അവറാച്ചനും കർത്താവും പിന്നെ...
***************************************
***************************************
അലമാരയിൽ തേച്ചു മടക്കി വെച്ചിരുന്ന നീല ഷർട്ടും കറുത്ത പാന്റ്സും അവറാച്ചൻ എടുക്കുന്നത് കണ്ടുകൊണ്ടാണ് സെലീന കാപ്പിയും കൊണ്ട് റൂമിലേക്ക് വന്നത്.
സാധാരണ ടൗണിലോട്ട് പോകുമ്പോഴാണ് അവറാച്ചൻ, തേച്ചുവെക്കുന്ന ഡ്രസ്സ് എടുക്കാറ്.
"ഇതെങ്ങോട്ടാ മനുഷ്യനേ രാവിലെ തന്നെ?" പുരികം ചുളിച്ച് സെലീന അവറാച്ചനെ നോക്കി.
"ഞാനാ പാറേപ്പള്ളീൽ ധ്യാനത്തിന് പോകുവാടി."
"പാറേപ്പള്ളിയോ?" സെലീനയുടെ തുറന്ന് പിടിച്ച വായിലൂടെ ജോർജ്ജ് കുട്ടി വെളുക്കനെ ചിരിച്ചു.
"പറഞ്ഞു പഠിപ്പിച്ചു വെച്ചേക്കുവല്ല്യോ പാറേപ്പള്ളീന്ന് " പിറുപിറുത്തുകൊണ്ട് അവറാച്ചൻ തിരിഞ്ഞു.
"പാറേപ്പള്ളിയല്ലെടി, പനമുട്ടം. നമ്മടെ തോട്ടത്തിലച്ചന്റെ ധ്യാനം നടക്കുവല്യോ അവിടെ. ഒന്നു പോയേച്ചും വരാം."
സെലീനയുടെ തുറന്നു പിടിച്ച വായ ഒന്നൂടെ അകന്നു.
"സന്ധ്യാപ്രാർത്ഥനയ്ക്ക് വിളിച്ചാലും ഉമ്മറത്തെ ചാരുകസേരയിൽ കിടന്നു കൊണ്ട് പ്രാർത്ഥന ചൊല്ലുന്ന മനുഷ്യനിതെന്നാ പറ്റീന്ന് " ചിന്തിച്ച് അടുപ്പിലേക്കാൾ പുക സെലീനയുടെ വായിലൂടെയും മൂക്കിലൂടെയും കുതിച്ചു പാഞ്ഞു.
അപ്പുറത്തെ വീട്ടിലെ ഏല്യാമ്മച്ചിയുടെ പശു തക്ക സമയത്ത് അമറിയത് കൊണ്ട് ചിന്തകളിലേക്ക് സ്ഥലകാലബോധം ഒരു കുടമൊഴിച്ച് തൽക്കാലം സെലീന സ്വയം ഫയർഫോഴ്സ് ഉദ്യോഗസ്ഥയായി മാറി.
അടുപ്പത്ത് വെച്ച കഞ്ഞി തിളച്ച് തൂവുന്നുണ്ടാവുമെന്നോർത്തതും വില്ലിൽ തൊടുത്ത ബാണം പോലെ സെലീന അടുക്കളയിലേക്ക് കുതിച്ചു.
കണ്ണാടിയിൽ നോക്കി മുഖത്തല്പം കുട്ടിക്കൂറ പൗഡറും ഇട്ട് മൊട്ടക്കുന്ന് പോലെ ക്ലീനായി കൊണ്ടിരിക്കുന്ന നെറുകയിലോട്ട് സൈഡിൽ നീട്ടി വളർത്തിയ മുടി എടുത്തിട്ട് അവറാച്ചൻ തൽക്കാലം യൂത്തനായി.
സെലീന കാണാതെ എടുത്ത് വെച്ച 200 ന്റെ പുത്തൻ നോട്ടും കുഞ്ഞപ്പന്റേന്ന് മേടിച്ച ബംബർ ലോട്ടറിയും ഭദ്രമായി പേഴ്സിലേക്ക് എടുത്ത് വെച്ച് ആറിത്തണുത്ത കാപ്പിയുമായി അവറാച്ചൻ ഉമ്മറത്തോട്ട് നടന്നു.
"അവറാൻ ചേട്ടായിയേ മീൻ വേണോ?"
താഴെ നിന്നും മീൻക്കാരൻ കുഞ്ഞുവറീതിന്റെ കിളിനാദം കേട്ടതും അവറാച്ചൻ പല്ലിറുമ്മി.
താഴെ നിന്നും മീൻക്കാരൻ കുഞ്ഞുവറീതിന്റെ കിളിനാദം കേട്ടതും അവറാച്ചൻ പല്ലിറുമ്മി.
കഴിഞ്ഞയാഴ്ച സെലീനയുടെ ആവശ്യപ്രകാരം മീൻ മേടിക്കാൻ താഴോട്ടിറങ്ങിയപ്പോഴാണ് ലോട്ടറി വിൽക്കാൻ കുഞ്ഞപ്പനും ആ വഴി വന്നത്.
"ഒരമ്പത് രൂപ അല്ല്യോ ചേട്ടായിയേ. അടിച്ചാ എന്നും മീൻ വാങ്ങി തിന്നാലോ " ന്ന് ചോദിച്ച കുഞ്ഞപ്പനെ നിഷ്ക്കരുണം അവഗണിച്ച് മത്തിയും വാങ്ങി വീട്ടിലോട്ട് നടന്നു. കുഞ്ഞപ്പന്റെ മുഖത്തെ ദൈന്യത കണ്ട് നീട്ടിപ്പിടിച്ച ടിക്കറ്റ് അങ്ങേ വീട്ടിലെ ഏല്യാമ്മ മേടിക്കേം ചെയ്തു.
രണ്ട് ദിവസത്തിനു ശേഷം ടാപ്പിങ്ങും കഴിഞ്ഞ് ചാരുകസേരയിൽ വിശറിയുമെടുത്ത് ഇരിക്കുമ്പോഴാണ് കുഞ്ഞപ്പൻ തുള്ളി ചാടി ഏല്യാമ്മേടെ വീട്ടിലോട്ട് കേറുന്ന കണ്ടത്.
ആ ദ്രോഹി അന്ന് നീട്ടിയ ടിക്കറ്റിന് 5000 രൂപ അടിച്ചെന്ന് കേട്ട സമയത്താണ്, പൂച്ച മാന്തിയ മീൻ വേസ്റ്റ് മൂടാൻ സെലീന തൂമ്പയും കൊണ്ട് വാഴച്ചുവട്ടിലോട്ട് നീങ്ങിയത്.
"നമുക്ക് കിട്ടേണ്ടിയിരുന്ന 5000 രൂപയാടി നീയീ കുഴിച്ചു മൂടുന്നേ"ന്നുള്ള അവറാച്ചന്റെ ദീനരോധനം തൊണ്ടയിൽ തന്നെ വീണു മരിച്ചു.
ഏല്യാമ്മയുടെ വീട്ടിൽ നിന്നിറങ്ങിയ കുഞ്ഞപ്പനെ വഴിയിൽ തടഞ്ഞു നിർത്തി അന്ന് തന്നെ ഒരു ബംബർ എടുത്തു അവറാച്ചൻ.
"സെലീനോ ഞാനിറങ്ങുവാടി. 8:15 ന്റെ ദീപ പോയി കഴിഞ്ഞാൽ പിന്നെ അരമണിക്കൂർ കഴിയണം ഈ കാട്ടുമുക്കീന്ന് ഒന്നിറങ്ങാൻ",
കാപ്പി കപ്പ് അകത്തെ മേശയിൽ വെച്ച്, സെലീന ഡയറിയിൽ വെച്ചിരുന്ന ചുളിഞ്ഞ നോട്ടുകളും ഒരു കൊന്തയും എടുത്ത് തിരിഞ്ഞപ്പോൾ ഭദ്രകാളിയെപ്പോലെ കണ്ണുരുട്ടി സെലീന അലറി.
"അവറാച്ചായോ... ആ പൈസ ഇങ്ങ് താ. ഏല്യാമ്മച്ചിക്ക് കൊടുക്കാൻ വച്ച 150 രൂപയ അത്. ദേ... ഈ കുടിച്ച കാപ്പിയിലെ പൊടി അടക്കം ഇന്നലെ മേടിച്ചത് അവരുടെ കൈയ്യീന്ന് കടം മേടിച്ചിട്ട."
"എടീ ഒന്നു ക്ഷമിക്ക്. നാളെ പോയി ഒട്ടുകറ വിറ്റാൽ കുറച്ച് കാശ് കിട്ടില്യോ. അന്നേരം തരാം ന്ന് പറ", പറഞ്ഞു തീർന്നതും സെലീനയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അവറാച്ചൻ പടിക്കെട്ടിറങ്ങി ദീപക്കായി ഓടി.
ധ്യാനകേന്ദ്രത്തിൽ നിരയായി നിൽക്കുന്നവർക്കിടയിൽ കൈകൾ ആകാശത്തോട്ടുയർത്തി അവറാച്ചൻ ഉറക്കെ കർത്താവിനെ വിളിച്ചു. മൈക്കിലൂടെ ഒഴുകിയെത്തുന്ന 'ഹല്ലേലൂയ' വിളികളും 'ഈശോയേ' ന്നുള്ള വിളിയും അവറാച്ചന്റെ 'കർത്താവേ' വിളിയിൽ നിഷ്പ്രഭമായി തീർന്നിരുന്നു.
അങ്ങ് മുകളിൽ നിന്ന് വീക്ഷിച്ചാൽ, കർത്താവ് ആദ്യം തന്നെ, തന്നെ നോക്കണം ന്നുള്ള നിർബന്ധബുദ്ധിയിൽ നിർദ്ദേശങ്ങൾക്കനുസരിച്ച് കൈയ്യടിച്ചും കരങ്ങളുയർത്തിയും, കൂപ്പിയും അവറാച്ചൻ കർത്താവിന്റ ശ്രദ്ധ ആകർഷിച്ചുകൊണ്ടിരുന്നു.
11 മണിക്ക് പ്രേഷിത പ്രവർത്തകർ നൽകിയ 2 കഷണം ബ്രഡ്ഡിൽ, ഒന്ന് അവറാച്ചന് ഇഷ്ടമല്ലാത്ത മൊരിഞ്ഞതായിരുന്നു. വേറൊരു കഷണം ബ്രഡ്ഡ് ചോദിക്കാൻ എന്തോ ഗുണ്ടയെപ്പോലെ ഉരുക്കുമുഷ്ടിയുള്ള പ്രേഷിതന്റെ മുഖത്ത് നോക്കിയപ്പോൾ അവറാച്ചന് കഴിഞ്ഞില്ല.
ഭക്ഷണം പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ധ്യാനഗുരുവിന്റെ വായിൽ നിന്നും വന്നേക്കാവുന്ന മഹത് വചനങ്ങൾ ഓർത്ത് അവറാച്ചൻ കുണ്ഡിതനായി അതിലേക്കുറ്റു നോക്കി. ഓലമറക്കപ്പുറം കൊതിയോടെ ആഹാരത്തിലേക്ക് നോക്കി നിൽക്കുന്ന യാചകനേയും ധ്യാനവേദിയിൽ ഇരുകൈയ്യും നീട്ടി നിൽക്കുന്ന കർത്താവിന്റെ ഫ്ലക്സിലോട്ടും മാറി മാറി നോക്കിയ അവറാച്ചൻ, സംശയലേശമെന്യേ ആ കഷണം യാചകനു നീട്ടി.
"കർത്താവേ വിശക്കുന്നവന് ആഹാരം കൊടുത്ത എന്റെ ഈ പ്രവ൪ത്തി നീ കണ്ടല്ലോ...ലേ" ന്ന് ആത്മഗതമോതി ധ്യാനത്തിന്റെ അടുത്ത ഘട്ടത്തിലോട്ട് കടന്നു.
പിരിവിനെത്തിയ പ്രേഷിതന്റെ നീട്ടിപ്പിടിച്ച ബക്കറ്റിലെ, മുഷിഞ്ഞ പത്തിന്റെയും അൻപതിന്റെയും നൂറിന്റെയും നോട്ടുകൾക്കിടയിലേക്ക് 'പ്രഥമപൗരന്റെ' കലാവിരുതൊത്ത കളർഫുൾ പുത്തൻ ഇരുന്നൂറിന്റെ നോട്ടു തന്നെ അവറാച്ചൻ നിക്ഷേപിച്ചു. ദൂരെ നിന്ന് നോക്കിയാലും കർത്താവിന് പെട്ടന്ന് കാണാം. "കർത്താവേ ഈയുള്ളോൻ വന്നതെന്തിനാന്ന് അറിയാല്ലോ. അടുത്തയാഴ്ചയാണ് നറുക്കെടുപ്പ്. എന്റെ നമ്പർ തന്നെ എടുപ്പിക്കണം." ആരും കാണാതെ പുരികം ചുളിച്ചും ചുണ്ട് കോട്ടിയും കർത്താവിനോട് രഹസ്യമായി പറഞ്ഞൊപ്പിച്ച് അവറാച്ചൻ പേഴ്സിൽ നിന്നും ലോട്ടറി എടുത്ത് ഷർട്ടിന്റെ പോക്കറ്റിൽ വെച്ചു.
വിശുദ്ധവെള്ളം തളിക്കപ്പെടുന്ന സമയത്ത് ചാഞ്ഞും ചരിഞ്ഞും നെഞ്ച് വിരിച്ചും എങ്ങനെയോ ഒരു തുള്ളി അന്നദാ വെള്ളം ലോട്ടറിയിൽ വീഴ്ത്തി അവറാച്ചൻ ആനന്ദത്തോടെ കർത്താവിനെ നോക്കി.
ധ്യാനവും കഴിഞ്ഞ് മടങ്ങുമ്പോൾ അവറാച്ചൻ അത്യുത്സാഹവാനായിരുന്നു. യാചകരുടെ നീണ്ട നിരയെ അവഗണിച്ച്, കടന്ന് പോകുമ്പോൾ പുച്ഛത്തോടെ ആരുടെയോ ചോദ്യം കാതിൽ മുഴങ്ങി. "ദൈവങ്ങൾക്കെന്തിനാ മോളെ ഭിക്ഷ.അത് ഞങ്ങൾക്ക് തന്നൂടെ."
" ങേ... " അവറാച്ചനിൽ ഒരു ഞെട്ടലുണർന്നു. ഭിക്ഷാമാഫിയക്കാരാണോ കൈക്കൂലിക്കാരാണോ ദൈവങ്ങൾ എന്ന് ഒരു സംശയം തലപൊക്കിയെങ്കിലും അവറാച്ചൻ മുളയിലേ അതിനെ നുള്ളിക്കളഞ്ഞു...
"കർത്താവേ കാത്തോളണേ"ന്നുള്ള ഉൾപ്രാർത്ഥനയിൽ വീട്ടിലേക്കുള്ള വണ്ടി പിടിച്ചു.
ഇതേസമയം, "പട്ടിണി മാറ്റാൻ വഴികാണിച്ചു തരണേ"ന്ന് മുട്ടിപ്പായി പ്രാർത്ഥിച്ച പോക്കറ്റടിക്കാരൻ കുട്ടപ്പായി, കർത്താവിന് മുൻപേ, അവറാച്ചൻ ഇട്ട നോട്ട് കണ്ടിരുന്നുവെന്നതും, അവറാച്ചന്റെ പുറകേ തള്ളി നിൽക്കുന്ന പാന്റ്സിന്റെ പോക്കറ്റ് നോട്ടമിട്ട് ബസ്സിൽ കയറിയെന്നതും, അവറാച്ചൻ പേഴ്സിലേയ്ക്ക് മാറ്റിയ ലോട്ടറി ടിക്കറ്റ് കർത്താവിന്റെ കൃപാകടാക്ഷത്തിനായി കാത്തിരിപ്പുണ്ടായിരുന്നുവെന്നതും, ശേഷം എന്തായെന്നുള്ളത് കർത്താവിനും കുട്ടപ്പായിക്കും പിന്നെ അവറാച്ചനും മാത്രം അറിയാവുന്ന രഹസ്യമായി അവശേഷിക്കുന്നു.
*****
Ritu
*****
Ritu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക