Slider

കടച്ചക്ക ചതിച്ചപ്പോൾ....

0

കടച്ചക്ക ചതിച്ചപ്പോൾ....
**********************************************
ഇത്‌ കടച്ചക്കയും അവളും തമ്മിലുള്ള സത്യ കഥ....
.....................................................................................
അപ്പച്ചന്റെ പിശുക്ക് കാരണം അവളുടെ കുട്ടികാലത്തെ വർണ്ണങ്ങൾക്ക് മങ്ങൽ ഏറ്റിരുന്നു.. 6 മക്കളെ പോറ്റാനുള്ള തത്രപ്പാടിൽ ചില കുറവുകൾ മക്കൾക്ക് അപ്പച്ചന്റെ പിശുക്ക് ആയി തോന്നിയതാകാം...
അന്നും അപ്പച്ചന്റെ പിശുക്കിൽ വിള്ളൽ ഇടക്കെങ്കിലും വീഴ്ത്തിയത് ഇളയ മകളായ അവൾ ആയിരുന്നു.. അവൾ കരഞ്ഞു വാശി പിടിക്കുമ്പോൾ അപ്പച്ചൻ സമ്മതിക്കും.. എന്നിട്ട് അരികിൽ വന്നു നിൽക്കുന്ന അമ്മയോട് പറയുന്നത് അവൾ കേട്ടിരുന്നു....
ഞാൻ പറഞ്ഞതാ അന്നും ആ ഇറച്ചിയിൽ കടച്ചക്ക ഇടേണ്ട എന്ന്...
ഇതു കേൾക്കുമ്പോഴേക്കും അമ്മച്ചി അടുക്കളയിലേക്ക് പോകും..
അപ്പച്ചൻ വീണ്ടും കണക്കു പുസ്തകത്തിലേക്ക് തല താഴ്ത്തും...
അവരുടെ വാക്കുകളിൽ നിന്നും ഒന്നും മനസിലായില്ലെങ്കിലും അവളുടെ ആഗ്രഹം അപ്പച്ചൻ സാധിച്ചു തന്ന സന്തോഷത്തിൽ അവളും ചേച്ചിമാരുടെ അടുത്തേക്ക് പോകും...
കട്ടി കൂടിയ പാവാട തുണികൾ മാത്രമേ അപ്പച്ചൻ ആ നാലു പെൺകുട്ടികൾക്കും എടുത്തു കൊടുത്തിരുന്നുള്ളു... അതിലെ വരയും പൂക്കളും മാറിയാലും ഒരിക്കലും കീറാത്ത ആ ചാക്ക് പാവാട അവൾക്കെന്നും അലർജി ആയിരുന്നു...
ഒരിക്കൽ ബന്ധുവിന്റെ കല്യാണ ആവശ്യത്തിനായി അവൾ അമ്മച്ചിയോട് കെഞ്ചി പറഞ്ഞു.. ഒരു സിൽക്ക് പാവാട വേടിച്ചു തരുവാൻ വേണ്ടി.... ഈ ചാക്കുപോലത്തെ പാവാട ഇടില്ല എന്നുപറഞ്ഞു അവൾ കരച്ചിലിന്റെ ചരട് അഴിച്ചു വിട്ടു...
എന്നോട് പറയേണ്ട. നിന്റെ അപ്പച്ചനോട് ചോദിക്ക്...
അപ്പച്ചൻ വന്നു കയറിയതും അവൾ അവളുടെ ആഗ്രഹം അപ്പച്ചനെ അറിയിച്ചു... അപ്പച്ചന്റെ കൂർത്ത നോട്ടം അവളുടെ കണ്ണീർപ്രവാഹത്തെ തെല്ലും അലോസരപ്പെടുത്തിയില്ല... ഒടുവിൽ സിൽക്ക് പാവാട വാങ്ങാനുള്ള ഒപ്പു അപ്പച്ചനിൽ നിന്നു വാങ്ങുന്ന നേരം അവൾ ചേച്ചിമാരേ ഏറു കണ്ണിട്ടു നോക്കി... വാതിലിനു പിന്നിൽ ആലില പോലെ വിറക്കുന്ന അവർക്ക് ഒരു വിജയ ചിരി സമ്മാനിച്ചു...
തിരിച്ചു നടക്കുമ്പോൾ അപ്പച്ചൻ അമ്മച്ചിയോട് പറയുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു..
ആ ഇറച്ചിയിൽ കായ ഇട്ടാൽ മതിന്നു നൂറു വട്ടം പറഞ്ഞതല്ലേ ഞാൻ.. നിനക്കല്ലേ കടച്ചക്ക തിന്നാൻ പൂതി ആയത്.. അനുഭവിച്ചോ...
അന്ന് രാത്രി കിടക്കുമ്പോഴും അവളുടെ കുഞ്ഞി മനസ്സിൽ കടച്ചക്ക രഹസ്യം എന്തെന്നറിയാൻ ചേച്ചിമാരോട് അനേഷിച്ചു .... അവർക്ക് അറിയില്ല എന്ന മറുപടി അവളിൽ സങ്കടം ഉണർത്തി..
പിറ്റേന്ന് രാവിലെ അമ്മയോടും അതിനെപ്പറ്റി അനേഷിച്ചു...
അത് അപ്പച്ചൻ വെറുതെ പറയുന്നതാ മോളെ...
അമ്മയുടെ മറുപടിയും അവളെ തൃപ്തിപ്പെടുത്തിയില്ല....
അവളുടെ ഓരോ വാശിയിലും ഇടക്കിടെ അപ്പച്ചൻ അവസാനം കടച്ചക്കയിൽ എത്തും...വീട്ടിൽ 3 ചേച്ചിമാരും 2 ചേട്ടന്മാരും അവളെ കടച്ചക്ക എന്ന് വഴക്കു കൂടുമ്പോൾ വിളിക്കാൻ തുടങ്ങി..
എങ്കിലും അവർ ആരും അപ്പച്ചനും അമ്മച്ചിയും കേൾക്കലെ വിളിക്കാറില്ല..
വലുതായപ്പോൾ അപ്പച്ചന്റെ ആ കടച്ചക്ക സംസാരത്തിൽ ഒരുപാട് സ്നേഹം ഒളിച്ചിരിക്കുന്നത് അവൾ അറിഞ്ഞു...
ക്ലാസ്സിൽ ഒന്നാമത് ആയപ്പോഴും പത്താം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയപ്പോഴും അപ്പച്ചന്റെ സംസാരം അവൾ കേട്ടു. ..
അത് ഒരു അടക്കി പിടിച്ച സംഭാഷണം ആയിരുന്നു...
നിനക്കു അന്ന് കടച്ചക്ക കഴിക്കാൻ തോന്നിയത് നന്നായി അല്ലെടി....
എല്ലാവരുടെയും സ്നേഹത്താൽ അവൾ വളർന്നു.
അവളുടെ കല്യാണ ആവശ്യത്തിന് ഡ്രസ്സ്‌ എടുത്തു വന്ന അന്ന് അവൾ മൂത്ത ചേട്ടനോട് കൊഞ്ചി പറഞ്ഞു ..
മൂന്നു ചുരിദാർ കൂടി വേടിക്കാമായിരുന്നു അല്ലേ ഏട്ടാ...
ഇവൾക്ക് എന്തു കിട്ടിയാലും പോരല്ലോ അപ്പച്ചാ... ഈ അമ്മച്ചി ഒറ്റ ഒരുത്തി കാരണമാ..... അമ്മയുടെ ഒരു കടച്ചക്ക പ്രാന്ത്.... ഇറച്ചിയിൽ കഷ്ണം ഇട്ടു വയ്ക്കാതെ കറി വച്ചൂടെ...
അതു കേട്ടതും ചേച്ചിമാരും അപ്പച്ചനും അമ്മച്ചിയും അവളെ നോക്കി പൊട്ടിച്ചിരിച്ചു...
പിന്നെ ചേച്ചിയിൽ നിന്നാണ് കടച്ചക്കയുടെ പിന്നിലെ കഥ അവൾ അറിയുന്നത്...
മൂന്നു പെണ്ണും രണ്ടു ആൺകുട്ടികളുമായപ്പോൾ അപ്പച്ചനിൽ പ്രൊഡക്ഷൻ നിറുത്താനുള്ള ഓപ്പറേഷൻ ചെയ്‌തെന്നും.... അതുകഴിഞ്ഞു 12 ദിവസം റസ്റ്റ് എടുക്കണമെന്ന് പറഞ്ഞു. .മരത്തിൽ കയറാനോ കുഴിയിൽ വീഴാനോ പാടില്ല എന്നും ഡോക്ടർ പറഞ്ഞിരുന്നു...
അപ്പച്ചന്റെ റസ്റ്റ് പുരോഗമിക്കുന്നതിനിടക്ക്. .. എട്ടാം ദിവസം ഇറച്ചി കൊണ്ടുവന്ന് അപ്പച്ചന്റെ അപ്പൻ കായ ഇട്ടു വയ്ക്കാൻ പറഞ്ഞു പീടികയിലേക് പോയി. ...
മൂത്തു നിൽക്കുന്ന കടച്ചക്ക കണ്ട അമ്മച്ചി പറഞ്ഞു..
ഇച്ചായ.. ആ മൂത്ത കടച്ചക്ക ഒന്നു പൊട്ടിച്ചു തരോ... എനിക്ക് അതിട്ടു വച്ചു തിന്നാനാ ഇഷ്ടം... എട്ടു ദിവസമായില്ലേ.. ഇനിയൊന്നും കുഴപ്പമില്ല... കുറച്ചു കയറിയിട്ട് തോട്ടി കൊണ്ട് വലിച്ചാൽ മതി...
അപ്പച്ചൻ മനസ്സില്ലാമനസ്സോടെ കയറി കടച്ചക്ക തോണ്ടിയിട്ടു..കാൽ വഴുതി അപ്പച്ചനും കടച്ചക്കയോടൊപ്പം വീണു...
അന്നു രാത്രി... അപ്പച്ചന്റെ അപ്പൻ വന്ന് കറി കഴിക്കാൻ ഇരിക്കുമ്പോൾ ചോദിച്ചു.. നീ മരത്തിൽ കയറി അല്ലെടാ....
വിളറിയ മുഖത്തോടെ അപ്പനരുകിൽ ആ മോൻ മിണ്ടാതെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഇരുന്നു...
ഇനി ഇവൾക്ക് എന്തെങ്കിലും പറ്റിയാൽ അവളെ സംശയിക്കാനൊന്നും നിൽക്കണ്ടാട്ടാ......
അപ്പന്റെ അടുത്ത സംസാരം മോന്റെ തലയിൽ അടികിട്ടിയ പോലെയായി...
അധികം വൈകാതെ തന്നെ നീ അമ്മയുടെ വയറ്റിൽ സ്ഥാനം പിടിച്ചു...
നീ പിറന്നതിനു ശേഷം അപ്പച്ചനിൽ പരീക്ഷണത്തിന് മുതിരാതെ അമ്മ ഓപ്പറേഷന് പോയി....
ചേച്ചി കഥ പറഞ്ഞു നിറുത്തി എന്റെ തലയിൽ തലോടി കൊണ്ടു പറഞ്ഞു...
ഇതാണെടി മോളെ.. നിന്റെ വാശികൾ കാണുമ്പോൾ അപ്പച്ചൻ പറയുന്നത്.... കടച്ചക്ക ഇട്ടു വയ്ക്കണ്ടായിരുന്നു എന്ന്......
അതുകേട്ടതും അവൾ പൊട്ടി ചിരിച്ചു.. ഇത്രനാളും കടച്ചക്കയെ വെറുത്ത അവൾ കടച്ചക്കയെ ഇഷ്ടപ്പെടാൻ തുടങ്ങി....
ഇപ്പോൾ അവളുടെ ഭർത്താവുമായി ശണ്ഠകൂടുമ്പോൾ ഭർത്താവ് പറയും.... ആ കടച്ചക്ക കാരണം ഞാൻ എന്തൊക്കെ അനുഭവിക്കേണ്ടി വന്നു....
ആ വാക്കുകൾ കേൾക്കേണ്ട താമസം അവളുടെ ഏതു ദേഷ്യവും അവളിൽ നിന്നു പറന്നകലും.. .ഒടുവിൽ ചിരിച്ചു കൊണ്ട് അയാളുടെ മാറിൽ തല ചായ്ക്കും......
***********************************************
രാഗി പ്രമോദ്
****************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo