Slider

ഉത്തരമില്ലാത്ത ചോദ്യങ്ങൾ

0
Image may contain: 1 person, motorcycle

മകന്റെ ആ ചോദ്യം വലിയ തിരമാലകൾ
തീരത്താഞ്ഞടിക്കുന്ന വിധത്തിൽ ഇടക്കിടെ അയാളുടെ ഇടനെഞ്ചിൽ വന്നിടിച്ച്‌ കൊണ്ടേയിരുന്നു.
ആ ചോദ്യം കേട്ടിട്ട്‌ മണിക്കൂറുകളായെങ്കിലും തൊട്ടു മുന്നിലെ നിമിഷത്തിൽ കേട്ടത്‌ പോലെ അതിന്റെ അലയൊലികൾ ഇപ്പോഴും‌ ചെവിയിൽ മുഴങ്ങി കൊണ്ടിരിക്കുന്നതായി അയാൾക്ക്‌ തോന്നി.
അത്താഴത്തിനു മുന്നിലിരുന്നപ്പോഴും ഉള്ളിൽ മുഴങ്ങിയ ആ ചോദ്യത്തിനു മുന്നിൽ തൊണ്ടയിൽ നിന്നിറങ്ങാത്ത ഒരു പിടി ചോറു കുഴച്ച്‌ വച്ച്‌ കൈ കഴുകി മെല്ലെ അയാൾ കിടപ്പു മുറിയിലേക്ക്‌ നടന്നു.
മരക്കട്ടിലിലെ പലകയോട്‌ പതിഞ്ഞ ആ കിടക്കയിലേക്ക്‌ വീഴുമ്പോഴും ആ ചോദ്യം അയാളെ വേട്ടയാടുകയായിരുന്നു.
"എന്താ കറി ഇഷ്ടായില്ലേ?എന്ത്‌ പറ്റി മോന്റെ കൂടെ പോയി വന്നത്‌ മുതൽ ഒരു വല്ലായ്മ പോലെ? അവന്റെ ജോലികാര്യം എന്തായി? ഒന്നും പറഞ്ഞില്ലല്ലോ എന്നോട്‌?
അവളുടെ ചോദ്യങ്ങൾക്ക്‌ മുന്നിൽ ഉറക്കം നടിച്ച്‌ കിടന്നപ്പോൾ
"ഇതാരോടാ ഇതൊക്കെ ഞാൻ ചോദിക്കുന്നേ? യാത്രാക്ഷീണം കൊണ്ടാകും."
പുതപ്പ്‌ വലിച്ച്‌ മേലെയിട്ട്‌ നെറ്റിയിലാ കൈത്തലം പതിച്ച്‌ അവൾ പിറുപിറുത്തു.
അവളറിയണ്ട ഒന്നും.
എഞ്ചിനിയറിംഗ്‌ പാസ്സായ മകന്റെ ജോലിയുടെ ഇന്റർവ്യൂവിനു പോയതാ അവന്റെ കൂടെ പട്ടണത്തിൽ.
ഇന്റർവ്യൂ കഴിഞ്ഞ്‌ പുറത്തേക്കിറങ്ങിയ അവൻ വലിയ സന്തോഷത്തിലായിരുന്നു.
"ഇന്റർവ്യൂ പാസ്സായി. ജോലി കിട്ടാൻ അഞ്ച്‌ ലക്ഷം രൂപ ഡൊണേഷൻ കൊടുക്കണം"
വളരെ നിസ്സാരരൂപേണയുള്ള അവന്റെ ആവശ്യം കേട്ടപ്പോൾ ശരിക്കും ഞെട്ടി പോയി.
"അഞ്ച്‌ ലക്ഷമൊക്കെ എവിടുന്ന് എങ്ങനെയാ മോനേ"??
ന്ന് നിസ്സഹായത കൊണ്ട്‌ ചോദിച്ച്‌ പോയതാ..
"അച്ഛനാന്നും പറഞ്ഞ്‌ വെറുതെ നടന്നാ പോരാ, അല്ലേലും എനിക്ക്‌‌ വേണ്ടി എന്താ നിങ്ങൾ ഉണ്ടാക്കിയേ"?
പെട്ടെന്നായിരുന്നു ക്രുദ്ധനായ അവന്റെ
എടുത്തടിച്ചത്‌ പോലുള്ള ചോദ്യം.അക്ഷരാർത്ഥത്തിൽ ആ നിമിഷം താനൊരു വട്ട പൂജ്യമായത്‌ പോലെ തോന്നിപ്പോയി.
ആ ചോദ്യം ഒരായിരം കാട്ടുകടന്നലുകളുടെ മുരൾച്ചയുമായി തലക്കകത്തേക്ക്‌ കയറിയത്‌ പോലെ.
വീണു പോവാതിരിക്കാൻ അടുത്തുള്ള
മേശയിൽ അള്ളിപിടിക്കുമ്പോഴും ആരെങ്കിലും കേട്ടോ എന്ന് ചുറ്റും പരതുകയായിരുന്നു പാതി മങ്ങി തുടങ്ങിയ കാഴ്ചകൾ .
വേണ്ട ഒന്നും ഇവൾ അറിയണ്ട...
ചടച്ച്‌ എല്ലുന്തിയ നെഞ്ചിൻ കൂട്ടിലെ ഇടറിയ ഗദ്ഗദങ്ങളെ അവളറിയാതെ ഒതുക്കാൻ അയാൾ അവൾക്ക്‌ പുറം തിരിഞ്ഞ്‌ കിടന്നു.
ജാലകത്തിന്റെ പാതി തുറന്ന മരപാളികൾക്കിടയിലൂടൊരു തണുത്ത കാറ്റ്‌ അയാളെ ആശ്വസിപ്പിക്കാൻ വൃഥാ
ശ്രമം നടത്തിയെങ്കിലും ഉള്ളിൽ
ഉയരത്തിലടിച്ചൊരാ തിരമാലക്ക്‌ മുന്നിൽ
തോറ്റ്‌ മടങ്ങിപോയി.
ശരിയാ എന്താ ഉണ്ടാക്കിയത്‌ മകനു വേണ്ടി??
ചോദ്യം പിന്നെയും പിന്നെയും മുറിക്ക്‌ ചുറ്റിലും ഉയരത്തിൽ ആഞ്ഞടിക്കുകയാണു.
മദ്യപാനത്തിനൊടുവിലെ
ജ്യേഷ്ഠാനുജന്മാരുടെ വഴക്ക്‌ ആയുധകളിയിലേക്കെത്തിയ ആ രാത്രിയിൽ മേലാകെ
ചോരയൊലിപ്പിച്ച്‌ നിന്ന അച്ഛനെ കണ്ട്‌ പേടിച്ച്‌ അമ്മയുടെ സാരിതുമ്പിനു
പിന്നിലൊളിച്ച്‌, നമുക്ക്
‌ "അമ്മയുടെ വീട്ടീ പോകാമ്മേ"
എന്ന് കണ്ണീരൊലിപ്പിച്ച്‌ പറയുമ്പോളും കയ്യിലൊതുങ്ങിയ ബാഗുകളുമായി അർദ്ധരാത്രി ആ വീടിറങ്ങുമ്പോളും വയർ നിറഞ്ഞില്ലെങ്കിലും സമാധാനത്തോടെ ഉറങ്ങാൻ പറ്റൂലോ എന്ന ചിന്ത മാത്രേ ഉണ്ടാരുന്നുള്ളൂ ആ പന്ത്രണ്ട്‌കാരന്റെ മനസ്സിൽ.
അവധികാലങ്ങളിൽ സന്തോഷം കൊണ്ട്‌ വീർപ്പ്‌ മുട്ടിച്ച അമ്മവീട്ടിൽ വളരെ പെട്ടെന്നാണു അസ്വസ്ഥതകളും അപസ്വരങ്ങളും വേർതിരിവുകളും മുളപൊട്ടിയത്‌.
ഒടുവിൽ കുഞ്ഞുപാത്രങ്ങളിലെ നാലുവിധത്തിലുള്ള അളവുകളിൽ ഏറ്റവും കുറവ്‌ മൂത്ത കുട്ടിയായ എനിക്ക്‌
കിട്ടിതുടങ്ങിയപ്പൊളാ അമ്മ പറഞ്ഞേ.
"ഈ വീട്ടിൽ വേറൊരു അടുപ്പ്‌ കൂട്ടുന്നതിലും നല്ലത്‌ എന്റെ ഓഹരിയിൽ നാലോല കുത്തി വളച്ച്‌ നമുക്കൊരു അടുപ്പ്‌ കൂട്ടാം ന്ന്".
കൂലി പണിയെടുത്ത്‌ മൺകട്ട പാകിയ ചുമരു സിമന്റ്‌ പൂശുമ്പോളും ഓലപുര ഓടു മേയുമ്പോളും ഉള്ളിൽ അനിയത്തി എന്ന ഒരൊറ്റ സ്വപ്നം മാത്രേ അന്ന് ഉണ്ടായിരുന്നുള്ളൂ.
"രണ്ടും പെണ്ണായിരുന്നെങ്കിൽ എന്നേ ഒറ്റകുരുക്കിൽ തീർന്നേനെ എല്ലാം"
എന്ന് അമ്മ ആരോടൊ തൊണ്ടയിടറി പറയുന്നത്‌ കേട്ടപ്പോൾ അമ്മക്ക്‌ അങ്ങനെ പറയാനുള്ള ഒരാത്മവിശ്വാസം കൊടുക്കാൻ കഴിഞ്ഞതിൽ എനിക്ക്‌ വല്ലാത്ത അഭിമാനം തോന്നിയിരുന്നു.
അനിയത്തിയുടെ വിവാഹം ഉറപ്പിച്ച്‌ വരന്റെ ആൾക്കാർ ഇറങ്ങിയപ്പൊ നിസ്സഹായതയോടെ കൈ മലർത്തിയ അച്ഛൻ വിവാഹ പന്തലിൽ വച്ച്‌ കാൽ തൊട്ട്‌ വണങ്ങിയ അനിയത്തിയെ ചേർത്ത്‌ പിടിച്ച്
‌ "കുമ്പിടേണ്ടത്‌ അച്ഛനയല്ല മോളേ ദാ ഏട്ടനെയാണെന്ന്"
തനിക്ക്‌ നേരെ കൈ ചൂണ്ടി പറഞ്ഞത്‌ കേട്ട്‌ ആ ഇരുപതുകാരന്റെ കണ്ണിൽ നിന്ന് ഉതിർന്ന് വീണ കണ്ണീർതുള്ളികൾ ഉത്തരവാദിത്തം നിറവേറ്റാൻ പറ്റിയ ചാരിതാർത്ഥ്യത്തിന്റേതായിരുന്നു.
ആരും കാണാതെ പിന്നാമ്പുറത്ത്‌ പോയി
കണ്ണു തുടച്ച്‌ വരുമ്പോളും അനിയത്തി കണ്ണീരില്ലാതെ അവൾ ജീവിച്ച്‌ കാണണമെന്നെ പ്രാർത്ഥന മാത്രമായിരുന്നു ഉള്ളിൽ.
അവൾക്ക്‌ പ്രിയപ്പെട്ട ഏട്ടനായും മരുമക്കൾക്ക്‌ പ്രിയപ്പെട്ട മാമനായും ജീവിതം മുന്നോട്ട്‌ പോകവെയാണു തനിക്കും ഒരു കൂട്ട്‌ എന്ന ചിന്ത ഉണ്ടാവുന്നെ.
നിബന്ധന ഒന്ന് മാത്രം, എല്ലാം കൊണ്ടും നമ്മളെക്കാൾ ചെറിയ കുടുംബത്തിൽ നിന്ന് മതി പുതിയൊരു ബന്ധം എന്ന് മാത്രം.
സ്വത്തും പണവുമില്ലാതെ ഒരു സാധുപെൺകുട്ടിയെ കല്ല്യാണം കഴിച്ച്‌ കൂടെ കൊണ്ട്‌ വരുമ്പോൾ
"തന്ന് വിടാൻ ഒന്നുമില്ല മോനേ"
എന്ന് കൈകൂപ്പിയ അമ്മയോട്‌ "അനുഗ്രഹം മാത്രം മതിയെന്ന്" പറഞ്ഞ്‌ അവളുടെ കൈയ്യും പിടിച്ച്‌ ഈ വീടിന്റെ പടി കയറുമ്പോളും അദ്ധ്വാനിക്കാനുള്ള മനസ്സ്‌ ഒരിക്കലും കൈമോശം വരുത്തല്ലേ എന്ന പ്രാർത്ഥന മാത്രമായിരുന്നു ഉള്ളിൽ നിറയെ.
കൂലി പണി കഴിഞ്ഞ്‌ കിട്ടുന്ന ഇടവേളകളിൽ വീടിനു ചുറ്റുമുള്ള പത്ത്‌ സെന്റ്‌ മണ്ണിൽ സ്വർണ്ണം വിളയിച്ച്‌ മക്കളെ രണ്ട്‌ പേരെയും പറ്റുന്നതിന്റെ പരമാവധി പഠിപ്പിച്ചു.
ബി എഡ്‌ കഴിഞ്ഞ്‌ ഗവൺമെന്റ്‌ സ്കൂളിൽ ജോലി കിട്ടിയ മകൾക്ക്‌ വന്ന നല്ലൊരു ആലോചനക്ക്‌ ചെറുക്കന്റെ വീട്ടുകാരുടെ നിലക്കും വിലക്കും ചേരുന്ന വിധത്തിൽ അവളെ പറഞ്ഞയക്കണമെന്ന് എല്ലാരും പറഞ്ഞപ്പോൾ നിൽക്കുന്ന വീടും സ്വർണ്ണം തന്ന മണ്ണും വിൽക്കുകയേ ഗതിയുണ്ടാരുന്നുള്ളൂ.
ഒടുവിൽ ഈ വാടക വീടിന്റെ പഴയ ചുമരുകളിൽ തട്ടി ആ ചോദ്യം ഇപ്പൊളും പ്രതിധ്വനിക്കുകയാണു.
"എന്താണു ഉണ്ടാക്കി കൊടുത്തത്‌"??
"ശരിയാ ചൂണ്ടിക്കാണിച്ച്‌ തരാൻ ഒന്നുമില്ലെങ്കിലും മകനേ നിനക്ക്‌ ഇന്ന് സ്വന്തമായുള്ളതിൽ എല്ലാറ്റിലും ഈ അച്ഛന്റെ ജീവിതവും വിയർപ്പുമുണ്ട്‌.
പക്ഷെ നീ ചോദിച്ച അത്ര ലാഘവത്തിൽ അതിനു ഉത്തരം പറഞ്ഞു തരാൻ അച്ഛനു കഴിയില്ല മകനേ"..
ഇനിയും ഈ ചോദ്യതിരമാലയെ തനിക്ക്‌ പ്രതിരോധിക്കാൻ കഴിയില്ല.
പറ്റില്ല ഇനി ഒരിക്കൽ കൂടി മകന്റെ മുന്നിൽ തല കുനിച്ച്‌ നിൽക്കാൻ തനിക്ക്‌ ഒട്ടും പറ്റില്ല.കവിളുകളിലൂടെ ഒലിച്ചിറങ്ങിയ ചാലുകളെ പും കൈകൊണ്ട്‌ തുടച്ച്‌ തന്നെ ചുറ്റി പിടിച്ച കൈകളെ മെല്ലെ അടർത്തി മാറ്റി അയാൾ എഴുന്നേറ്റു.
പതിയെ ശബ്ദമില്ലാതെ മേശവലിപ്പിലെ ഒരു പാട്‌ പേപ്പറുകൾക്ക്‌ അടിയിൽ നിന്നും അയാളാ നീല കവറെടെത്തു.
ആ കവറിൽ നിന്നും കട്ടിയുള്ള ആ പേപ്പർ ജാലകത്തിലെ അരണ്ട വെളിച്ചത്തിൽ ഒന്ന് കൂടി നോക്കി. അഞ്ച്‌ വർഷം കൂടി കഴിഞ്ഞാൽ കാലാവധി പൂർത്തിയാവുന്ന, ഇത്‌ വരെയും ഒരു അടവും മുടക്കാത്ത പത്ത്‌ ലക്ഷം രൂപയുടെ ഇൻഷൂറൻസ്‌ പോളിസിയുടെ സർട്ടിഫിക്കറ്റ്‌. തങ്ങളുടെ വാർദ്ധക്യം പോലും മക്കൾക്ക്‌ ബാധ്യതയാവരുതെന്ന മുൻകരുതൽ.
ഒരു ദീർഘനിശ്വാസം വിട്ട്‌ മേശപ്പുറത്ത്‌ ഏറ്റവും മുകളിൽ പെട്ടെന്ന് കാണുന്ന രീതിയിൽ ആ നീല കവർ വച്ച്‌ അയാൾ എഴുന്നേറ്റു.
ഒരിക്കൽ കൂടി പ്രിയപ്പെട്ട പെണ്ണിന്റെ മുഖത്തേക്ക്‌ നോക്കി പതിയെ ആ വാതിൽ ചാരി പുറത്തേക്കിറങ്ങി.
ആശ്വാസവുമായി കിഴക്ക്‌ നിന്ന് വന്നൊരാ തണുത്ത കാറ്റിനെ വക വെക്കാതെ അയാളാ പടിഞ്ഞാറൻ കുന്നിനു മുകളിലേക്ക്‌ കയറി പോയി..
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo