കുഞ്ഞു നാത്തൂൻ
*******************
*******************
അന്നാമ്മച്ചിക്ക് ഇന്ന് 90 വയസ്സ് തികയുകയാണ്. മക്കളും കൊച്ചുമക്കളും എല്ലാം കൂടിയിട്ടുണ്ട്. കൊച്ചുമക്കളെല്ലാം അങ്ങിങ്ങ് ഓടി നടന്ന് വീട് അലങ്കരിക്കുന്നു. ഇളയമകൻ അങ്ങാടിയിൽ നിന്ന് അമ്മച്ചിയുടെ പേരെഴുതിയ കേക്ക് വാങ്ങി വന്നു. പെണ്മക്കളെല്ലാം ചേർന്ന് അടുക്കളയിൽ നല്ല കോഴിബിരിയാണി ഉണ്ടാക്കുന്ന മണം ഉയർന്നു.... അങ്ങിനെ എല്ലാവരും ചേർന്നിത്തവണത്തെ പിറന്നാൾ ഗംഭീരമാക്കുകയാണ്...
"എന്താടാ മക്കളെ ഇനിയൊരൂണിന് ഞാനുണ്ടാവില്ലെന്നോർത്താണോ ഇത്ര കോലാഹലം?"
ചാരുകസേരയിൽ മുറ്റത്തേക്കു നോക്കിയിരുന്ന് അമ്മച്ചി ചോദിച്ചു..
"അതൊന്നുമല്ലമ്മച്ചീ... എല്ലാരും കൂടിച്ചേരുന്നതൊരു സന്തോഷമല്ലേ..."
മൂത്ത മകൻ ബേബിച്ചൻ തല ചൊറിഞ്ഞു...
"ഊണുകാലായീട്ടോ.. എല്ലാവരും വന്നോളൂ..."
അപ്പോഴെക്കും മൂത്തമകൾ ഏലിക്കുട്ടി അടുക്കളയിൽ നിന്നും പുറത്തേക്കു തല നീട്ടി അറിയിച്ചു. പിന്നീടെല്ലാം പെട്ടന്നായിരുന്നു... കേക്ക് മുറിക്കലും... ഭക്ഷണം കഴിപ്പുമെല്ലാം....ഉച്ച തിരിഞ്ഞോരു നേരം മക്കളെല്ലാം പണിയൊതുക്കി ചുറ്റും വന്നിരുന്നപ്പോളാണ് അന്നാമ്മച്ചി ഒരാഗ്രഹം പറഞ്ഞത്....വീട്ടിലൊന്നു പോണം...
"അതിനിപ്പോൾ അവിടാരുണ്ടമ്മച്ചീ...അമ്മായി പോലുമില്ലല്ലോ...വീട് പൂട്ടിയിട്ടിരിക്കുകയാണെന്നാ കേട്ടത്..."
മക്കളിലൊരാൾ പറഞ്ഞു.
അന്നാമ്മച്ചിയുടെ വീടങ്ങ് അടിമാലിയിലാണ്. ഇടുക്കിയുടെ കമനീയത മുഴുവനും കനിഞ്ഞ് അനുഗ്രഹിക്കപ്പെട്ട നാട്...അവിടെ നിന്നും അന്നമ്മച്ചിയെ വിവാഹം കഴിച്ചയച്ചതാണ് പതിനെട്ടാം വയസ്സിൽ പെരുമ്പാവൂരിലേക്ക്... അപ്പനും അമ്മയും ആങ്ങളമാരും ഒക്കെ ജീവിച്ചിരുന്ന കാലത്ത് അമ്മച്ചി എപ്പോഴും പോകുമായിരുന്നു അടിമാലിക്ക്. പിന്നെ പിന്നെ യാത്രകൾ കുറഞ്ഞു... അന്നാമ്മച്ചിയുടെ വീട്ടിലിപ്പോൾ പഴയ ആളുകൾ ആരുമില്ല. അപ്പനുമമ്മയും പണ്ടേ പോയതാണ്. ഇപ്പോളിതാ ആങ്ങളമാരുടെയും അവരുടെ ഭാര്യമാരുടെയുമൊക്കെ കാലം കഴിഞ്ഞു. ഇനി ബാക്കിയുള്ളത് കുഞ്ഞുനാത്തൂൻ മാത്രം. അവരാകട്ടെ വീട്ടിലല്ല, അടുത്തുള്ളൊരു വൃദ്ധസദനത്തിലാണ്. മക്കളെല്ലാം അങ്ങ് അമേരിക്കയിലും. ആയ കാലത്തു അവരും അമേരിക്കയിൽ ആയിരുന്നു. പിന്നെ നാട്ടിലേക്കു പൊന്നു, കുറേക്കാലം വീട്ടിലൊറ്റക്ക് കഴിഞ്ഞു.വയ്യാതായപ്പോൾ മക്കളെല്ലാം ചേർന്ന് അവരെ അടുത്തൊരു വൃദ്ധസദനത്തിലേക്കു മാറ്റി...! നാത്തൂനൊറ്റക്ക് വീട്ടിൽ നിന്നപ്പോഴോ വൃദ്ധസദനത്തിലേക്കു മാറിയപ്പോഴോ ഒന്ന് കാണാൻ പോയില്ലല്ലോ എന്ന് അന്നാമ്മച്ചി കുറ്റബോധത്തോടെ ഓർത്തു.
"ആ വീടിന്റെ താക്കോല് കിട്ടില്ലേടാ മക്കളെ? എനിക്ക് ഒരു ദിവസം അവിടെപ്പോയി താമസിക്കാൻ?" അന്നമ്മച്ചിക്ക് സങ്കടം വന്നു.
"അതിനെന്താ അമ്മച്ചി നമുക്ക് തോമസുകുട്ടിയെ ഒന്നു വിളിച്ചു നോക്കാം..."
മക്കളിലൊരാൾ അമേരിക്കയിൽ താമസിക്കുന്ന തോമസ്സുകുട്ടിക്ക് ഫോൺ ചെയ്യാനോടി. എന്തായാലും ഒരാഴ്ചക്കുള്ളിൽ തോമസ്സുകുട്ടിയുടെ അമ്മായിയപ്പൻ അമ്മച്ചിക്ക് താക്കോലെത്തിച്ചു കൊടുത്തു...അതു കൈയിൽ വാങ്ങവേ അമ്മച്ചിയുടെ മിഴി നിറഞ്ഞു. അപ്പന്റെയും അമ്മയുടെയും അദ്ധ്വാനത്തിന്റെ വയ്ക്കോൽ മണമുള്ള ഒരു കാറ്റ് തഴുകിയതു പോലെ അവർക്ക് തോന്നി.
താക്കോൽ കിട്ടിയതിന്റെ പിറ്റേന്നു തന്നെ അമ്മച്ചി ബേബിച്ചനെയും മരുമകൾ മേഴ്സിക്കുട്ടിയെയും കൂട്ടി അടിമാലിക്ക് യാത്ര തിരിച്ചു...! വീട്ടിലെത്തി അത്യാവശ്യം വേണ്ട പണികൾ ഒതുക്കി അമ്മയും മരുമകളും വെറുതെയിരിക്കവേ അന്നാമ്മച്ചി ഒരു കഥ പറഞ്ഞു തുടങ്ങി...
ഇന്നത്തെപ്പോലെയല്ലാ...അന്നിവിടം കാടാണ്... ഹിംസ്ര മൃഗങ്ങളും ഇഴജന്തുക്കളും നിറഞ്ഞ ഒരു കൊടും കാട്... ഈ കാട്ടിൽ മഞ്ഞിനോടും മഴയോടും പൊരുതി കൃഷി ചെയ്താണ് തന്റെ അപ്പനും അമ്മയും ജീവിതം തുടങ്ങിയത്. കാലം കഴിയവെ ജീവിതം പച്ചപിടിച്ചു.അവർക്ക് മക്കളായി തനിക്ക് മുമ്പേ മൂന്നാണ്മക്കൾ.....ഇളയത് ഒരാളുണ്ടായിരുന്നു..!വളരെ ചെറുപ്പത്തിലേ ചൂടു പനി വന്നു മരിച്ചു. മൂത്താങ്ങളമാർ രണ്ടു പേരും നാട്ടു നടപ്പനുസരിച്ച് പതിനേഴ് വയസ്സായപ്പോളേ കല്യാണം കഴിച്ചു. അങ്ങിനെ കുടുംബത്തിന്റെ അംഗസംഖ്യ ഏറിതുടങ്ങിയപ്പോളാണ് അപ്പൻ പുരയിടത്തിൽ ഏറ്റവും ഉയരമുള്ള ഭാഗത്തായി ഇപ്പോൾ കാണുന്ന ഈ വീടിന് കുറ്റിയടിച്ചത് . അന്ന് മുതൽ ഒരോ അണാ പൈസയും അവർ സൂക്ഷിച്ചു വച്ചു. ഓരോ പ്രാവശ്യം മലകയറുമ്പോഴും പുര പണിയാനുള്ള ഓരോ കല്ല് ഓരോരുത്തരും മുകളിലേക്ക് എത്തിച്ചു..! അങ്ങിനെ വർഷങ്ങളെടുത്തു വീടു പണി തീരാൻ...! പുതിയ വീടിന്റെ പണി ഏതാണ്ട് തീരാറായപ്പോഴേക്കുമാണ് അത് സംഭവിച്ചത്. അന്നമ്മച്ചി ഇപ്പോഴും ഓർക്കുന്നു.. രണ്ടാമത്തെ നാത്തൂൻ ആറ് മാസം ഗർഭിണിയാണ്. പക്ഷെ, മെലിഞ്ഞുണങ്ങിയ നാത്തൂനേ കണ്ടാൽ ഗർഭിണി ആണെന്ന് തോന്നുകയേ ഇല്ലാ. ഒരല്പം കുടവയറുള്ള ഒരു ചെറിയ പെൺകുട്ടി എന്നേ കണ്ടാൽ തോന്നൂ. എന്തായാലും വീട്ടിലാണുങ്ങളാരും ഇല്ലാതിരുന്ന ഒരു നട്ടുച്ച നേരത്താണ് അവർക്കു വേദന വന്നത്.
"എന്റെ മാതാവേ..കാലം തികയ്ക്കാൻ ഇനിയും മാസം രണ്ടു മൂന്നു കഴിയണോല്ലോ...എന്റെ കുഞ്ഞുങ്ങളെ കാത്തോണേ..." അമ്മ മാതാവിന്റെ മുന്നിൽ പതം പറഞ്ഞു കരഞ്ഞു...പിന്നെ നാത്തൂനെ താങ്ങിപ്പിടിച്ച് മറപ്പുരയിലേക്കു നടന്നു...ഇതിടയിൽ അന്നമ്മയോടു വിളിച്ചു പറഞ്ഞു
"അന്നക്കുട്ടീ നീ വേഗം ചെന്ന് അപ്പനോടും ആങ്ങളമാരോടും വരാൻ പറ"
അന്നമ്മ കാറ്റിന്റെ വേഗത്തിലോടി...വിവരമറിഞ്ഞു ആങ്ങളമാരിലൊരാൾ വയറ്റാട്ടിയെ വിളിക്കാനോടി..മറ്റുള്ളവരെല്ലാവരും വീട്ടിലേക്കും. ആണുങ്ങളെല്ലാം മറപ്പുരക്ക് വെളിയിൽ അക്ഷമരായി കാവൽ നിൽക്കവേ അമ്മയും വല്യ നാത്തൂനും പലവട്ടം അടുക്കളയിലേക്കും തിരിച്ചു മറപ്പുരയിലേക്കും ചൂടുവെള്ളവും പഴം തുണികളുമായി ഓടിനടന്നു...ഇതിനിടയിലെപ്പോഴോ വയറ്റാട്ടിത്തള്ള വന്നു.അവർ മറപ്പുരക്കുള്ളിലേക്കു കയറി അല്പം കഴിഞ്ഞപ്പോൾ നാത്തൂന്റെ വലിയൊരു കരച്ചിൽ ശബ്ദം കേട്ട് വെളിയിൽ നിന്ന അന്നമ്മയും ആണുങ്ങളും ഞെട്ടിവിറച്ചു...പിന്നീട് ശബ്ദം നേർത്തു നേർത്തു വന്നു. അപ്പന്റെ ഒന്നിലധികം പ്രവിശ്യമുള്ള ' എന്തായി പെണ്ണെ? എന്തായി പെണ്ണെ?' എന്ന ചോദ്യത്തിന് മറുപടി ആയി അമ്മ പുറത്തേക്കോടി വന്നു ഒരു പൊട്ടിക്കരച്ചിലോടെ...
"ചാപിള്ളയാ..."
"പെണ്ണിനെങ്ങനേണ്ട്? " അപ്പന്റെ ചോദ്യം
അമ്മയെന്തെങ്കിലും പറയും മുൻപേ ഉള്ളിൽ നിന്നും വീണ്ടുമൊരു കരച്ചിൽ ശബ്ദം...! വെല്യനാത്തൂനാണ്...
"അമ്മെ നമ്മുടെ ഏലിപ്പെണ്ണ് പോയമ്മേ..."
ഒരു കരച്ചിലോടെ ആദ്യം വല്യ നാത്തൂനും പിന്നെ വയറ്റാട്ടിത്തള്ളയും കടന്നു വന്നു. കൊച്ചാങ്ങളയെ ആരോ താങ്ങിപിടിച്ചു കൊലായിലിരുത്തി.
"എത്ര വയസ്സുണ്ടായിരുന്നമ്മച്ചി കൊച്ചമ്മാവന്റെ ആദ്യത്തെ അമ്മായി മരിക്കുമ്പോൾ?" മേഴ്സിക്കുട്ടിയുടെ ചോദ്യമാണ് അന്നമ്മച്ചിയെ വർത്തമാന കാലത്തേക്ക് തിരിച്ചു കൊണ്ട് വന്നത്.
"പതിനാലു വയസ്സ്" അന്നമ്മച്ചി!
"പതിന്നാലു വയസ്സോ..!!"മേഴ്സിക്കുട്ടി വാ പിളർന്നിരുന്നു പോയി
"അതേ പെണ്ണെ അന്നൊക്കെ അങ്ങിനെയാ...നേരത്തെ കല്യാണം കഴിപ്പിക്കും" അന്നമ്മച്ചി പറഞ്ഞൊഴിഞ്ഞു.
"എന്നിട്ടോ" മേഴ്‌സിക്കുട്ടി
"എന്നിട്ടെന്താവാൻ പിന്നേം ഒരു ആറേഴു മാസം കഴിഞ്ഞപ്പോൾ കൊച്ചാങ്ങള വേറെ പെണ്ണ് കെട്ടി!!"
പുതിയ വീട്ടിലേക്കാണ് കുഞ്ഞാങ്ങളയുടെ പുതുപ്പെണ്ണ് കടന്ന് വന്നത്. മറിയമ്മ...!!അവൾക്കന്ന് വയസ്സ് ഏഴ്... അന്നമ്മയെക്കാൾ ഒരു വയസ്സിനിളയത്. കല്യാണം കഴിഞ്ഞ് സ്വന്തം അപ്പനുമമ്മയും യാത്ര പറയവേ പുതുപ്പെണ്ണ് പൂഴിമണ്ണിൽ കിടന്നുരുണ്ടു കരഞ്ഞു... അന്നമ്മയുടെ അമ്മ അവളെ വാരിയെടുത്ത് മാറോടു ചേർത്തു. ഒടുവിൽ കരഞ്ഞു തളർന്ന പുതുപ്പെണ്ണിനെ ഒരു കൈയിലും മറുകൈയിൽ അന്നമ്മയെയും ചേർത്ത് വച്ച് അന്ന് രാത്രി ആ അമ്മ കിടക്കവേ അന്നമ്മ ചോദിച്ചു
"അമ്മയെന്നെയും കല്യാണം കഴിച്ചു വേറെ വീട്ടിൽ വിടുമോ? ഒരു നിമിഷം ഒന്ന് ശങ്കിച്ചുവെങ്കിലും 'അമ്മ പറഞ്ഞു:
"ഇല്ല ഒരിക്കലുമില്ല... എന്റെ മോളേ..."
രണ്ടു പെൺമക്കളുടെയും നെറുകയിൽ ഓരോ മുത്തം കൊടുക്കവേ അമ്മയുടെ മിഴികളിൽ രണ്ടു മുത്തുമണികൾ തിളങ്ങുന്നുണ്ടായിരുന്നു.അന്നു മുതലിങ്ങോട്ട് മറിയമ്മയുടെ കൂടെ അമ്മയായി അവർ. അമ്മയുടെ ഇടത്തും വലത്തും ഉറങ്ങാൻ തുടങ്ങി ഇരട്ടക്കുഞ്ഞുങ്ങളെ പോലെ ആ പെണ്മക്കൾ!അപ്പനെ പറഞ്ഞു സമ്മതിപ്പിച്ചു അന്നമ്മയോടൊപ്പം മറിയാമ്മയെയും പള്ളിക്കൂടത്തിലേക്കയച്ചു അമ്മ. കല്യാണം കഴിപ്പിച്ചയച്ച പെണ്ണിനെ പള്ളിക്കൂടത്തിലയക്കുന്നതു തടയാൻ മറിയമ്മയുടെ അപ്പൻ ഒരുപാടു ശ്രമിച്ചു നോക്കി. പെണ്ണിനെ പഠിപ്പിക്കും എന്ന അവളുടെ ഭർതൃ വീട്ടുകാരുടെ തീരുമാനത്തിൽ അപമാനിതനായ മറിയമ്മയുടെ അപ്പൻ അവസാന ശ്രമം എന്ന നിലയിൽ മകളെ കൂടെ വിളിച്ചു കൊണ്ട് പോകാൻ ശ്രമിച്ചുവെങ്കിലും അന്നമ്മയോടും അമ്മയോടുമുള്ള മറിയാമ്മയുടെ സ്നേഹം അമ്മയുടെ അടുത്തേക്ക് പോകാനുള്ള ആഗ്രഹത്തെ അതിജീവിച്ചു...പിന്നെ പള്ളിക്കാരുടെയും പട്ടക്കാരുടെയും ഊഴമായിരുന്നു. ഒടുവിൽ അവരും സുല്ലിട്ടു പിരിഞ്ഞപ്പോഴാണ് ആ രണ്ടു പെൺകുട്ടികൾക്കും ഏഴാം ക്‌ളാസ് വരെ എങ്കിലും പഠിക്കാനുള്ള ഭാഗ്യമുണ്ടായത്...ഏഴാം ക്‌ളാസ്സിനപ്പുറം പഠിക്കണമെങ്കിൽ പട്ടണത്തിൽ പോകണം. അങ്ങിനെ പഠിപ്പു അവിടം കൊണ്ട് അവസാനിച്ചു. എന്നാലും പഠിത്തം നിർത്തി ഏതാനും നാളുകൾക്കുള്ളിൽ രണ്ടു പെൺകുട്ടികൾക്കും അടുത്തുള്ള പെൺപള്ളിക്കൂടത്തിൽ അധ്യാപരായി ജോലി കിട്ടി. ഇതിനിടയിൽ കുഞ്ഞാങ്ങള ബാരിസ്റ്റർ പരീക്ഷക്ക് പഠിക്കാനായി മദിരാശിയിലേക്കു പോയിരുന്നു.
വല്ലപ്പോഴും വരുന്ന കത്തുകളിലൊന്നിലും ഒരിക്കലും കുഞ്ഞാങ്ങള ഒരിക്കലും മറിയമ്മയെ തിരക്കാറില്ലെന്ന കാര്യം അന്നമ്മ ശ്രദ്ധിച്ചിരുന്നു. അമ്മയോടത് സൂചിപ്പിക്കുകയും ചെയ്തു. പക്ഷേ കാര്യങ്ങൾ തങ്ങൾ കരുതിയതിനേക്കാൾ സങ്കീർണ്ണമാണെന്നവരറിഞ്ഞത് പക്ഷെ ഒരു പുതുവത്സരത്തലേന്ന് കുഞ്ഞാങ്ങളയോടൊപ്പം പട്ടണത്തിലൊപ്പം പഠിക്കുന്നോരു പെൺകുട്ടിയുമായി വീട്ടിലേക്ക് കയറി വന്നപ്പോഴാണ്...! കുടുംബത്തിലെല്ലാവരും ഞെട്ടിത്തരിച്ചെങ്കിലും മറിയമ്മക്ക് മാത്രം ഒരു കുലുക്കവുമില്ലായിരുന്നു...യാതൊരു ഭാവ വ്യത്യാസങ്ങളും കൂടാതെ അവർക്കു വച്ച് വിളമ്പുന്ന മറിയമ്മയെ നോക്കി അന്നമ്മയും അമ്മയും മൂക്കത്തു വിരൽ വച്ചു. തന്നെ അടുത്ത് വിളിച്ചു പായാരം പറഞ്ഞ ഭർതൃ മാതാവിനോട് മറിയാമ്മ പറഞ്ഞത് തിരിച്ചറിയാനാവാത്ത പ്രായത്തിൽ കഴിഞ്ഞ വിവാഹത്തിൽ നിന്നൊഴിഞ്ഞു പോകാനാണ് അയാളാഗ്രഹിക്കുന്നതെങ്കിൽ അവൾക്കെതിർപ്പില്ലെന്നാണ്.എന്തായാലും ഒന്ന് രണ്ടു ദിവസങ്ങൾക്കകം കുഞ്ഞാങ്ങളയും ആ പെണ്ണും മടങ്ങിപ്പോയി. പിന്നെയും കുറെ നാളുകൾക്കു ശേഷം അയാൾ ബാരിസ്റ്റർ പരീക്ഷ തോറ്റു പെട്ടിയും കിടക്കയുമായി തിരിച്ചു വന്നപ്പോളെന്തായാലും അവൾ കൂടെയില്ലായിരുന്നു. അത്രയും സമാധാനം! എങ്കിലും കുഞ്ഞാങ്ങളയും നാത്തൂനും ഒരുമിച്ചൊരു ജീവിതം തുടങ്ങാൻ പിന്നെയും നാളുകളെടുത്തു. ഇതിനിടയിൽ സാറാമ്മക്കൊരു കല്യാണം ശരിയായി. പെരുമ്പാവൂരൊരു പള്ളിക്കൂടത്തിലെ വാധ്യാര്...അങ്ങിനെ ജീവിതങ്ങൾ പല വഴിയിലേക്ക് പറിച്ചു നടപ്പെട്ടു. മൂത്താങ്ങളമാരും കുടുംബങ്ങളും വേറെ വീട് വച്ചു പോവുകയും കൂടെ ചെയ്തതോടെ ആ വലിയ വീട്ടിൽ അമ്മയും അപ്പനും കുഞ്ഞാങ്ങളയുടെ കുടുംബവും മാത്രമായി. പിന്നീടങ്ങോട്ട് ദുരിതത്തിൻറെ നാൾ വഴികളായിരുന്നു.അപ്പൻ തളർവാതം വന്നു കിടപ്പിലായി...കുഞ്ഞാങ്ങളയാണെങ്കിൽ ഉത്തരവാദിത്തമില്ലാതെ നടന്നു കുടുംബസ്വത്തു മുഴുവൻ വിറ്റു തുലച്ചു. അവസാനം ബാക്കിയായത് ആ ഒരു വീട് മാത്രം. അതും കയറിക്കിടക്കാനുള്ള വീടും കൂടെ നഷ്ടപ്പെടേണ്ട എന്ന് പറഞ്ഞു അപ്പനും അമ്മയും അത് മറിയമ്മയുടെ പേരിൽ എഴുതിക്കൊടുത്തതു കൊണ്ട് മാത്രം!! അപ്പൻ മരിച്ചു കഴിഞ്ഞു കുറച്ചു കഴിഞ്ഞതോടെ അമ്മയ്ക്കും സുഖമില്ലാതായി. കുഞ്ഞാങ്ങളയുടെ ധൂർത്തു കൂടിയായപ്പോൾ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ കുഞ്ഞു നാത്തൂൻ ഒരുപാടു കഷ്ടപ്പെട്ടിരുന്നു. വല്ലപ്പോഴും വിരുന്നിനു ചെന്നു തിരിച്ചു പോരുമ്പോൾ അന്നമ്മച്ചി കയ്യിൽ ചുരുട്ടിപ്പിടിച്ചു നീട്ടിയിരുന്ന നോട്ടുകളോട് എന്നാലും അവർ അകലം പാലിച്ചിരുന്നു. എന്നാലത് അമ്മയെ ഏൽപ്പിക്കാമെന്നു വച്ചാലോ കെട്ടിച്ചു വിട്ട പെണ്ണിന്റെ കയ്യീന്ന് അഞ്ചു പൈസ വാങ്ങില്ലെന്ന അമ്മയുടെ ശപഥവും!!
"കാര്യങ്ങളൊക്കെ പെണ്ണ് നോക്കിക്കോളുമെടീ"
'അമ്മ പറഞ്ഞൊഴിയുമ്പോൾ അന്നമ്മയുടെ മിഴികൾ നനഞ്ഞിട്ടുണ്ട് പലവട്ടം.അമ്മക്കിപ്പോൾ തന്നെക്കാൾ പ്രിയപ്പെട്ടത് മരുമകളാണല്ലോ എന്നോർത്ത് പലവട്ടം പിണങ്ങിയിട്ടുണ്ട്...
"എന്നെ നോക്കുന്നതവളല്ലെടീ നീയാണോ " എന്ന അമ്മയുടെ ചോദ്യത്തിന് മുൻപിൽ ചോദ്യം ചൂളിച്ചുരുങ്ങി അപ്രത്യക്ഷമായിട്ടുണ്ടാകും. എന്നാലും അമ്മയോടതിന്റെ ഒരു കൊതിക്കെറുവ് അന്നമ്മയെന്നും കാണിച്ചു പോന്നു.കാലം കുറെ കഴിഞ്ഞപ്പോൾ 'എന്റെ പെണ്ണേ പെണ്ണേ'എന്ന് വിളിച്ചു വിളിച്ചു അമ്മയുമങ്ങു പോയി..പെണ്ണെ വിളികൾ മുഴുവൻ മറിയമ്മയെ ആയിരുന്നു എന്നു തിരിച്ചറിഞ്ഞെങ്കിലും അന്നമ്മക്കപ്പോൾ അദ്ഭുതമായിരുന്നു. എങ്ങിനെ ഒരമ്മായി അമ്മക്ക് മരുമകളെ ഇത്രയേറെ സ്നേഹിക്കാനാവുമെന്നവൾ അത്ഭുതപ്പെട്ടു.
പിന്നീടുള്ള മറിയമ്മയുടെ ഒറ്റയാൾ പോരാട്ടം മക്കൾക്ക് വേണ്ടിയുള്ളതായിരുന്നു...രാവിലെ മുതൽ വൈകിട്ട് വരെ ഉള്ള അധ്യാപന ജോലി കഴിഞ്ഞു വന്ന് പാടത്തും പറമ്പിലും അവർ പണിയെടുത്തു. പശുക്കളെ വളർത്തിയും പാൽ വിറ്റും അവർ മക്കളെ നാലു പേരെ പഠിപ്പിച്ചു. മൂത്തതൊന്നു കടലു കടന്ന് അമേരിക്കയിലേക്ക് പോയതോടെ സാമ്പത്തിക ബാധ്യതകളെല്ലാം തീർന്നു. അവൻ ഇളയത്തുങ്ങളെ എല്ലാം കൊണ്ട് പോയി രക്ഷപെടുത്തി. കുറേക്കാലം കഴിഞ്ഞു കുഞ്ഞാങ്ങള മരിച്ചു വീട്ടിലൊറ്റക്കായ കുഞ്ഞു നാത്തൂനെയും അവരങ്ങു കൊണ്ട് പോയി. കുഞ്ഞുങ്ങളെ നോക്കാനാണെന്നു ബന്ധുക്കളിൽ ചിലർ പറഞ്ഞു പരത്തിയെങ്കിലും അങ്ങിനെ അല്ലെന്നു വിശ്വസിക്കാനാണ് അന്നമ്മച്ചിക്കിഷ്ടം. എന്തായാലും തീരെ സുഖമില്ലാതായപ്പോളാണ് പിന്നീടവർ നാട്ടിലേക്കു വന്നത്...ഇപ്പോളിതാ വൃദ്ധ സദനത്തിലും! പഴയ കഥകളുടെ കെട്ടുകളഴിച്ചു കൊണ്ടിരുന്ന അമ്മച്ചി ഒരു നിമിഷ നേരത്തേക്കു സംസാരം നിർത്തി മരുമകളുടെ മുഖത്തേക്ക് നോക്കി എന്നിട്ടു ചോദിച്ചു.
"എടീ മേഴ്‌സികുട്ടീ നീയാ ബേബിച്ചനെയൊന്നു വിളിച്ചേ...പോയി കുഞ്ഞു നാത്തൂനേ ഇങ്ങു കൂട്ടിക്കൊണ്ടു വരാൻ പറയ് എനിക്കൊരു രണ്ടു ദിവസം ഈ വീട്ടിൽ നാത്തൂന്റൊപ്പം താമസിക്കണം"
"അമ്മച്ചീ അത് വേണോ? സുഖമില്ലാത്ത ആളല്ലേ"
"വേണമെടീ വേണം"
പിന്നെല്ലാം തകൃതിയിലാരുന്നു. ബേബിച്ചൻ വണ്ടിയുമായി പോയി കുഞ്ഞമ്മായിയെ കൂട്ടി വന്നു. വണ്ടിയിൽ നിന്നിറങ്ങാൻ പാട് പെടുന്ന കുഞ്ഞു നാത്തൂന്റെ കൈത്തണ്ടയിൽ പിടിച്ചു അന്നമ്മച്ചി കരഞ്ഞു.
"എന്റെ നാത്തൂനേ" എന്ന് വിളിച്ചു മറിയമ്മയും പൊട്ടിക്കരഞ്ഞു. അന്ന് രാത്രി അമ്മച്ചിമാർ രണ്ടും ഉറങ്ങാതിരുന്നു വര്ഷങ്ങളുടെ കഥകൾ പറഞ്ഞു തീർത്തു. ഒടുവിൽ വെളുപ്പാൻകാലമായപ്പോൾ അന്നമ്മച്ചി ഒന്ന് മയങ്ങിപ്പോയി. അപ്പോഴാണ് ഒരു വിളി കേട്ടത്
"അമ്മേ എന്റെ അമ്മേ"
കുഞ്ഞു നാത്തൂനാണ്. സ്വപ്നം കണ്ടു പിച്ചും പേയും പറയുകയാണ് എന്നാണ് അന്നമ്മച്ചി ആദ്യം കരുതിയത്. പിന്നെ നോക്കുമ്പോളാണ് കണ്ടത് ആൾ കട്ടിലിൽ എഴുന്നേറ്റിരുന്നു മുൻവശത്തെ വാതിലിലേക്ക് നോക്കിയാണ് വിളിക്കുന്നത്.
"എന്താടീ നാത്തൂനേ..നീ സ്വപ്നം കണ്ടോ?"
"ഇല്ല നീ നോക്കിക്കേ ദേ നമ്മുടെ 'അമ്മ...മുറ്റത്തുണ്ട് ..അപ്പനും എല്ലാവരുമുണ്ട്...നമ്മളെ വിളിക്കുന്നു"
വയ്യാത്ത കാലും വലിച്ചു വച്ച് മുറ്റത്തേക്ക് നടക്കുകയാണ് കുഞ്ഞു നാത്തൂൻ. പുറകെ എത്താൻ നന്നായി പാടു പെട്ടു അന്നമ്മച്ചി. മുറ്റത്ത്..നിറ നിലാവത്ത് നിൽക്കയാണിപ്പോൾ അവർ..ചുറ്റും മിന്നിപ്പറക്കുന്ന മിന്നാമിന്നികൾക്കൊപ്പം നൃത്തം ചവിട്ടുന്നു മറിയമ്മ...
"നാത്തൂനേ നീ കണ്ടില്ലേ നമ്മുടമ്മയെ? നിന്നെയൊന്നു കെട്ടിപ്പിടിക്കാൻ കൈകൾ നീട്ടി നിൽക്കുന്നെടീ അമ്മ"
മറിയാമ്മ പറയവേ അന്നമ്മയുടെ ഉള്ളിൽ നിന്നുമടക്കി വച്ചൊരു തേങ്ങൽ പുറത്തു ചാടി. ഒരു നിമിഷം! ഒരു വെള്ളിടി വെട്ടിയ പോലെ തോന്നി അന്നമ്മച്ചിക്ക്! അവൾ പറഞ്ഞത് സത്യമാണല്ലൊ ദൈവമേ... അതാ നിൽക്കുന്നു അമ്മ.. നീട്ടിപ്പിടിച്ച കൈകളുമായി...മറിയമ്മയും അന്നമ്മയും ഒരുമിച്ചോടി...അമ്മയുടെ കരവലയത്തിലേക്ക്...അമ്മയുടെ ഇടവും വലവുമിരുന്നു മക്കൾ കഥകൾ പറഞ്ഞു...പറഞ്ഞു പറഞ്ഞൊടുവിൽ അമ്മയുറങ്ങിപ്പോയപ്പോൾ പെണ്ണുങ്ങൾ അടക്കി ചിരിച്ചു.
പരപരാ വെളുപ്പിന് അമ്മയെയും അമ്മായിയേയും കാണാതെ ബേബിച്ചനും മേഴ്‌സികുട്ടിയും വരുമ്പോഴേക്കും രണ്ടു പെൺകുട്ടികൾ ആത്മാവിന്റെ കെട്ടും പൊട്ടിച്ച് കിലുകിലെ ചിരിച്ചു കൊണ്ട് മുറ്റം കടന്നു മിന്നാമിന്നികൾ പാറുന്ന വയൽ വരമ്പിലേക്കോടിക്കഴിഞ്ഞിരുന്നു....
-ജീന -

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക