Slider

അഥര്‍വ്വം -ഭാഗം 1

0


ഇരുട്ട് നിറഞ്ഞ ആ കുളത്തില്‍ നിന്ന് അയാള്‍ കരയിലേക്ക് നീന്തി.പടവിലെക്ക് കയറിയതിന് ശേഷം അയാള്‍ നനഞ്ഞ തോര്‍ത്തുമുണ്ട് ഊരിയെടുത്ത്‌ പിഴിഞ്ഞതിനു ശേഷം അതെ തോര്‍ത്ത് അരയ്ക്ക് ചുറ്റി കുളത്തിന്‍റെ ചവിട്ടുപടികള്‍ ഓരോന്നായി ചവിട്ടിക്കയറാന്‍ തുടങ്ങി.ആ രാത്രിയില്‍ കാടുപിടിച്ച ആ ഇടവഴിയിലൂടെ നടന്നുപോകുന്ന അയാളുടെ മന്ത്രിക്കുന്ന ചുണ്ടകളുടെ ശബ്ദം കൂമന്റെയും കാലന്‍ കോഴിയുടെയും മൂളലുകള്‍ക്കിടയില്‍ വികലമായി തോന്നി .അയാളുടെ തോര്‍ത്തില്‍ നിന്ന് ഊര്‍ന്നിറങ്ങിയ ജലകണികകളെ അനുഗമിച്ചുകൊണ്ടെന്ന പോലെ മരതക കണ്ണുകളുള്ള ഒരു കറുത്ത പൂച്ച അയാളുടെ പിറകില്‍ എവിടെ നിന്നോ പ്രത്യക്ഷമായി.അതൊരു പ്രത്യേക രീതിയിലുള്ള ശബ്ദമുണ്ടാക്കി അയാളെ പിന്തുടരാന്‍ തുടങ്ങി.
ഉമ്മറത്തെ വാതില്‍ തുറന്ന് ഉപാസന മൂര്‍ത്തി കുടികൊള്ളുന്ന പൂജ മുറിയിലേക്കാണ്‌ അയാള്‍ ആദ്യം നടന്നത് .കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ച ശേഷം ഉപാസന മൂര്‍ത്തിയുടെ അരികത്തായിരുന്ന ഭസ്മം എടുത്ത് കൈകൊണ്ട് നെറ്റിയില്‍ നീളത്തില്‍ ഒരു വര വരച്ചതിന് ശേഷം മറ്റൊരു മുറിയിലേക്ക് അയാള്‍ നടന്നു.മുറിയുടെ മൂലയില്‍ ഉണ്ടായിരുന്ന അരിപൊടി അയാള്‍ കൈയ്യിലെടുത്ത് മന്ത്രവാദ കളത്തിന്‍റെ ഒരുപുറം രേഖയുണ്ടാക്കി. മറ്റു പൊടികള്‍ കൊണ്ട് കളം വരച്ചതിന് ശേഷം നടുവിലുള്ള പദ്മത്തില്‍ ദര്‍ഭ വിരിച്ച് നെല്ല് നിറച്ചതിന് ശേഷം അതിന് മുകളില്‍ കോടിവസ്ത്രം കൊണ്ട് പീഠമൊരുക്കി അതിലേക്ക് കടുക്,എള്ള് ,അരി അയാള്‍ പതിയെ നിക്ഷേപിച്ചു. കഴുതപ്പല്ല് കൊണ്ടുണ്ടാക്കിയ ജപമാല കഴുത്തില്‍ അണിഞ്ഞ് അയാള്‍ വീടിന്‍റെ അഗ്നികോണിന് അഭിമുഖമായി ഇട്ടിരുന്ന പോത്തിന്‍ തോലിലിരുന്നു .കണ്ണിമീനും മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത ചോറുകൊണ്ടു പ്രതിരൂപമുണ്ടാക്കി അതിന്‍റെ സന്ധുക്കളില്‍ കുരുത്തോല കെട്ടിയ ശേഷം ഹോമകുണ്ഡത്തിനോരത്തായി വെച്ചു.കരിങ്ങാലിച്ചമത കടുക്കെണ്ണയില്‍ മുക്കി അയാള്‍ ഹോമം തുടങ്ങി.കവിടി നിരത്തി വ്യാഴം പ്രസാദിച്ചിട്ടുണ്ടെന്നു ഉറപ്പ് വരുത്തിയ ശേഷം ഹോമകുണ്ഡത്തിന് അരികിലേയ്ക്ക് ഒരു പെണ്‍കുട്ടിയുടെ ശരീരം കൊണ്ടുവന്നു കിടത്തി.അവളുടെ വലത് ചെവിയിലും ഇടത് ചെവിയിലും ഏതോ മന്ത്രം അയാള്‍ മൂന്ന്‍ തവണ ചൊല്ലിയ ശേഷം അവളുടെ മുഖത്ത് ഒരു പ്രത്യേക ഇനം മിശ്രിതം അയാള്‍ പുരട്ടി .വീണ്ടും പോത്തിന്‍ തോലില്‍ വന്നിരുന്ന ശേഷം മന്ത്രം ചൊല്ലികൊണ്ട്‌ നേരത്തെ ഉണ്ടാക്കി വെച്ച പ്രതിരൂപത്തില്‍ അയാള്‍ എട്ട് മുള്ളുകള്‍ തറച്ചു .ഹോമകുണ്ഡത്തിലെ അഗ്നി ആളിക്കത്താന്‍ തുടങ്ങി .അയാളുടെ മുഖത്തിന്‍റെ ഭാവം മാറുവാന്‍ തുടങ്ങി .കോപം കൊണ്ട് ജ്വലിച്ച അയാളുടെ അലര്‍ച്ചയില്‍ കൂമനും കാലന്‍ കോഴിയും നിശബ്ദമായി
---------------------------------
അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് ക്വാർട്ടേഴ്‌സിലേക്ക് പോവുകയായിരുന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ അഗസ്റ്റിന്‍ .സ്റ്റേഷനില്‍ നിന്ന് ഏകദേശം അരമണിക്കൂര്‍ യാത്ര ചെയ്യുവാനുള്ള ദൂരമുണ്ട് ക്വാർട്ടേഴ്‌സിലേക്ക്.ടൌണില്‍ നിന്ന് അര കിലോമീറ്റര്‍ കഴിഞ്ഞാല്‍ പിന്നീട് അങ്ങോട്ട്‌ നാല് കിലോമീറ്ററോളം ഇരുവശങ്ങളിലും ഇടതൂര്‍ന്ന് നില്‍ക്കുന്ന റബ്ബര്‍ മരങ്ങളാണ് .അതിനിടയില്‍ ഒരു കടയോ ഒരു വീടോ ഒന്നുപോലും ഇല്ലാത്തൊരു വിജനമായ ഒരു സ്ഥലമായിരുന്നു അത് .ഭയം അകറ്റാനെന്ന പോലെ ചുണ്ടിലൊരു മൂളിപ്പാട്ടും പാടികൊണ്ടാണ് ജീവന്‍ വണ്ടിയോടിക്കുന്നത് .കുറച്ച് ദൂരം ആ വഴിയിലൂടെ പോയി കാണും പോലിസ് ജീപ്പിന്‍റെ വെളിച്ചത്തില്‍ റോഡിന് ഓരത്തിലൂടെ നടന്നു പോകുന്ന ഒരു പെണ്‍കുട്ടിയെ ജീവന്‍ കണ്ടു.മറ്റൊന്നും ആലോചിക്കാതെ ജീവന്‍ ആ പെണ്‍കുട്ടിയുടെ അരികത്തായി ജീപ്പ് കൊണ്ട് വന്നു നിറുത്തി.അരികത്തായി പെട്ടെന്നൊരു ജീപ്പ് വന്നു നിറുത്തിയത് കൊണ്ടാവണം ആ പെണ്‍കുട്ടി ഒരു സ്റ്റെപ്പ് പിന്നിലേക്ക് കാല്‍ വെച്ചു.ജീവന്‍ അവളെ ഒന്ന് നോക്കി.അവളുടെ വെളുത്ത ശരീരത്തിന് ചേരുന്ന ചുവന്ന ധാവണി ആയിരുന്നു അവള്‍ ധരിച്ചിരുന്നത് .നീണ്ട മൂടിയിഴയില്‍ മുല്ലപ്പൂവ് വെച്ചിട്ടുണ്ട്.അവളുടെ ചുവന്ന മൂക്കുത്തി ചന്ദ്രന്‍ ഇല്ലാത്ത ആ രാത്രിയിലും പ്രകാശിക്കുന്നുണ്ടായിരുന്നു.അവളുടെ നീണ്ട നെറ്റിയിലെ ചന്ദനക്കുറി അവളുടെ മുഖത്തിന്‍റെ ഐശ്വര്യം കൂട്ടുന്നതായിരുന്നു
“എങ്ങോട്ടാ ?..ഇവിടെ നിന്നാ ഈ സമയത്ത് ? “ ജീവന്‍ ആ കുട്ടിയോട് ചോദിച്ചു
“കൂട്ടുക്കാരിയുടെ കല്യാണം കഴിഞ്ഞു വരുകയായിരുന്നു അല്പം വൈകിയതുകൊണ്ട് അവസാന ബസ്സും പോയിരുന്നു ..ഓട്ടോയ്ക്ക് കാത്തെങ്കിലും കിട്ടിയില്ല ..പിന്നീട് നടക്കാമെന്ന് വെച്ചു “ അവള്‍ മറുപടി നല്‍കി
“ഈ രാത്രിയിലോ ? അതും ഇതുപോലെ വിജനമായ ഒരു സ്ഥലത്തിലൂടെ നടക്കാമെന്ന തീരുമാനം എന്തൊരു വിഡ്ഢിത്തമാണ് കുട്ടി ..കയറൂ ഞാന്‍ കൊണ്ടാക്കാം “ജീവന്‍ അവളോട്‌ ജീപ്പിലെക്ക് കയറാന്‍ ആവശ്യപ്പെട്ടു .മടിച്ചു നിന്ന അവളോട്‌ ജീവന്‍ തുടര്‍ന്നു
“ഭയക്കണ്ട ..കയറൂ ഞാന്‍ കൊണ്ടുവിടാം “
അല്പം മടിച്ചാണെങ്കിലും അവള്‍ ജീവന്‍റെ ജീപ്പിലെക്ക് കയറി .
“എവിടെയാ വീട് ? “ ജീവന്‍ അവളോട്‌ ചോദിച്ചു
“അടുത്ത് തന്നെയാ “ അവള്‍ മറുപടി നല്‍കി
“അടുത്തെന്ന് വെച്ചാല്‍ ? സ്ഥലത്തിന് പേരില്ലേ ? “
“കുറച്ചൂടെ പോകണം ..സ്ഥലം എത്തിയാല്‍ പറയാം “
“ശരി ..എത്തിയാല്‍ പറയൂ ..പേരെന്താ തന്‍റെ ? “
“ദുര്‍ഗ്ഗ ..സാര്‍ പോലീസ് ആണല്ലേ ? “
“പോലീസ് ജീപ്പ് ..കാക്കി വേഷം ..ഇനിയും സംശയമാണോ ? അതെ പോലീസാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ അഗസ്റ്റിന്‍ “ ജീവന്‍ അവനെ പരിചയപ്പെടുത്തും പോലെ പറഞ്ഞു
“കേട്ടിട്ടുണ്ട് സാറിനെ പറ്റി ഒരുപാട് “ അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു
“എന്നെ പറ്റിയോ ? എങ്ങനെ ? “ ജീവന്‍ ആകാംഷയോടെ ചോദിച്ചു
“ഇവിടെ അടുത്തുള്ള ബോയ്സ് ഹോസ്റ്റലിലെ കൊലപാതകം അന്വേഷിച്ചത് സാറല്ലേ ..ഒടുവില്‍ കൊലയാളിയായ ഒടിയനെയും പിടിച്ചത് അറിഞ്ഞിരുന്നു ..ഒടിയനെ പിടിച്ച പോലീസ് എന്നായിരുന്നു അന്ന് പത്രങ്ങളിലെ തലക്കെട്ട്‌ തന്നെ “
“അതെ ..വളരെ ചലഞ്ചിംഗ് ആയൊരു കേസ് ആയിരുന്നു അത് ..ശാസ്ത്രം ഇത്ര വളര്‍ന്നും ഇന്നും ഇതുപോലെയുള്ള ബ്ലാക്ക്‌ മാജിക്ക് ട്രിക്ക്സ് ചെയ്യുവാന്‍ കഴിയുന്നവര്‍ ജീവനോടെ ഉണ്ടെന്ന വസ്തുത ഷോക്കായിരുന്നു എനിക്ക്”
“മനുഷ്യനും ശാസ്ത്രവും കണ്ടെത്തിയ കാര്യങ്ങള്‍ കുറച്ചാണ് സാര്‍ ..വളരെ കുറച്ച് ..മനുഷ്യനും ശാസ്ത്രത്തിനും നിര്‍വചിക്കാന്‍ ആവാത്ത പലതും ഭൂമിയിലുണ്ട് “ പുറത്തെ റബ്ബര്‍ മരങ്ങള്‍ക്കിടയിലേക്ക് നോക്കികൊണ്ട്‌ അവള്‍ പറഞ്ഞു
“ദുര്‍ഗ്ഗ എന്താണ് ഉദേശിച്ചത് ? “ ജീവന് അവള്‍ പറഞ്ഞത് മനസ്സിലാവാത്തത് കൊണ്ട് ചോദിച്ചു
“ഒന്നുമില്ല സാര്‍ ..ഞാന്‍ വെറുതെ “ പുറത്തെ റബ്ബര്‍ മരങ്ങള്‍ക്കിടയിലേക്ക് നോക്കി കൊണ്ട് ദുര്‍ഗ്ഗ മറുപടി മുഴുവനാക്കാതെ പറഞ്ഞു
“ആരുടെതായിരുന്നു കല്യാണം ? തനിച്ച് ഈ വഴിയിലൂടെ പകലുപോലും പോകുവാന്‍ ഭയം തോന്നും ..ദുര്‍ഗ്ഗയ്ക്ക് ഭയം തോന്നിയില്ലേ ഈ വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാന്‍ ? “
“ഭയം തലച്ചോറിന്‍റെ ഒരു പ്രവര്‍ത്തനമല്ലേ സാര്‍ ..ആത്മാവിന് ഭയം ഇല്ലെങ്കില്‍ ശരീരത്തിന് എങ്ങനെ ഭയം വരും..ബലമില്ലാത്ത ആത്മാവിന്‍റെ വെറും തോന്നലാണ് സാര്‍ യാഥാര്‍ത്ഥത്തില്‍ ഭയം “
അവള്‍ പറഞ്ഞത് മനസ്സിലാവാതെ ജീവന്‍ അവളെ നോക്കി .പ്രസന്നമായ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വരുത്തി അവളും ജീവനേ നോക്കി
“സമയം എത്രയായി കാണും ? “ അവള്‍ ജീവനോട്‌ ചോദിച്ചു .ജീവന്‍ വാച്ചിലേക്ക് നോക്കി
“പന്ത്രണ്ടിന് അഞ്ച് മിനിറ്റ് ..എന്തേ ചോദിച്ചത് ? “
“ഒന്നുമില്ല “ അത് പറയുമ്പോള്‍ അവളുടെ മുഖത്തെ ചിരിമാഞ്ഞത് ജീവന്‍ ശ്രദ്ധിച്ചു
“ആ സ്ട്രീറ്റ് ലൈറ്റിന് സമീപത്തായി നിറുത്താമോ “
“അവിടെയാണോ ദുര്‍ഗ്ഗയുടെ വീട് ? “
അവള്‍ അതെയെന്ന്‍ തലയാട്ടി .ജീവന്‍ അവള്‍ പറഞ്ഞ ലൈറ്റിന് സമീപം വണ്ടിയൊതുക്കി
“എവിടെ ? തന്‍റെ വീട് എവിടെ ? “
“ഈ വഴി കുറച്ച് ഉള്ളിലേക്ക് പോകണം ..ഇവിടെ നിന്ന് വണ്ടി പോകില്ല “ ഒരു ഇടവഴി കാണിച്ചു കൊണ്ട് അവള്‍ പറഞ്ഞു
“ഞാന്‍ കൂടെ വരാം “ ജീവന്‍ ജീപ്പില്‍ നിന്ന് ഇറങ്ങാന്‍ തുനിഞ്ഞതും അവള്‍ അവനെ തടഞ്ഞു
“വേണ്ട സാര്‍ ..ഞാന്‍ പോയിക്കോള്ളാം ..അസമയത്ത് ആരുടെയെങ്കിലും കൂടെ എന്നെ കണ്ടാല്‍ അച്ഛന് ഇഷ്ടാവില്ല അതുകൊണ്ടാ “
“ശരി ..കാണാം ഇനിയും “ ജീവന്‍ ജീപ്പ് സ്റ്റാര്‍ട്ട്‌ ചെയ്ത് അവിടെ നിന്ന് പോയി.അവള്‍ ആ ജീപ്പ് അവളുടെ കണ്ണില്‍ നിന്ന് മറയും വരെ നോക്കി നിന്നു
-------------------------------------
എന്നത്തേയും പോലെ വെള്ളമടിയും പാര്‍ട്ടിയും കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അജയന്‍ .പരമാവധി ശബ്ദത്തില്‍ ഏതോ ഇംഗ്ലീഷ് പാട്ടും കാറില്‍ വെച്ചിട്ട് വേഗത്തില്‍ തന്നെയാണ് അയാള്‍ വണ്ടിയോടിക്കുന്നത് .പെട്ടെന്ന് സ്ട്രീറ്റ് ലൈറ്റിന്റെ താഴെയായി നിന്നിരുന്ന ഒരു പെണ്‍കുട്ടി അവന്‍റെ വണ്ടിയ്ക്ക് കൈക്കാട്ടി .അജയന്‍ അവളുടെ കുറച്ച് മുന്നിലായി കാര്‍ കയറ്റി നിറുത്തി ഗ്ലാസ്സ് പതിയെ ഇറക്കി .
“ടൌണില്‍ നിന്ന് വരുകയാ ..അവസാനം ബസ്സും പോയി ..വിരോധമില്ലെങ്കില്‍ എന്നെയൊന്ന് കൊണ്ടുവിടാമോ ..ഈ വഴിയില്‍ തന്നെയാ എന്‍റെ വീടും “ ആ പെണ്‍കുട്ടി അജയനോട്‌ ചോദിച്ചു .അവളുടെ മുടിയിലെ മുല്ലപ്പൂവിന്റെ വാസന അയാളുടെ നാസാരന്ധ്രങ്ങളിലൂടെ അയാള്‍ വലിച്ചു കയറ്റികൊണ്ട്‌ ഒരു കള്ളച്ചിരിയോടെ അയാള്‍ ചോദിച്ചു
“എവിടെ നിന്നാ ഈ രാത്രയില്‍ മുല്ലപ്പൂവും ചൂടി ? “
“ടൌണില്‍ നിന്നാ “ അവളും അല്പം ശൃംഗാരം കലര്‍ത്തി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു
“എന്നാ കയറിയാട്ടെ ..ഞാന്‍ കൊണ്ടുവിടാം “ അജയന്‍ അവള്‍ക്ക് കാറിന്‍റെ ഡോര്‍ തുറന്നുകൊടുത്തു .കാര്‍ പതിയെ ചലിക്കാന്‍ തുടങ്ങി
“പേരെന്താ ചേച്ചിയുടെ “
“ദുര്‍ഗ്ഗ “
“ദുര്‍ഗ്ഗ കൊള്ളാം ..എന്‍റെ പേര് അജയന്‍ ..ഇപ്പോ വീട്ടിലേക്ക് തന്നെ പോകണോ ? “ അജയന്‍ വീണ്ടുമൊരു കള്ളച്ചിരിയോടെ ചോദിച്ചു
“വീട്ടിലേക്ക് പോകണമെന്ന് നിര്‍ബന്ധമില്ല ..അജയന്‍ എങ്ങോട്ടാ പോകുന്നേ ? “
“ഞാന്‍ എന്‍റെ വീട്ടിലേക്ക് ..വീട്ടില്‍ ആരുമില്ല ..അച്ഛനും അമ്മയും ഒരു ബന്ധുവിന്‍റെ വീട്ടിലേക്ക് പോയിരിക്കുകയാണ് നമ്മുക്ക് നേരെ വീട്ടിലോട്ട് പോയാലോ ? “
“വീട് വേണ്ട അജയന്‍ ..എനിക്ക് വേറെയൊരു സ്ഥലം അറിയാം ..നമുക്ക് അങ്ങോട്ട്‌ പോയാലോ ? “
“ദുര്‍ഗ്ഗ പറയുന്ന സ്ഥലത്തേയ്ക്ക് ഈ അജയന്‍ വരും “ അജയന്‍ കാറിന്‍റെ വേഗത കൂട്ടി
“ഇവിടെ നിറുത്താം “ ഒരു സ്ഥലത്തെത്തിയപ്പോള്‍ അവള്‍ കാര്‍ നിറുത്തുവാന്‍ ആവശ്യപ്പെട്ടു
“അജയന്‍ കൂമന്‍ പാറ കണ്ടിട്ടുണ്ടോ “ അവള്‍ അജയനോട്‌ ചോദിച്ചു
“കൂമന്‍ പാറയോ ..അത് ഈ റബ്ബര്‍ കാട്ടിലെവിടെയോ അല്ലേ ..കേട്ടിട്ടുണ്ട് ഇതുവരെ പോയിട്ടില്ല “
“എന്നാല്‍ നമുക്ക് അങ്ങോട്ട്‌ പോയാലോ “
“അത് വേണോ ? ഈ ഇരുട്ടത്ത് അങ്ങോട്ട്‌ പോകണോ ?..വേണമെങ്കില്‍ നാളെ പകല് പോവാം “
“അജയന് പേടിയുണ്ടോ ? “
“അതില്ല ..എന്നാലും “ അജയനൊന്ന് മടിച്ചു നിന്നു
“പേടിയാണെങ്കില്‍ അജയന്‍ പൊക്കോ ..ഞാന്‍ പോകുകയാണ് “ അവള്‍ അതും പറഞ്ഞു റബ്ബര്‍ കാടിന്‍റെ അകത്തേക്ക് നടന്നു .ഒരു നിമിഷം ആലോചിച്ചശേഷം ശേഷം അജയനും അവളെ അനുഗമിച്ചു
------------------------------
പിറ്റേന്ന് കാലത്ത്
തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയിലൂടെ ജീവന്‍റെ ജീപ്പ് വന്നുനിന്നു .ജീവനെ കണ്ടതും സബ് ഇന്‍സ്പെക്ടര്‍ മാധവന്‍ ജീവന്‍റെ അടുത്തേക്ക് നടന്നുവന്നു
“വരൂ സാര്‍ “ മാധവന്‍ ജീവന് ആളുകളെ നീക്കി വഴിയൊരുക്കി.മാധവന്‍ ജീവനെ മരിച്ചുകിടക്കുന്ന അജയന്‍റെ അടുത്തേക്ക് കൊണ്ടുപോയി.ജീവന്‍ കട്ടിലില്‍ മരിച്ചുകിടക്കുന്ന അജയന്‍റെ അടുത്തേക്ക് നടന്നു
“കൊലപാതകം ആണെന്ന് പറയാന്‍ കാരണം ? “ ജീവന്‍ അജയന്‍റെ ശരീരത്തില്‍ നോക്കികൊണ്ട്‌ മാധവനോട് ചോദിച്ചു
“സാര്‍ ഇത് കണ്ടോ ?“ മാധവന്‍ അജയന്‍റെ കാലുകള്‍ കാണിച്ചുകൊണ്ട് ചോദിച്ചു
(തുടരും )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo