Slider

വഴി തേടുന്നവർ

0

വഴി തേടുന്നവർ
ലഗ് ജാ ഗലേ ... കെ ... ഫിർ യെ ഹസീൻ രാത് ഹോ ന ഹോ...
അവൾക്കേറ്റവും ഇഷ്ടപ്പെട്ട പാട്ട് മൂളിക്കൊണ്ട് ആനന്ദ് പതിയെ ഗേറ്റ് തുറന്ന് അകത്ത് കടന്നു.
ഇതവളുടെ വീടാണ്. അവളുടെ വിയർപ്പറിഞ്ഞിരുന്ന അവളെ അറിയാത്ത വീട്.
അവളെക്കുറിച്ചോർക്കുമ്പോഴൊക്കെ അവന് പാടാതിരിക്കാൻ കഴിയുന്നില്ല.
ചരൽ പാകിയ മുറ്റത്ത് അവിടവിടെ പുല്ല് മുളച്ചിരിക്കുന്നു. വെയിലേറ്റ് ദാഹിച്ച് തളർന്നു മയങ്ങുന്ന ചെടികൾ അവളെ അന്വേഷിക്കുന്നതായി തോന്നി.
അവൻ ഉമ്മറത്തേക്ക് കയറി കോളിംഗ് ബെല്ലിൽ വിരലമർത്തി. അയാൾക്കു മുമ്പിൽ വാതിൽ തുറക്കപ്പെട്ടു.
അവളുടെ ദീർഘകായനായ ഭർത്താവ് മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് മുന്നിൽ വന്നു.
" ഞാൻ ആനന്ദ് .ആരതിയുടെ ഫ്രണ്ട് ആണ്. ഇവിടെ.. സ്ഥലത്തില്ലായിരുന്നു. തിരിച്ചെത്തിയപ്പോഴാ വിവരമറിഞ്ഞത് "
"ഇരിക്കൂ...". ഭർത്താവ് സോഫയിലേക്ക് വിരൽ ചൂണ്ടി.
പൂതലിന്റെ ഗന്ധം പൊങ്ങി വരുന്ന സോഫയിൽ ഇരുന്ന് കൊണ്ട് അവൻ ചുറ്റും നോക്കി.
പൊടിയും മാറാലയും ചിതറി കിടക്കുന്ന പത്രങ്ങളും അവളുടെ അസാന്നിദ്ധ്യം വിളിച്ചു പറയുന്നു.
അയാളുടെ കണ്ണുകൾ ചുവരിൽ തൂക്കിയിട്ടിരുന്ന അവരുടെ വിവാഹ ഫോട്ടോയിൽ പതിഞ്ഞു.
അവളുടെ കരിഞ്ഞ കൺത്തടങ്ങൾ, അഗ്നിശലകങ്ങൾ പോലെയുള്ള കണ്ണുകൾ ഓർമ്മകളെ ഹൃദയത്തിലേക്ക് തിക്കിതിരക്കിയെത്തിക്കുന്നു.
അവളേയും ഭർത്താവിനേയും ഒരുമിച്ചു കാണാൻ ഇരുട്ടും വെളിച്ചവും പോലെയാണെന്ന് അവളൊരിക്കൽ പറഞ്ഞതവനോർത്തു.
അത് പറഞ്ഞ് ചിരിക്കുമ്പോൾ അവളുടെ ഇരുണ്ട മുഖത്ത് കൂടുതൽ ഇരുട്ട് പരക്കുമായിരുന്നു.
"കുടിക്കാതെനെന്താ വേണ്ടത്?" അയാളുടെ ചോദ്യം ആനന്ദിനെ ചിന്തയിൽ നിന്നുണർത്തി.
''അവളുടെ മരണശേഷമാണ് അവൾക്ക് ഇത്രമാത്രം സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട് എന്ന് ഞാനറിയുന്നത്. "
" മോനെവിടെ.... കോളേജിൽ പോയോ?''
" ചടങ്ങുകളൊക്കെ തീർന്നപ്പോൾ അവൻ ക്ലാസിൽ പോയി തുടങ്ങി.പരീക്ഷ അടുത്ത സമയം അല്ലേ.
ഇവിടെ കാര്യങ്ങളൊക്കെ നോക്കാൻ എന്റമ്മയുണ്ട്.
അവൾക്കല്ലെങ്കിലും ഒന്നിനും നേരമുണ്ടായിരുന്നില്ലല്ലോ .. അവളുടെ ജോലിയും വായനയും എഴുത്തും എല്ലാം കഴിഞ്ഞ് എന്നേയും മോനേയും നോക്കാൻ അവൾക്കെവിടെ സമയം.
അതിന്റെ കൂടെ എന്നും ഓരോരോ അസുഖങ്ങളും.
ഇനിയിപ്പോ അവൾക്കൊന്നും അറിയുകയും വേണ്ട. എല്ലാ ഉത്തരവാദിത്ത്വങ്ങളും എന്റെ തലയിൽ വെച്ചു തന്ന് രക്ഷപ്പെട്ടില്ലേ. "
ക്ഷോഭിച്ചിളകിയ കടൽ പോലെ അയാളുടെ കണ്ണുകൾ ആർത്തിരമ്പുന്നുണ്ടായിരുന്നു.
''ശരിയാണ്. എല്ലാ ഉത്തരവാദിത്ത്വങ്ങളിൽ നിന്നും അവൾ രക്ഷപ്പെട്ടിരിക്കുന്നു.
അടുക്കളയിലെ പാതി വെന്ത മണങ്ങളിൽ നിന്നും...
ഈ വലിയ വീടിന്റെ ലോൺ കുടിശ്ശികകളിൽ നിന്നും ...
മാസാമാസം അടച്ചു തീർത്തിരുന്ന ഇൻഷുറൻസ് പ്രീമിയങ്ങളിൽ നിന്നും....
കറിക്കൂട്ടുകളുടേയും മദ്യത്തിന്റെയും സമ്മിശ്ര ഗന്ധങ്ങൾ കെട്ടുപിണയുമ്പോഴുയരുന്ന പതിവ് നെടുവീർപ്പുകളിൽ നിന്നും.....
പ്രാരാബ്ധങ്ങൾക്കിടയിൽ ബാലൻസ് ഷീറ്റിൽ മരവിച്ചു പോയ സ്വപ്നങ്ങളിൽ നിന്നും...
ഭാരം ചുമക്കുന്ന അച്ചടക്കമുള്ള കഴുതയിൽ നിന്നും അവൾ സ്വതന്ത്രയായിരിക്കുന്നു."
ആനന്ദ് ഇതൊന്നും പറഞ്ഞില്ല. പകരം ഒരു ചെറു ചിരി ചുണ്ടിൽ വരുത്തിക്കൊണ്ട് ചോദിച്ചു.
"അവളുടെ മുറിയൊന്നു കാണാൻ പറ്റുമോ?
അവളെപ്പോഴും പറഞ്ഞിരുന്ന അവളുടെ ലോകം. എഴുതാനും വായിക്കാനും സ്വപ്നം കാണാനും അവൾക്ക് മാത്രമായുണ്ടായിരുന്ന ഒരിടം.
അയാൾക്ക് പിറകെ ആ മുറിയിലൂടെ നടക്കുമ്പോൾ അവളുടേതായതൊന്നും അവിടെ അവശേഷിക്കുന്നില്ല എന്ന് ആനന്ദ് കണ്ടു.
''അവളുടെ പുസ്തകങ്ങളൊക്കെ എവിടെ?"
"ഓ... അതെല്ലാം കൂടി ഒരു ചാക്കിൽ കെട്ടി സറ്റോർ റൂമിൽ കൊണ്ടു വച്ചിട്ടുണ്ട്.ഇവിടെ ആർക്കാ അതിലൊക്കെ താത്പര്യം."
ജനാലക്കരികിൽ ഒരു മൂലയിൽ അനാഥമായി കിടക്കുന്ന ചാരുകസേരയിൽ ആനന്ദിന്റെ കണ്ണുകളുടക്കി.
ഒരു പക്ഷേ ഇവിടെയിരുന്നായിരിക്കാം അവൾ
അക്ഷരങ്ങളിലൂടെ പാറി നടന്ന് സ്വപ്നങ്ങൾ
പകർത്തിയെഴുതിയിരുന്നത്.
തന്നെ നോക്കി ആ കസേരയിലിരിക്കുന്ന അവളുടെ മുഖത്ത് ഇരുട്ടിൽ വിരിയുന്ന നിലാവ് പോലെ ചിരി പടരുന്നത് അവൻ കണ്ടു.
ഒരിടം വേണമെനിക്ക്
ആകാശം പോലെ
കടൽ പോലെ
അതിരുകളില്ലാത്തൊരിടം
ഓർമ്മപ്പെടുത്തലുകളും
താക്കീതുക്കളും
ചെന്നെത്താത്ത
പൊടിയും മാറാലയും
പിടിക്കാത്തൊരിടം
കാണാനും കേൾക്കാനും
ചിരിക്കാനും ചിന്തിക്കാനും ഒരിടം
എനിക്ക് ഞാനാകുവാൻ
പേരില്ലാത്തൊരിടം വേണമെനിക്ക് .
അവളുടെ മുറിയിൽ നിന്നും തിരികെ നടക്കുമ്പോൾ പണ്ടെന്നോ അവളെഴുതിയയച്ച വരികൾ അവനോർത്തു.
നോവുകളെ രാകി മിനുക്കി ഊതിക്കാച്ചിയെടുത്ത സ്നേഹമായിരുന്നു എന്നും അവളുടെ വരികൾ.
അവൾ തനിക്കാരായിരുന്നു.
''ചില സ്നേഹങ്ങൾക്ക് നിർവ്വചനങ്ങളില്ല മാഷേ.
പേരും മേൽവിലാസവും നൽകുമ്പോൾ സ്നേഹത്തിന് പരിധികളും പരിമിതികളും നിശ്ച്ചയിക്കപ്പെടുന്നു.
സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു .
എന്റെ പേരില്ലാത്ത സ്നേഹമാണ് നീ"
അവൾ ചിതറി തെറിക്കുന്ന മഴത്തുള്ളികളെ പോലെ പൊട്ടിച്ചിരിച്ചു.
" എന്തായിരുന്നു അവൾക്കിത്ര ദുഃഖം?"
അയാളുടെ ചോദ്യം ആനന്ദിനെ തിരിച്ചു കൊണ്ടു വന്നു.
" കഴിഞ്ഞ കുറേ കാലമായി അവൾ ചിരിക്കുന്നതോ ... സ്നേഹത്തോടേ സംസാരിക്കുന്നതോ ഞാൻ കണ്ടിട്ടില്ല.
ഒന്നു വൃത്തിയായി ഒരുങ്ങി നടക്കാൻ പറഞ്ഞാൽ കേൾക്കില്ല.
മുടി നിറയെ എണ്ണയും തേച്ച് വിയർത്തു മുഷിഞ്ഞേ നടക്കൂ.
വീടു മുഴുവൻ അവളുടെ കാറിയ എണ്ണയുടെ മണമായിരുന്നു .
ഏത് സമയവും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും. ഒരൽപ്പം ഒഴിവ് കിട്ടിയാൽ ഏതെങ്കിലും മുക്കിൽ പോയി കുത്തിക്കൂടിയിരുന്ന് ആലോചിച്ച് കൂട്ടും.
എല്ലായ്പ്പോഴും ഒരേ നിസ്സംഗത .... മൗനം
ചിലപ്പോൾ തോന്നും... അവളീ ലോകത്തേ ഇല്ല എന്ന്
എന്തൊക്കെയായിരുന്നു അവൾ എഴുതിക്കൂട്ടിയിരുന്നത്.
അവൾക്കെന്തിന്റെ കുറവായിരുന്നു. നല്ല ഭർത്താവുണ്ട്... കുടുംബമുണ്ട്... ജോലിയുണ്ട്. എന്നിട്ടും തൃപ്തി ഇല്ലായിരുന്നു അവൾക്ക്.
നിങ്ങളോട് ഒരുപാട് സംസാരിക്കുമായിരുന്നോ അവൾ ? "
അയാളുടെ നിറഞ്ഞ് വരുന്ന കണ്ണുകൾ കാണാനാകാതെ ആനന്ദ് മുഖം തിരിച്ചു.
അയാളോട് യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി നടക്കുമ്പോൾ കണ്ണുനീർ വെള്ളപ്പൊക്കം പോലെ പെരുകി വരുന്നത് അവനറിഞ്ഞു.
സദാ ഉണർന്നിരുന്നിരുന്ന പ്രജ്ഞയാൽ ഇനിയൊരിക്കലും അവൾ കവിതകൾ എഴുതില്ല.
അറിയാതെ പോയ സ്നേഹത്തിന്റെ മാധുര്യത്തെക്കുറിച്ച് ,ജീവിതത്തിന്റെ കഥയില്ലായ്മയെക്കുറിച്ച് ഇനിയൊരിക്കലും വാചാലയാകില്ല.
ദുഃഖത്തെ ദുഃഖമെന്നറിഞ്ഞും സ്നേഹത്തെ സ്നേഹമെന്നറിഞ്ഞും ജീവിതത്തെ എന്നും ചേർത്തു പിടിച്ചവൾ, മുഷിഞ്ഞു ജീർണ്ണിച്ച വസ്ത്രമഴിച്ചെറിഞ്ഞ് എന്നെന്നേക്കുമായി അദൃശ്യയായിരിക്കുന്നു.
''ആനന്ദ് ...നിനക്ക് കാണാത്തത് കാണുന്ന കണ്ണുണ്ട്.കേൾക്കാത്തത് കേൾക്കുന്ന കാതുണ്ട്.
ആവശ്യക്കാരില്ലാത്തതിനെ പേറുന്ന നന്മയുള്ള ഒരു ഹൃദയമുണ്ട്.
എന്നേക്കാൾ എന്നെയറിയുന്നത് നിനക്കല്ലേ?
മരണ ശേഷം നമ്മളെല്ലാം എങ്ങോട്ട് പോകും എന്ന് നിനക്കറിയുമോ?
നമ്മെ സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളിലേക്ക് .
ചില ആത്മാക്കൾ അവിടേയും വഴിയറിയാതെ സംശയിച്ച് നിൽക്കുന്നുണ്ടാകും."
എണ്ണമയമുള്ള നേർത്ത കാറ്റ് എവിടെ നിന്നോ വന്ന് അവന് ചുറ്റും വലയം ചെയ്തു തുടങ്ങി.
അവൾ അവനിൽ കവിഞ്ഞ് നേർത്തൊരു ചെറു പുഞ്ചിരി പോലെ മൂളിപ്പാട്ടായി ഒഴുകാൻ തുടങ്ങി.
ലഗ് ജാ ഗലേ ........
................
അഞ്ജു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo