ലവ് ലെറ്റർ
*****************
*****************
എല്ലാവരും പരിചയപ്പെടുത്തലിൽ എഴുത്തിലേക്ക് വരാനുണ്ടായ സാഹചര്യങ്ങളൊക്കെ എഴുതുന്നു. ഞാനാണെങ്കിൽ അതെഴുതാൻ മറന്നും പോയി. അതുകൊണ്ട് ഒരു പോസ്റ്റ് ആയി ഇടാമെന്നു വിചാരിച്ചു.
എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ നടന്ന ഒരു സംഭവമാണ്. പപ്പയുടെ കയ്യിൽ നിന്നും അടികിട്ടിയതിൻ്റെ ഓർമ്മ തുടങ്ങുന്നത് ഈ ലവ് ലെറ്ററിലാണ്. അമ്പടീ...നീയാളു കൊള്ളാമല്ലോ... എന്ന് ചിലരെങ്കിലും മനസ്സിൽ പറയുന്നത് എനിക്ക് കേൾക്കാം. ചിലരുടെ മുഖത്തെങ്കിലും ഒരു ഗൂഢമായ ചിരിയുണരുന്നത് കാണുകയും ചെയ്യാം. പക്ഷെ നിങ്ങളെ നിരാശപ്പെടുത്തിക്കൊണ്ടു പറയട്ടെ , ഇത് എഴുതുന്ന പ്രേമലേഖനമല്ല. മൈദയോ ഗോതമ്പ് മാവോ കൊണ്ട് കട്ടി കുറച്ചു ദോശ പോലെ ഉണ്ടാക്കി അതിനുള്ളിൽ ശർക്കരയും തേങ്ങയും വച്ച് മടക്കിയെടുക്കുന്ന ഒരു പലഹാരമാണ്. പലഹാരമാണെങ്കിലും പേര് ഇതായതു കൊണ്ടാവും അടിക്കു നല്ല വേദനയായിരുന്നു.
ഞങ്ങളുടെ തറവാട്ട് വീട്ടിൽ കുടുംബ കൂട്ടായ്മ പ്രാർത്ഥന നടക്കുകയാണ്. മുകളിൽ പറഞ്ഞ പലഹാരവും കട്ടൻ കാപ്പിയുമാണ് പ്രാർത്ഥന കഴിഞ്ഞുള്ള ഫുഡ്. ഇന്നത്തെപ്പോലെ എന്തുണ്ടാക്കിയാലും പിള്ളേർക്ക് ആവശ്യത്തിലധികം കൊടുക്കുന്ന പതിവൊന്നും അന്നില്ല. അതിഥികൾ കഴിച്ചു ബാക്കിയുണ്ടെങ്കിൽ കിട്ടും . എന്തായാലും ഈ പലഹാരമുണ്ടാക്കുന്നതിൻ്റെ മണമടിച്ച് കൊതി സഹിക്കാൻ വയ്യാതെ ഞാനും അനിയനും അടുക്കളയുടെ വാതിൽക്കൽ പോയി എത്തി നോക്കി. കഴിക്കുന്നവർക്ക് കൊതികിട്ടണ്ട എന്ന് കരുതീട്ടാവും അമ്മ ഒരെണ്ണം എടുത്തു മുറിച്ച് രണ്ടു ചെറിയ കഷണങ്ങൾ ഞങ്ങൾക്ക് തന്നു. ഞാൻ അതും തിന്നുകൊണ്ട് അപ്പുറത്തു ചെന്ന് രൂപക്കൂട്ടിൽ പൂക്കൾ അറേഞ്ച് ചെയ്തു കൊണ്ടിരുന്ന കോളേജ് കുമാരിയായ ആന്റിയോട് ചോദിച്ചു .
"കുഞ്ഞാന്റീ ഈ അപ്പത്തിന്റെ പേരെന്താ? "
ആന്റി ഒരു പുഞ്ചിരിയോടെ പറഞ്ഞു..."ഇതാണ് മോളെ ലവ് ലെറ്റർ ".
കടിക്കുമ്പോൾ ശർക്കര പാനി ഒഴുകുന്ന നേർമ്മയുള്ള ആ അപ്പത്തിൻ്റെ പേര് എനിക്ക് വല്ലാതിഷ്ടപ്പെട്ടു .
അങ്ങനെ പ്രാർത്ഥന തുടങ്ങി. എന്റെ മനസ്സിൽ മുഴുവനും ആ അപ്പത്തിൻ്റെ രുചിയും മധുരവുമായിരുന്നു. പ്രാർത്ഥന ദീർഘമായി തുടർന്നപ്പോൾ ക്ഷമ നശിച്ച ഞാൻ അച്ചൻ്റെ പ്രാർത്ഥനയെ വകവയ്ക്കാതെ ഉറക്കെ അമ്മയോട് പറഞ്ഞു.
"അമ്മേ... എനിക്കിനിയും ലവ് ലെറ്റർ വേണം".
പ്രാർത്ഥിച്ചു കൊണ്ടിരുന്ന അച്ചൻ ഞെട്ടിയാണെന്നു തോന്നുന്നു , ഒന്ന് നിർത്തി എന്നെ നോക്കി. ഒരു നുള്ളിൻ്റെ അകമ്പടിയോടെ അമ്മ എന്നെ നോക്കി കണ്ണുരുട്ടി . പിതാമഹി 'നിൻ്റെയല്ലേ മോള് ' എന്ന അർത്ഥത്തിൽ അമ്മയെ നോക്കി. ബാക്കിയുള്ളവർ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി. പപ്പയെ ഞാൻ നോക്കാതിരുന്നത് കൊണ്ട് ആ മുഖത്തെ ഭാവമെന്താണെന്ന് കണ്ടില്ല.
രാത്രിയിൽ ഞങ്ങൾ തിരിച്ചു പോകാൻ റെഡിയായി . പക്ഷെ ഇറങ്ങുന്നതിനു തൊട്ടു മുൻപ് ഞാൻ അടുക്കളയിൽ നടത്തിയ നിരീക്ഷണത്തിൽ നിന്നും കുറെ ലവ് ലെറ്റേഴ്സ് കൂടി ഒരു പാത്രത്തിൽ മൂടപ്പെട്ടിരിക്കുന്നതു കണ്ടെത്തി. അവയെ അങ്ങനെ ഉപേക്ഷിച്ചു പോരാൻ മനസ്സ് വരാതിരുന്നത് കൊണ്ട് ഞാൻ നിന്ന് ചിണുങ്ങാൻ തുടങ്ങി. മൂന്നു വയസ്സുകാരൻ അനിയനും അതേറ്റു പിടിച്ചു. കുഞ്ഞാന്റി ഈ സമയത്ത് ഓടിപ്പോയി രണ്ടു ലവ് ലെറ്റർസ് എടുത്തു കൊണ്ട് വന്നു തന്നെങ്കിലും പപ്പയുടെ മുഖഭാവത്തിൽ നിന്നും അത് വാങ്ങിച്ചാൽ വീട്ടിൽ ചെല്ലുമ്പോൾ അടി ഉറപ്പാണെന്ന് മനസ്സിലായതോടെ ഞാൻ അതു നിരസിച്ചു . മുഖഭാവങ്ങൾ നോക്കി പഠിക്കാൻ പ്രായമാകാതിരുന്നത് കൊണ്ട് അനിയൻ അത് സന്തോഷത്തോടെ സ്വീകരിച്ചു.
വീട്ടിലേയ്ക്കു കുറച്ചു നടക്കാനുണ്ട്. അപ്പം മേടിക്കാത്തതു കൊണ്ട് അടി കിട്ടില്ല എന്നായിരുന്നു എൻ്റെ പ്രതീക്ഷ. പക്ഷേ ആ പ്രതീക്ഷയെ തകർത്തു കൊണ്ട് മുറ്റത്തേയ്ക്ക് കയറിയതെ, അവിടെ നിന്ന ഒരു പയർ ചെടിയിൽ നിന്നും ഒരു വള്ളി പൊട്ടിച്ചെടുത്ത്, എനിക്കിട്ടും അനിയനിട്ടും പപ്പാ പൊതിരെ തല്ലി. അങ്ങനെ എനിക്ക് ലവ് ലെറ്റർ ചോദിച്ചതിനും അനിയന് തിന്നതിനും അടികിട്ടി. പക്ഷെ ഞാൻ തളർന്നില്ല. ഒരു അപ്പത്തിലുപരി ആ വാക്കിനെ ഞാൻ ഇഷ്ടപ്പെട്ടു . വലുതായപ്പോൾ സ്വന്തമായും കൂട്ടുകാർക്കുവേണ്ടിയും ലവ് ലെറ്റേഴ്സ് എഴുതി...അങ്ങനെ എഴുതി എഴുതിയാണ് ഞാനൊരു എഴുത്തുകാരി ആയത് .
ലിൻസി വർക്കി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക