Slider

ഒരു കഥ

0


അവൻ രവി.. ഇടതുകവിളിൽ നുണക്കുഴിയുള്ള സുന്ദരൻ. കയ്യിലിരുന്ന പുസ്തകക്കെട്ടു കട്ടിലിലേക്ക് വലിച്ചെറിഞ്ഞ്, എങ്ങനെയോ കെട്ടിനിർത്തിയിരുന്ന ട്രൗസർ ഊരി അയയിലിട്ടു.. ഒരു തോർത്തുമുണ്ടും ചുറ്റി അടുക്കളയിൽ ചെന്ന് ഇഡ്ഡലിപാത്രത്തിന്റെ അടപ്പു മാറ്റിനോക്കി.. പതിവുപോലെ 'അമ്മ കൊഴുക്കട്ട ഉണ്ടാക്കിവെച്ചിട്ടുണ്ട്. ഒരെണ്ണം കടിച്ചുപിടിച്ചു, അടുക്കളച്ചുവരിൽ ചാരിവെച്ചിരുന്ന സൈക്കിൾ ടയറും അതിനടുത്ത്തന്നെ കിടന്ന കോലുമെടുത്ത് ട്ർർർ എന്നൊരു ശബ്ദവുമുണ്ടാക്കി അവനോടി. 
ഓട്ടം ചെന്നുനിന്നതോ ചെത്തുകാരൻ രാമന് മുന്നിൽ. കൈനീട്ടിനിന്ന രവിക്ക് ഇരുപത്തഞ്ചു പൈസ കിട്ടി.. അച്ഛാ പിന്നെ കാണാം എന്നും പറഞ്ഞോടുന്ന അവനെ രാമൻ നോക്കിനിന്നു. ആറ്റുനോറ്റുണ്ടായ കുഞ്ഞാണ്. ഊരുചുറ്റാലൊക്കെ കഴിഞ്ഞു വിളക്കുവെക്കാൻ നേരംഅവൻ വീട്ടിലെത്തി. കിണറ്റിന്കരയിൽനിന്നുംവെള്ളം കോരി തലയിലേക്കൊഴിച്ചു കുളിച്ചു. അമ്മയ്ക്ക് കുളിക്കാനായി ചെമ്പിൽ വെള്ളം നിറച്ചുവെച്ചു. പുസ്‌തകകെട്ടു തുറന്നു വായന തുടങ്ങി. ഡേവിഡ് അമ്പിളിയമ്മാവനെ കിണറ്റിൽ നിന്നും രക്ഷിച്ച കഥ അവൻ വായിക്കുന്നത് കേട്ട് അമ്മയും അച്ഛനും പൊട്ടിച്ചിരിച്ചു. ഒന്പതിന്റെ ഗുണനപ്പട്ടിക എളുപ്പത്തിൽ എങ്ങനെയെഴുതാമെന്നു അവൻ രാമനു കാട്ടിക്കൊടുത്തു. അഭിമാനം കൊണ്ട് ആ അച്ഛൻ മകന്റെ നെറുകയിൽ തലോടി. ചൂടുചോറിൽ പുഴമീൻകറിയൊഴിച്ചു അവർ മൂവരും അത്താഴം കഴിച്ചു.. മണ്ണെണ്ണവിളക്കിന്റെ അരണ്ടവെട്ടംചെറുതായി ചെറുതായി ഇല്ലാണ്ടായി. 
ശനിയാഴ്ച്ച സ്കൂളില്ലാഞ്ഞതുകൊണ്ട് രവി രാവിലെതന്നെ കറക്കം തുടങ്ങി. ഓടിയോടി അവനെത്തിനിന്നത്ഒരു വെളുത്ത അംബാസഡർ കാറിനു മുന്നിൽ. കാറിനുള്ളിൽ നിന്നും മനോഹരമായഒരു പാട്ട്. ഒരു ചെറിയ കുട്ടി മൌത്തോർഗൻ വായിക്കുന്നു. നല്ല രസമുണ്ട്.. രവി കാതോർത്തുനിന്നു. അവർ പലയിടങ്ങളിലായി വെച്ച് വീണ്ടും കണ്ടുമുട്ടി. വലിയ പണക്കാരനായ ഒരാളുടെ ഒറ്റമകളാണത്രേ. എന്തോ അസുഖമുണ്ട്പോലും.. അവൾ സ്കൂളിൽ പോകുന്നില്ല. ടീച്ചർമാർ വീട്ടിൽച്ചെന്നു പഠിപ്പിക്കും. അവളോട് മിണ്ടണമെന്നു തോന്നീട്ടുണ്ട്. പക്ഷെ എന്താണെന്നറിയില്ല മനസ്സുനൊരു സങ്കോചം. പുഞ്ചിരിക്കുന്ന മുഖമുള്ള നീളൻ കണ്ണുകളുള്ള വെളുത്തു കൊലുന്നനെയുള്ള ചെറിയൊരു കുട്ടി. മെല്ലെമെല്ലെ പാടവരമ്പത്തുകൂടിയും കുളക്കടവിനരികിലൂടെയും അവൾ നടക്കുമ്പോൾ ഒരു നിഴലെന്നവണ്ണം അവളറിയാതെ അവൻ പിന്തുടർന്നു. ഒരിക്കലൊരു വേനലവധിക്കാലത് പെട്ടന്ന് പെയ്തൊരു മഴയും നനഞ്ഞു രവി ചാടിത്തുള്ളിവരുമ്പോൾ അമ്പലമുറ്റത്തെ ആൽമരചുവട്ടിൽ അവൾ പേടിച്ചു നിൽക്കുന്നു.. കൂടെ അവളുടെ ആയയുമുണ്ട്. പെട്ടന്നാണ് പരിസ്‌ഥിതിപഠനം പഠിപ്പിക്കുന്ന സുശീലടീച്ചറിന്റെ വാക്കുകൾ അവനോർത്തത്.. ഇടിയും മഴയുമുള്ളപ്പോൾ ഒരിക്കലും മരച്ചുവട്ടിൽ നില്ക്കാൻ പാടില്ലെന്ന്. അവനോടി അമ്പലത്തിനുള്ളിൽ കേറി അർച്ചനയ്ക്ക് രസീതെഴുതുന്ന കേശവൻനായരുടെ കുട വാങ്ങി ആയക്കു കൊടുത്തു. ആയ അവളെയും എടുത്ത് മെല്ലെ നടക്കാൻ തുടങ്ങി. രവിയാകട്ടെ തിരികെ അമ്പലത്തിൽ ചെന്ന് തോർത്തുമുണ്ട് ഊരിപ്പിഴിഞ്ഞ് കേശവൻ നായർക്ക് കൂട്ടിരുന്നു. മഴയായത്‌ കാരണം അമ്പലത്തിൽ ദീപാരാധന തൊഴാൻ ആരും വന്നില്ല. പെട്ടന്നാണ് വലിയൊരു മിന്നലും ഇടിയും ഉണ്ടായത്.. ആൽമരം നിന്ന തറ വിണ്ടുകീറിപ്പോയി. രവിയുടെ ചെയ്തികൾ കേശവൻനായരിലൂടെ നാട്ടുകാർ അറിഞ്ഞു. പെൺകുട്ടിയുടെ അച്ഛൻ അവനെ വീട്ടിലേക്ക് ക്ഷണിച്ചു, പുത്തൻ കുപ്പായവും കുടയും സമ്മാനിച്ചു അവൾ രവിയ്ക്കരികിലേക്ക് നടന്നുവന്നു.. അവന്റെ കൈപിടിച്ച് മുറികളൊക്കെ കാട്ടിക്കൊടുത്തു. ചോറിനു ഒരുകൂട്ടാൻ മാത്രം ശീലിച്ച രവി അന്ന് ഏഴെട്ടു കറികൾ കൂട്ടി ചോറുണ്ടു. മടങ്ങിപ്പോകാൻ നേരം അവൾ വർണക്കടലാസിൽ പൊതിഞ്ഞ ഒരു കുഞ്ഞു പൊതി അവനു സമ്മാനിച്ചു. പക്ഷേ തിരികെക്കൊടുക്കാൻ അവന്റെ കൈയിലൊന്നുമുണ്ടായിരുന്നില്ല. ട്രൗസറിന്റെ പോക്കറ്റിൽ വെറുതെയൊന്നു പരതി. അരി പൊടിപ്പിക്കാൻ കൊണ്ടുപോയപ്പോൾ മില്ലിലെ ബെൽറ്റിനിടയിൽപ്പെട്ടു ഒരുവശം തേഞ്ഞുപോയ ഒരു രൂപത്തുട്ട് കയ്യിൽതടഞ്ഞു. അവൻ അത് കൈക്കുള്ളിലെടുത്തു സങ്കടത്തോടെ പറഞ്ഞു.. എനിക്ക് തരാൻ വേറൊന്നുമില്ല.. അവൾ ചിരിച്ചുകൊണ്ട് ആ നാണയം വാങ്ങി.. രവി നാണക്കേടുകാരണം കുറച്ചുനാൾ ആ വീടിനടുത്തേക്കു പോയതേയില്ല. സ്കൂൾ തുറന്നു.. രവി പുത്തനുടുപ്പിട്ടു.. അതവളെ കാണിക്കണം.. പക്ഷെ ആ വലിയവീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരുന്നു. കുഞ്ഞിന് രോഗംകൂടി ചികിത്സക്കായി അവർ എങ്ങോട്ടോ പോയെന്നു ആരോ പറഞ്ഞവൻ അറിഞ്ഞു.. പിന്നീടൊരിക്കലും അവർ അങ്ങോട്ടേക്ക് വന്നില്ല. ആ വീട് മറ്റാരോ വിലക്ക് വാങ്ങി താമസമാരംഭിച്ചു. 
രവി പഠിച്ചു.. ഒന്നാമനായി.. സ്കോളർഷിപ്പോടു കൂടി ഉന്നതവിദ്യാഭ്യാസവും നേടി.. അമ്മയ്ക്കും അച്ഛനും തണലായി വളർന്നു. നഗരത്തിലെ പ്രശസ്തമായ സർക്കാർ കോളേജിൽ രവി അധ്യാപകനായി. നാട്ടുകാർ പറഞ്ഞു.. അവൻ ഗുരുത്വമുള്ള ചെക്കനാണെന്നു. ജോലി കിട്ടി ഒരു കൊല്ലം കഴിഞ്ഞപ്പോൾ രവിക്കു നല്ലൊരു വിവാഹാലോചന വന്നു. പെൺകുട്ടി അതിസുന്ദരി. ജാതകങ്ങൾ നന്നായിച്ചേരുന്നുണ്ട്. നല്ല വിദ്യാഭ്യാസവും കുടുംബമഹിമയുമൊക്കെയുള്ള വാചാലയ ഒരു പെണ്ണ്.. രവിക്കും വീട്ടുകാർക്കും അവളെ ഇഷ്ടമായി. അങ്ങനെ ആ വിവാഹം നടന്നു. വര്ഷമൊന്നു കഴിഞ്ഞപ്പോൾ രവി അച്ഛനായി.. ഇടതുകവിളിൽ നുണക്കുഴിയുള്ള സുന്ദരിയായ ഒരു പെൺകുട്ടി. രവി തന്റെ ബാല്യത്തെക്കുറിച്ചും ബാല്യകാലത്തുണ്ടായിരുന്ന പേരുപോലും ചോദിയ്ക്കാൻ മറന്നഒരു സൗഹൃദത്തെക്കുറിച്ചുമൊക്കെ ഒരിക്കൽ ഭാര്യയോട്പറഞ്ഞു.. എല്ലാം കേട്ട് കൗതുകത്തോടിരുന്ന അവൾ ചോദിച്ചു.. ആ കുഞ്ഞു സമ്മാനപ്പൊതിക്കുള്ളിലെന്തായിരുന്നുവെന്ന്.. "ഒരു കുഞ്ഞു ലോക്കറ്റ്.. 
ഉണ്ണിക്കണ്ണന്റെ.. അതാ ഈ മാലയിൽ.." കഴുത്തിൽ കിടന്ന മാലയിൽനോക്കി അവൻ പറഞ്ഞു. 
"ആ പെണ്കുട്ടിക്കെന്തുപറ്റി?അവൾ വീണ്ടും ചോദിച്ചു 
"അറിയില്ല.. ജീവനോടെ എവിടെങ്കിലും ഉണ്ടായിരുന്നാൽ മതിയായിരുന്നു.." 
ഒരു ദീര്ഘ നിശ്വാസത്തോടെ അവൾ കുഞ്ഞിനടുത്തേക്കുപോയി. 
രവിക്ക് സ്‌ഥലം മാറ്റം. സാധനങ്ങളൊക്കെ അവൻ പാക്ക് ചെയ്തു അയച്ചു. പുതിയവീടും പരിസരവുമൊക്കെ നന്ന്. വീട് അടുക്കിപ്പെറുക്കൽപോലെ വലിയൊരു പണിയില്ലന്നാണ് അവളുടെ പരാതി.. "നീ കുഞ്ഞിനേയും കൊണ്ട് ദേ ആ കസേരയിലോട്ടിരുന്നോ.. ഈയുള്ളവൻ എല്ലാം ശരിയാക്കിക്കോളാം". 
അവൾ ചിരിച്ചുകൊണ്ട് ഉറങ്ങുന്ന കുഞ്ഞിനേയും മടിയിൽ വെച്ച് മുറ്റത്തെ ചെടികളിൽ നോക്കിയിരുന്നു. ഓരോരോ സാധനങ്ങളായി രവി അടുക്കിവെച്ചു.. അപ്പോളാണ് അതിസുന്ദരമായ തടികൊണ്ടുണ്ടാക്കിയ ഒരു കുഞ്ഞു പെട്ടി അവന്റെ ശ്രദ്ധയിൽ പെട്ടത്.. കണ്ടാൽ ആഭരണപെട്ടിപോലുണ്ടല്ലോ.. സ്വർണമാണേൽ സൂക്ഷിച്ചുവെക്കണമല്ലോ എന്നുകരുതി അവനത് തുറന്നു നോക്കി.. 
ഒരു മിന്നൽപ്പിണർ കാൽപ്പാദത്തിലൂടെ തലയിലേക്കൊന്നു മിന്നി.. ആ പെട്ടിക്കുള്ളിൽ ഒരുവശം തേഞ്ഞുപോയ ഒറ്റരൂപാത്തുട്ട്. അതിനു ചുറ്റിലും ആലിലകൾ.. ഉണങ്ങി ഞരമ്പ് മാത്രമായ ആലിലകൾ. അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഒന്നും മിണ്ടാതെ അവനാ പെട്ടി അടച്ചു ഭദ്രമായി അവളുടെ അലമാരയിൽ വച്ചു. വേഗം അടുക്കളയിൽ പോയി രണ്ടുകാപ്പിയുണ്ടാക്കി. അതുമായി ഉമ്മറത്തേക്ക് വന്നു..ഒരു കപ്പു കാപ്പി അവൾക്കു നേരെ നീട്ടി. 
"പണിയൊക്കെ ഇത്രവേഗം തീർന്നോ?" 
"ഇനി കുറച്ചു റസ്റ്റ് എടുത്തിട്ടാകാം". 
അവൻ കുഞ്ഞിനെ വാങ്ങി.. അവൾഅവന്റെ ചുമലിൽ ചാരിയിരുന്നു.. 
മുറ്റത്തെ ചെടികളിൽ വിരിഞ്ഞുനിൽക്കുന്ന പലവർണങ്ങളിലുള്ള പൂക്കൾ.. അതിലും വലിയൊരു പൂക്കാലമായിരുന്നു അപ്പോൾ അവന്റെ മനസ്സിൽ.. സുഖകരമായ ഒരു രഹസ്യംകണ്ടെത്തിയ പ്രതീതി.. കണ്ടെത്തിയ രഹസ്യം രഹസ്യമായി തുടരട്ടെ എന്ന് കരുതിയതുകൊണ്ടാകാം ആ നുണക്കുഴികൾ ഒന്നുകൂടി തെളിഞ്ഞത്പോലെ..

By: Uma Pradeep
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo