂടെ പോകുന്നതു കാണുമ്പോൾ
കണ്ണു നിറയും. പത്തറുപത്തഞ്ച് വയസ്സെങ്കിലും കാണുമവർക്ക്. പക്ഷേ തനിക്കെന്ത് ചെയ്യാനാവും. താൻ തെങ്ങുചെത്തിക്കിട്ടണ പണംകൊണ്ട് അഞ്ചെട്ടു വയറുതന്നെ തട്ടിമുട്ടിയാണ് കഴിയണത്.
ദൂരെ നിന്ന് ഒരു നിഴൽപോലെ ശ്യാമളേച്ചി ഒരു സഞ്ചിയും പിടിച്ച് വരുന്നുണ്ടായിരുന്നു.
ബസ്സില്ലായിരുന്നൂത്രേ. ഓട്ടോക്കൂലി പത്തുനൂറ്റമ്പത് വേണം അവിടെ നിന്നിവിടേക്ക്. അത്ര പണം ഓട്ടുകമ്പനിയിൽ ഒരു ദിവസം തനിക്കു കിട്ടില്ല.
അവരുടെ ബാഗും വാങ്ങി രാമേട്ടൻ മുന്നോട്ടു നടന്നിരുന്നു. ആൾക്കൊന്ന് കിടക്കണമായിരിക്കും. പാവം. ഓരോരുത്തരുടെ ഓരോ വിധിയേയ്. ദിവാകരൻ ഓരോന്നാലോചിച്ച് ഒരു ബീഡിക്കും തീകൊളുത്തി.
അയാളുടെ ചിന്തകൾക്കും തീപിടിച്ചിരുന്നു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo