Slider

ഇത് ഞങ്ങളുടെ കഥ(ഭാഗം 14)

0


ഇതുവരെ കാത്തിരുന്ന ആ സുദിനം ഇന്നാണ്..
അതെ രമയുടേയും നീരജിന്റേയും വിവാഹം..
അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. .. അവരുടെ മാത്രമല്ല ഏതൊരു പുരുഷന്റേയും സ്ത്രീയുടേയും ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസം..
ഒരുപാട് സ്വപ്നം കണ്ട ദിവസം...
അതുവരെ കണ്ട സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു ദിവസം....
ഇവിടെ രണ്ടു പേരും വളരെ സന്തോഷത്തോടേയും ഏറെ പ്രതീക്ഷകളോടേയും കൂടി തന്നെയാണ് ഉണർന്നെഴുന്നേറ്റത്..
രമ അന്ന് പതിവിലും നേരത്തെ എഴുന്നേറ്റു. സത്യം പറഞ്ഞാൽ തലേദിവസം രാത്രി ശരിക്കും ഉറങ്ങിയോ എന്നുതന്നെ സംശയമാണ്....
കുറ്റം പറയാൻ ആവില്ലല്ലോ...
രാവിലെ 9.30നും ഉച്ചയ്ക്ക് 12നും ഇടയിലാണ് മുഹൂർത്തം...
ജാതകം കൈമാറുവാൻ രമയുടെ ജാതകം ഇല്ലാതിരുന്നതിനാൽ ജനന തീയ്യതി കണക്കാക്കി പൊരുത്തവും അതുപോലെ മുഹൂർത്തവും നിശ്ചയിക്കുകയായിരുന്നു...
രാവിലെ കുളിച്ചു ശരീരശുദ്ധി വരുത്തി ഉപാസനാ മൂർത്തികൾക്കു മുന്നിൽ വിളക്ക് വെച്ചു പ്രാർത്ഥിച്ചു.
ഏഴു മണി കഴിഞ്ഞപ്പോൾ തന്നെ നീരജിന്റെ വീട്ടിൽ നിന്നും അയച്ച കാറും ഡ്രൈവറും എത്തിച്ചേർന്നു.
വല്ല്യമ്മയോടും ആയൽവാസികളായ മുതിർന്നവരോടും അനുഗ്രഹം വാങ്ങി രമയും കൂടെ സഹപ്രവർത്തകരായ രണ്ടു ടീച്ചേഴ്സും ആദ്യം വടക്കുന്നാഥന്റെ തൊട്ടടുത്തായി ഏർപ്പെടുത്തിയ ഹാളിലേയ്ക്ക് പുറപ്പെടുവാൻ ഒരുങ്ങി. .
വല്ല്യമ്മയെ വളരെ നിർബന്ധിച്ചു വിളിച്ചിട്ടും അത്രയും ദൂരം യാത്ര ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് മൂലം വിവാഹ പന്തലിലേക്ക് പോകുന്നില്ല എന്ന് പറഞ്ഞു...
'മോള് വെഷമിക്കേണ്ട.... ഇവിടെ ഇരുന്നാലും മനസ്സുകൊണ്ട് വല്ല്യമ്മ മോളുടെ കൂടെ തന്നെയുണ്ട്... വിവാഹം ഒക്കെ സന്തോഷമായി കഴിഞ്ഞ് രണ്ടു പേരും കൂടി ഇങ്ങോട്ട് വന്നാമതി. ..വല്ല്യമ്മയ്ക്ക് നിങ്ങളെ ഒരുമിച്ച് കാണാൻ. ....'
സന്തോഷത്തോടെ ഇറങ്ങേണ്ട സമയമാണെങ്കിലും ആരുമില്ലാത്ത ഒരാഥയേപ്പോലെ ഇത്രയും കാലം ജീവിച്ച വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവളുടെ ഉള്ളം പിടഞ്ഞു...
പിടിച്ചു നില്ക്കുവാനാവാതെ കണ്ണുനീർ മണികൾ താഴേക്ക് അടർന്നുവീണു...
'കരയാതെ മോളെ... എന്റെ കുട്ടിക്ക് നല്ലതേ വരൂ..
വല്ല്യമ്മയ്ക്ക് വെറ്റിലയും അടയ്ക്കയും ചേർത്തു ദക്ഷിണ നൽകി കാൽതൊട്ടു വണങ്ങി അനുഗ്രഹം വാങ്ങി.
വല്ല്യമ്മ കണ്ണുനീരോടെ രമയെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു..
വികാര നിർഭരമായ ആ രംഗത്തിനു സാക്ഷ്യം വഹിച്ചവരിൽ പലർക്കും അത് കണ്ടു നില്ക്കാനായില്ല...
ഏല്ലാവരോടും മൗനമായി യാത്ര പറഞ്ഞ് അവൾ കാറിലേക്ക് കയറി....
യാത്രയിൽ ഉടനീളം അവൾ മൗനമായിരുന്നു...
ആ മനസ്സിലെ വികാരങ്ങളും വിചാരങ്ങളും എന്താണെന്ന് ആർക്കറിയാം...
* * ** *
ശ്രീ വടക്കുന്നാഥന്റെ പടിഞ്ഞാറെ നടയിൽ അതീവ മനോഹരമായ ഒരു കതിർമണ്‌ഡപവും അതിനോട് ചേർന്നു വലിയ ഒരു വിവാഹം വേദിയും തയ്യാറായിരുന്നു. ...
നേരത്തെ തന്നെ ഈ വിവാഹ ചടങ്ങുകളുടെ പ്രത്യേകത അറിഞ്ഞതിനാൽ ക്ഷണിക്കപ്പെട്ടവരേക്കാൾ അധികം പേർ അവിടെ സന്നിഹിതരായിരുന്നു....
മുഹൂർത്ത സമയം രണ്ടു മണിക്കൂറിൽ കൂടുതൽ ഉണ്ടായിരുന്നു എങ്കിലും എല്ലാവർക്കും ഒരേ സമയം താലി ചാർത്തുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു...
9.30 നകം തന്നെ രമയും നീരജുമടക്കം മറ്റു പത്തുപേരും അവിടെ തയ്യാറായി എത്തിയിരുന്നു...
മാധ്യമ പ്രവർത്തകരും ഈ അസുലഭ മുഹൂർത്തം ഒപ്പിയെടുത്ത് ഒരു വാർത്തയാക്കുവാനുള്ള തയ്യാറെടുപ്പോടെ നേരത്തെ സ്ഥലം പിടിച്ചിരുന്നു....
നീരജിന്റെ മുഖത്ത് പതിവിലും കവിഞ്ഞ സന്തോഷം ദൃശ്യമായിരുന്നു.
എന്നാൽ എന്തുകൊണ്ടോ രമ അങ്ങനെ ആയിരുന്നില്ല...
ഇത്രയും വലിയ ആൾക്കൂട്ടം കണ്ട് ഭയന്നിട്ടോ അതോ അവളുടെ മനസ്സിൽ മറ്റെന്തെങ്കിലും ഭീതിയുണ്ടോ...?
മണ്ഡപത്തിൽ ഇരുന്ന് അവൾ ചുറ്റിലും ഒന്നു കണ്ണോടിച്ചു..
പക്ഷേ ജനങ്ങളും തിരക്കും ലൈറ്റും എല്ലാം കൂടി ഒന്നും കൃത്യമായി കാണുവാൻ ആവുന്നില്ല...
ഈശ്വരാ.. പ്രവീണെങ്ങാനും....
മനസ്സിൽ വല്ലാത്ത സംഘർഷം...
എന്തു ചെയ്യണം എങ്ങനെ ഈ ചടങ്ങിനെ അഭിമുഖീകരിക്കണം എന്നറിയാത്ത അവസ്ഥ...
വല്ലാത്ത ദാഹം...
തൊണ്ട വരളുന്നതുപോലെ...
തൊട്ടരികിലായി നീരജ് ഉണ്ടെങ്കിലും ആ മുഖത്ത് നോക്കുവാൻ ഒരു ഭയം പോലെ...
ഈശ്വരാ ഞാൻ തെറ്റ് ചെയ്യുകയാണോ...
നീരജിനോട് താൻ ചെയ്യുന്നത് തെറ്റാണോ...
ദൈവമേ...
ഇതുവരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നുപോയി...
ഇതിനിടയിൽ എപ്പോഴോ ആരുടേയോ നിർദ്ദേശം കേട്ടപ്പോൾ നീരജ് അവളുടെ കഴുത്തിൽ ചാർത്തുവാൻ താലിയെടുത്തു...
വായ്ക്കുരവയോടെ നാദസ്വരമേളത്തിന്റെ അകമ്പടിയോടെ നീരജ് രമയുടെ കഴുത്തിൽ താലി ചാർത്തി തന്റെ ജീവിത സഖിയാക്കി...
ഒപ്പം പത്ത് യുവതീ യുവാക്കളും അവരുടെ ജീവിത പങ്കാളിയാക്കി...
നെടുവീർപ്പോടെ ഈശ്വരനോട് നന്ദി പറഞ്ഞ് സേതുലക്ഷ്മി അവരെ അനുഗ്രഹിച്ചു. .
വിവാഹം കഴിഞ്ഞ് വധൂവരൻമാർ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി...
മറ്റു ചടങ്ങുകൾ മുറപോലെ നടന്നു...
കൂടി നിന്നവരുടെ എല്ലാം അനുഗ്രഹാശിസ്സുകളോടെ ആ നവ ദമ്പതികൾ ഓരോരുത്തരായി മണ്ഡപത്തിൽ നിന്നിറങ്ങി. ..
* *** *
വിവാഹം കഴിഞ്ഞ് നീരജും രമയും നേരെ നീരജിന്റെ വീട്ടിലേക്കാണ് പോയത്...
നീരജിന്റെ വീടിനേക്കുറിച്ച് രമയ്ക്ക് ഒരു ധാരണയുമില്ലായിരുന്നു..
നീരജിന്റെ വീടിനു പുറത്ത് എത്തിയപ്പോഴാണ് രമ നീരജിന്റെ വീട് ശ്രദ്ധിച്ചത്...
വളരെ ഉയരത്തിലായി ചുറ്റും മതിൽകെട്ടി അതിന് നടുവിലായി ഏകദേശം എട്ടടിയിൽ കൂടുതൽ ഉയരമുള്ള ഗേറ്റ് ഉണ്ടായിരുന്നു. .
ഗേറ്റിന് പുറത്ത് വരുന്നവരെ വീട്ടിലിരുന്നു തന്നെ കാണുന്നതിനായി ക്യാമറ ഉണ്ടായിരുന്നു.
പുറത്ത് കാറുകളുടെ ശബ്ദം കേട്ട മാത്രയിൽ തന്നെ അകത്തുനിന്ന് സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നു കൊടുത്തു. ..
കാർ അകത്തേക്ക് കയറിയതും നീരജിന്റെ വീടുകണ്ട് രമ അതിശയിച്ചുപോയി...
ഇത് വീടോ...അതോ കൊട്ടാരമോ...
ഈശ്വരാ... ഇവിടേക്കാണോ ഞാൻ...!
വധൂവരൻമാരെ സ്വീകരിക്കാൻ ധാരാളം പേർ അവിടെ ഉണ്ടായിരുന്നു...
രമയേയും നീരജിനേയും സ്വീകരിക്കുന്നതിനായി നീരജിന്റെ അമ്മയുടെ കൈവശം അവരുടെ സഹോദരി രണ്ടു തിരിയിട്ട നിലവിളക്ക് നൽകി...
വീടിന്റെ ഐശ്വര്യമായി വലതുകാലുവെച്ച് നിലവിളക്കുമായി വരുന്നതിനായി സേതുലക്ഷ്മി നിലവിളക്ക് രമയുടെ കൈയിൽ കൊടുത്തു..
സാരി തടഞ്ഞു വീഴാതെ ശ്രദ്ധിച്ചു കയറണമെന്ന് കൂട്ടത്തിൽ ആരോ പറയുന്നുണ്ടായിരുന്നു.
വീടിനകത്തേക്കുള്ള പടികൾ ഓരോന്നായി ശ്രദ്ധാപൂർവ്വം കയറുന്നതിനിടയിൽ എങ്ങനെയോ നിലവിളക്കിലെ മുന്നിലേക്കുള്ള തിരി അണഞ്ഞുപോയി...
'അയ്യോ...' ആരോ പറഞ്ഞു...
രമയ്ക്കും വല്ലാതെ വിഷമം തോന്നി...
നിലവിളക്കിൽ നിറയെ എണ്ണ ഒഴിച്ചിരുന്നു . രമ നടന്ന സമയത്ത് തിരി എണ്ണയിലേക്ക് ഇഴുകിയതായിരുന്നു..
പക്ഷേ പലരുടെയും മുഖത്ത് എന്തോ ഒരു വിഷാദഭാവം..
പെട്ടെന്ന് ആരോ പറഞ്ഞു..
'സാരമില്ല മോളെ... മോള് അവിടെ നിൽക്കൂ.. തിരി കത്തിച്ചതിനു ശേഷം അകത്തേക്ക് വന്ന് ആ വിളക്ക് പൂജാമുറിയിൽ വെച്ചേക്കൂ...'
അല്പം കഴിഞ്ഞ് തിരി വീണ്ടും തെളിയിച്ച് നിറദീപവുമായി രമ അകത്ത് പ്രവേശിച്ചു..
വധൂവരൻമാർക്കായി അവിടെ പ്രത്യേകം ഇരിപ്പിടങ്ങൾ തയ്യാറാക്കിയതിലായി അവർ ഇരുന്നു...
പിന്നീടും ചടങ്ങുകൾ ഏറെ....
* * * ****
പകൽ സന്ധ്യയോടും സന്ധ്യ രാത്രിയോടും വിടചൊല്ലി......
ഇനി അവരുടെ മധുവിധു രാത്രി. .....
അവിടെ അന്യർക്ക് പ്രവേശനമില്ല......
നാളെ നേരം പുലരട്ടെ.... നമുക്ക് വീണ്ടും അവിടെ പോയി അവരുടെ പുതിയ വിശേഷങ്ങൾ അറിയാം........
(തുടരും. .........)
***മണികണ്ഠൻ അണക്കത്തിൽ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo