ഈ പ്രവാസം ഒരുപാട് പുതിയ അനുഭവങ്ങളുടെ, തിരിച്ചറിവുകളുടെ ഒരു കലവറ തന്നെയാണ്.. വിദ്യാഭ്യാസ ജീവിതത്തിലും നാട്ടിൽ നിന്നും ഒന്നും പഠിക്കാത്ത പുതിയ പാഠങ്ങൾ.. അല്ലെങ്കിലും നമ്മുടെ സ്കൂളിൽ പഠിച്ച ചില കാര്യങ്ങൾ എന്തിന് വേണ്ടിയാണെന്ന് ഇത് വരെയും മനസ്സിലായിട്ടില്ല.. ലസാഗു, ഉസാഘ അങ്ങനെ വേറെ ചില കുന്ത്രാണ്ടങ്ങൾ... ഇത് കൊണ്ട് ജീവിതത്തിൽ ഇതുവരെ ഒരു കാര്യവും ഉണ്ടായിട്ടില്ല... അത് പോട്ടെ.. വിഷയത്തിലേക്ക് വരാം...
സംഭവം നടക്കുന്നത് ആറേഴ് വർഷങ്ങൾക്ക് മുമ്പാണ്.. എന്റെ പ്രവാസത്തിന്റെ ആദ്യ വർഷം.. അന്ന് ഇവിടെ സൗദിയിൽ ഈ നിതാഖാത്തിന് ഒക്കെ മുമ്പ് വിസയിലുള്ള ജോലി തന്നെ എടുക്കണമെന്ന് വലിയ നിർബന്ധമൊന്നുമില്ല.. നമ്മൾ പാറി പറന്ന് ജോലിയെടുക്കുന്ന സമയം.. ഒരു മാസത്തിൽ തന്നെ രണ്ടോ മൂന്നോ തരം ജോലികൾ. ഡ്രൈവിംഗ് പോലുമറിയാതെ ഹൗസ് ഡ്രൈവർ വിസയിലെത്തിയതായിരുന്നു ഞാൻ.. ചിലപ്പോൾ ഒരു ജോലിയിൽ ഒരു മാസം നിൽക്കും അല്ലെങ്കിൽ അതിന് മുമ്പ് തന്നെ ചാടും.. ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച.. അപ്പോൾ അവിടേക്ക്. അവിടെ ചെന്നാലെ അവിടത്തെ അവസ്ഥ അറിയൂ.. അപ്പോഴേക്കും വേറെ ആരെങ്കിലും പറയും.. വേറെ ഒരു ജോലിയെ പറ്റി.. സത്യം പറഞ്ഞാൽ ജോലിയുണ്ട് . കാശില്ല..കാരണം ചിലപ്പോൾ ഒരു മാസം പൂർത്തിയാക്കുന്നതിന് മുമ്പായി തന്നെ ആ ജോലി വിട്ടിരിക്കും .ശമ്പളം കിട്ടിയിട്ടുണ്ടാകില്ല. ഇനി കിട്ടിയാൽ തന്നെ ഒരു ജോലി വിട്ട് മറ്റൊരു ജോലിയിൽ കയറുന്നതിന്നിടയിലുള്ള ഇടവേളകളിൽ അത് കഴിഞ്ഞിട്ടുണ്ടാകും.
അങ്ങനെ ഇരിക്കുന്ന സമയത്താണ് പത്രത്തിൽ ആ പരസ്യം കണ്ടത്.യെമനുമായി അതിർത്തി പങ്കിടുന്ന ജീസാനിൽ കസ്ട്രക്ഷൻ കമ്പനിയിലേക്ക് ആളെ ആവശ്യമുണ്ട്. മണിക്കൂറിന് പതിനഞ്ചു റിയാൽ. താമസം ഭക്ഷണം എല്ലാം ഫ്രീ.. ഒരു ദിവസം പത്ത് മണിക്കൂർ പണിയെടുത്താൽ നൂറ്റി അമ്പത് റിയാൽ അപ്പോൾ ഒരു മാസത്തിൽ കിട്ടുന്ന തുക.. മനക്കോട്ടകൾ.. പിന്നെ ഒന്നും നോക്കിയില്ല. വെച്ചുപിടിച്ചു ജിസാനിലേക്ക്.. റിയാദിൽ നിന്ന് പതിനേഴ് മണിക്കൂർ ബസ് യാത്ര... കൂടെ നാട്ടുകാരായ മൂന്ന് കൂട്ടുകാരും പിന്നെ മണ്ണാർക്കാട്ടുകാരൻ ഒരു സലീംക്കയും..
അങ്ങനെ അവിടെ എത്തി.. ഒരു മരുഭൂമിക്ക് ഉള്ളിലാണ് സൈറ്റ്.. ഗവൺമെന്റ് വക പട്ടാളക്കാർക്കാണെന്ന് തോന്നുന്നു നൂറ് കണക്കിന് വില്ലകളുടെ നിർമ്മാണം.. കമ്പനിയിൽ നിന്നും സബ് കോൺട്രാക്റ്റ് എടുത്ത കോട്ടക്കൽ കാരൻ ഒരു അഷ്റഫിന്റെ കീഴിൽ ഞങ്ങൾ ജോലി തുടങ്ങി.തേപ്പ് പണിയായിരുന്നു ഞങ്ങൾക്ക് കിട്ടിയത്. (ന്യൂജൻ തേപ്പ് അല്ല ഇത് വേറെ തേപ്പ്).. അതിന് അണക്ക് തേപ്പ് പണി അറിയോന്ന് ആരും ചോദിക്കണ്ട...
അങ്ങനെ മാസാവസാനം കയ്യിൽ വരാൻ പോകുന്ന കനത്ത ശമ്പളത്തിന്റെ കാര്യവും ഓർത്ത് ഞങ്ങൾ ആ പൊരിവെയിലത്ത് കഷ്ടപ്പെട്ട് പണി തുടർന്നു. മാസം അവസാനം ശമ്പളം കിട്ടാൻ ഒരു വഴിയുമില്ല. നാളെ മറ്റന്നാള് എന്ന് പറഞ്ഞ് മൂപ്പര് കളിപ്പിക്കുന്നു.. അവസാനം നാളെ എന്തായാലും തരാമെന്ന് പറഞ്ഞ ദിവസം രാവിലെ അഷ്റഫിനെ കാണാനില്ല.. തേപ്പ് പണിയെടുത്ത ഞങ്ങളെ നൈസായിട്ട് തേച്ചിട്ട് മൂപ്പര് മുങ്ങി..
അങ്ങനെ മാസാവസാനം കയ്യിൽ വരാൻ പോകുന്ന കനത്ത ശമ്പളത്തിന്റെ കാര്യവും ഓർത്ത് ഞങ്ങൾ ആ പൊരിവെയിലത്ത് കഷ്ടപ്പെട്ട് പണി തുടർന്നു. മാസം അവസാനം ശമ്പളം കിട്ടാൻ ഒരു വഴിയുമില്ല. നാളെ മറ്റന്നാള് എന്ന് പറഞ്ഞ് മൂപ്പര് കളിപ്പിക്കുന്നു.. അവസാനം നാളെ എന്തായാലും തരാമെന്ന് പറഞ്ഞ ദിവസം രാവിലെ അഷ്റഫിനെ കാണാനില്ല.. തേപ്പ് പണിയെടുത്ത ഞങ്ങളെ നൈസായിട്ട് തേച്ചിട്ട് മൂപ്പര് മുങ്ങി..
കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ശമ്പളം മൂപ്പര് വാങ്ങിയിരിക്കുന്നു.എന്തും ചെയ്യും എന്ന് ഒരു പിടിയുമില്ല. കയ്യിലുള്ള പണം ഒക്കെ കഴിഞ്ഞിരിരിക്കുന്നു.. ഭക്ഷണ സാധനണളൊക്കെ ഓരോന്ന് കഴിഞ്ഞ് കൊണ്ടിരുന്നു.. ആയ കാലത്ത് ആർഭാടമായി കഴിച്ചിരുന്നതാ.. ഒരു ദിവസം മുന്നോ നാലോ കോഴിയൊക്കെ വാങ്ങി കറിയുണ്ടാക്കി കഴിച്ചിരുന്നു ഞങ്ങൾ അഞ്ചു പേർ.. ക്യാംപിനുള്ളിലെ പാകിസ്താനിയുടെ ബഖാലയിൽ നിന്നായിരുന്നു പറ്റ്.. കാശ് കുറെ കൊടുക്കാനായിരിക്കുന്നു. ഇങ്ങനെ പോയാൽ ഈ പറ്റ് ഒരു പറ്റിക്കൽ ആകുമോ എന്ന് പേടിച്ച് കടക്കാരന് ഒരു പേടി.
അതിന്നിടയിൽ ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന പഴഞ്ചൊച്ച് ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചു.അന്ന് ഒരു ദിവസം ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിയുണ്ടായി. കളിയിൽ ഇന്ത്യ ജയിച്ചത് കണ്ട എന്റെ മുഖത്ത് ചെറിയ ,ഒരു ചിരി വന്നു.. കഷ്ടകാലത്തിന് അതാ കടക്കാരൻ പാകിസ്താനി കണ്ടു.അതോട് കൂടി സാധനങ്ങൾ കടം തരലും നിന്നു. തടിയും നീളവും ഉണ്ട് എന്നേ ഒള്ളൂ. പക്ഷെ വിവരം തൊട്ടു തീണ്ടിയിട്ടില്ല ഈ പഹയൻമാർക്ക്...
വല്ലാത്തൊരു അവസ്ഥ. അന്തം വിട്ടു കുന്തം മുണുങ്ങിയ പോലെയായി. ഇവിടെ നിന്ന് റിയാദിലേക്ക് എത്തണമെങ്കിലും വേണം ഒരു സംഖ്യ.. ക്യാംപിലാണെങ്കിൽ മലയാളികളായിട്ട് ഞങ്ങൾ മാത്രം.. ആരോടു ചോദിക്കും.. നമ്മടെ മണ്ണാർക്കാട്ടുകാരൻ സലീംക്കയുടെ കാര്യമായിരുന്നു വലിയ കഷ്ടം. മൂപ്പരെ വീട്ടിലുണ്ടാക്കുന്ന ചോറ് തികയാഞ്ഞിട്ട് വീട്ടുകാർ വിസയെടുത്ത് പറഞ്ഞയച്ചതാണ് എന്ന് പോലും തോന്നിയിട്ടുണ്ട്.. അമ്മാതിരി തീറ്റയാണ്.. രാവിലെ ഞങ്ങളെല്ലാം എണീക്കുന്നതിന് മുമ്പുതന്നെ ബാക്കിയുള്ള ചോറും കറിയുമൊക്കെ മൂപ്പര് അടിച്ച് മാറ്റിയിട്ടുണ്ടാകും..
ഭക്ഷണത്തിന് ഇനിയെന്ത് എന്ന ഞങ്ങളുടെ അന്വേഷണം ക്യാംപിന്റെ ഒരു ഭാഗത്ത് വിയറ്റ്നാമുകാർ നട്ട് വളർത്തുന്ന ചീര യിൽ എത്തിപ്പെട്ടു. രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞാൽ പോയി നുളളിക്കൊണ്ടുവന്ന് കറിവെക്കും. കുബ്ബൂസും ചീരയും... അന്ന് അതും നല്ല രുചിയായിരുന്നു..
ഒരു ദിവസം എന്നെ വിയറ്റ്നാമുകാർ തൊണ്ടിമുതലോടെ പിടിച്ചു.. ലോകപോലീസായ അമേരിക്കയുടെ മുന്നിൽ പോലും അടിപതറാതെ പിടിച്ചു നിന്നവരാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.. ഞാൻ ആകെ പേടിച്ചു വിറച്ചു. അവർ എന്തൊക്കെയോ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല... ഞാൻ പറഞ്ഞത് അവർക്കും.. എന്തായാലും ആ സംഭവത്തോട് കൂടി പിറ്റെ ദിവസം മുതൽ പാവം വിയറ്റ്നാമുകാർ ചീര ഞങ്ങൾക്കും തരാൻ തുടങ്ങി.. കഥകളെല്ലാം അറിഞ്ഞിട്ടാണെന്ന് തോന്നുന്നു.. അതോ ഇനി നമ്മുടെ ദേശീയ പുഷ്പമായ താമര തന്നെയാണ് വിയറ്റ്നാമിന്റേതും എന്ന് എവിടെയോ വായിച്ചിട്ടുണ്ട്...അതാണോ...... ഏയ്...
ഇപ്പോൾ നമ്മുടെ പാകിസ്താനി കടക്കാരനും ചെറിയ ഒരു അനുകമ്പ ഞങ്ങളോട്.. ചില്ലറ സാധനങ്ങളൊക്കെ തരാൻ തുടങ്ങി.. നാട്ടുകാരൻ പറ്റിച്ച ഞങ്ങൾക്ക് ഇപ്പോൾ എവിടെയോ കിടക്കുന്ന കണ്ട പാകിസ്താനികളും വിയറ്റ്നാമുകാരുമൊക്കെയാണ് തുണ.. ഒരു വിഷമം വരുമ്പോൾ ആരിൽ നിന്നാണ് സഹായം കിട്ടുക എന്ന് പറയാൻ പറ്റില്ല..
ഇതിന്നിടയിൽ ആരുടെയെങ്കിലുമൊക്കെ ഫോണിൽ നിന്ന് (കാർഡ് കടക്കാരൻ കടം തരില്ല) നാട്ടിലേക്ക് വിളിക്കുമ്പോഴാണ് രസം.. പതിവ് പരാതികളും പരിഭവങ്ങളും.. നമ്മുടെ അവസ്ഥ അവരെ അറിയിച്ചിട്ടില്ലല്ലോ.... നമ്മുടെ സലീംക്കയുടെ കാര്യമായിരുന്നു കഷ്ട.. ജീവിതം ഒരു ആഘോഷമായി കൊണ്ടു നടന്നിരുന്നതാ മൂപ്പര്... എപ്പോഴും കളിയും ചിരിയും ആയിരുന്നു.. പക്ഷെ ഇപ്പോൾ ആകെ മാറി... ഇന്നലെയാണ് പറഞ്ഞത്.. സ്കൂൾ തുറക്കാനായി..നാലു കുട്ടികൾ സ്കൂളിൽ പോകുന്നുണ്ട്.. ഒരു സംഖ്യ വേണം. എന്ത് ചെയ്യും..
എനിക്കും ഒരു പാട് സങ്കടമുണ്ടാക്കിയ ഒരു സംഭവം ഇന്നലെ ഉണ്ടായി.. രാത്രി സലീംക്ക വീട്ടിലേക്ക് വിളിച്ചു.. ഭാര്യ ഭയങ്കരമായി ചൂടാകുന്നു... അല്ലെങ്കിലും നിങ്ങളെ കൊണ്ടു എന്തിന് കൊള്ളാം..എനിക്കും കുട്ടികൾക്കും ഒരു കാര്യവുമില്ല നിങ്ങളെ കൊണ്ടു എന്നൊക്കെ പറഞ്ഞു കത്തിക്കയറുകയാണ്... പാവം അയാൾ ഒന്നും മിണ്ടാതെ എല്ലാം കേട്ടു നിൽക്കുന്നു.. ഇനി ഈ കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞ് അവരെ വിഷമിപ്പിക്കണ്ട എന്ന് കരുതിയിട്ടാകും..
ഇങ്ങനെയും ഉണ്ട് ചില ഭാര്യമാർ... എത്രയോ കാര്യങ്ങൾ അവർക്ക് ചെയ്ത് കൊടുത്തിട്ടുണ്ടാകും .. എന്നാൽ ഏതെങ്കിലും ഒരു കാര്യം ചിലപ്പോൾ കഴിയാത്തതിന്റെ പേരിൽ കുറച്ചു താമസിച്ചാൽ പോലും ഇങ്ങനെയൊക്കെ പറയുന്ന ചിലർ....
ഇങ്ങനെയും ഉണ്ട് ചില ഭാര്യമാർ... എത്രയോ കാര്യങ്ങൾ അവർക്ക് ചെയ്ത് കൊടുത്തിട്ടുണ്ടാകും .. എന്നാൽ ഏതെങ്കിലും ഒരു കാര്യം ചിലപ്പോൾ കഴിയാത്തതിന്റെ പേരിൽ കുറച്ചു താമസിച്ചാൽ പോലും ഇങ്ങനെയൊക്കെ പറയുന്ന ചിലർ....
എന്തായാലും ആ നരകജീവിതം ഒരു മാസത്തോളം തുടർന്നു... അവസാനം ബഖാലയിലേക്ക് സാധനങ്ങൾ ഇറക്കാൻ വന്ന ഒരു മലയാളി ഡ്രൈവറെ കണ്ടുമുട്ടി... അങ്ങനെ അയാളോട് കാര്യങ്ങളെല്ലാം പറഞ്ഞു.. അയാൾ പറഞ്ഞതിന്റെ പേരിൽ വന്ന പ്രവാസി സംഘടന പ്രവർത്തകർ ഞങ്ങളെ തേടി വരുന്നത് വരെ...
ഇന്നും അതെല്ലാം ഓർക്കുമ്പോൾ ചിരിയും സങ്കടവു ഒരുമിച്ച് വരും.. ഞങ്ങളെ സഹായിച്ച ആ വിയറ്റ്നാമുകാർക്കും ആ പാകിസ്താനിക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഞങ്ങളെ തേച്ചിട്ട് പോയ മൊയലാളി അഷ്റഫിനും... ആ പഹയനൊക്കെ ഇപ്പാൾ ഉണ്ടോ ആവോ.. അതോ ഞങ്ങളുടെ പ്രാക്ക് കാരണം വല്ല പാണ്ടി ലോറിയും കയറി തീർന്നോ ആവോ?.....
By
Mansoor

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക