മനോജ് നിന്ന് വിറയ്ക്കുവാൻ തുടങ്ങി... എന്നിട്ട് കൈ കൂപ്പി പറഞ്ഞു
"എന്റെ പൊന്നു സാറെ, എനിക്കൊന്നുമറിയില്ല. മീനുകുഞ്ഞിനെ ഞാനൊന്നും ചെയ്തിട്ടില്ല. സത്യം!"
"മനോജ് കരഞ്ഞത് കൊണ്ടോ കണ്ണുനീർ വീഴ്ത്തിയത് കൊണ്ടോ ഒരു കാര്യവുമില്ല. സത്യം ഇപ്പോൾ പറഞ്ഞാൽ ഒരു അറസ്റ്റ് ഒഴിവാക്കാം. ഞങ്ങളോട് സഹകരിച്ചാൽ താങ്കൾക്ക് നല്ലത്. ഇല്ലെങ്കിൽ ഞങ്ങൾക്ക് നിയമത്തിന്റെ ശരിയായ രീതിയിൽ പോകേണ്ടി വരും" എബ്രഹാം കോശി ഗംഭീരതയോടെ ഒരു പോലീസ് ഓഫീസറിന്റെ ഗൗരവത്തോടെ പറഞ്ഞു.
"സർ രക്ഷിക്കണം... എന്നെ ഒന്നും ചെയ്യരുത്. ഞാനെല്ലാം പറയാം"
കാര്യം, കണ്ടാൽ നല്ല ധൈര്യശാലിയെന്ന് തോന്നിക്കുമെങ്കിലും മനോജിന് അത്ര മനക്കട്ടിയൊന്നുമില്ലെന്ന് ജെറോമിനും കൂട്ടർക്കും നേരത്തെ മനസ്സിലായിരുന്നു.
"പറയൂ മിസ്റ്റർ മനോജ് ... എന്താണ് അന്ന് സംഭവിച്ചത് ? മീനുവിനെ കൊന്നത് ആരാണ് എന്തിന് വേണ്ടി"
"സർ, മീനുവിനെ കൊന്നത് ഞാനല്ല. എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്. എന്നാൽ മീനു മരിക്കുന്നതിന് മൂന്ന് നാലാഴ്ച മുന്നേ മുന്നേ...."
"മൂന്ന് നാലാഴ്ച മുന്നേ....?" ആനിയാണ് ഗംഭീര സ്വരത്തിൽ ചോദിച്ചത്.
"ബ്രഹ്മദത്തൻ നമ്പൂതിരി എന്നെ കാണുവാൻ എന്റെ വീട്ടിൽ വന്നിരുന്നു. ഒരു ഞായറാഴ്ച രാവിലെ'
"ഞായറാഴ്ചയാണെന്ന് ഇത്ര നന്നായി ഓർക്കുവാൻ കാരണം?" എബ്രഹാം കോശി ചോദിച്ചു.
"ആ ദിവസം മാത്രമല്ല പിന്നീട് മീനു മരിക്കുന്നത് വരെയുള്ള ദിവസങ്ങൾ എനിക്ക് മറക്കുവാൻ പറ്റില്ല, കാരണം മീനുകുഞ്ഞിനെ ഓർക്കുമ്പോഴക്കെ എല്ലാ കാര്യങ്ങളും ഇങ്ങനെ ഓർമ്മയിൽ തേട്ടി വരും. എന്തൊരു നല്ല പെൺകുട്ടിയായിരുന്നു അവൾ"
"അന്ന് വന്നിട്ട് ?"
"ബ്രഹ്‌മദത്തൻ നമ്പൂതിരി രണ്ട് മൂന്ന് കാര്യങ്ങൾ പറഞ്ഞു. ഒന്നാമത് മീനു എവിടേക്കൊക്കെ പോകുന്നുവെന്നും ആരെയൊക്കെ കാണുന്നുവെന്നും നീരീക്ഷിക്കണമെന്നും, ആരെ കണ്ടാലും ചെന്ന് പറയണമെന്നും പറഞ്ഞു....
....എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ, മീനുവിന് ഗന്ധർവ്വ ഭക്തിയുണ്ടെന്നും, അതിന്റെ പേരിൽ ചില സ്വഭാവ മാറ്റങ്ങൾ അവളിൽ കണ്ടുവെന്നും, അതിനാൽ അവൾ ആരെയൊക്കെ കാണുന്നുവെന്ന് തിരക്കുവാനും, പിന്നെ ചികിത്സിച്ച് ഭേദമാക്കാനും മറ്റുമാണെന്നാണ് എന്നോട് പറഞ്ഞത്...
....അത് മാത്രമല്ല, ചില പാതിരാത്രികളിൽ അവൾ ഒറ്റക്ക് ഗന്ധർവ്വ ഭക്തിയുടെ ഉന്നതിയിലെത്തുമ്പോൾ ഗന്ധർവ്വ കാവിൽ പോകാറുണ്ടെന്നും, അങ്ങനെ പോകുന്നത് അപകടമാണെന്നും, അത് തടയുവാനായി ചില കാര്യങ്ങൾ ചെയ്യുവാനുണ്ടെന്നും അതിനായി അവൾ ഏത് രാത്രിയിൽ പോകുന്നുവെന്ന് കണ്ട് പിടിക്കണമെന്നും, പോകുന്ന ദിവസവും സമയവുമെല്ലാം കൃത്യനിഷ്ഠയുള്ളതായിരിക്കുമെന്നും, ഒരാഴ്ച രാത്രിയിൽ അവളുടെ മുറിക്ക് ചുറ്റും നടന്ന് ആ ദിവസം കണ്ട് പിടിച്ച് മുറിയിൽ എന്തൊക്കെ നടക്കുന്നുവെന്നും അറിയണമെന്നും എന്നോട് പറഞ്ഞിരുന്നു...
....പിന്നെ ഗന്ധർവ്വ ഭക്തിയുള്ളവർ രാത്രി മൂന്നിനും നാലിനുമാണ് ഗന്ധർവ്വ കാവിൽ പോകാറുള്ളതെന്നും . ആ ദിവസം അവർ നേരത്തെ ഉറങ്ങുകയും പാതിരാത്രിക്ക് ഉണരുകയും പിന്നെ ഗന്ധർവ്വ ചിന്തയിൽ ശരീരവും പരിസരവും മറന്ന് ആ പ്രണയ ഭക്തി ആസ്വദിക്കുകയാണ് ചെയ്യുന്നതെന്നും....
....ആ ദിവസമായിരിക്കും ആരുമറിയാതെ വാതിൽ തുറന്ന് ഗന്ധർവ കാവിൽ രാത്രി മൂന്നിനും നാലിനുമിടയിൽ പോവുകയെന്നും, ഏകദേശം ഒരു മണിക്കൂറോളം അവിടെ ചലവഴിച്ച് തിരികെ വന്ന് കിടക്കുകയും സാധാരണ എണീക്കുന്ന സമയത്ത് എഴുന്നേറ്റ് സാധാരണ പോലെ ജീവിതം ആരംഭിക്കുകയും ചെയ്യുന്നുവെന്നും ബ്രഹ്മദത്തൻ നമ്പൂതിരി എനിക്ക് വിവരിച്ച് തന്നിരുന്നു..."
"എന്നിട്ട് .. മനോജ് എന്ത് പറഞ്ഞു? ജെറോം ആരാഞ്ഞു."
"മീനുവിന്റെ നല്ല കാര്യത്തിനല്ലേ എന്ന് കരുതി ഞാൻ ചെയ്യാമെന്ന് പറഞ്ഞിരുന്നു"
"അപ്പോൾ രാത്രിയിൽ അവിടെ ചെന്നാൽ മുത്തശ്ശനും മുത്തശ്ശിയും ഉണ്ടാവില്ലേ? ആനിയാണ് ചോദിച്ചത്!"
"അവർ രാത്രി ഒമ്പതിന് തന്നെ കിടക്കും , പിന്നെ ഇടയ്ക്ക് ഞാൻ ചില ആവശ്യങ്ങൾക്ക് രാത്രിയിൽ അവിടെ പോകാറുള്ളത് കൊണ്ട് ആർക്കും ഒരു സംശയം തോന്നുകയുമില്ല"
"മനോജ് ഒരാഴ്ച എന്ത് ചെയ്തു?"
ഞാൻ മീനുവിനെ നിരീക്ഷിക്കുകയായിരുന്നു. അവസാനം അവൾ ഗന്ധർവ്വ കാവിൽ പോവുന്ന ദിവസം കണ്ടെത്തി.
എല്ലാ ആഴ്ചയിലും വ്യാഴാഴ്ച ദിവസമാണ് അവൾ പോകുന്നതെന്ന് രണ്ട് ആഴ്ച നിരീക്ഷിച്ചതിന് ശേഷം മനസ്സിലായി. അതും എത്ര സമയ കൃത്യനിഷ്ഠത.
അവൾ ഗന്ധർവ്വ കാവിൽ ചെല്ലുന്നത് വരെ പിന്തുടർന്നിരുന്നോ ? എബ്രഹാം കോശി ഇടപെട്ടു.
ആദ്യ ആഴ്ച പോയില്ല, കുറച്ച് പേടി ഉണ്ടായിരുന്നു. എന്നാൽ രണ്ടാമത്തെ ആഴ്ച പോയി നോക്കിയിരുന്നു.
മീനു എന്താണ് അവിടെ ചെയ്തിരുന്നത്?
ആരോടോ സംസാരിക്കുന്നത് പോലെ കേട്ടു. ഇഷ്‍ട ദേവനോട് മനസ്സ് തുറക്കുന്ന പോലെ എന്തൊക്കെയോ പിറുപിറുക്കുന്നത് മാത്രമേ കേട്ടുള്ളൂ.
ഓഹ് , മീനു എങ്ങനെയാണ് പോയത് , കയ്യിൽ ടോർച്ചോ മറ്റോ ഉണ്ടായിരുന്നോ?
ഇല്ല കൂരാ കൂരിരുട്ടതാണ് പോയത്. പകലിൽ നടക്കുന്ന പോലെ വളരെ ലാഘവത്തോടെ!
ഇരുട്ടാണെങ്കിൽ മനോജ് എങ്ങനെ കണ്ടു?
അന്ന് ചെറിയ നിലാവുണ്ടായിരുന്നു. അവ്യക്തമായി കാണാമായിരുന്നു.
എന്നിട്ട് എന്ത് ചെയ്തു?
കാര്യങ്ങളൊക്കെ ബ്രഹ്മദത്തൻ നമ്പൂതിരിയെ അറിയിച്ചു.
നമ്പൂതിരി എന്ത് പറഞ്ഞു.
എറണാകുളത്തേക്ക് ഒരോട്ടമുണ്ടെന്ന് പറഞ്ഞു.
എന്തിന് വേണ്ടിയായിരുന്നു?
അവിടെയൊരു ഹോട്ടലിൽ ഒരാളെ കാണാനുണ്ടെന്നും, രണ്ട് ദിവസം കഴിഞ്ഞേ മടങ്ങി വരികയുള്ളുവെന്നും പറഞ്ഞിട്ടാണ് ഞങ്ങൾ പോയത്. അവിടെ , സൂര്യ ഇന്റർനാഷണൽ ഹോട്ടലിലായിരുന്നു താമസം.
നമ്പൂതിരി ആരെ കാണാനാണെന്ന് പറഞ്ഞിരുന്നോ?
ഇല്ല, എന്നാൽ ...എന്നാൽ
എന്നാൽ... പറയൂ!
"ഞാൻ റൂമിൽ നിന്ന് പുറത്തൊരു സാധനം വാങ്ങുവാനായി രാത്രി പുറത്തിറങ്ങിയതും ബ്രഹ്മദത്തൻ നമ്പൂതിരി ഒരു സ്ത്രീയുമായി താഴേക്ക് പോകുന്ന പോലെ തോന്നി. അതാരെന്നറിയുവാൻ ഞാൻ അവരറിയാതെ പിന്തുടർന്ന് ചെന്നപ്പോൾ വിദേശത്ത് ജോലി ചെയ്യുന്ന മീനുവിന്റെ അമ്മ ദിവ്യ ചേച്ചിയായിരുന്നു"
"ഓ മൈ ഗോഡ് ...!! " ജെറോം അറിയാതെ പറഞ്ഞ് പോയി.
എന്നാൽ ഞാൻ അവരെ കണ്ടതായി ഇത് വരെ അവർ അറിഞ്ഞിട്ടില്ല. അന്നേരം എനിക്കെന്തോ ദുരൂഹത തോന്നിയിരുന്നു. കാരണം ദിവ്യ നമ്പൂതിരി ഭർത്താവുമായി ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ മാത്രമേ ഇല്ലത്ത് വരാറുണ്ടായിരുന്നുള്ളു. എന്നാൽ അന്ന് ദിവ്യ നമ്പൂതിരിയെ മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ.
"അവർ എന്താണ് സംസാരിച്ചതെന്ന് മനോജ് കേട്ടിരുന്നോ?"
"ഇല്ല സർ, എനിക്കൊന്നും കേൾക്കുവാൻ സാധിക്കുമായിരുന്നില്ല"
"എന്നിട്ട് എന്ത് സംഭവിച്ചു?"
ഞാൻ തിരികെ മുറിയിലേക്ക് വന്നു.
"ദിവ്യ നമ്പൂതിരി, എത്ര ദിവസം അവിടെ ഉണ്ടായിരുന്നു?
"അതിന് ശേഷം ഞാൻ കണ്ടില്ല. രണ്ട് ദിവസമെന്ന് പറഞ്ഞെങ്കിലും പിറ്റേ ദിവസം തന്നെ ഞങ്ങൾ തിരികെ പോന്നതായിരുന്നു"
"ഇത്രയുമേ എനിക്കറിയാവൂ. ബാക്കിയൊന്നും എനിക്കറിയില്ല സാർ. അന്ന് ബ്രഹ്മദത്തൻ നമ്പൂതിരിയെ കൊണ്ട് വിട്ട് ഞാനും ഭാര്യയും കൂടി അവളുടെ വീട്ടിൽ പോയിട്ട് ഒരാഴ്ച കഴിഞ്ഞാ വന്നത്. ഞങ്ങൾ വന്നതും മീനുവിന്റെ മരണവാർത്തയാണ് കേട്ടത്. ഇതാണ് സാർ സത്യം. എന്നെ വിശ്വസിക്കണം"
"ഉം, ഇവിടെ നടന്നതൊന്നും വേറെയാരും അറിയാൻ പാടില്ല. അറിഞ്ഞാൽ തനിക്ക് തന്നെയാണ് ദോഷം. ഇനിയങ്ങോട്ട് ഞങ്ങളോടൊപ്പം സഹകരിക്കണം. നമ്മൾ തമ്മിലുള്ള ബന്ധം ടാക്‌സിയും യാത്രക്കാരും തമ്മിലുള്ള ബന്ധം മാത്രം. മനസ്സിലായല്ലോ"
"ഉവ്വ് സർ, ഞാനാരോടും പറയില്ല"
മനോജുമായുള്ള സംസാരം കഴിഞ്ഞ് അവർ നേരിട്ട് വടക്കാഞ്ചേരിക്ക് പൊന്നു. മനോജിനുള്ള വാടകയും ടിപ്പും കൊടുത്ത് അവർ മൂവരും ജെറോമിന്റെ വീട്ടിലേക്ക് തിരിച്ചു.
ഡോ. എബ്രഹാം കോശി ഒരിക്കൽ കൂടി തന്റെ റോൾ നന്നായി ചെയ്തതിന്റെ സന്തോഷത്തിൽ തിരികെ പോയി.
അവസാനം ജെറോമും ആനിയും മാത്രം വീട്ടിലായി.
"അന്നാമ്മേ,നമ്മൾ അജു ഫ്രാൻസിസിനെ കാണാൻ പോയിരുന്നെങ്കിൽ ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും എന്റെ ഊഹം ശരിയാവുമായിരുന്നു. കാരണം ഞാൻ വിചാരിച്ചതനുസരിച്ച് ഓപ്പോളിന്റെ അമ്മ ദിവ്യ നമ്പൂതിരി ആരുമറിയാതെ നാട്ടിൽ വന്നിരുന്നു'
"അത് തന്നെ മനോജും വെളിപ്പെടുത്തിരിക്കുന്നു. ഓപ്പോൾ അന്ന് ദർശനയോട് പങ്ക് വെച്ചത് കൊണ്ട് കാര്യങ്ങൾ കൂടുതൽ എളുപ്പമായി"
"ഇച്ചായ, അപ്പോൾ ഓപ്പോളിനെ കൊന്നത് ഒരു ആസൂത്രിത നീക്കമായിരുന്നു അല്ലേ?"
"അതെ! ഓപ്പോളിന്റെ മരണത്തിന് ഒരു കാരണം മാത്രമല്ല, രണ്ടോ മൂന്നോ കാരണമുണ്ടാവാം!"
"അതെന്താണ്?"
"അതിപ്പോൾ പറയുവാൻ പറ്റില്ല. കാരണം അത് കൊന്നവരിൽ നിന്ന് തന്നെ കേൾക്കുന്നതല്ലേ നല്ലത്. അത് കേൾക്കുവാനുള്ള സമയം ഏറ്റവും അടുത്തിരിക്കുന്നു".
"ഇനി നമുക്ക് വേണ്ടത് തെളിവുകളാണ്!"
"എന്ത് തെളിവുകൾ ഇച്ചായാ?"
"ദിവ്യ നമ്പൂതിരി ആരുമറിയാതെ കൊച്ചിയിൽ വന്നെന്നുള്ള യാത്രാ രേഖകൾ. ബ്രഹ്മദത്തനും മനോജും സൂര്യ ഇന്റർനാഷണൽ ഹോട്ടലിൽ താമസിച്ചെന്നുള്ള തെളിവുകൾ"
"അപ്പോൾ മനോജിന്റെ വാമൊഴി തന്നീട് തെളിവല്ലേ ഇച്ചായാ?"
"അത് പോരാ, വാമൊഴി എപ്പോൾ വേണമെങ്കിലും മാറ്റാം. അത് മാത്രമല്ല നമ്മൾ ആധികാരികമായല്ല അന്യോഷിക്കുന്നതും. ഏതെങ്കിലും കാരണവശാൽ നമ്മൾ നിർബന്ധിപ്പിച്ച് പറയിപ്പിച്ചെന്ന് മനോജ് പറയുവാനും പാടില്ല. അതിലുമുപരി മനോജ് പറഞ്ഞതെല്ലാം സത്യമാണോ എന്ന് നമ്മൾ അറിഞ്ഞിരിക്കണം"
"ഓഹ്, അപ്പോൾ കാര്യങ്ങളുടെ സാരമായ വശം അങ്ങനെയാണല്ലേ?"
"അതെ അന്നാമ്മേ"
"ഇനി നമുക്ക് അജു ഫ്രാൻസിസിന്റെ സഹായം വേണം. കൊച്ചിയിലെ സൂര്യ ഹോട്ടലിലെ വിസിറ്റേഴ്സ് ലോഗിൽ നിന്ന് അന്നത്തെ താമസ രേഖകൾ കൈക്കലാക്കണം. അതിന് പറ്റിയ ആളെ കണ്ടെത്തണം"
അപ്പോൾ തന്നെ ആനി ഫോണെടുത്ത് അജു ഫ്രാൻസിസിനെ വിളിച്ചു പിറ്റേ ദിവസം കൊച്ചിയിലേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞു.
ജെറോം ആരേയോ വിളിച്ച് കൊച്ചിയിലെ സൂര്യ ഇന്റർനാഷണൽ ഹോട്ടലിലെ രേഖകളെടുക്കാനുള്ള കാര്യങ്ങളും ചെയ്തു.
"അതെ ഇനിയങ്ങോട്ട് തീ പാറുന്ന രംഗങ്ങളാവും അന്നാമ്മേ!"
"ഒരു കേസന്യോഷണത്തിന്റെ ബുദ്ധിമുട്ട് ഇത്രയുമുണ്ടെന്ന് ഞാനിപ്പോഴാ മനസ്സിലാക്കുന്നത് ഇച്ചായ. നോവലുകളിൽ വായിക്കുമ്പോൾ ഇതൊക്കെ ആരേലും അറിയുന്നുണ്ടോ അല്ലേ?"
"അതെ അന്നാമ്മേ, ഒരെഴുത്തുകാരനായ എനിക്ക് തന്നെ പ്രായോഗികമായി ഒരു കാര്യം അന്യോഷിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും, രസങ്ങളും , ആകാംഷയും ശരിക്കും മനസ്സിലാകുന്നുണ്ട്"
"ഉം.."
ജെറോം മിഥുനെ വിളിച്ച് മനോജിനെ കണ്ട കാര്യങ്ങൾ ചെറുതായി ഒന്ന് വിശദീകരിച്ചു.
തുടരും

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക