Slider

"കാത്തിരുപ്പ്"

0

"കാത്തിരുപ്പ്"
"അല്ല ചെക്കാ....എപ്പോഴും എന്നെയും ഈ നെഞ്ചോടുചേർത്ത് ഇങ്ങനെ കിടന്നാൽ മതിയോ... കല്ല്യാണം കഴിഞ്ഞു രണ്ടാഴ്ചയായി. നമുക്കൊരു ഹണിമൂൺ ട്രിപ്പ് പോവാം?....ആളും ബഹളങ്ങളുമില്ലാത്ത ഏതെങ്കിലും പ്രകൃതിരമണീയമായ ഒരു ശാന്തമായ സ്ഥലത്തേക്ക്..?.."
കല്ല്യാണം കഴിഞ്ഞു വർഷയുടെ ആദ്യത്തെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ഓർമ വന്നത് ഇടുക്കിക്കാരനായ ഒരു പഴയ കൂട്ടുകാരനെയാണ്.
പഠിക്കുന്ന കാലം മുതൽ അവന്റെ വാക്കുകളിലൂടെ അറിഞ്ഞ സുന്ദരിയായ ഇടുക്കിയെ നേരിൽ കാണാൻ കൊതിയായിരുന്നെങ്കിലും ഇന്നേവരെ പോവാൻ ഭാഗ്യമുണ്ടായിട്ടില്ല.അവനെ വിളിച്ചു 'റൂട്ട്' മനസ്സിലാക്കി ഞങ്ങൾ യാത്ര തുടങ്ങി.
പ്രകൃതിഭംഗിയോടൊപ്പം മധുവിധു നാളിന്റെ സ്നേഹക്കുളിരും ആസ്വദിച്ചു വണ്ടിയോടിക്കുന്നതിനിടയിൽ വഴിതെറ്റിയതറിഞ്ഞില്ല.
ഏതോ ഒരു ഉൾഗ്രാമത്തിൽ എത്തിപ്പെട്ടിരിക്കുകയാണ്.വഴിചോദിക്കാൻ റോഡിൽ ഒരാളെപ്പോലും കാണാനില്ല.റോഡിൽ നിന്ന് ഇത്തിരി മാറി രണ്ടു മൂന്നു കുഞ്ഞു വീടുകൾ കണ്ടു.അവിടെ ചെന്ന് ആരോടെങ്കിലും വഴി ചോദിക്കാനായി ഞങ്ങൾ വണ്ടി നിർത്തി അങ്ങോട്ടേക്ക് നടന്നു.
ആദ്യം കാണുന്ന വീടിന്റെ ഉമ്മറത്തെ ചവിട്ടു പടിയിൽ ഒരു പ്രായംചെന്ന സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു.ഞങ്ങളുടെ കാൽ പെരുമാറ്റം കേട്ടപ്പോൾ "ന്റെ മക്കൾ വന്നോ" എന്നും പറഞ്ഞുകൊണ്ട് പതുക്കെ എണീറ്റ് വേച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.പ്രായം തളർത്തിയ ശരീരം.കണ്ണിനും കാഴ്ച്ചക്കുറവുണ്ടെന്നു തോന്നുന്നു.
അവർ ഞങ്ങളെക്കണ്ട് വേറെ ആരോ ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണെന്നു മനസ്സിലായി. ഞങ്ങൾ എന്തെങ്കിലും പറയാൻ തുടങ്ങും മുമ്പേ ആ അമ്മൂമ്മ വർഷയെ കെട്ടിപ്പിടിച്ച്‌ ഉമ്മവച്ചുകൊണ്ട് കരയുകയായിരുന്നു.
"എന്നാലും ന്റെ ലച്ചൂട്ടി അമ്മൂമ്മയെക്കാണാൻ വന്നല്ലോ.....അമ്മൂമ്മയ്ക്ക് ഒത്തിരി സന്തോഷായി ....ഇന്നലെമുതൽ കാക്ക വിരുന്നുവിളിക്കുന്നത് കേട്ടപ്പോഴെ അറിയാരുന്നു മോളു വരുമെന്ന്.മക്കൾ അകത്തോട്ട് കേറി വാ......ഇന്നിനി തിരിച്ചുപോവാനൊന്നും ഞാൻ സമ്മതിക്കില്ല കേട്ടോ"
വികാരഭരിതമായ ആ നിമിഷത്തിൽ തെല്ലൊരു അമ്പരപ്പോടെ ആ മുത്തശ്ശിയെ അനുസരിക്കാനേ ഞങ്ങൾക്കും കഴിഞ്ഞുള്ളു...
മുത്തശ്ശിയുടെ വീട്ടിലെ 'വിരുന്നുകാരെപ്പറ്റി' അന്വേഷിക്കാൻ വന്ന അയല്പക്കത്തെ ചേച്ചി പറഞ്ഞാണ് ബാക്കി കാര്യങ്ങൾ അറിഞ്ഞത്.
അച്ഛനുമമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ടുപോയ കൊച്ചുമകൾ ലച്ചു എന്ന ലക്ഷ്മിയെ വളർത്തി വലുതാക്കിയത് മുത്തശ്ശിയായിരുന്നു.പഠിക്കാൻ മിടുക്കിയായിരുന്ന ലച്ചുവിനെ മുത്തശ്ശി കഷ്ടപ്പെട്ടാണ് പട്ടണത്തിലയച്ചു പഠിപ്പിച്ചത്.അവിടെവെച്ചു കണ്ടുമുട്ടിയ ഒരാളുമായി ഇഷ്ടത്തിലായി കല്യാണം കഴിക്കുകയായിരുന്നു.
പട്ടണത്തിലെ സൗകര്യങ്ങളിൽ ഭ്രമിച്ചുപോയതിനാലാവാം കല്യാണം കഴിഞ്ഞു വർഷം ഒന്ന് കഴിഞ്ഞിട്ടും ലച്ചു പിന്നീട് ഈ മുത്തശ്ശിയെ ഒന്ന് തിരിഞ്ഞു നോക്കിയത്പോലുമില്ല.
പ്രായത്തിന്റെ വയ്യായ്കകൾ വർദ്ധിക്കുന്തോറും മുത്തശ്ശിയുടെ കാത്തിരുപ്പിന് ശക്തികൂടിവരികയായിരുന്നു.തീരെ വയ്യാതായതോടെ ഭക്ഷണകാര്യവും മറ്റും അയല്പക്കത്തുള്ളവരുടെ സഹായത്താൽ നടന്നുവരുന്നു."ഇന്നെന്റെ ലച്ചു വരും" എന്ന് പറയാത്ത ദിവസങ്ങൾ ഇല്ല.
വർഷയുടെ നോട്ടത്തിൽ നിന്നും അവളുടെ മനസ്സു വായിക്കാൻ എനിക്ക് കഴിഞ്ഞു.കുറച്ചകലെയുള്ള കട കണ്ടുപിടിച്ചു ഞാൻ കുറച്ചു അരിയും പച്ചക്കറികളും വാങ്ങി വരുമ്പോഴേക്കും അവൾ മുത്തശ്ശിയുടെ ലച്ചുമോളായി,വീടും പരിസരവുമെല്ലാം വൃത്തിയാക്കി ഒരുക്കികഴിഞ്ഞിരുന്നു.മുത്തശ്ശിക്കും പത്തുവയസ്സു കുറഞ്ഞതുപോലെ തോന്നി.
അത്താഴമൊരുക്കി മുത്തശ്ശിയോടൊപ്പം കഴിച്ചു ആ മടിയിൽ തലവെച്ച് വിശേഷങ്ങൾ കേട്ടുകൊണ്ട് ഞങ്ങൾ രണ്ടുപേരും എപ്പഴാ ഉറങ്ങിയത് എന്ന് പോലും അറിഞ്ഞില്ല.
രാവിലെ ഞങ്ങൾ യാത്രപറയുമ്പോൾ " മുത്തശ്ശിക്ക് കൊഞ്ചിക്കാൻ പെട്ടെന്ന് തന്നെ ഒരു കുഞ്ഞാവയെ തന്നേക്കണം" എന്നു പറഞ്ഞു വർഷയുടെ കവിളിൽ നുള്ളികൊണ്ട് പൊട്ടിച്ചിരിക്കുമ്പോഴും ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.....
ആർക്കൊക്കെയോ വേണ്ടി കാത്തിരിക്കുന്ന ചിലരുടേതുകൂടിയാണീ ലോകം....കാത്തിരിപ്പായ് മാറിയ അവരുടെ ജീവിതത്തിൽ ഇത്തിരി സന്തോഷം നൽകാനായാൽ അതും ഒരു വലിയ പുണ്യം തന്നെ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo