Slider

സ്നേഹം

0
സ്നേഹം
***********
രാവിലെ അമ്മ വിളിച്ചുണർത്തിയിട്ട് പറഞ്ഞു...
" വേഗം എഴുന്നേൽക്കാൻ.. ഇന്ന് നിൻ്റെ ചേട്ടന് പെണ്ണ് കാണാൻ പോകാനുള്ളതാണ്.."
ഞാൻ പറഞ്ഞു..
"നിങ്ങൾ പൊക്കോളൂ.. ഞാൻ കുറച്ചു കൂടി ഉറങ്ങട്ടെ.. ഞാൻ വന്നാൽ ചിലപ്പോൾ പെൺകുട്ടിക്ക് എന്നെ ഇഷ്ടപ്പെട്ടാലോ.."
അത് കേട്ട് അച്ഛൻ വന്ന് പറഞ്ഞു..
"അയ്യോ.. ഒരു ഷാരുഖാൻ വന്നേക്കുന്നു.. എഴുന്നേറ്റു കുളിച്ചു റെഡിയായിക്കോണം.."
അച്ഛൻ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലല്ലോ.. മനസ്സില്ലാമനസ്സോടെ ഞാനും ഒരുങ്ങി ഇറങ്ങി..
ചേട്ടൻ രാവിലെ തന്നെ കുളിച്ച് ഒരുങ്ങി മേക്കപ്പ് ഒക്കെ ഇട്ടു സുന്ദരകുട്ടപ്പനായി ഇരിക്കുന്നു..
ഞാൻ കളിയാക്കി..
" നാണമില്ലല്ലോ ഇങ്ങനെ പെണ്ണ് കണ്ട് നടക്കാൻ.. എന്നെ കണ്ട്പഠിക്ക്.. ഒറ്റത്തടി ഇതുവരെ ഒരു പെൺകുട്ടിയുടെ പുറകെ നടന്നിട്ടില്ല.. സിംഗിൾ ജീവിതം അടിച്ച് പൊളിച്ചു നടക്കുന്നു.."
ചേട്ടൻ ദേഷ്യപ്പെട്ട് പറഞ്ഞു..
"നല്ല ഒരു കാര്യത്തിന് പോകുന്നത് കൊണ്ട് ഞാൻ ക്ഷമിക്കുന്നു തിരിച്ചു വരുമ്പോൾ കാണിച്ചു തരാട്ടാ.. "
അങ്ങനെ ഞങ്ങൾ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്നതും പെൺകുട്ടിയുടെ അച്ഛനും അമ്മയും വീടിനു മുൻപിൽ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. ഞങ്ങൾ എല്ലാവരും അവിടെ കയറി ഇരുന്നു.. അപ്പോൾ പെൺകുട്ടി ചായയുമായി ഞങ്ങളുടെ മുന്നിലേക്ക് വന്നു.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയതും എന്തോ ഒരു ഫീലിംഗ് നെഞ്ചിലൂടെ കടന്നു പോയി.. ഏതോ ജന്മത്തിൽ വച്ചു എനിക്ക് നഷ്ടപ്പെട്ട എൻ്റെ ആരോ പോലെ തോന്നി.. അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല..
അവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം എന്നുള്ള അവളുടെ അച്ഛൻ്റെ ശബ്ദം കേട്ടാണ് എനിക്ക് ബോധം വന്നത്..
ഞാൻ മനസ്സിനോട് പറഞ്ഞു..
"ആവശ്യമില്ലാത്ത നേരത്ത് ഓരോ ചിന്തകൾ കടന്നു വരും.. പാടില്ല.. തെറ്റാണ്.. അത് ചേട്ടൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയാണ്.. അമ്മയെ പോലെ കാണണം.."
അങ്ങനെ പെണ്ണ് കാണൽ ഒക്കെ കഴിഞ്ഞു ഇറങ്ങാൻ നേരം ആ പെൺകുട്ടി എന്നോട് ചോദിച്ചു..
"എന്നെ എവിടെയെങ്കിലും വച്ച് കണ്ടതായി ഓർമ്മയുണ്ടോ.."
ഞാൻ പറഞ്ഞു...
"ഇല്ല.. എൻ്റെ കോളേജിൽ ആണോ പഠിക്കുന്നത്.. കാരണം എൻ്റെ ക്ലാസിലെ പെൺകുട്ടികളുടെ പേര് പോലും എനിക്ക് ഓർമ്മയില്ല.."
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
" ഒരേ കോളേജ് അല്ല.. പക്ഷേ ഒരേ ബസ്റ്റോപ്പിൽ നിന്നാണ് ബസ് കയറുന്നത്.. അങ്ങനെ കണ്ടിട്ടുണ്ട്.."
കൂടുതൽ ഒന്നും പറയാതെ ഞാൻ വേഗം വണ്ടിയിൽ കയറി ഇരുന്നു.. വീട്ടിലേക്ക് വരുന്ന വഴി അവളെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു.. വീട്ടിലെത്തിയതും എല്ലാവർക്കും ആ പെൺകുട്ടിയെ കുറിച്ച് ആയിരുന്നു സംസാരം. ചേട്ടന്റെ വർത്തമാനം കേട്ടാൽ അറിയാം ചേട്ടന് ആ പെൺകുട്ടിയെ ഇഷ്ടപ്പെട്ടു എന്ന്.. എങ്കിലും ഞാൻ ഇടക്ക് കയറി അവളെ കാണാൻ ഭംഗിയില്ലെന്നും മൂക്കിന് നീളമാണെന്നും കണ്ടാൽ തന്നെ അഹങ്കാരിയാണെന്ന് മനസ്സിലാകും എന്നൊക്കെ പറഞ്ഞിട്ടും നോ രക്ഷ..
അച്ഛനും അമ്മയും അവളെ ചേട്ടനെ കൊണ്ട് കെട്ടിച്ചിട്ടേ അടങ്ങു എന്ന വാശിയിലായിരുന്നു.
അച്ഛൻ പറഞ്ഞു..
"ആദ്യം ജാതകം ചേരുമോ എന്ന് നോക്കണം അത് കഴിഞ്ഞു വീട്ടുകാരെ കുറിച്ച് ഒന്ന് അന്വേഷിക്കണം.. എന്നിട്ട് അടുത്ത ശുഭ മുഹൂർത്തത്തിൽ കല്യാണം.."
ഞാനൊഴികെ ബാക്കി എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു.. ഒരു തീരുമാനം എടുക്കാൻ കഴിയാത്തതിനാൽ നേരെ കൂട്ടുകാരനെ കാണാൻ പോയി. കാര്യങ്ങൾ പറഞ്ഞു.. അത് കേട്ടതും അവൻ പറഞ്ഞു..
"നീ എന്തിനാ വിഷമിക്കുന്നത്.. അവൾ ഇപ്പോഴും നിന്റെ ഏട്ടത്തി ആയിട്ടില്ല.. ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്.. ആദ്യം ജാതകം ചേരുമോ എന്ന് നോക്കട്ടെ.. അത് കഴിഞ്ഞു നമ്മുക്ക് ബാക്കി നോക്കാം.. നിൻ്റെ ചേട്ടന്റെ കല്യാണം മുടക്കിയിട്ടായാലും നിനക്ക് അവളെ സ്വന്തമാക്കാൻ ഞാൻ കൂടെ ഉണ്ടാകും.."
വീട്ടിൽ വന്നു ഉറങ്ങാൻ കിടന്നപ്പോൾ മുഴുവൻ അവൾ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു കൊണ്ടിരുന്നു.. ഇത്രയും നാൾ അടുത്ത് ഉണ്ടായിട്ടും എനിക്ക് അവളെ കാണാൻ കഴിഞ്ഞില്ല.. കുറച്ചുനാൾ മുൻപ് കണ്ടിരുന്നെങ്കിൽ എങ്ങനെ എങ്കിലും അവളെ സ്വന്തമാക്കാമായിരുന്നു.. അതെങ്ങനെ ഒരു പെൺകുട്ടിയേയും മൈൻഡ് ചെയ്യാതെ നടക്കുകയല്ലായിരുന്നോ ഇത്രയും കാലം... ഞാൻ എന്നെ തന്നെ ശപിച്ചു കൊണ്ടിരുന്നു..
അടുത്ത ദിവസം അച്ഛൻ ജാതകങ്ങൾ ഒത്തു നോക്കി തമ്മിൽ നല്ല പൊരുത്തമുണ്ട് എന്ന് പറഞ്ഞു വന്നതോടെ ആ പ്രതീക്ഷയും കൈവിട്ടു.. വീട്ടിൽ എല്ലാവരും സന്തോഷിച്ചിട്ടും ഞാൻ വിഷമിച്ചിരിക്കുന്നത് കണ്ടു ചേട്ടൻ പലവട്ടം ചോദിച്ചു.. ഞാൻ അതുംമിതുമൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറി..
അടുത്ത ദിവസം കോളേജ് കഴിഞ്ഞു വന്നതും ബസ്റ്റോപ്പിൽ അവൾ നിൽക്കുന്നു.. അവൾ എൻ്റെ അടുത്ത് വന്നു ചോദിച്ചു..
"ഇപ്പോൾ ഓർമ്മയുണ്ടല്ലോ അല്ലേ"
ഞാൻ പറഞ്ഞു.. "അതേ.."
അവൾ എന്നോട് പറഞ്ഞു..
" വീട്ടിൽ എല്ലാവർക്കും ഈ കല്യാണതിന് താല്പര്യമാണ് പക്ഷേ എനിക്ക് ഈ കല്യാണം വേണ്ട.. അത് തൻ്റെ ചേട്ടനെ ഇഷ്ടപ്പെടാഞ്ഞിട്ടല്ല.. "
പെട്ടെന്ന് എനിക്ക് ടെൻഷൻ ആയി.. ഞാൻ ചോദിച്ചു..
" വേറെ പ്രണയബന്ധം ഉണ്ടോ"
അവൾ പറഞ്ഞു..
" ഏയ്.. അങ്ങനെ ഒന്നുമില്ല.. എനിക്ക് ആകെ ഇരുപത് വയസ്സ് ആയുള്ളൂ.. കുറച്ചു കാലം കൂടി എനിക്ക് സ്വാതന്ത്രിയത്തോടെ നടക്കണം.. പെട്ടെന്ന് ഒരു കുടുംബം,കുട്ടികൾ ഒന്നും നോക്കാനുള്ള പക്വത എനിക്ക് ആയിട്ടില്ല.. എനിക്ക് ഇനിയും പഠിക്കണം..തൻ്റെ ചേട്ടനോട് പറയണം ഇതിൽ നിന്നും പിൻമാറാൻ.. പ്ലീസ്.."
ഞാൻ പറഞ്ഞു..
"അതിനെന്താ.. ഈ കല്യാണം നമുക്ക് ഒന്നിച്ചു പൊളിക്കാലോ.."
കല്യാണം മുടക്കാൻ ഒരാളെ കൂടി കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ..
എന്നിട്ട് ഞാൻ ചോദിച്ചു..
"ഈ ബസ്റ്റോപ്പിൽ ഒരുപാട് പേർ വരുന്നുണ്ട്... പിന്നെ എങ്ങനെ എന്നെ മാത്രം ഓർമ്മിച്ചു വച്ചു..?"
അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു..
"ആദ്യം കണ്ടപ്പോൾ തന്നെ എവിടെയോ കണ്ട പോലെ തോന്നിയിരുന്നു.. മാത്രമല്ല താനൊഴികെ ഇവിടെ വരുന്ന എല്ലാ ആൺകുട്ടികൾകളും എന്നേയും മറ്റുള്ള പെൺകുട്ടികളേയും കമൻ്റടിക്കുകയും വായിനോക്കുകയും ഒക്കെ ചെയ്യും പക്ഷേ താൻ മാത്രം ഇതൊന്നും ചെയ്യാതെ ഇവിടെ വരും ബസിൽ കയറി പോകും.. അതാണ് തന്നെ മാത്രം ശ്രദ്ധിച്ചത്.. പിന്നെ വിഷമം തോന്നരുത് തനിക്ക് പെൺകുട്ടികളെ പേടിയാണെന്ന് കൂട്ടുകാരികൾ പറഞ്ഞു കളിയാക്കുകയും ചെയ്യും.."
ഞാൻ പറഞ്ഞു..
"ചെറുപ്പത്തിൽ ഉണ്ടായ ഒരു സംഭവത്തിന് ശേഷം ഞാൻ പെൺകുട്ടികളോട് സംസാരിക്കാറുമില്ല, ഇടപഴകാറുമില്ല.. വീട്ടുകാർ ഇത് പറഞ്ഞു എന്നെ എപ്പോഴും കളിയാക്കും പക്ഷേ ഞാൻ ഇതൊന്നും ശ്രദ്ധിക്കാറില്ല.."
അവൾ ചോദിച്ചു.. " എന്താ സംഭവം.. എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞാൽ മതി"
അപ്പോഴേക്കും അവളുടെ ബസ് വന്നു. അങ്ങനെ അവൾ പോയി..
വീട്ടിൽ വന്നു ചേട്ടനോട് അവൾക്ക് ഈ കല്യാണത്തിന് താല്പര്യമില്ല എന്ന് പറഞ്ഞു..
അത് കേട്ടതും അമ്മ പറഞ്ഞു.. " എല്ലാ പെൺകുട്ടികളും കല്യാണ ആലോചന വരുമ്പോൾ ഇങ്ങനെ തന്നെയാണ് പറയുന്നത്.. കല്യാണം കഴിഞ്ഞാലും അവൾക്ക് പഠിക്കാലോ.. പിന്നെ കുട്ടികൾ അത് കഴിഞ്ഞു മതി.. നിനക്ക്‌ അതിൽ എന്തെങ്കിലും എതിർപ്പുണ്ടോ.."
ചേട്ടൻ പറഞ്ഞു.. " എല്ലാം അമ്മയുടെ ഇഷ്ടം.."
അങ്ങനെ ആ പ്രതീക്ഷയും പൊളിഞ്ഞു.. ഇനി കുറച്ചു ദിവസങ്ങൾ കൂടിയുള്ളൂ.. അതിനകം ഇത് മുടക്കണം ഇല്ലെങ്കിൽ അച്ഛൻ കല്യാണത്തിന് വാക്ക് കൊടുക്കും.. പിന്നെ കടുംകൈ ചെയ്യേണ്ടി വരും.. അങ്ങനെ ഒരുപാട് ചിന്തകളുമായി കിടന്നുറങ്ങി..
പിറ്റേന്ന് രാവിലേയും ചേട്ടൻ പഴയ ചോദ്യവുമായി വന്നു.. നിനക്കെന്താ ഇത്ര വിഷമം.. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ എന്നോട് പറ.. നമുക്ക് ശരിയാക്കാം.
ഞാൻ പറഞ്ഞു.. " ഒന്ന് പോയെ ചേട്ടൻ രാവിലെ വെറുപ്പിക്കാതെ.."
അന്ന് വൈകുന്നേരവും അവൾ ഓടി അടുത്തേക്ക് വന്നു.. അവൾ ചോദിച്ചു.. "ചേട്ടൻ എന്ത് പറഞ്ഞു.."
ഞാൻ പറഞ്ഞു.. ചേട്ടൻ ഒന്നും പറഞ്ഞില്ല.. പക്ഷേ അമ്മയും അച്ഛനും തന്നെ കൊണ്ട് ചേട്ടനെ കെട്ടിക്കും എന്ന് പറഞ്ഞു നിൽക്കുകയാണ്.."
അപ്പോൾ അവളുടെ മുഖം വാടി.. അത്കണ്ട് ഞാൻ പറഞ്ഞു.. "താൻ പേടിക്കണ്ടെന്നേ.. ഞാനില്ലേ.. നമുക്ക് ശരിയാക്കാം.."
അപ്പോൾ അവൾ ഒന്ന് ചിരിച്ചു.. എന്നിട്ട് ചോദിച്ചു.. " കുട്ടിക്കാലത്ത് എന്തോ സംഭവം നടന്നുവെന്ന് പറഞ്ഞു.. അത് മുഴുവൻ പറഞ്ഞില്ലല്ലോ.."
അപ്പോൾ ഞാൻ പറഞ്ഞു.. "കളിയാക്കരുത്.. ഞാൻ ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് ഒരു കുട്ടിയെ ഇഷ്ടമായിരുന്നു.. ലൗ എന്താണെന്നൊന്നും അറിയില്ലായിരുന്നു.. ഏതോ സിനിമ കണ്ട്.. ഞാൻ സിനിമയിലെ പോലെ ആ പെൺകുട്ടിക്ക് ഒരു ഉമ്മ കൊടുത്തു... അവൾ അത് ടീച്ചറിനോട് പറഞ്ഞു.. ടീച്ചർ കുട്ടികളുടെ മുന്നിൽ വച്ച് എന്നെ അടിക്കുകയും ഇത് പറഞ്ഞു കളിയാക്കുകയും ചെയ്തു.. അത് കഴിഞ്ഞു അച്ഛനേയും അമ്മയേയും പ്രിൻസിപ്പൽ വിളിച്ച് ഈ കാര്യം പറഞ്ഞു. അതിന് വീട്ടിൽ നിന്നും നല്ല തല്ല് കിട്ടി.. പിറ്റേന്ന് സ്കൂളിൽ വന്നപ്പോൾ കുട്ടികൾ എല്ലാം കളിയാക്കി കൊണ്ടിരുന്നു.. അത് കാരണം ഞാൻ സ്കൂൾ തന്നെ മാറി.. അന്ന് തീരുമാനം എടുത്തതാണ് ഇനി മേലാൽ ഒരു പെൺകുട്ടിയുടേയും മുഖത്ത് നോക്കില്ലെന്ന്.."
എന്നെ അവൾ കളിയാക്കി ചിരിക്കും എന്ന് കരുതിയ എനിക്ക് തെറ്റി.. അവളുടെ മുഖത്ത് വിഷമം ആയിരുന്നു. അവൾ ആ പഴയ സ്കൂളിൻ്റെ പേര് ചോദിച്ചു..
ഞാൻ ആ പേര് പറഞ്ഞതും അവൾ എന്നോട് പറഞ്ഞു.. "അന്ന് താൻ ഉമ്മ വച്ചത് എന്നെ ആയിരുന്നു... അന്ന് അപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. താൻ ആ സ്കൂൾ മാറി പോയപ്പോൾ എനിക്ക് ഒരുപാട് കുറ്റബോധം തോന്നി. ഒരു കുട്ടിക്കളിയായി കാണാതെ ഞാനല്ലേ അത് വലിയ പ്രശ്‌നമാക്കിയത്.. എന്നെങ്കിലും കാണുമ്പോൾ സോറി പറയണമെന്നുണ്ടായിരുന്നു. പക്ഷേ വളർന്നപ്പോൾ അതൊക്കെ മറന്നു.. താൻ പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത്... എന്നാലും അത് തന്നെ ഇത്ര ഹർട്ട് ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ല.. സോറി.. സോറി.. സോറി.."
അങ്ങനെ ബസ് വന്നതും അവൾ കയറി പോയി.. പോകാൻ നേരം ഞാൻ അവളുടെ നമ്പർ വേടിച്ചു..
പിന്നീടുള്ള കുറച്ചു ദിവസങ്ങൾ ഞങ്ങൾ ചാറ്റിംഗും കോളുകളും തമ്മിൽ കാണലുമൊക്കെയായി നല്ല സുഹൃത്ത്ക്കളായി.. അങ്ങനെ രണ്ട് പേരും കല്യാണം മുടക്കാനുള്ള ആലോചനയിലായി..
പെണ്ണ് വീട്ടുകാരെ കുറിച്ച് അന്വേഷണം നല്ല രീതിയിൽ അവസാനിച്ചതിനാൽ അവരോട് ഉറപ്പ് പറയേണ്ട ദിവസം തീരുമാനിച്ചു.. അച്ഛനും അമ്മയും ബന്ധുക്കളും പോകാനായി ഒരുങ്ങുമ്പോൾ എൻ്റെ ചേട്ടൻ അവരോട് പറഞ്ഞു...
" എനിക്ക് ഈ കല്യാണത്തിന് വേണ്ട.. പെണ്ണ് വീട്ടുകാരോട് പറയണം കല്യാണത്തിന് താല്പര്യം ഇല്ലെന്ന്.."
അച്ഛനും അമ്മയും ചേട്ടനെ വീണ്ടും വീണ്ടും നിർബന്ധിച്ചു.. പക്ഷേ ചേട്ടൻ തൻ്റെ തീരുമാനത്തിൽ ഉറച്ചു നിന്നു..
ഞാൻ ഈ സന്തോഷവാർത്ത കേട്ടതും അത് അവളോട് പറയാൻ ഓടി റൂമിൽ കയറി..
കുറച്ചു കഴിഞ്ഞതും ചേട്ടൻ റൂമിലേക്ക് വന്നു ചോദിച്ചു.. ഇപ്പോൾ നിനക്ക് സന്തോഷമായില്ലേ..
ഞാൻ ഒന്നും മനസ്സിലാകാതെ ചേട്ടനെ നോക്കിയിട്ട് ആലോചിച്ചു.. ഇനി ചേട്ടൻ എന്നെ കളിയാക്കുകണാണോ.. ഞാൻ തപ്പി തപ്പി എന്തൊക്കെയോ പറഞ്ഞു..
അത് കേട്ടതും ചേട്ടൻ പറഞ്ഞു..
" നീ കൂടുതൽ കിടന്നു ഉരുളണ്ട.. എനിക്കറിയാം നിനക്ക് ഞാൻ പെണ്ണ് കാണാൻ പോയ കുട്ടിയെ ഇഷ്ടമാണെന്ന്.. പെണ്ണ് കാണൽ ചടങ്ങിൽ വച്ച് തന്നെ എനിക്കത് മനസ്സിലായി.. ഒരു പെൺകുട്ടിയേയും വായിനോക്കാത്ത നീ അവളെ നോക്കിയിരുന്നപ്പോഴേ ഞാൻ ഉറപ്പിച്ചു.. പിന്നീടുള്ള ദിവസങ്ങളിൽ നീ വിഷമിച്ച് നടന്നിരുന്നതും എന്തിനായിരുന്നു എന്നും എനിക്കറിയാം.. ഞാൻ നിന്നെ ഒന്ന് വട്ട് കളിപ്പിക്കാനല്ലേ ഇങ്ങനെ ഒക്കെ ചെയ്തത്.. എനിക്ക് ആ കുട്ടിയോട് സ്നേഹം ഒന്നും തോന്നിയിട്ടില്ല.. നീ എന്നോട് ഈ കാര്യം പറയുമെന്ന് വിചാരിച്ചു.. പക്ഷേ നീ പറഞ്ഞില്ല.. നിനക്കറിയാമോ ? ഒരു പെൺകുട്ടിയും നിൻ്റെ ജീവിതത്തിൽ വേണ്ട എന്ന് പറഞ്ഞ് നീ ജീവിച്ചിരുന്നതിൽ ഏറ്റവും കൂടുതൽ വിഷമിച്ചിരുന്നത് ഞാനാണ്.. നീ അവസാനം ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടത് എനിക്ക് എന്ത് മാത്രം സന്തോഷം തരുന്നുണ്ട് എന്നറിയാമോ.. എനിക്ക് വിവാഹം കഴിക്കാൻ വേറേയും പെൺകുട്ടികളെ കിട്ടും പക്ഷേ നിനക്ക് ഇവൾ മാത്രമേ ഉള്ളൂ അത്കൊണ്ട് എത്രയും പെട്ടെന്ന് അവളെ പ്രപ്പോസ് ചെയ്യാൻ നോക്ക്.. എന്ത് ആവശ്യത്തിനും ഞാൻ ഉണ്ടാകും കൂടെ.."
ഇത് കേട്ടതും ഞാൻ ചേട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞു..
എന്നിട്ട് ഞാൻ പറഞ്ഞു..
" ചേട്ടന് എന്നോട് ഇത്രയും സ്നേഹമുണ്ടെന്ന് ഞാൻ മനസ്സിലാക്കിയില്ല.. എപ്പോഴും ചേട്ടന് ഓരോ പണികൾ തരികയല്ലായിരുന്നോ... ചേട്ടൻ എന്നോട് ക്ഷമിക്കണം.."
ഇത് കേട്ടതും ചേട്ടൻ പറഞ്ഞു..
" നീ എന്റെ കുഞ്ഞനിയൻ അല്ലേ നീ എന്നോട് കാണിക്കുന്നതെല്ലാം ഒരു തമാശയായിട്ടേ ഞാൻ കണ്ടിട്ടുള്ളു.. "
ഞാൻ വേഗം അവളോട് ചേട്ടൻ കല്യാണത്തിൽ നിന്ന് പിൻമാറിയ കാര്യവും അതിനുള്ള കാരണവും പറഞ്ഞു...
അത് കേട്ടതും അവൾ ഒരുപാട് സന്തോഷിച്ചു..
എന്നിട്ട് ഞാൻ അവളോട് ചോദിച്ചു.. "പഠിത്തമെല്ലാം കഴിഞ്ഞു ഈ കുടുംബത്തിലേക്ക് മരുമകൾ ആയി വരാൻ സമ്മതമാണോ..."
അപ്പോൾ അവൾ പറഞ്ഞു.. "എന്നെ പെണ്ണ് കാണാൻ വന്ന ചേട്ടന്റെ കുഞ്ഞനിയത്തിയായി വരാം..."
___________________________________
© MUCHESH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo