Slider

ദൈവം കൂട്ടായുള്ളവർ.

0

ഇന്ന്,.. .ഇന്നെങ്കിലും അവൻ വന്നെങ്കിൽ
ഈശ്വരാ ഈ മഴയത്ത് എന്റെ കുട്ടി
എവിടാവും.അവന് പോന്നുകൂടെ ഇങ്ങോട്ടേക്ക്...
നേരമിരുട്ടിയിരിക്കുന്നു.കിഴക്കേപ്പുറത്ത് അടുക്കളയിൽ അമ്മ എന്തൊക്കെയോ തട്ടുകയും മുട്ടുകയും
ചെയ്യുന്നു.വിശപ്പ് തോന്നുന്നില്ല.
അവനുള്ളതുമാത്രം ഒരു പ്ളേറ്റിലെടുത്തിട്ടുപോന്നു.
അവൻ അബു.
അവനെക്കുറിച്ചു പറയാൻ ഒരാഴ്ച പുറകിലേക്കു പോയേ പറ്റൂ.
അന്ന്. ..
!!!!!
വെറുതെ ഓളങ്ങൾ തിരതല്ലുന്നതു നോക്കിയിരുന്നപ്പോൾ ആശ്വാസം തോന്നി.വൈകുന്നേരങ്ങളിൽ ഇപ്പോൾ ഇതാണ് പതിവ്.
തിരകളും ഹൃദയവും തമ്മിൽ എന്താണ്? ..എന്തോ ഉണ്ട്. .അല്ലെങ്കിൽ കുറച്ചു സമയം ഇവിടെ വന്നിരുന്ന ശേഷം മനസ്സിൽ ഇങ്ങനെ
ശാന്തത തോന്നാൻ...കാരണം? ??
മനസ്സിൽ നിറയെ അരുണിന്റെ വാക്കുകളായിരുന്നു വന്നപ്പോൾ .
ഒരു
കുഞ്ഞിനുവേണ്ടിയുള്ള അവസാനത്തെ
ശ്രമവും പാഴായിരിക്കുന്നു.
ഒടുവിലത്തെ റിസൽട്ടും നെഗറ്റീവ്.
ഇനി കയറാൻ ഏതു ഹോസ്പിറ്റൽ ആണു ബാക്കിയുള്ളത്..?
ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള മനസ്സ്.. അരുണിന് ആ ഒരു തീരുമാനത്തോടുപോലും മാനസികമായി പൊരുത്തപ്പെടാനാവുന്നില്ല.
ഇന്നലെയും ഇക്കാര്യം പറഞ്ഞാണ് ഫോൺ വെച്ചത്.
വേണ്ട അശ്വതീ ,നീയൊന്നടങ്ങ്.എല്ലാം നേരെയാവും.ഓരോന്നിനും അതിന്റേതായ സമയമുണ്ട്.നമ്മുടെ സമയം ഇനിയും ആയിട്ടില്ല.
ആകുമ്പോൾ ഒന്നല്ല, രണ്ടെണ്ണത്തിനെ
ദൈവം നമുക്ക് തരും നോക്കിക്കോ..
ഇതുതന്നെയാണ് പതിവുപല്ലവി.കഴിഞ്ഞു അരുണിന്റെ വാക്കുകൾ. എന്നിട്ടു സമാധാനമായിരിക്കൂന്നുംകൂടി പറഞ്ഞാൽ തീർന്നു.
പക്ഷേ.ഇനിയും തനിയെ,മടുത്തു.
ഒരു കുഞ്ഞിനെ, സ്വന്തം അല്ലായെങ്കിൽ കൂടി അതിനെ സ്നേഹിക്കാൻ തനിക്കു സാധിക്കും.
അതിപ്പോൾ കല്യാണത്തിനു മുന്നേ മനസ്സിലുണ്ടായിരുന്നതാണ്..എത്ര
കുട്ടികൾ ഉണ്ടായാലും ഒരു കുട്ടിയെ
ദത്തെടുക്കണമെന്ന്.
അന്നത് മനസ്സിൽ തോന്നിയത് എന്തിനാണെന്നുകൂടി അറിയില്ല. പക്ഷേ
ഇന്നത് നല്ലതായാണു തോന്നുന്നത്.
എങ്ങുന്നോ കാറ്റു കൊണ്ടുവന്ന ഒരു ചുവന്ന ബോൾ തിരകളിലാടിയുലയുന്നു.
ചിന്തകളും ഒപ്പം കണ്ണുകളും ആ ബോളിനൊപ്പം ചാഞ്ചാടിയാടി...
സാമാന്യം വലിയ തിരകളാണ്...
പെട്ടെന്ന് പിറകിലൂടെ വന്ന രണ്ടു ചെറിയ കാലുകൾ ആ ബോൾ ലക്ഷ്യമാക്കി വേഗത്തിൽ കുതിച്ചു.
ഈശ്വരാ ബോളുമില്ല ആളുമില്ല.
ചുറ്റും നോക്കിയപ്പോൾ നെഞ്ചിൽ പേടി കനത്തു. അടുത്തെങ്ങും ഒരു മനുഷ്യ ജീവികളും ഇല്ല.
എന്തുചെയ്യും???
ആരാണ്. ..എന്താ സംഭവിക്കുന്നത്?
ആ ഒരു നിമിഷംകൊണ്ട് കണ്ണിൽ ഇരുട്ടു കയറുന്നപോലെ തോന്നി.
പിന്നെ ഒന്നും ഓർമ്മയില്ല.
ചെറിയ വെള്ളത്തുള്ളികൾ മുഖത്ത് വീണപ്പോളാണ് കണ്ണു തുറന്നത്.
ചുവന്ന ബോളും കയ്യിൽ പിടിച്ചു കൊണ്ട് ഒരു വികൃതി. ചിരിക്കുന്നു.
എട്ടു വയസ്സ് കാണുമോ ,? കാണും.ഒരെണ്ണം കൊടുക്കാനാണ് തോന്നിയത്.
പക്ഷേ ആ കണ്ണിലെ കുസൃതിച്ചിരിയിലുടക്കി ദേഷ്യം താനെ
അലിഞ്ഞു പോയി.
എന്നാലും ഗൗരവത്തിൽത്തന്നെയാണ് വാക്കുകൾ പുറത്തു വന്നത്
""ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ.നീയേതാ"
അവന്റെ നനഞ്ഞൊട്ടിയ ചെമ്പൻ നീളൻമുടിയും മുഷിഞ്ഞ നിക്കറുംബനിയനും നോക്കിയാണ് ചോദിച്ചത്.
അവന്റെ ചിരി നിന്നു. കണ്ണുകൾ അങ്ങ് കടലിന്റെ അനന്തതയിലേക്ക്നോക്കി ഒന്ന് പിടഞ്ഞപോലെ തോന്നി.
പിന്നെ അവനെന്റെ മുഖത്ത് നോക്കിയില്ല.
ആ ബോളുമായി വീണ്ടും തിരകളിലേക്ക് ..
ചിരപരിചിതനായ ഒരഭ്യാസിയെപോലെ അവൻ കടൽ തിരകളിൽ ഊളിയിട്ടും പൊങ്ങിയും നീന്തിയും കളിച്ചു.
കരയിൽ ചോദ്യങ്ങളുമായി ഞാനും.
ഞാൻ നോക്കുന്നതറിയുന്നതുകൊണ്ടാവാം
ആ മുഖത്ത് ഒരു ഒരു ചെറിയ ചിരിയും
ഇടയ്ക്കിടെ ഓട്ടക്കണ്ണിട്ടു കള്ള നോട്ടവും.
തിരകൾക്കപ്പുറത്തേക്ക് വലിച്ചെറിയുന്ന ബോള് തിരകൾക്കടിയിലൂടെ ഊളിയിട്ടു
തിരികെയെടുത്തുവരുന്ന ഒരു പുതിയ കളി. സത്യത്തിൽ പേടിയാകും.
ആ സമയത്താണ് അതുവഴി ഐസ്ക്രീമും കൊണ്ട് ഒരാൾ വന്നത്. അറിയാം, അവനും ഇയാളെ കണ്ടിട്ടുണ്ടാവും,നോക്കുന്നുണ്ടാവും..
രണ്ടെണ്ണം വാങ്ങി തിരിഞ്ഞു നോക്കി
ശരിയാണ്. കളി നിർത്തി നോക്കിനിൽക്കുകയാണ്.പാതിവായ പൊളിഞ്ഞിരിക്കുന്നു.
കണ്ടപ്പോൾ ചിരിച്ചു പോയി.
കൈയാട്ടി വിളിച്ചു. ദുർബലമായ ഹൃദയത്തിലെ കടിഞ്ഞാൺ എവിടെയോ നിമിഷങ്ങൾകൊണ്ട്..തകർന്നു വീണു.
അവൻ ആ ബോളുമായി വീണ്ടും അടുത്തെത്തി.
കണ്ണിൽ വീണ്ടും ആ കുസൃതിച്ചിരി.
നിന്റെ പേരെന്താ?വീടെവിടാ?
ഐസ്ക്രീമു കൈമാറുമ്പോൾ ചോദിച്ചു.
അബു.ചിലരൊക്കെ "തെരുവ് പിള്ളേർ "
എന്നാ വിളിക്കുന്നെ.വീട് ഇല്ല. കടലു കൊണ്ടുപോയി.ആരുമില്ല. അപ്പേമമ്മേം
പൊന്നൂനേമൊക്കെ കടലു കൊണ്ടോയി.
ഞാൻ മാത്രേയുള്ളൂ .അവസാനം ആ ചിരിയിലൊരു പിടച്ചിൽ...കണ്ണിലേതുപോലെ ...സന്തോഷം എങ്ങോ പോയി...
എനിക്കും വാക്കുകൾ അസ്തമിച്ചു പോയി.തൊണ്ടയിൽ എന്തോ കുരുങ്ങിയതുപോലെ....പിന്നെ സംസാരിച്ചതത്രയും മൗനമായിരുന്നു...
മണലിൽ അടുത്തടുത്തിരുന്ന് ഐസ്ക്രീമു കഴിച്ചു...
കാറ്റിൽ തോർന്ന അവന്റെ ചെമ്പൻമുടി ഇളകുന്നത് നോക്കിയിരിക്കെ...അമ്മയുടെ കോൾ..
എവിടാ കഴിഞ്ഞില്ലേ...""വരുന്നു അമ്മേ..ഇറങ്ങി"". ..പറഞ്ഞു കട്ട്ചെയ്തു.
പാർലറിലെ ജോലി എന്നും ആറുവരെയാണ്.മനസ്സിൽ അസ്വസ്ഥത
ഉള്ളപ്പോൾ ചിലപ്പോൾ ഞാനിങ്ങനെയാണ്.നാലരക്ക് ചോദിച്ചിട്ടിറങ്ങും. പത്തുമിനിറ്റു മതി അഴീക്കൽ എന്ന മനോഹരമായ കടൽ തീരമെത്താൻ.
വല്ലാത്ത ഒരു സമാധാനം ആണ് കുറച്ചു സമയംഇവിടിങ്ങനെ...
ഇന്നിനി.....
ഞാൻ അബുവിനെ നോക്കി. അവൻ
അവസാനത്തെ "സ്പൂൺനക്കൽ"പരിപാടി വളരെ വൃത്തിയായി ചെയ്യുന്നു.
ഒടുവിൽ മൗനം മുറിഞ്ഞു.""നീയെവിടാ താമസിക്കുന്നത്.""
കുറച്ചു കിഴക്കായി സ്കൂളുണ്ട്.അവിടെ ആയിരംതെങ്ങിലേക്കുള്ള വള്ളങ്ങൾ
യാത്രക്കാരെ അക്കരെയിക്കരെ കടത്തുന്ന ഒരിടമുണ്ട്.അവിടത്തെ വള്ളക്കാരുടെ കൂടെയാണ് ഉറക്കം.
ചിലപ്പോൾ സ്കൂൾ വരാന്തയില്.
അവിടെ വെയിറ്റിംഗ് ഷെഡ്ഡിൽ വേറെയും അന്തേവാസികൾ ഉണ്ടത്രെ..
ഓകെ. "നീ നാളെയും വരുമോ...? "ചേച്ചി വരുമോ" അവൻ തിരികെ ചോദിച്ചു.
ഉം വരാം. .
തിരികെ തെങ്ങിൻ ചുവട്ടിൽ നിർത്തിയിട്ട സ്കൂട്ടി സ്റ്റാർട്ടാക്കി പോരുമ്പോൾ പുറകിൽ രണ്ടു കുഞ്ഞു
കൈകൾ ചുറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.
വലിയഴീക്കലിനും ചെറിയഴീക്കലിനുമിടയിൽ സ്കൂളിലേക്കുള്ള വളവിങ്കൽ അവനെ
ഇറക്കി വിട്ട് യാത്ര തുടരുമ്പോൾ അതുവരെ തോന്നാത്ത ഒരു സന്തോഷം. അത് പറഞ്ഞാൽ തീരില്ല.
വൈകിട്ട് അരുണിനോട് അവനെക്കുറിച്ചായിരുന്നു.അരുണിനും
കൊതിയായി അവനേ കാണാൻ. അടുത്ത ആഴ്ച വരുമ്പോൾ കാണാമെന്ന് കാത്തിരിക്കുകയാണ്..അരുണും. പിറ്റേന്ന് നാലരക്ക് പതിവുപോലെ വീണ്ടും. .....
"ആളും" ബോളും നേരത്തെ എത്തിയിരിക്കുന്നു.
പറഞ്ഞിട്ടു കാര്യമില്ല. ഞാനും ഇന്ന് നേരത്തെ ഇറങ്ങി. നേരത്തെ എന്നു പറഞ്ഞാൽ ഉച്ചയ്ക്ക് ഇറങ്ങി.
കവിതയിൽ കയറി അബൂന് രണ്ടു നിക്കറും ബനിയനും വാങ്ങി. എന്താ
പറയുകാന്നറിയില്ല.
അവൻ കണ്ടതേ ചിരിച്ചു. പരുങ്ങി നിന്നു. എന്താണാവോ..?
ഉം എന്താ..? ഊഹും. ..അവൻ ചുമൽകൂച്ചി...ചമ്മി നിൽക്കുന്നു...
ഞാൻ കവർ അവനെ ഏൽപ്പിച്ചു അവനത് തുറക്കുന്നത് നോക്കി നിന്നു.
ആ കണ്ണുകളിലെ അപ്പോഴത്തെ ഭാവങ്ങൾ.. നെഞ്ചിൽ നിറയുന്ന ആ സന്തോഷം അനുഭവിച്ചു തന്നെ അറിയണം.
അവനെന്തൊക്കൊയോ പറയുന്നത് അവന്റെ കണ്ണിൽ നിന്നും എനിക്ക് വായിക്കാമായിരുന്നൂ.
പിന്നങ്ങോട്ടുള്ള രണ്ടു ദിവസങ്ങളും..
ഞാനൊന്നും പറയുന്നില്ല...
ഇത്രയും സന്തോഷം അനുഭവിച്ച നാളുകൾ ഇനി വരുമോ അറിയില്ല.
കായംകുളത്ത് ഇനി ചുറ്റാനൊരിടം ബാക്കിയില്ല.
കൂടെ വീട്ടിലും ഒന്നു കൊണ്ടുപോകാൻ
മറന്നില്ല.
പുതിയ ഡ്രസൊക്കെയിട്ട് പാർലറിൽ കൊണ്ടുപോയി മുടിയൊക്കെ സ്ടെയ്റ്റ്
ചെയ്തു ഒരു മഷ്റൂം കട്ട് കൂടി ചെയ്തപ്പോൾ അബു. ......അവനാളാകെ
മാറിയിരിക്കുന്നു.
അവന്റെ സ്വരം പിക്ചറുകൾ ഒക്കെ കൊണ്ട് അരുണിന്റെ വാട്സാപ്പ് നിറഞ്ഞിരിക്കുകയാണ്...
എന്റെ സന്തോഷത്തിരയിളക്കം അരുണിലേക്കും പടർന്നിരിക്കണം.
അരുണിന്റെ മെസേജ്. .....
അശ്വതീ നമുക്ക് അവനെയങ്ങ് പൊക്കിയാലോ"ന്ന്...
പക്ഷേ അതു പറഞ്ഞപ്പോൾ അബൂന്റെ
മുഖമാകെ വാടി.
ഇല്ല ചേച്ചീ ഞാൻ വരില്ല. അവൻ വീട്ടിൽ നിന്നും ഇറങ്ങി ഓടി പോയി.
അസ്ത്രം പോലെ പായുന്ന അവന്റെ ഒപ്പം എത്താൻ എന്റെ സ്കൂട്ടിക്ക്
വേഗത പോരാന്ന് തോന്നിപ്പോയി.
എന്നിട്ടും കൊച്ചീടെ ജെട്ടിയെന്ന ആ പ്രകൃതി രമണീയമായ പാലത്തിൽ വെച്ച് അവനെ പിടികൂടാൻ പറ്റി.
ആ മുഖത്തെ ദൈന്യത എന്നെ എന്തിനോ
വേദനിപ്പിച്ചു.ഇഷ്ടമില്ലെങ്കിൽ വരണ്ട.
അതിന് നീയെന്തിനാ പിണങ്ങി ഓടീത് ???
അവന് ഒന്നും മറുപടി ഉണ്ടായിരുന്നില്ല.മുഖം കുനിച്ച് , എന്തോ വലിയ തെറ്റ് ചെയ്തവനെപോലുണ്ട് ഇപ്പോൾ. .....നോക്ക് അബൂ...
നിനക്ക് സ്കൂളിൽ പോകണ്ടേ പഠിക്കണ്ടേ?
പഠിച്ച് വലിയ ആളാവണ്ടേ?ഞങ്ങൾ നിന്നെ നന്നായി നോക്കിക്കോളാം.നിനക്കു ഇഷ്ടമാണെങ്കിൽ പോരൂ.നിന്റെ അഛനുമമ്മയുമാണ് വിളിക്കുന്നത് എന്നുകരുതൂ...ഞാനവനെ ചേർത്ത് പിടിച്ചു. പക്ഷേ അവനൊന്ന് തേങ്ങിക്കരഞ്ഞു ശേഷം
എന്റെ കൈവിടുവിച്ച് ആ പാലത്തിലൂടെ നടന്നു പോയി.
തിരിഞ്ഞു പോലും നോക്കിയില്ല.
വീണ്ടും ഒരു ശ്രമം കൂടി...ഞാനോടി അവന്റെ ഒപ്പമെത്തി.ആ ചുമലിൽ പിടിച്ചു മുന്നിൽ മുട്ടുകുത്തിയിരുന്നു
അബൂ...ഇക്കുറി ഞാൻ കരഞ്ഞുപോയി . അബൂ
എന്റെ കൂടെ വാ നീ...
ഈ മാസം അരുൺ വരുമ്പോൾ ഞങ്ങൾ ഇവിടുന്നു പോകും.നീ വരില്ലേ?
ഞാൻ നിന്നെ പൊന്നു പോലെ നോക്കാം മോനേ......
അതിനും മറുപടി ഇല്ല.അബു വീണ്ടും നടന്നു പോയി.ആ പാലത്തിന്റെ അരുകിൽ സംഭവിച്ചതെല്ലാം ഒരു
സ്വപ്നമായിരുന്നോ എന്നു പോലും തോന്നി, ഞാൻ ചലിക്കാനാവാതെ നിന്നു.
രാത്രി അരുൺ പറഞ്ഞു നീ ഇങ്ങനെ വിഷമിക്കരുത് അശ്വതീ.അതു മറന്നു കളയൂ. , നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്താമെന്ന്...
ഈ സമ്മതം സന്തോഷം തരേണ്ടതാണ്.പക്ഷേ. ..അറിയില്ല വിഷമം വരുന്നു.
ഇന്ന് മൂന്നു ദിവസമായി അബുവിനെ കണ്ടിട്ട് .ഇന്നും കടലിന്റെ തീരത്ത് അവനായി കാത്തിരുന്നു.പക്ഷെ അവൻ വന്നില്ല.
സ്കൂളിലേക്കുള്ള ആ വളവിങ്കലെത്തുമ്പോൾ മനസ്സ് പതറുന്നു . ഒന്നവിടെവരെ പോയി നോക്കണോ ?
വേണ്ട. ....ഇനി കരയാൻ വയ്യ
വലിയ മഴ വരുന്നു.വേഗം സ്കൂട്ടി പായിച്ചു വീട്ടിലേക്ക്.
ആകെ നനഞ്ഞ് കുതിർന്നാണ് വീട്ടിൽ എത്തിയത്. അമ്മ ചപ്പാത്തിയും വെജിറ്റബിൾ കുറുമയും ഉണ്ടാക്കി വെച്ചിട്ട് പതിവു സീരിയൽ കാണുന്നു.
കുളിച്ചു വന്നു
നീ കഴിക്കുന്നില്ലേ...?
ഇല്ല അമ്മേ കുറച്ചു കഴിഞ്ഞേയുള്ളൂ.
മനസ്സിൽ നിറയെ അബുവാണ്.ഈ മൂന്ന് ദിവസവും അവനുവേണ്ടി കാത്തിരുന്ന്
പലപ്പോഴും കഴിക്കാൻ മറന്നു പോയിരുന്നു.
ഇന്ന് കഴിക്കാം എന്ന് കരുതിയിരുന്നപ്പോളാണ്..മഴ..
അബു എവിടാവും കഴിച്ചുകാണുമോ?
വിശപ്പ് കെട്ടു.ജനാലവഴി കാറ്റും വെള്ളത്തുള്ളികളുംമുറിയിലേക്ക് തെറിച്ചു വീഴുന്നു.
കുറ്റിയിടാൻ ചെന്നപ്പോഴാണ് കണ്ടത്
വാതിൽക്കൽ അവൻ.
അബു
വാതിൽ തുറന്ന് ഓടിച്ചെന്ന് അവനെ കെട്ടിപ്പുണർന്നു.
അവനും കരയുന്നപോലെ തോന്നി.
എന്താ എന്തിനാ നീ എന്നെ വിഷമിപ്പിച്ചത്?
അത്...അവൻ വിക്കി.
അത്... എന്റെ കൂടെ ഒരു അമ്മയുണ്ടാരുന്നു.അതാ ഞാൻ വരാതിരുന്നത്.ഒരു ഭ്രാന്തിയമ്മ.എന്നെ
വലിയ ഇഷ്ടമാരുന്നു അവർക്ക്. രണ്ടു ദിവസം മുമ്പ് പൊഴിയിൽ കുളിക്കാനനിറങ്ങിയതാ ,അവരു മരിച്ചു പോയി.അതാ ഞാൻ ....അവൻ
ഏങ്ങലടിച്ചു.കൂടെ ഞാനും.
ഞാനവനെ വീണ്ടും ചേർത്ത് പിടിക്കവെ അവൻ വരാന്തയുടെ ഓരത്തേക്ക് കൈ ചൂണ്ടി.
അവിടെ നേടിയ ഇരുട്ടിൽ എന്തോ? ഞാൻ മുറ്റത്തേക്കുള്ള ലൈറ്റിട്ടു. ...
അവിടെ ചാരിയിരുന്നു കൈ ചപ്പുന്നു
നക്ഷത്രംപോലെ തിളങ്ങുന്ന കണ്ണുകളുള്ള ഒരു പളുങ്ക്.
ഞാൻ വിശ്വാസം വരാതെ അബൂനെ നോക്കി.
അവൻ കണ്ണുതുടച്ചുകൊണ്ട് പറയുകയാണ്.....
എന്നെ നോക്കാന്ന് പറഞ്ഞില്ലേ?
എന്നെ നോക്കണ്ട.ഇവളെനോക്കിയാമതി.പാവം. ഇവളുടെ അമ്മയാ ഇന്നലെ മരിച്ചത്.എനിക്കു പകരം ഇവളെ കൊണ്ടുപോകാമോ...
എനിക്ക് വാക്കുകൾ,. ...എന്റെ ലോകം അവിടെ നിശ്ചലമായിരുന്നു.
ഞാൻ അബുവിന് വാങ്ങിയ ചുവന്ന നിക്കറും മഞ്ഞ ബനിയനുംഅണിഞ്ഞ
ആ കുഞ്ഞു കൈകൾ അവന്റെ കുഞ്ഞു കാലുകളിൽ പിടിച്ചു എണീറ്റു
നിൽക്കാൻ ശ്രമിക്കുകയാണ്
അവന്റെ
വാക്കുകളും. .....ആ കുരുന്നിനോടുള്ള അവന്റെ സ്നേഹത്തിന്റെ ആഴവും . .......
അവനവളെ എടുത്ത് എന്റെ നേർക്ക് നീട്ടി.
ഇനി ഞാൻ പോട്ടേ.?അവൻ ആ കുഞ്ഞു കവിളിൽ ഒരു ഉമ്മ കൊടുത്ത്...തിരിഞ്ഞു നടന്നു.
******
ഇന്ന് ഞങ്ങൾ ചെന്നൈയിലേക്ക് പോവാണ്.ഞാനും അരുണും. അരുണിന്റെ മടിയിലിരുന്ന് പളുങ്ക്
കിലുകിലെ ചിരിക്കുന്നു.എല്ലാവരുടെയും കണ്ണ് അവളുടെ ചിരിയിലാണ്..ട്രെയിൻ പുറപ്പെടാനുള്ള വിസിലടിച്ചു..
കൈനിറയെ ചോക്ളേറ്റുമായി ഓടി വന്ന അബു, ആ പതിവു കള്ളച്ചിരി ചിരിച്ച് അവരുടെ ഇടയിലേക്ക് കലർന്നു
ഒരുു മുത്തശ്ശി ചോദിക്കുന്നു.രണ്ടു കുട്ടികളാ അല്ലേ?
ആ മുത്തശ്ശീ... സമയമായപ്പോൾ ദൈവം
രണ്ടു കുട്ടികളെ തന്നു.
അതു കേട്ട് അരുൺ ചിരിച്ചു. കാര്യമറിയാതെ മുത്തശ്ശിയും .
********
കഥ യും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം.
ലിൻസി അരുൺ.
.********.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo