Slider

മൾട്ടിപ്പിൾ ഡിസോഡർ സിൻഡ്രോം

0
Image may contain: 1 person

(രണ്ടാം കല്ലിന്റെ കഥ)
ഡോ. ഐപ്പ് മാത്യു തരകൻ
ചങ്ങനാശ്ശേരിയിലെ ഏറ്റവും തിരക്കുള്ള ഗൈനക്കോളജിസ്റ്റ്. ഭാര്യ ഡോ.ആൻസി മേരി ഐപ്പ് ത്വക്ക് - ലൈംഗിക രോഗ വിദഗ്ധ.
റോഡ് സൈഡിൽ വെള്ള നിറത്തിൽ കൊട്ടാരസദൃശ്യമായ വീട്, ചൈന മോഡൽ വൻ മതിൽ, പടുകൂറ്റൻ ഗേറ്റ്, മതിലിന്റെ ഒരു വശം ചേർന്ന് റോഡിലേക്ക് തുറക്കും മട്ടിൽ ഒരു ഔട്ട് ഹൗസും, അതിനോടു ചേർന്ന് വലിയ ഒരു ഒട്ടു മാവും....
ഈ ഔട്ട് ഹൗസിലാണ് നമ്മുടെ ഡോക്ടറുടെ കൺസൾട്ടിംഗ്. ഫൈവ് സ്റ്റാർ ഹോട്ടലിനു മുന്നിൽ ഏറുമാടക്കടപോലെ, വുഡ്ലന്റ് ഷൂസിനുളളിൽ കീറിയ സോക്സുപോലെ, വീടിനു കണ്ണു കിട്ടാതിരിക്കത്തക്ക പോലെയാണ് ഈ ഔട്ട് ഹൗസിന്റെ നിർമ്മിതി.
ഡോക്ടറുടെ എ.സി പരിശോധനാ മുറി ഒഴികെ ബാക്കിയെല്ലാം നിർമ്മിച്ചിരിക്കുന്നത് ആസ്ബറ്റോസും ഗ്രില്ലും കൊണ്ടാണ്. ചൂള സെറ്റപ്പിലുള്ള ഇതിനകത്ത് ഗർഭിണികളും മറ്റു രോഗികളും തിങ്ങിനിറഞ്ഞ് മുഷിഞ്ഞ് വരിവരിയായി പഴുത്ത് നിൽക്കുന്നത് കാണുന്നതായിരുന്നു ഡോക്ടറുടെ ആകെയുള്ള സുഖവും സന്തോഷവും.
കൗൺസിലർ ഉൾപ്പെടെ പലരും വന്നു പറഞ്ഞിട്ടും, ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന ആ കോൺസൻട്രേഷൻ ക്യാമ്പ് മാറ്റി സ്ഥാപിക്കാൻ, രാജ്യ തലസ്ഥാനത്തുവരെ പിടിപാടുള്ള ഐപ്പ് ഡോക്ടർ തയ്യാറായില്ല. ഈ ആവശ്യം പറഞ്ഞു വരുന്നവരോട് "കഷ്ടപ്പെട്ടാ ഞാൻ പഠിച്ചത് അതുകൊണ്ട് എന്നെ കാണാനും കുറച്ച് കഷ്ടപ്പെടണം." എന്ന് മുഖമടച്ച് മറുപടി കൊടുത്തിരുന്നു അർക്കീസായ ടിയാൻ.
ഈ പ്രശ്നത്തിൽ അയൽവക്കം, കുടുംബശ്രീ, തൊഴിലുറപ്പ്, പ്രതിപക്ഷത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്ന കാലഘട്ടത്തിലാണ് ലോക്കൽ ഗുണ്ടാ നേതാവും സർവ്വോപരി 24 മണിക്കൂറും ഹണീബീയുമായ "കിണ്ടി മനോജ്" ഡോക്ടറുടെ അയൽക്കാരനായി ചാർജ്ജേറ്റെടുത്തത്.
അരയടിച്ചാൽ ആരേയും പച്ചത്തെറി വിളിച്ച് ഉടുമുണ്ടഴിച്ച് കാണിച്ച് ആധാറിൽ പോലും സ്വന്തം പേര് "കിണ്ടി മനോജ് " എന്നാക്കി മാറ്റിയ ആ മഹാനുഭാവനെ നാട്ടുകാർ പ്രത്യേകം പിരിവിട്ട്, ഡോക്ടറുടെ ഔട്ട് ഹൗസിനോട് ചേർന്നിരിക്കുന്ന നാല് സെന്റ് പ്രേതാലയ വീട്ടിൽ വാടകയ്ക്ക് പ്രതിഷ്ഠിച്ചതാണെന്നും പറയപ്പെട്ടിരുന്നു.
മദ്യക്കുപ്പി വലിച്ചെറിയുന്ന പ്രശ്നത്തിൽ ഡോക്ടറും മാവില വീഴുന്ന പ്രശ്നത്തിൽ 'കിണ്ടിയും' തമ്മിൽ ആദ്യമേതന്നെ കോർത്തു. നാട്ടുകാരുടെ അകമഴിഞ്ഞ സപ്പോർട്ടും കൂടി കിണ്ടിക്ക് കിട്ടിയപ്പോൾ ലോക രാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട പാകിസ്ഥാനേപ്പോലെയായി ഡോക്ടർ.
ഭരണകക്ഷിയിലെ നേതാക്കൾ ഐപ്പിനൊപ്പം ചൈനയായതോടെ, അതിർത്തി കൈയ്യേറ്റം - വേലി പൊളിച്ചുമാറ്റൽ -ചവർ ബോംബുകൾ വർഷിക്കൽ - നുഴഞ്ഞു കയറി മൂത്രമൊഴിപ്പ് - അപവാദ പ്രചരണം - തെറി വിളി തുടങ്ങി ഈ പ്രദേശം സദാ സംഘർഷഭരിതമായി മാറി. ഒടുവിലത് സകല മധ്യസ്ഥ ശ്രമങ്ങളേയും പരാജയപ്പെടുത്തി ഒരു ''ഓപ്പറേഷൻ ചെങ്കിസ് ഖാൻ" വക്കിലെത്തി.
നിയമപരമായി വിജയം എപ്പോഴും ഡോക്ടറിനായിരുന്നെങ്കിലും മെൻറലി വിജയം കിണ്ടിക്കായിരുന്നു. റാസ്കൽ, സ്കൗണ്ട്രൽ, ബാസ്റ്റർഡ് തുടങ്ങിയ മാന്യമായ ഇംഗ്ലീഷ് തെറികൾക്ക് പകരമായി പൂവും, കായും, മയിലും, തക്കാളിയിയുമൊക്കെ ഇട്ട് വാറ്റിയ നല്ല ഇനം കേരളാ തെറികളും - ഒടുവിൽ ഉടുമുണ്ട് ഉയർത്തിയുള്ള പ്രദർശനവും. ചുരുങ്ങിയ കാലം കൊണ്ട് നാട്ടുകാർക്ക് മൊത്തത്തിൽ 'ഒരു സ്ഥിരം വിഷുക്കണിയായി' മാറി ഈ കിണ്ടി. അങ്ങനെ ഐപ്പിനെ പുകയ്ക്കാൻ വന്ന 'കിണ്ടി മനോജും കൂട്ടുകാരും' - നാട്ടുകാർക്ക്, പ്രത്യേകിച്ചും ലേഡീസിന് ഒരു വലിയ ആപ്പായി മാറി.
ഈ സംഭവം നടക്കുന്ന രാത്രി ഞങ്ങൾ ഒരു സെക്കൻറ് ഷോയും കണ്ട് ചങ്ങനാശ്ശേരി ടൗണിലൂടെ കപ്പലണ്ടി കൊറിച്ചു നടക്കുകയാണ്.
ഞങ്ങൾ എന്നു പറയുമ്പോൾ ഞാനും എന്റെ കമ്പനി ഡ്രൈവർ സന്തോഷും. സമയം ഏതാണ്ട് ഒരു മണിയോടടുക്കുന്നു. യക്ഷിപ്പാട്ടും കടവാവലുമൊഴികെ ഒരു മാന്ത്രിക നോവലിലെ ഏതാണ്ടെല്ലാ ചേരുവകളും കൃത്യമായ അനുപാതത്തിൽ ചേർത്തുവച്ച് കറുത്തിരുണ്ട ഒരു രാത്രി. നക്ഷത്രങ്ങൾ പറയാതെ പോയതിൽ പ്രതിഷേധിച്ച്, കരിമ്പടം പുതച്ച് ഇടയ്ക്കിടയ്ക്ക് ഒളിച്ചു നോക്കി ചന്ദ്രേട്ടൻ പോലും മുഖം ചുളിച്ചു കാട്ടിയ ഒരു രാത്രി.
വിശാലമായ സ്കൂൾ ഗ്രൗണ്ട് മുറിച്ചു കടന്നാൽ പെട്ടന്ന് ഞങ്ങളുടെ റൂമിലേക്കെത്താം ആ ശ്രമത്തിനിടെയാണ് കറണ്ട് പോയത്. ഗ്രൗണ്ടിൽ നല്ല ഇരുട്ട്.... പുറമേ നരസിംഹമാണേലും അകമേ പളുങ്ക് ആയ എന്റെ വിളക്കും അതോടൊപ്പം അണഞ്ഞു. തോളത്ത് വച്ചിരിക്കുന്ന കൈ തണുത്തു തുടങ്ങിയതിനാൽ സന്തോഷും കഥാവശേഷനായി മാറിയെന്ന് മനസ്സിലായി.
"നമുക്ക് ഗ്രൗണ്ടിക്കൂടെ പോണ്ടാ... അവിടെ മൊത്തം കുടിയൻമാരായിരിക്കും"
ഉള്ളിൽ നിന്ന് തികട്ടി വന്നിരുന്ന എന്റെ പേടിയെ വായിൽക്കിടന്ന കപ്പലണ്ടിയിലേക്ക് സമർത്ഥമായി കൺവർട്ട് ചെയ്ത്, കൂരാക്കൂരിരുട്ടിലേക്ക് നോക്കി ഞാനൊന്ന് മോങ്ങി.
"അതേയതേ നമ്മക്ക് റോഡേ പോവാം സാറേ"
നോക്കിയാ 1100 ന്റെ വെളിച്ചത്തിൽ സന്തോഷിനും ഒരാശ്വാസ ഭാവം.
അങ്ങനെ നടന്ന് ഞങ്ങൾ വലിയ മതിലുള്ള ആ വെളുത്ത വീടിന് മുന്നിലെത്തി. വീടിന്റെ ഒരു സൈഡിലായി നിൽക്കുന്ന മാവിൽ നിറയെ വലിയ മാങ്ങകൾ കുലകുലയായി കിടക്കുന്നത് ഞങ്ങളെ കാണിക്കാനെന്നവണ്ണം
ചന്ദ്രേട്ടൻ ഒന്നു തെളിഞ്ഞ് മാഞ്ഞു.
മാങ്ങ കാണുമ്പോൾ മാത്രം "ജനറ്റിക്കൽ മൾട്ടിപ്പിൾ സിസോഡർ സിൻഡ്രോം വിത്ത് സ്റ്റോൺസ്‌" ഉണ്ടാകുന്ന ഞാൻ, കൈയ്യിൽത്തടഞ്ഞ ഒരു വലിയ കല്ല് ഏകദേശലക്ഷ്യം വച്ച് വലിച്ചെറിഞ്ഞു...... തിരക്കുള്ള ബസിൽ സ്ത്രീകളുടെ ഭാഗത്തേക്ക് ഇടിച്ച് കയറി ചീത്ത വിളിയും വാങ്ങി, പോയതിലും വേഗത്തിൽ തിരികെ വരുന്ന മധ്യവയസ്കനെപ്പോലെ മാങ്ങാക്കുലയ്ക്ക് ഒന്നു വട്ടം വച്ച് വലിയ ബോഡി ടച്ചിംഗ് ഒന്നും ഇല്ലാതെ ആ കല്ല് എങ്ങോ പോയി വീണു.
തുടർന്ന് എന്നിൽ നിന്ന് ഇതേ സിൻഡ്രോം പകർന്നു കിട്ടിയ സന്തോഷും രണ്ടു മൂന്നു കല്ലുകൾ വലിച്ചെറിഞ്ഞു. പക്ഷെ അതിനും ആ മാങ്ങകളെ താഴെ വീഴ്ത്താനുള്ള വെലോസിറ്റി ഉണ്ടായിരുന്നില്ല.
"എനിക്കിട്ടെറിയാതെ മാവേലെറിയെടാ ലക്ഷ്യബോധമില്ലാത്ത ഊളകളേ" ഒരു വേള കരിമ്പടം മാറ്റി തെളിഞ്ഞ് വന്ന ചന്ദ്രേട്ടൻ വീണ്ടും മുഖം ചുളിച്ചു.
എന്നോടുള്ള അമിത വിധേയത്വവും ഒപ്പം ഈ ''സിൻഡ്രത്തിന്റെ മൂപ്പും" കൊണ്ട് അടുത്തു കണ്ട മതിലിൽ നിന്ന് ഒരു വലിയ പാറക്കല്ല് ചവിട്ടിയിളക്കി, പണ്ട് സ്കൂളിൽ പഠിച്ച തിയറി (ഡിസ്റ്റൻസ് = സ്പീഡ് X ടൈം) അവൻ ചുടുകട്ടയിൽ പ്രയോഗിച്ചു. ദശാംശം കൂട്ടുന്നതിൽ പണ്ടേ കുറച്ച് പിന്നിലായ അവന്റെ കണക്കുകൂട്ടൽ പിഴച്ച് മാങ്ങ നിൽക്കുന്ന കൊമ്പിൽത്തട്ടി ഒന്ന് കറങ്ങിയ പാറക്കല്ല് വെളുത്ത വീടിന്റെ കറുത്ത ഔട്ട് ഹൗസിന് മുകളിലെ ആസ്ബെസ്റ്റോസ് ഷീറ്റിലേക്ക് വലിയ ശബ്ദത്തിൽ വീണു.
ടർ...ർ....ർ എന്ന ഒരു ശബ്ദം ഔട്ട് ഹൗസിന് മുകളിൽ കേട്ട് നോക്കുമ്പോൾ അവിടുത്തെ ആസ്ബെറ്റോസ് മേൽക്കൂര ടൈറ്റാനിക് മോഡലിൽ നെടുകെയും കുറുകെയും പൊട്ടിപിളർന്ന് മേലോട്ട് ഒന്നു പൊങ്ങി അകത്തേക്ക് സ്ലോ മോഷനിൽ ചരിയുന്നതാണ് കണ്ടത്.
"ഓടിക്കോടാ"എന്ന ഒറ്റ അലർച്ചയോടെ ഞാൻ പറ പറന്നു റൂമിലെത്തി. അഞ്ചു മിനിട്ടിനു ശേഷം ശ്വാസം വിലങ്ങിയ നിലയിൽ സന്തോഷും.... വല്ലാതെ കിതച്ച അവൻ കതകടച്ച് കുറ്റിയിട്ട് അവിടെയിരുന്ന ഒരു ജഗ് വെള്ളം മട മടാ കുടിച്ചിറക്കിയിട്ട് ലൈറ്റണച്ച് ഒരു സിഗററ്റ് കത്തിച്ചു.
"എന്തു പറ്റി? നീ കാര്യം പറ"
''ആകെ കലിപ്പായി സാറേ....എന്നെ ആരോ വട്ടം പിടിച്ചു, അവനിട്ട് മുട്ടു കാല് കേറ്റിയിട്ട് ഓടിയ ഓട്ടമാ.... നാശം പിടിക്കാൻ വേറേ ആരാണ്ടൊക്കെയോ ഓടി വന്നു പിടിച്ചു നിർത്തി... മുഖത്തോട്ട് ടോർച്ചടിക്കാൻ നോക്കിയ ഒരുത്തനിട്ടും ഒന്നു കൊടുത്തു ഒന്ന്....പോലീസ് ഉടൻ വരുമെന്നാ തോന്നുന്നേ....ലവൻ ചത്തുപോയിക്കാണുമോ സാറേ? സാറിന്റെ കോപ്പിലെ ഒരു മാങ്ങാ''
നോട്ടവും എന്നോടുള്ള പെരുമാറ്റവും പതിയെ മാറി വരുന്നത് ഡോ.സണ്ണിയെപ്പോലെ തിരിച്ചറിഞ്ഞ ഞാൻ അവന്റെ സ്ഥിരം പുൽപ്പായിൽ നിന്ന് എന്റെ ബെഡ്ഡിലേക്ക് ആ പ്രത്യേക സാഹചര്യത്തിൽ പ്രമോഷൻ കൊടുത്ത് കിടത്തി.
പോലീസ് പട്ടിയെ വഴിതെറ്റിക്കാൻ സ്പ്രേയിലും പൗഡറിലും കുളിച്ച് ഞങ്ങൾ അതിരാവിലെ തന്നെ സംഭവസ്ഥലത്തെത്തി. വെടിക്കെട്ടുകഴിഞ്ഞ പൂരപ്പറമ്പായി മാറിയ ആ സംഘർഷ സ്ഥലത്ത് നാട്ടുകാർ പല ഗ്രൂപ്പായി തമ്പടിച്ചിരുന്നു.
''ഡോക്ടറിന്റെ റൂം നമ്മുടെ കിണ്ടി അടിച്ചു പൊളിച്ചു... കിണ്ടിയുടെ ഗുണ്ടകളും ഡോക്ടറിന്റെ ഗുണ്ടകളും പിന്നെ നാട്ടുകാരും തമ്മിൽ പൊരിഞ്ഞ അടിയായിരുന്നു. കിണ്ടിയ്ക്കും ഡോക്ടറിനും നല്ല പോലെ കിട്ടിയിട്ടുണ്ടെന്നാ കേട്ടത്. എന്തായാലും രണ്ടെണ്ണവും ആശുപത്രിയിലാ" ചൂടു വാർത്തയിൽ ചൂട് ചായ മിക്സ് ചെയ്തു വിളമ്പുനുണ്ടായിരുന്നു ചായക്കടക്കാരൻ ജോർജേട്ടൻ.
സംഘർഷ പ്രദേശത്ത് താമസിക്കുന്ന ഞങ്ങളുടെ ഫോർമാൻ ബിജു ആ യുദ്ധം ഇപ്രകാരം റിപ്പോർട്ട് ചെയ്തു.
കൂട്ടുകാരുമൊത്ത് മദ്യസേവ കഴിഞ്ഞ് മയങ്ങുകയായിരുന്ന മനോജിനിട്ട് രാത്രിയിൽ എറി കിട്ടി. അത് ചോദിക്കാൻ ചാടിയിറങ്ങിയ അവന്റെ കേന്ദ്ര ഭരണ പ്രദേശം ഡോക്ടറിന്റെ ആളുകൾ ചവിട്ടിത്തകർത്തു. ശബ്ദം കേട്ട് ടോർച്ചുമായി പുറത്തിറങ്ങിയ ഡോക്ടറെ മനോജിന്റെ ഗുണ്ടകൾ പെരുമാറി. ഔട്ട് ഹൗസ് എറിഞ്ഞ് തകർത്തു... അപ്പൊ നാട്ടിലെ ചെറുപ്പക്കാർ ഇറങ്ങി ഗുണ്ടകളെ നന്നായി പെരുമാറി. മൊത്തം അടിയോടടി. "ഓഹോ ഇതാണല്ലേ സംഭവം" എന്ന മട്ടിൽ ഞാൻ സന്തോഷിനെ ഒന്നു നോക്കി. അവനാകട്ടെ കരയണോ ചിരിക്കണോ എന്ന മട്ടിലായിരുന്നു.
തുടർന്ന് ആപത്തിൽ സഹായിച്ച നാട്ടുകാരോട് കൂറ് കാണിക്കാനും, സ്വയ രക്ഷയ്ക്കും, ഭാര്യയുടെ നിർബ്ബന്ധത്തിനും വഴങ്ങി ഡോക്ടർ പരിശോധന സ്വന്തം വീട്ടിലേക്ക് മാറ്റി. നിത്യജീവിതത്തിലേക്ക് തിരിച്ചെത്താൻ ഡോ.ആൻസി ഐപ്പിന്റെ ട്രീറ്റ്മെന്റ് ദീർഘകാലം വേണ്ടി വന്ന 'കിണ്ടി' മനോജ്, മുണ്ടിൽ നിന്നും സ്ഥിരം പാൻറിലേക്ക് മാറുകയും ഡോക്ടറുടെ ആശ്രിതനായി കാലം കഴിക്കുകയും ചെയ്തു.
ഡോക്ടറിന്റെ ടോർച്ചും സന്തോഷിന്റെയും എന്റേയും ഫിംഗർപ്രിന്റ് പതിഞ്ഞ കല്ലുകളും ഓടയിലും വഴിയോരത്തുമായി ആരോരുമറിയാതെ ഇപ്പോഴും ജീവിക്കുന്നുണ്ടാവാം....
- ഗണേശ് -
08-01-2018
ഒരു കല്ലും കുറച്ച് കൂട്ടുകാരും
(ഒന്നാം കല്ലിന്റെ കഥ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo