**എന്റെ ചങ്ങായിമാർ * *
എല്ലാവരും കൂട്ടുകാരെ പറ്റി എഴുതുന്ന കണ്ടപ്പോ എനിക്കും ഒരു കൊതി .. എന്റെ പണ്ട് ചങ്കായിരുന്ന, (ഇപ്പോഴും അങ്ങനൊക്കെ തന്നെ) ഇപ്പോ എവിടെയോ .. കല്യാണമൊക്കെ കഴിച്ച് കുഞ്ഞുകുട്ടി പ്രാരാബ്ദങ്ങളുമൊക്കെയായി കഴിയുന്ന.... എന്റെ ചങ്ങായിച്ചിമാരെ പറ്റി എഴുതണംന്ന്..
ഞാൻ, അമ്പിളി, രജ്ഞിനി, പീപ്പി ( ദീപ്തി ) ദിഷ, ജിഷ ചേച്ചി, സജി ചേച്ചി, വിനിത ചേച്ചി.... അങ്ങനെ നാത്തൂൻമാരടക്കം ഞങ്ങൾ ഒരു ബറ്റാലിയൻ ആളുണ്ട് .. കല്യാണം ,മരണം, ഉത്സവം എന്തായാലും ഞങ്ങൾ കമ്പിനി കൂടിയേ പോവാറുള്ളൂ..
ചിലപ്പോ അന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് .. ഒരാണായി ജനിച്ചാൽ മതിയാരുന്നു എന്ന് ... വായിനോട്ടം, കമന്റടി, അമ്പിള്ളേരെ മാതിരി ഞങ്ങൾക്കുമുണ്ടായിരുന്നു .. ഞങ്ങളെല്ലാം കൂടുമ്പോ ഒത്തിരി തല്ലുകൊള്ളിത്തരം കാണിച്ചിട്ടുമുണ്ട് ...
കല്യാണത്തിന് പോയാൽ ഏതെങ്കിലും ചെത്ത് പയ്യൻ (ഇന്നാണ് ഫ്രീക്കൻ എന്നായത്) ഞങ്ങളിൽ ആരെങ്കിലും ഒരാളെ നോക്കിയാൽ ... ഞങ്ങൾ പെൺപിള്ളേരും കൂടി ആ ഫ്രീക്കനെ തന്നെ നോക്കും( വായിൽ നോക്കുക) പാവം ഫ്രീക്കൻ ... മൊത്തത്തിൽ കൺഫ്യൂഷൻ ആകും... ആരെ നോക്കും എന്ന്... അവസാനം എല്ലാവരുടേം നോട്ടം സഹിക്കാൻ വയ്യാതെ ഓടി രക്ഷപെടും ...
പിന്നെ കല്യാണസദ്യ ഉണ്ണുമ്പോൾ ഏതെങ്കിലും പയ്യൻമാർ ഞങ്ങളുടെ എതിരെ വന്നിരുന്നാൽ ,പിന്നെ അവൻ ഉണ്ടു മതിയാക്കിയതു തന്നെ... അവൻ ഒരോ ഉരുള വായിൽ വയ്ക്കുമ്പോഴും ഞങ്ങൾ എന്തേലുമൊക്കെ പറഞ്ഞ് കളിയാക്കും... പാവം ഒറ്റയ്ക്കാണേ പിന്നെ പറയണ്ട.. പരിപ്പ് കൂട്ടി ഉണ്ണാൻ ഇട്ട ചോറു മാത്രം വാരിത്തിന്ന് സ്ഥലം വിടും.
പക്ഷെ ഞങ്ങളിലാരെങ്കിലും എവിടെയെങ്കിലും ഒറ്റയ്ക്ക് പോയാൽ ഇതുപോലെ പാവം "കൊച്ച് " വേറെ എവിടേം ഉണ്ടാവില്ല... വായിൽ കോലിട്ട് കുത്തിയാലും ഒരക്ഷരം മിണ്ടൂല്ല ...അത്ര പാവം..
അങ്ങനൊരു ദിവസം ഞാനും എന്റെ ചങ്ങായിച്ചികളായ അമ്പിളിയും ,ദിഷയും, പീപ്പിയും ,ജിഷയും പിന്നെ രജ്ഞിനിയും കൂടി .. ഞങ്ങടെ നാട്ടിലെ " സർപ്പ സുന്ദരി " എന്നറിയപ്പെടുന്ന വിമല ചേച്ചിയുടെ കല്യാണത്തിന് പോയി...
അവിടേം ചെന്ന് പീപ്പി എത്ര നോക്കിട്ടും, ഒരു വട്ടം പോലും തിരിഞ്ഞു നോക്കാത്ത ഒരു
ബെൽബോട്ടം പാന്റിട്ട
പ്ലസ് റ്റൂന് പഠിക്കുന്ന പോലത്തെ ചെത്ത് പയ്യനെ ഞങ്ങളെല്ലാരും ഒരുമിച്ച് നോക്കി...
ബെൽബോട്ടം പാന്റിട്ട
പ്ലസ് റ്റൂന് പഠിക്കുന്ന പോലത്തെ ചെത്ത് പയ്യനെ ഞങ്ങളെല്ലാരും ഒരുമിച്ച് നോക്കി...
അവസാനം" പൂമരം'' പാട്ടിലെ പോലെ ഞങ്ങളും നോക്കി..... അവൻ ഞങ്ങളേം നോക്കി... അവന്റെ കൂടെയുണ്ടാരുന്ന പെണ്ണുങ്ങൾ ഒന്നിച്ച് ഞങ്ങളേം നോക്കി...
പിന്നീടാണാണ് അറിഞ്ഞത്, പീപ്പി തലേം കുത്തി നിന്ന് നോക്കിയിട്ടും അവൻ നോക്കാത്തതിന് കാരണം.. അതിലൊരു ചുരിദാർ കാരി അവന്റ "പെമ്പർന്നോത്തി " ആയിരുന്നത് കൊണ്ടാണെന്നും.. അവൾടെ കൈയിലിരുന്ന് മോണകാട്ടി ചിരിക്കുന്നത് ആ പ്ലസ് റ്റൂ കാരന്റെ പ്രൊഡക്റ്റാണെന്നും... പാവം പ്ലസ് റ്റൂ കാരൻ ... അന്നത്തെ ദിവസം അവന്റെ അവസ്ഥ എന്തായിരുന്നോ? എന്തോ?
അങ്ങനെ കല്യാണമെല്ലാം കഴിഞ്ഞ് സദ്യയൊക്കെ വയറുനിറച്ചുണ്ട് ... ഞങ്ങൾ വീട്ടിലേക്ക് നടന്നു... മെയിൻ റോഡിൽ നിന്ന് തിരിഞ്ഞ് ഞങ്ങളുടെ കടത്തു കടവിലേക്ക് ഒന്നര കിലോമീറ്ററെങ്കിലും നടപ്പു കാണും.. അതും നേരേയുള്ള റോഡ്...കടത്ത് കടവിൽ നിന്ന് കുറച്ച് നടന്നിട്ട് നോക്കിയാൽ മെയിൻ റോഡിൽ നിന്ന് ആരെങ്കിലും വന്നാൽ കാണാം.. പക്ഷെ ആളെ വ്യക്തമാകില്ല എന്ന് മാത്രം..
അങ്ങനെ ഞങ്ങൾ മെയിൻ റോഡ് തിരിഞ്ഞ് കടവിലേക്കുള്ള റോഡിലൂടെ നടന്ന് പകുതിയെത്തി... അപ്പോ പീപ്പി പതുക്കെ പുറകോട്ട് തിരിഞ്ഞു നോക്കി.. എന്നിട്ട് പറഞ്ഞു ..
"ടീ അവിടൊന്നൊരു ചെത്തു പയ്യൻ സൈക്കിളിൽ വരുന്നുണ്ട് "
"ആരാടീ അത്?" ഞാൻ ചോദിച്ചു..
"ആ അറിഞ്ഞൂടെ സൈക്കിളിലല്ലേ .. ശരിക്ക് ആളെ കാണാൻ വയ്യ "അവൾ പറഞ്ഞു...
ഞങ്ങൾക്ക് കടത്ത് കടന്ന് പോവേണ്ടതു കൊണ്ട്, അവിടുള്ള ആർക്കും സൈക്കിളോ വണ്ടിയോ ഒന്നും തന്നെയില്ല. അതു കൊണ്ട് തന്നെ സൈക്കിളിൽ വരുന്നയാൾ പുറമെയുള്ള ആളായിരിക്കും..
ആരായാലും വേണ്ടിയില്ല.. ഞാൻ പറഞ്ഞു
"ആരും തിരിഞ്ഞ് നോക്കണ്ട ... ആ ഫ്രീക്കൻ അടുത്ത് വരുമ്പോ നമുക്ക് ലിഫ്റ്റ് ചോദിക്കാം. എല്ലാരും കൂടെ ഒരുമിച്ച് ചോദിച്ചോണം"
എല്ലാവരും സമതിച്ചു...
"ഞാൻ സൈക്കിളിന്റെ മുൻപിലിരിക്കാം നീ പുറകിലിരുന്നോ " എന്ന ഡയലോഗൊക്കെ പറഞ്ഞ് ഞങ്ങൾ നടപ്പ് ഒച്ചിഴയും പോലെയാക്കി ... സൈക്കിൾകാരൻ അടുത്തെത്താൻ കാത്തു... സൈക്കിൾ അടുത്ത് എത്തിയതും എല്ലാവരും കൂടി തിരിഞ്ഞ് ഒറ്റ നോട്ടം..
ഫ്രീക്കനെ നോക്കിയതും ഞാൻ ഞെട്ടി.. " ഒരു ലിഫ്റ്റ് തരുമോ "എന്ന് ചോദിക്കാൻ തുടങ്ങിയ എന്റെ വാ തുറന്ന പടി ഇരുന്നു ...ഒച്ച പുറത്തേക്ക് വന്നില്ല.... പീപ്പിയിൽ നിന്ന് പീപ്പി ഊതുന്ന പോലൊരു ഒച്ച മാത്രം കേട്ടു ... ബാക്കി അവളുമാരും പ്രതിമ കണക്കെ നിക്കുന്നു....
"എന്നാ ടീ എല്ലാം കൂടി ഇവിടെ പരുങ്ങി നിക്കുന്നത്? ചോറൊക്കെ ഉണ്ട് വയർ നിറഞ്ഞതല്ലേ.. ഇനി പെട്ടന്ന് നടന്ന് എല്ലാരും വീട്ടീപോടി "ന്ന്....
അതു പറഞ്ഞത് നമ്മുടെ സൈക്കിളിൽ വന്ന ഫ്രീക്കനും, സർവ്വോപരി പീപ്പിയുടെ കൊച്ചച്ചനും ... പിന്നെ .... ഈയുള്ളവളുടെ ...സ്വന്തം
" അച്ഛനു"മായിരുന്നു ..
" അച്ഛനു"മായിരുന്നു ..
പണി കഴിഞ്ഞ് വന്നിട്ട് അത്യാവശ്യത്തിന് എവിടെയോ പോകാൻ വേണ്ടി പെട്ടന്ന് റെഡിയായി വരാൻ അച്ഛൻ ഒരു കൂട്ടുകാരന്റെ സൈക്കിൾ വാങ്ങി വന്നതായിരുന്നു ....
അന്ന് വൈകുന്നേരം പിപ്പീ വീട്ടിൽ വന്നിട്ട് അച്ഛനോട് "കൊച്ചച്ചനെ കണ്ടപ്പോ ഞാനോർത്തു എതോ ചെത്ത് പയ്യനാണെന്ന് " പറയുകയും, പിന്നീട് ഞങ്ങൾ ഞെട്ടാൻ കാരണമായ ബാക്കി കഥയും കൂടി അച്ഛനോട് പറഞ്ഞ് ഒരുപാട് ഞങ്ങൾ ചിരിച്ചു.. (അല്ലേലും എന്റെ അച്ഛൻ ഒരു "ഫ്രീക്കൻ " തന്നെയാരുന്നു ട്ടാ.)
അന്നത്തോടെ ഞങ്ങടെ ഈ കളിയാക്കൽ കലാപരിപാടി നിർത്തി എന്നൊന്നും ആരും വിചാരിക്കണ്ട.. എല്ലാത്തിനേം കെട്ടിച്ച് വിടുന്നതു വരെ ഇതൊക്കെ വളരെ നല്ല രീതിയിൽ തുടർന്നു പോന്നു...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക