ഒരു യാത്രാവിവരണത്തിന്റെ ഓർമ്മക്ക്....
ഞാൻ ഡിഗ്രി പരീക്ഷ കഴിഞ്ഞു റിസൾട്ട് കാത്തിരിക്കുന്ന കാലം.വെറുതെയിരിക്കുന്ന മടിയോർത്ത് ഞാൻ പഠിച്ചിരുന്ന ട്യൂഷൻ സെന്ററിൽ മാത്തമാറ്റിക്സിനു ക്ലാസ്സെടുക്കാൻ ക്ഷണം വന്നപ്പോ സന്തോഷത്തോടെ സ്വീകരിച്ചു.... മൂന്നുവർഷവും മാത്‌സ് പഠിച്ചതുകൊണ്ട് അതുമായി ആഴത്തിൽ ഒരു അടുപ്പമുണ്ടായി എന്ന് കൂട്ടിക്കോളൂ.... അവിടെ S. S. L. C failed ആയ കുട്ടികൾക്ക് റെഗുലർ ക്ലാസ് കൊടുത്തു പരീക്ഷക്ക് പരിശീലിപ്പിക്കുന്ന ക്ലാസ്സുമുണ്ട്. മലയാള സാഹിത്യത്തോടു അല്പം ചായ്‌വുള്ളതു കൊണ്ടും മലയാളംടീച്ചർക്കു ജോലിഭാരം കുറക്കുന്നതിനുമായി മലയാളം നോൺ ഡീറ്റൈൽഡ് പഠിപ്പിക്കുന്ന ചുമതല എനിക്കു തന്നിരുന്നു. അന്നവർക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതി ആയ "പാത്തുമ്മയുടെ ആട് " ആയിരുന്നു പഠിക്കാനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സരസമായ ഭാഷയും നർമ്മസംഭാഷണങ്ങളും അവതരണഭംഗിയും കൊണ്ട് മികച്ച ഒരു കൃതി ആയതുകൊണ്ട് സാമാന്യം നല്ല രീതിയിൽ ഞാൻ കുട്ടികളെ പഠിപ്പിച്ചെടുത്തു.ആയിടയ്ക്ക് കുട്ടികളുടെ പഠന നിലവാരം അറിയുന്നതിനായി ഒരു പരീക്ഷ എടുത്താലോ എന്നൊരു ആശയം മാഷ് പറഞ്ഞു ..... ഒരു ഓണപ്പരീക്ഷ കഴിഞ്ഞ സമയമായിരുന്നു. ഞാൻ ആ തവണത്തെ ഓണപ്പരീക്ഷയുടെ ചോദ്യപേപ്പർ സംഘടിപ്പിച്ചു. ചില ചോദ്യങ്ങൾ മാറ്റിയും ലളിതമാക്കിയും അല്പം രൂപമാറ്റം വരുത്തി പുതിയൊരു ചോദ്യപേപ്പർ തയ്യാറാക്കി ഫോട്ടോസ്റ്റാറ്റ് എടുത്തു. കുട്ടികൾക്ക് പഠിക്കാൻ ഒരാഴ്ച സമയം കൊടുത്തു.... അവസാനം പരീക്ഷ വന്നെത്തി. പരീക്ഷ യുടെ അന്ന് എല്ലാരും വളരെ ഹാപ്പി... ഞാൻ എല്ലാവരുടേം ബാഗ് ഒക്കെ മാറ്റി വെച്ചു. രണ്ട് പേരെ ഒരു ഡസ്കിൽ വീതം ഇരുത്തി കോപ്പിയടി യുടെ എല്ലാ പഴുതുകളും അടച്ചു ഭദ്രമാക്കി.... ചോദ്യ പേപ്പർ കൊടുത്തു. രണ്ടര മണിക്കൂർ സമയം അതിനുള്ളിൽ എഴുതി തീർക്കണം.... ഞാൻ പറഞ്ഞു. ടൈം മാനേജ്മെന്റും പഠിക്കണല്ലോ.... എല്ലാവരും എഴുതി തുടങ്ങി.... എഴുതാനുള്ള പേപ്പർ എല്ലാം അവരവർ തന്നെ കൊണ്ടുവന്നിട്ടുണ്ട്. ഞാൻ അവിടെ മുന്നിലുള്ള ഒരു ബെഞ്ചിലിരുന്നു എല്ലാരേം നിരീക്ഷിച്ചും കയ്യിലിരുന്ന ബുക്ക് വായിച്ചും നേരം കളഞ്ഞു. സമയം ഏകദേശം തീരാറായി ഓരോരുത്തരായി പേപ്പർ തന്നു ക്ലാസ്സിൽ നിന്നു ഇറങ്ങിപ്പോകുന്നുണ്ട്....... അങ്ങനെ രണ്ടര മണിക്കൂർ അയി.... ഒരുകുട്ടിയുടെ ഒഴികെ എല്ലാരുടേം തീർന്നു..... ഞാൻ പറഞ്ഞു ടൈം തീർന്നു ഈകുട്ടി പേപ്പർ തരുന്നില്ല ഗംഭീര എഴുത്താണ്....
കഴിഞ്ഞ അഞ്ചു വർഷമായി അവൾ S. S. L. C എഴുതുന്നുണ്ട്... ഇത്തവണ കൂടിയേ വീട്ടുകാർ അനുവദിച്ചിട്ടുള്ളൂ... ഞാൻ ഒരു പത്തു മിനിറ്റു കൂടി സമയം കൊടുത്തു അതിനുള്ളിൽ എഴുതിത്തീർത്തു എനിക്കു പേപ്പർ തന്നു. ഹൃദ്യമായ ഒരു പുഞ്ചിരി എനിക്കു നൽകിക്കൊണ്ട് ആ വെള്ളാരം കണ്ണുള്ള സുന്ദരി..... (പേര് മറന്നുപോയി)..... എന്റെ മുന്നിലൂടെ ഇറങ്ങിപ്പോയി.........
വീട്ടിൽ വന്നു പണികളെല്ലാം തീർന്ന് വൈകുന്നേരം..... ബാഗിൽനിന്നും പേപ്പർ കെട്ടെടുത്തു... ഓരോന്നായി നോക്കാൻ തുടങ്ങി.... എല്ലാരും നന്നായി തയ്യാറെടുത്തിട്ടു തന്നെ എഴുതിയിരിക്കുന്നു.... എന്നിലെ ടീച്ചർ ആനന്ദ പുളകിതയായി..... പെട്ടെന്നാണ് ഞാൻ ആ വെള്ളാരം കണ്ണിന്റെ ഉടമയെ ഓർത്തത്.. ... വേഗം അവളുടെ പേപ്പർ തപ്പിയെടുത്തു..... ഞെട്ടിപ്പോയി..... !!!!!!!!. അവളാകെ അവസാനത്തെ ചോദ്യത്തിന് മാത്രേ ഉത്തരം എഴുതിയിട്ടുള്ളൂ.... മലയാളം സെക്കൻഡ് ആവുമ്പൊ അവസാനത്തെ ചോദ്യം എന്തെങ്കിലും ഉപന്യാസം എഴുതാനാണ് ചോദിക്കാറ്.... ഇവിടെ " നിങ്ങൾ ഒരു വിനോദയാത്ര പോയതിനെക്കുറിച്ചു യാത്രാവിവരണം തയ്യാറാക്കുക ". എന്ന തായിരുന്നു ചോദ്യം.... കക്ഷി അതിനു മാത്രേ ഉത്തരം എഴുതിയിട്ടുള്ളൂ.... നോക്കുമ്പോൾ ആറുപേജാ എഴുതിയിരിക്കുന്നത്.
ആൾ ഊട്ടി ക്കു പോയതിനെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്....... പുറപ്പെടുന്നത് മുതൽ തിരിച്ചു വരുന്നത് വരെ വള്ളിപുള്ളി വിടാതെ വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്.... ഊട്ടിയിലെ ഗാർഡൻ, ലെയ്ക്ക്.. ..... എന്ന് വേണ്ടാ കിലുക്കം സിനിമയിലെ വീട് വരെ അവൾ വർണിച്ചു വരച്ചിട്ടിട്ടുണ്ട്.... ലെയ്ക്കിൽ ബോട്ടിങ്ങിനു പോയപ്പോൾ ചുറ്റും കാണുന്ന പ്രകൃതി ഭംഗി ചങ്ങമ്പുഴയെ തോൽപ്പിക്കുമാറ് വർണ്ണിച്ചു വെച്ചിരിക്കയാണ്.........ഞാൻ അതിൽ മയങ്ങി ഇരുന്നുപോയി.... അച്ഛൻ വിളിച്ചപ്പോൾ ഞാൻ പെട്ടെന്നു ചിന്തയിൽ നിന്നുണർന്നു.... കുറേ നേരായിത്രേ വിളിക്കുന്നു.... ഓടിച്ചെന്നു.... "എവിടെയായിരുന്നു."... ? കൊറേ നേരായി വിളിക്കാണ്.... ഇതെവിടെപോയി എന്ന് ചോദിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല.... ഊട്ടി വരെ ഒന്നു പോയതാ എന്ന് പറയാൻ പറ്റ്വോ.... ആൾ നല്ല ഗൗരവക്കാരനാണ്.... ഗുളിക കാണാഞ്ഞിട്ട് വിളിച്ചതാണ്. അതെടുത്തു കൊടുത്തു തിരിച്ചു വന്നിട്ട് ഒരു ദീർഘനിശ്വാസത്തോടെ പേപ്പറെടുത്തു.... എന്തു ചെയ്യും ? ഈ സാഹിത്യ സൃഷ്ടിക്കു മാർക്കിടാൻ മാത്രം ഞാൻ വളർന്നിട്ടില്ലല്ലോ.... ഇതിനെത്ര കൊടുക്കും..... ആ ചോദ്യത്തിന് അഞ്ചു മാർക്കെ ഉള്ളൂ. അതു മുഴുവനും കൊടുത്തു. പക്ഷേ ബാക്കി ഒന്നിനും ഉത്തരമില്ലാത്തോണ്ട് ടോട്ടൽ മാർക്കും അഞ്ചായിത്തന്നെ അവിടെ കിടന്നു.......
അടുത്ത ആഴ്ച യെ പിന്നെ എനിക്കു മലയാളം ക്ലാസ് ഉണ്ടായിരുന്നുള്ളൂ..... ഞാൻ എല്ലാവർക്കും പേപ്പർ കൊടുത്തു.... എല്ലാവർക്കും നല്ല മാർക്കുണ്ട്. അവളുടേത് ഞാൻ മനപ്പൂർവം ബുക്കിൽ മാറ്റി വെച്ചിരുന്നു..... അവസാനത്തെ പേപ്പറും കൊടുത്തു തീർന്നപ്പോൾ വെള്ളാരം കണ്ണുകാരി എണീറ്റ് നിന്നു..... എന്നോടു ചോദിച്ചു.... "ടീച്ചർ.... എനിക്കു പേപ്പർ കിട്ടിയില്ല"...... ഞാൻ ബുക്കിൽ നിന്നും പേപ്പർ എടുത്തു.... അത്യാവശ്യം കനമുള്ള ആൻസർഷീറ്റ്.... ക്ലാസ്സിൽ ടോപ്പ് ആയിരിക്കും അതോണ്ടായിരിക്കും അവസാനത്തേക്കു വെച്ചത്.... മറ്റുള്ളകുട്ടികൾ കണക്കു കൂട്ടി.... അവരെല്ലാം ആകാംക്ഷയോടെ അമ്പതിന്റെ മുകളിൽ എഴുതിയിരിക്കുന്ന ചുവന്ന അക്കത്തിലേക്കു വലിഞ്ഞു നിന്ന് എത്തിനോക്കി.... നോക്കുമ്പോൾ അഞ്ചേ കാണാനുള്ളൂ. അമ്പതായിരിക്കും.....എവിടന്നോ ഒരടുക്കിയ സംസാരം കേട്ടു. ഞാൻ പറഞ്ഞു അമ്പതൊന്നുമല്ല.....അവൾ പതുക്കെ നാണിച്ചു തല കുനിച്ചു.... ഞാൻ ഒന്നും പറയാതെ പേപ്പർ കൊടുത്തു... അവൾ ഒരു പുഞ്ചിരിയോടെ അത് വാങ്ങി മടക്കി ബാഗിന്റെ അഗാധതയിലേക്ക് ഒരു വിധം കുത്തിയിറക്കി.....
ഉച്ചക്ക് അവർ ഊണുകഴിഞ്ഞു വിശ്രമിക്കുന്ന സമയം.... ഞാൻ അവളെ അടുത്തു വിളിച്ചു.... കാര്യം മനസ്സിലായ അവൾ ഓടി വന്നു. ഞാൻ ചോദിച്ചു എന്താ ശരിക്കും സംഭവം.... ? എന്നെ കളിയാക്കിയതാണോ..... ? അവൾ ഞെട്ടി !!!! ഞാൻ ഇത്ര നന്നായി പഠിപ്പിച്ചിട്ടും എന്തേ പാഠഭാഗത്തുനിന്നും ഒന്നുപോലും എഴുതാതെ പോയത് ? അല്പം ശബ്ദം ഇടറിയോ ?അവൾ പറഞ്ഞു.... "ഞാൻ പഠിച്ചതാ ടീച്ചറേ.... എനിക്ക് എല്ലാത്തിന്റേം ഉത്തരോം അറിയാം"..... ഇത്തവണ ഞാനാണ് ഞെട്ടിയത്..... !!!! "പിന്നെ "....? ഞാൻ ചോദിച്ചു....
ഈ ചോദ്യം കണ്ടപ്പോൾ നന്നായി അറിയുന്നതല്ലേ ആദ്യം ഇതെഴുതാം എന്ന് വിചാരിച്ചിട്ടാ.... പക്ഷേ എഴുതി എഴുതി രസം പിടിച്ചപ്പോ നേരം പോയതറിഞ്ഞില്ല..... നിഷ്കളങ്കമായ മറുപടി എനിക്കു നേരെ... "ഇത്ര വിശദമായി ഇങ്ങനെ എഴുതാൻ ആരു പറഞ്ഞു തന്നു "?..... ഞാൻ വിട്ടില്ല.... "അതല്ല ടീച്ചറെ..... ഞാൻ ഇതിനുമുൻപ് അഞ്ചു കൊല്ലം മാമന്റെ വീട്ടിലായിരുന്നു. ഈ അഞ്ചു തവണയും ഞാൻ അവിടത്തെ ഫെയ്ൽഡ് ബാച്ചിൽ ട്യൂഷൻ ക്ലാസ്സിൽ ഉണ്ടായിരുന്നു. അവിടന്നു എല്ലാ കൊല്ലവും ഊട്ടിക്ക് ടൂർ പോവും.... നല്ല രസാ " കോരിത്തരിക്കുന്ന ഓർമ്മകൾ അവൾ എനിക്കുമുന്നിൽ കുടഞ്ഞിട്ടു.... ഞാൻ മിഴിച്ചു നിന്നു പോയി.... ഞാൻ പറഞ്ഞു " ഇവിടുന്നു എന്തായാലും ടൂർ പോകുന്ന പതിവൊന്നും ഇതുവരെ ഇല്ലാ.... അതോണ്ട് മര്യാദക്ക് പഠിച്ചു ജയിക്കാൻ നോക്ക്.... " "ഊം".... അവൾ മെല്ലെ തലയാട്ടി. അണപൊട്ടിയ ചിരി ഒതുക്കി ഞാനും തിരിഞ്ഞു നടന്നു....
ഈ ചോദ്യം കണ്ടപ്പോൾ നന്നായി അറിയുന്നതല്ലേ ആദ്യം ഇതെഴുതാം എന്ന് വിചാരിച്ചിട്ടാ.... പക്ഷേ എഴുതി എഴുതി രസം പിടിച്ചപ്പോ നേരം പോയതറിഞ്ഞില്ല..... നിഷ്കളങ്കമായ മറുപടി എനിക്കു നേരെ... "ഇത്ര വിശദമായി ഇങ്ങനെ എഴുതാൻ ആരു പറഞ്ഞു തന്നു "?..... ഞാൻ വിട്ടില്ല.... "അതല്ല ടീച്ചറെ..... ഞാൻ ഇതിനുമുൻപ് അഞ്ചു കൊല്ലം മാമന്റെ വീട്ടിലായിരുന്നു. ഈ അഞ്ചു തവണയും ഞാൻ അവിടത്തെ ഫെയ്ൽഡ് ബാച്ചിൽ ട്യൂഷൻ ക്ലാസ്സിൽ ഉണ്ടായിരുന്നു. അവിടന്നു എല്ലാ കൊല്ലവും ഊട്ടിക്ക് ടൂർ പോവും.... നല്ല രസാ " കോരിത്തരിക്കുന്ന ഓർമ്മകൾ അവൾ എനിക്കുമുന്നിൽ കുടഞ്ഞിട്ടു.... ഞാൻ മിഴിച്ചു നിന്നു പോയി.... ഞാൻ പറഞ്ഞു " ഇവിടുന്നു എന്തായാലും ടൂർ പോകുന്ന പതിവൊന്നും ഇതുവരെ ഇല്ലാ.... അതോണ്ട് മര്യാദക്ക് പഠിച്ചു ജയിക്കാൻ നോക്ക്.... " "ഊം".... അവൾ മെല്ലെ തലയാട്ടി. അണപൊട്ടിയ ചിരി ഒതുക്കി ഞാനും തിരിഞ്ഞു നടന്നു....
കല്യാണം കഴിഞ്ഞു ഭർത്താവിനൊപ്പം ആദ്യമായി ഊട്ടിക്ക് പോയപ്പോ അവിടത്തെ ഓരോ കാഴ്ചകളും എനിക്ക് അത്രമേൽ പരിചയപ്പെടുത്തി തന്ന എന്റെ വെള്ളാരങ്കണ്ണുകാരി യെ വെറുതെയെങ്കിലും ഒന്നു ഓർത്തുപോയ് ഞാൻ....
ബിനി ഭരതൻ, മുതുവറ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക