Slider

#എന്റെഓപ്പോൾ ഭാഗം - 27

0
മനോജ് - താങ്കളെ ഞങ്ങളിവിടെ കൊണ്ട് വന്നത് പ്രധാനപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കുവാനാണ് - ഞങ്ങളോട് സഹകരിച്ചാൽ മനോജിന് നല്ലതാണ്. ആനിയാണ് തുടക്കമിട്ടത്.
"എന്താണ് മാഡം?"
"മനോജ് ആദ്യം ഞങ്ങളോട് പറഞ്ഞതിന്റെ ബാക്കി കൂടി ഞങ്ങൾക്ക് കേൾക്കണം" എബ്രഹാം കോശിയാണ് പിന്നെ സംസാരിച്ചത്.
"സർ, എനിക്ക് പറയുവാനുള്ളതൊക്കെ അന്ന് ഞാൻ പറഞ്ഞിരുന്നു. ഇനി എനിക്കൊന്നുമറിയില്ല സർ"
"മനോജ്, ഇനി എനിക്കൊന്നുമറിയില്ല എന്ന് പറയുമ്പോൾ തന്നെ താങ്കളുടെ കണ്ണുകൾ, മുഖഭാവം പറയുന്നുണ്ട് ഇനിയും കുറേ പറയുവാനുണ്ടെന്ന്."
"ഇല്ല സർ ഇനിയൊന്നും എനിക്കറിയുകയില്ല"
"മനോജ്, ഒന്നും മറയ്ക്കുവാൻ നോക്കണ്ട. അന്ന് ഹോട്ടലിൽ അവരെ കണ്ടത് വരെ മാത്രം പറഞ്ഞ് കാര്യങ്ങളൊക്കെ ഭംഗിയാക്കി അവസാനിപ്പിക്കാമെന്ന് മനോജ് താങ്കൾ കരുതിയെങ്കിൽ തെറ്റി. അതിന് ശേഷവും അവർ എന്തൊക്കെ പറഞ്ഞുവെന്നും എന്തൊക്കെ പദ്ധതികൾ ആസൂത്രണം ചെയ്തുവെന്നും അതൊക്കെ എന്താണെന്നും എങ്ങനെയൊക്കെ അത് പ്രാവർത്തികമാക്കിയെന്നും താങ്കൾക്ക് നന്നായറിയാം. പറയണം മിസ്റ്റർ എന്താണ് അതിന് ശേഷം സംഭവിച്ചതെന്ന്? "
"സർ ഞാൻ പറഞ്ഞതൊക്കെ സത്യമാണ് -- ഇനിയെനിക്കൊന്നുമറിയില്ല"
"അതെ, മനോജ് പറഞ്ഞതൊക്കെ സത്യമാണ് - എന്നാൽ പകുതി സത്യം മാത്രമേ പറഞ്ഞിട്ടുള്ളു , ഇവിടെ ഇങ്ങനെയൊരു കാര്യം ഏർപ്പാടാക്കിയത് ബാക്കിയുള്ള സത്യം കൂടിയറിയുവാനാണ്"
"ഇനി എന്തറിയണമെന്നാ നിങ്ങൾ പറയുന്നത്, എനിക്കറിയാവുന്നത് ഞാൻ പറഞ്ഞു. ഇനിയെനിക്കൊന്നും പറയുവാനില്ല. എന്നെ പോകുവാൻ അനുവദിക്കണം"
"അതൊക്കെ അനുവദിക്കാം - എല്ലാം പറഞ്ഞതിന് ശേഷം.."
"എനിക്കൊന്നുമറിയില്ലെന്നല്ലേ പറഞ്ഞത്. പിന്നെയെന്തിനാണ് കുത്തി കുത്തി ചോദിക്കുന്നത്". മനോജ് അല്പം ദേഷ്യത്തോടെയും വെപ്രാളത്തോടെയുമാണ് അത് പറഞ്ഞത്
"മനോജ് , താങ്കൾ ഒരാഴ്ച കഴിഞ്ഞല്ലേ തിരികെ വീട്ടിൽ ചെല്ലുകയുള്ളുവെന്ന് പറഞ്ഞത് - അപ്പോൾ നമ്മളിപ്പോൾ ബാഗ്ലൂർ ട്രിപ്പിലാണ് ഒരാഴ്ച്ച - ഐ റൂമിൽ നമ്മൾ യാത്രയിലാണ്. ഒരാഴ്ച സമയമുണ്ട് കാര്യങ്ങളൊക്കെ പറയുവാൻ. ശരിക്കുമാലോചിക്ക്.. ഇനി എന്ത് ആലോചിച്ചിട്ടും കാര്യമില്ല സംഗതികൾ മോശമാണ് മനോജ്. ജയിലഴി എണ്ണുക തന്നെ ചെയ്യും... എന്നാൽ സത്യങ്ങൾ പറഞ്ഞാൽ ഞങ്ങൾ നിന്നെ മാപ്പ് സാക്ഷിയാക്കാം. ഇനി ഓപ്പോളിനെ ( മീനാക്ഷി) കൊന്നത് നീയാണെങ്കിൽ മാത്രമേ കാര്യങ്ങൾ അവതാളത്തിലാവുകയുള്ളു.
"ഞാനല്ല കൊന്നത്" - മനോജ് പെട്ടെന്ന് തന്നെ പറഞ്ഞു.
പെട്ടെന്നവിടെ ഒരു നിശ്ശബ്ദതയുണ്ടായി- എല്ലാവരും ഒരു നിമിഷത്തേക്ക് മൗനം പാലിച്ചു
"പിന്നെ ആരാണ് കൊന്നത്?" നിശബ്ദതയെ ഭേദിച്ച് കൊണ്ട് ജെറോം പതുക്കെ മനോജിന്റെ അടുത്ത് ചെന്ന് മന്ത്രിച്ചു.
"അത് .. അത്..." അത്രയും പറഞ്ഞ് മനോജ് പൊട്ടിക്കരയുവാൻ തുടങ്ങി...
"മനോജ് കരഞ്ഞിട്ട് കാര്യമില്ല.. കാര്യങ്ങൾ തുറന്നു പറയൂ..".
"സർ, ഞാനിതിൽ നിരപരാധിയാണ്, എനിക്കൊരു കുടുംബമുണ്ട് മക്കളുണ്ട്. എന്നാൽ ഞാനിതിനൊന്നും കൂട്ട് നിൽക്കുവാൻ പാടില്ലായിരുന്നു. മീനുകുഞ്ഞ് മരിച്ചതിന് ശേഷം എന്റെ മനസ്സിൽ ഞാൻ സന്തോഷമെന്താണെന്നനുഭവിച്ചിട്ടില്ല സർ .".
"ശരി, എന്താണ് ശരിക്കും സംഭവിച്ചത്, മീനു എങ്ങനെയാണ് മരിച്ചത്, അല്ല കൊല്ലപ്പെട്ടത് ? ആനി ഗൗരവത്തോടെ ചോദിച്ചു.
അവിടെയപ്പോൾ വീണ്ടും നിശബ്ദത തളം കെട്ടി. ഒരു മൊട്ടു സൂചി നിലത്ത് വീണാൽ കേൾക്കാം. നിശബ്ദതക്ക് പോലുമപ്പോൾ എന്തോ മന്ത്രിക്കുവാനുള്ള പോലെ...
"ഞാൻ എല്ലാം പറയാം സർ... ഞാനെല്ലാം പറയാം..."
അവർ അവിടെ വരുന്നതിന് മുന്നേ മനോജറിയാതെ കാമറയും മൈക്രോഫോണും ആ മുറിയിലൊളിപ്പിച്ച് വെച്ചിട്ടുണ്ടായിരുന്നു.
അവരുടെ സംസാരമൊക്കെ കാമറയിൽ പതിയുന്നുണ്ടായിരുന്നു. ഒരു ശ്വാസം പോലും മൈക്രോ ഫോൺ സ്വീകരിച്ചയച്ചു
അവർ കരുതിയിരുന്ന ഒരു മങ്ങിയ സ്പോട്ട് ലൈറ്റ് മനോജിന്റെ മുഖത്തേക്ക് തെളിയിച്ചു.
മനോജ് പറഞ്ഞ് തുടങ്ങി.
"കുടുംബം തറവാട്ട് മഹിമ യശ്ശസ്സ് തമ്പ്രാക്കന്മാരെന്ന പേരും പെരുമയും പണവും - ഇതൊക്കെ കൈവശമുള്ളവർ അവരുടെ തെറ്റ് പോലും നാട്ടിലറിയുവാൻ ആഗ്രഹികുന്നില്ലല്ലോ സർ. അത് തന്നെയാണ് ഇവിടേയും സംഭവിച്ചത്.
മീനുക്കുഞ്ഞ് വളരെ ആത്മാർത്ഥതയുള്ള കുഞ്ഞായിരുന്നു. എനിക്ക് കൂടുതലൊന്നും അറിയില്ലെങ്കിലും മനസ്സിലാക്കിയിടത്തോളം മീനുക്കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ ദിവ്യ ചേച്ചിയും ഭൈരവൻ നമ്പൂതിരിയും അല്ലെന്ന് അന്നാണെനിക്കാദ്യം മനസ്സിലായത്. മീനുക്കുഞ്ഞിന്റെ യഥാർത്ഥ അമ്മയെ കണ്ടു പിടിക്കണമെന്ന് മീനുക്കുഞ്ഞ് വളരെ ആഗ്രഹിച്ചിരുന്നു.
കാര്യം അമ്മയോട് സംസാരിച്ചപ്പോൾ നാട്ടിൽ വന്ന് എല്ലാം സംസാരിച്ച് മീനുവിന്റെ യഥാർത്ഥ മാതാപിതാക്കളെ കാണിച്ച് കൊടുക്കാം എന്നാണ് ദിവ്യ പറഞ്ഞിരുന്നത്. എന്നാൽ മീനുവിന്റെ യഥാർത്ഥ അമ്മ മുന്നേ ആക്സിഡന്റിൽ മരിച്ചത് ദിവ്യ ചേച്ചിക്ക് അറിയാമായിരുന്നു എന്ന സത്യം അവളിൽ നിന്നും മറച്ച് പിടിച്ചിരുന്നു.
മീനുവിന്റെ ഇങ്ങനെയൊരു നീക്കം ദിവ്യചേച്ചിയിൽ പല ആശങ്കകൾ വരുത്തിയതിന്റെ ഭാഗമായി ബ്രഹ്മദത്തൻ നമ്പൂതിരിയെ വിളിച്ച് കാര്യങ്ങൾ പങ്ക് വെച്ചിരുന്നു.
ഈയൊരു സത്യം പുറത്തറിഞ്ഞാൽ ബ്രഹ്മദത്തന്റെ കുടുംബത്തിനും മാനഹാനി വരുമെന്ന ആശങ്ക അയാളിലും ഉടലെടുത്തു. മകൾ ഭദ്ര ഇതറിഞ്ഞാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുമെന്ന് അയാൾ ഭയപ്പെട്ടു.
അത് മാത്രമല്ല നൂറ്റാണ്ടുകളായി കൈവന്ന കുടുംബ മഹിമയാവും ഈയൊരു ഒറ്റ സംഗതിയിലൂടെ അഴുക്ക് ചാലിൽ പുരളാൻ പോകുന്നത്. അല്ലേലും സമ്പത്തും പെരുമയുമുള്ളവരുടെ അതിക്രമങ്ങൾ കേട്ടാൽ ഒരു അധമ കാട്ടാളനെക്കാൾ അധഃപതിച്ചവരായിരിക്കും സർ.
ആ സമയത്താണ് ദിവ്യ ചേച്ചിക്ക് ഡൽഹിയിൽ ഒരു അന്താരാഷ്ട്രീയ കോൺഫറൻസിനു വരേണ്ടി വന്നത്. ഡൽഹിയിൽ വന്ന ദിവ്യ ചേച്ചി ബ്രഹ്മദത്തനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തു. അന്നേരമായിരിക്കണം അവർ നേരിൽ കണ്ട് കാര്യങ്ങൾ തീരുമാനിക്കുവാനും ഇതിനൊരു പരിഹാരവും കാണുവാൻ കൊച്ചിയിലേക്ക് വന്നത്.
എന്നാൽ അവർ തമ്മിലുള്ള സംസാരം ഞാൻ അന്ന് പറഞ്ഞത് പോലെ എന്റെ മുന്നിൽ വെച്ചായിരുന്നില്ല. അവരുടെ സംസാരമൊക്കെ കഴിഞ്ഞ് എന്നോട് മുറിയിൽ പൊയ്‌ക്കോളാൻ പറഞ്ഞെങ്കിലും ഞാൻ പുറത്തിറങ്ങി ഒന്ന് രണ്ട് സ്ഥലങ്ങളിൽ പോയതിന് ശേഷമാണ് തിരികെ മുറിയിൽ വന്നത്.
ഞാൻ മുറിയിലേക്ക് വരുവാൻ നോക്കുമ്പോൾ ദിവ്യ നമ്പൂതിരി ബ്രഹ്മദത്തന്റെ മുറിയിലേക്ക് കയറിപ്പോകുന്നത് ഞാൻ കണ്ടു.
എന്നാൽ ദിവ്യയുടെ അശ്രദ്ധ കൊണ്ടാകാം ഹോട്ടൽ മുറിയുടെ വാതിൽ പൂർണ്ണമായും അടഞ്ഞിരുന്നില്ല. വാതിൽ വിടവിലൂടെ അകത്തവർ സംസാരിക്കുന്നത് ശ്രദ്ധിച്ചാൽ കേൾക്കാമായിരുന്നു. ഞാനവിടെ കുറച്ച് നേരം നിന്നു. രാത്രി ഏറെ വൈകിയിരുന്നു.
....................
ബ്രഹ്മേട്ട, ഇനി എന്ത് ചെയ്യും, മീനുവിനെ എങ്ങനെ കൈകാര്യം ചെയ്യണം. എനിക്കൊരു പിടിയും കിട്ടുന്നില്ല. ബ്രഹ്മേട്ടൻ പറയുന്ന പോലെ രാത്രിയിൽ ഗന്ധർവ്വ കാവിൽ പോകുമ്പോൾ പേടിപ്പിച്ച് arterial injection കൊടുത്ത് ഓർമ്മ കളയുക എന്നത് വിജയിക്കുമോ. എന്നാലും മീനു എന്റെ മോളല്ലേ.
ഓ പിന്നെ തറവാട് മഹിമ കാത്ത് സൂക്ഷിക്കാനല്ലേ നീ ഈ നാടകങ്ങളൊക്കെ കളിച്ചതും കുട്ടികളെ പൈസ കൊടുത്ത് വാങ്ങിയതും. നീ മാത്രമല്ല ഞാനും അങ്ങനെ തന്നെ.
മീനുവും ഭദ്രയും നമുക്ക് തറവാട് മഹിമ നില നിർത്താനുള്ള ശ്വാസങ്ങൾ മാത്രം. കുട്ടികൾ ഇല്ലാ എന്ന ദുഷ്‌പേര് മാറ്റിക്കളയാൻ നമ്മൾ കളിച്ച ഒരു ജീവ നാടകം. അതല്ലേ ദിവ്യ സത്യം.
അന്നതായിരുന്നു ബ്രഹ്മേട്ട, എന്നാൽ പിന്നീട് പോറ്റി വളർത്തിയത് നമ്മുടെ മക്കളായിട്ടല്ലേ. ഇന്ന് എനിക്ക് വയ്യ മറ്റൊരു ദുരന്തം കാണുവാൻ.
എന്ത് ദുരന്തം, മീനു എല്ലാം തുറന്ന് പറഞ്ഞാൽ, അവൾ കൂടുതൽ ചികഞ്ഞാൽ കാര്യങ്ങൾ കൂടുതൽ നാറും. മീനു ഓർമ്മ നഷ്ടപെട്ടവളായി ജീവിക്കട്ടെ. അത് തന്നെയേ ഇനി നിർവാഹമുള്ളൂ. പിന്നെ ഭദ്രയും കൂടി അറിഞ്ഞാൽ തീർന്നു. അവൾ ഭദ്രയോട് പറഞ്ഞിട്ടുണ്ടാവുമോ എന്നാണെന്റെ പേടി. അവർ രണ്ട് പേരും കൂടിയാണോ ഈയൊരു അന്യോഷണം നടത്തിയതെന്ന് എനിക്കൊരു സംശയമുണ്ട്.
അതുണ്ടാവാൻ വഴിയില്ല ബ്രഹ്മേട്ട. മീനുവിന്റെ സ്വഭാവമനുസരിച്ച് ഒരു കാര്യം വ്യക്തമാവാതെ അങ്ങനെ സംസാരിക്കാറില്ല. എങ്കിലും അവളുടെ കാര്യങ്ങൾ എല്ലാമറിയുന്ന ആരെങ്കിലുമുണ്ടാവും. അവളുടെ കൂട്ടുകാരി ദർശനയാണ് അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി. ഈയൊരു അവസരത്തിൽ അവളോട് ചോദിക്കുന്നതും അന്യോഷിക്കുന്നതും ബുദ്ധിമോശമാണ്.
ഇപ്പോൾ നമുക്ക് രണ്ട് പേർക്കും മീനുവിനും ഈ ഡോക്ടർക്കും മാത്രമാവണം കാര്യങ്ങൾ അറിയാവുന്നത്.
ഡോക്ടർക്ക് ആവശ്യത്തിന് പണം കൊടുത്തതിൽ അവിടുന്നൊരു ശല്ല്യമുണ്ടാവില്ല. എന്നാൽ മീനുവിന്റെ യഥാർത്ഥ അമ്മ , അവർ ഇപ്പോഴും ആർത്തി കാണിക്കാറുണ്ട്. അവരെ എനിക്ക് വിശ്വാസമില്ല. മാസാമാസം കൊടുത്തിട്ടും കൂടുതൽ ചോദിക്കുന്നു. ആ സ്ത്രീ നമുക്കൊരു ഉപദ്രവമാണ്.
കൂടുതൽ കളിച്ചാൽ, ഇനിയവൾ പണം ചോദിക്കില്ല.
ബ്രഹ്മേട്ടാ, പണം കൊടുക്കാം അനാവശ്യ ചിന്തകൾ വേണ്ട.
ഉം...
അതേ ബ്രഹ്മേട്ടാ നമ്മുടെ അഭിമാനം, അത് പോയാൽ ഇല്ലത്തിന് തീ വെയ്ക്കുകയെ നിവ്യത്തിയുള്ളു. മുത്തശ്ശന്റെയും മുത്തശ്ശിയുടേയും മുന്നിൽ നമ്മൾ മോശപ്പെട്ടവരാകാൻ പാടില്ല. ഭൈരവേട്ടന്റെ തറവാട്ടുകാർ ആരും പുച്ഛിക്കാൻ പാടില്ല.
മീനു എന്റെ മോളല്ല വളർത്ത് മകളാണ്. അതിനാൽ അവൾ ഇനി സംസാരിക്കാൻ പാടില്ല. ഈയൊരു സത്യം ഇനി ആരും അറിയരുത്. ബ്രഹ്മേട്ടൻ അതിനുള്ള ഏർപ്പാടുകൾ ചെയ്തോളു.
....................
ഇതോടെ കേട്ടതും തരിച്ച് പോയ ഞാൻ മുറിയിലേക്ക് വന്നു. എന്റെ ദേഹമാകെ വിയർക്കുവാൻ തുടങ്ങി. പോറ്റമ്മയുടെ അഭിമാനം കാത്ത് സൂക്ഷിക്കുവാൻ മീനുവിനെ തളർത്തുക.
ക്രൂരമായ പ്രവ്യത്തി... ഞാൻ രണ്ട് ഗ്ലാസ് വെള്ളം കുടിച്ചു. എന്നിട്ട് വാങ്ങിയിരുന്ന മദ്യം രണ്ട് പെഗ്ഗടിച്ചു. മുഖം കഴുകി.
അപ്പോഴേക്കും ബ്രഹ്മദത്തൻ മുറിയിലേക്ക് വന്നു.. ഞാൻ ഒന്നുമറിയാത്തവനെപ്പോലെ മദ്യം കുടിച്ച് കുറച്ച് ലക്ക് കെട്ടവനെപ്പോലെ അവിടിരുന്നു.
തുടരും ....

Jijo
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo