Slider

===ആദ്യത്തെ മോഷണം.. അവസാനത്തേതും===

0

മോഷണം ഒരു കലയാണ് എന്നാണല്ലോ വെപ്പ്. അങ്ങനെ നോക്കുമ്പോൾ ഒരു കലാകാരൻ എന്ന നിലയിൽ ഞാൻ ഒരു വൻ ദുരന്തമാണ് എന്ന് ആദ്യമായി എന്നെ പഠിപ്പിച്ചത് എന്റെ ആദ്യം മോഷണം ആണ്.
പിന്നെ അടുത്ത കാലങ്ങളിൽ എന്റെ എഴുത്തുകൾക്ക് ലൈക്കും കമന്റും വരുന്നത് നോക്കി ഉറക്കമിളച്ചിരുന്ന് രാത്രികളിൽ ഞാൻ സ്വയം പറഞ്ഞു, "എന്തൊരു ദുരന്തമാണെടോ താൻ എന്ന്"
വളരെ മുൻപ് നടന്ന കഥായാണ്.
ഞാൻ എട്ടാം ക്‌ളാസിൽ പഠിക്കുന്ന കാലം. പണ്ട് മുതൽ തന്നെ വീട്ടിൽ നിന്ന് സ്ഥിരമായി ശബരിമലക്ക് പോവുന്ന പതിവുണ്ട്. എല്ലാ വർഷവും വൃശ്ചികം ഒന്നായാൽ വീട്ടിൽ വ്രതം തുടങ്ങും. പിന്നെ നാല്പത്തൊന്നു ദിവസം വീട്ടിൽ ഫുൾ ഭക്തി മാർഗ്ഗം ആണ്.
ഞങ്ങൾ ഒരു ഗുരുസ്വാമിയുടെ നേതൃത്തത്തിൽ ഒരു ബസ് നിറയെ, ഏകദേശം നാല്പതോളം ആളുകളും കൂടിയാണ് മലക്ക് പോവുക. ( ഞാനും ഞാനുമെന്റാളും നാൽപതു പേരും.. ശിഷ്യന്മാരും.. ലതാണ്). ഞങ്ങൾക്ക് ഒരു പതിവുണ്ട്. ബുധനും ശനിയും ആണ് അയ്യപ്പസ്വാമിയുടെ വിശിഷ്ട ദിവസങ്ങൾ. ആ ദിവസങ്ങളിൽ ഗുരു സ്വാമിയും ആ നാല്പതു പേരും ഏതെങ്കിലും ഒരു സ്വാമിയുടെ വീട്ടിൽ വൈകീട്ടത്തെ ശരണം വിളിക്കു ഒത്തുചേരും. ശരണം വിളി ഒക്കെ കഴിഞ്ഞു ഭക്ഷണം അവിടുന്നു കഴിഞ്ഞാണ് ഞങ്ങൾ വീട്ടിലേക്കു തിരിച്ചു പോവുക. അതിനിടയിൽ ഞങ്ങൾ കൂട്ടത്തിൽ ഉള്ള കുട്ടികൾക്ക് കളിക്കാനും സംസാരിക്കാനും ഒക്കെ സമയം കിട്ടും.
എല്ലാരുടേം പേര് ഇപ്പൊ ഓർമയില്ല.. സുനിൽ എന്ന ഒരു വിരുതൻ മാത്രം ഓർമയുണ്ട്.. സുനിൽ ഭയങ്കരൻ ആണ്. ശരണം വിളി കഴിഞ്ഞു കളികൾക്കിടയിൽ സുനിൽ മൂപ്പരുടെ വീര സാഹസിക കഥകൾ ഞങ്ങൾക്ക് പറഞ്ഞു തരും. ആൾ എന്റെ പ്രായം തന്നെ ആണ്.. അല്പം ദൂരെ ഒരു സ്കൂളിൽ ആണ് പഠിപ്പ്. മൂപ്പർ സ്കൂളിൽ ഒന്നും പോവില്ലത്രേ. ക്ലാസ് കട്ട് ചെയ്തു സിനിമ കാണൽ, സ്കൂളിന് അടുത്തുള്ള ചേട്ടന്മാരുടെ കൂടെ സിഗരറ്റു വലിക്കൽ, പൂരങ്ങളായ പൂരത്തിനൊക്കെ പോവൽ, വെറുതെ ബോറടിക്കുമ്പോ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ കയറി എറണാകുളം ഗുരുവായൂർ ഒക്കെ പോയി തിരിച്ചു വരിക ഇതൊക്കെയാണ് മൂപ്പരുടെ വിനോദങ്ങൾ..
മൂപ്പരുടെ എല്ലാ കഥകൾക്കും പൈസയും ആയി ബന്ധം ഉണ്ടാവും. അച്ഛന്റെ പോക്കറ്റ് ഇൽ നിന്ന് പൈസ എടുത്താണ് സിനിമയ്ക്കു പോക്ക്. അടുത്ത വീട്ടിലെ പറങ്കി മാവിന്റെ അണ്ടി പെറുക്കി കൂട്ടി വച്ചാണ് അല്ലറ ചില്ലറ ചിലവിനുള്ള പണം കണ്ടെത്തിയിരുന്നത്. പലവ്യഞ്ജനം വാങ്ങുന്ന ബില്ലിൽ കൃത്രിമം കാണിക്കൽ ആളും സ്ഥിരം പരിപാടിയാണ് പോലും.
ആളുടെ മറ്റൊരു വിനോദം ആണ് ഈ കഥയുടെ തന്തു അഥവാ ബിന്ദു. തിരക്കുള്ള കടയിൽ നിന്നും ആരും കാണാതെ സാധങ്ങൾ അടിച്ചുമാറ്റുക!. ഇതായിരുന്നു അത്രേ ആളുടെ പ്രധാന വിനോദം.. ഫേവറൈറ്റ് ഹോബി.
'അമ്മയോട് ചോദിക്കാതെ വീട്ടിൽ ഇരിക്കുന്ന ഭക്ഷണം പോലും എടുത്തു കഴിക്കാത്ത എനിക്ക് ഇതൊക്കെ വല്യ സംഭവങ്ങൾ ആയിരുന്നു. എല്ലാ തവണയും ആൾ ഒരു മോഷണ കഥയെങ്കിലും പറയും.. ഇടയ്ക്കു തെളിവിനായി മോഷ്ടിച്ച വസ്തുക്കൾ എന്തെങ്കിലും കാണിച്ചും തരും. ആദ്യമാദ്യം എനിക്ക് അത്ഭുതമായിരുന്നു സുനിൽ. പിന്നെ അതൊരു അപകർഷതാ ബോധം ആയി.
അന്നാദ്യമായി ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കി. എട്ടാം തരത്തിൽ ആയിട്ടും ജീവിതത്തിൽ ഒരു മോഷണം പോലും നടത്താത്ത ഏക വ്യക്തി ഞാനാണ് എന്ന ആ ദുഃഖ സത്യം..
എന്റെ കസിൻസ് അടക്കം ഏഴോ എട്ടോ കുട്ടികൾ ആണ് ആ ശബരിമല കൂട്ടത്തിൽ ഉണ്ടായിരുന്നത്. സുനിലിന്റെ കഥ ഒരു തുടക്കം മാത്രമായിരുന്നു.. അദ്ദേഹത്തിന് ശേഷം കൂട്ടത്തിലെ പറ്റുള്ളവരും അവരുടെ വീര മോഷണ കഥകൾ പറഞ്ഞു തുടങ്ങി. പേന മോഷ്ടിച്ച കഥ, മിട്ടായി മോഷ്ടിച്ച കഥ, കടക്കാരനെ പൈസ കൊടുക്കാതെ പറ്റിച്ച കഥ, അമ്മയുടെ ബാഗിൽ നിന്ന് പൈസ എടുത്ത കഥ. ദുഷ്ടന്മാർ.. എന്തിനു പറയുന്നു ഊണിലും ഉറക്കത്തിലും കൂടെ നടക്കുന്ന എന്റെ കസിൻസ് പോലും അത്യാവശ്യം നല്ല മോഷണങ്ങൾ നടത്തീട്ടുണ്ട്.. എന്റെ കസിൻസ് ഇൽ ഒരാൾ ടൂർ പോയപ്പോ ഒരു ശംഖിന്റെ മാല അടിച്ചു മാറ്റിട്ടുണ്ടത്രെ. അറിഞ്ഞില്ല!! ഇതൊന്നും ഞാൻ അറിഞ്ഞില്ല!!
അന്തവും കുന്തവും ഇല്ലാതിരുന്ന എന്നെ നോക്കി സുനിൽ ചോദിച്ചു.. "നിനക്കൊന്നുമില്ലെടെ പറയാൻ".. ഈ ഊരുതെണ്ടിയുടെ ഓട്ടകീശയിൽ എന്തിരിക്കുന്നു..പൊടിക്ക് പോലുമില്ല ഒരു മോഷണ കഥ.."
ഞാൻ ഓർത്തു നോക്കി.. ഒരെണ്ണം!!! ഒരു മോഷണമെങ്കിലും!!! സ്കൂളിലെ സ്റ്റാഫ് റൂമിൽ നിന്ന് ഒരു ചോക്കിന്റെ കഷ്ണമെങ്കിലും.. ഇല്ല.. എനിക്ക് സ്വന്തമെന്നു അവകാശപ്പെടാൻ ഒരു മോഷണം പോലും ഇല്ല.. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.. ആരും പിന്നെ ഒന്നും പറഞ്ഞില്ല എങ്കിലും എല്ലാരും എന്നെ കളിയാക്കുന്ന പോലെ തോന്നി.. നാണകേടുകൊണ്ടു ഞാൻ പലപ്പോഴും തല കുമ്പിട്ടു ഒന്നും കേൾക്കാത്ത പോലെ നടന്നു.
കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞ പോലെ, 'ശ്ശി.. വൃത്തികെട്ടവന്മാർ. കള്ളന്മാർ.. ഇവന്മാരോട് ദൈവം ചോദിക്കും... സ്വാമിയെ ശരണം' എന്ന് മനസ്സിൽ പറഞ്ഞു ഞാൻ മാറി നിൽക്കുമ്പോഴും എന്റെ ശ്രദ്ധ മുഴുവൻ അവർ പറയുന്ന കഥകളിൽ ആയിരുന്നു.
ഒരു വഴിക്കു മോഷണം തെറ്റാണ് എന്ന് ബുദ്ധി പറഞ്ഞപ്പോഴും മോഷ്ടിക്കണം മോഷ്ടിക്കണം എന്ന് മനസ് പറഞ്ഞു. അങ്ങനെ പറഞ്ഞ മനസിന്റെ പാപം തീരാൻ ഞാൻ ഇടയ്ക്കു 'സ്വാമിയെ ശരണമയ്യപ്പ' എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. ഒരിക്കൽ സ്വപ്നത്തിൽ പോലും സുനിൽ പ്രത്യക്ഷപെട്ടു.. അദ്ദേഹം ഇപ്രകാരം അരുളിച്ചെയ്തു..
"വത്സാ.. ഉണരൂ.. നിന്റെ മോഷണത്തിനുള്ള സമയം സമാഗതമായിരിക്കുന്നു.. നിന്റെ വീര്യം തെളിയിക്കാൻ ഇനിയും മടിക്കുന്നതെന്തേ.. ഗോ ഫോർ ഇറ്റ്.. എല്ലാ മംഗളങ്ങളും ഉണ്ടാവും"
അതിനു തുടർച്ചയായി ഞാൻ ഒരു തിരക്കുള്ള തെരുവിൽ നിന്നും ഒരു മോതിരം മോഷ്ടിക്കുന്ന രംഗവും സ്വപ്നത്തിൽ അദ്ദേഹം കാണിച്ചു തന്നു.
ഇതൊരു വഴിത്തിരിവായി.. അതോടെ മോഷ്ടിച്ചേ അടങ്ങൂ എന്ന് ഞാൻ സുനിലിനെ മനസ്സിൽ സങ്കൽപ്പിച്ചു ശപഥം എടുത്തു..
അങ്ങനെ മലക്ക് പോവുന്ന ദിവസം എത്തി. ആ പ്രാവശ്യം ട്രിപ്പ് രാമേശ്വരം കൂടി പോവുന്നുണ്ട്.. മല ഇറങ്ങി തിരിച്ചു വരുന്ന വഴി രാമേശ്വരം.. അതാണ് പ്ലാൻ.. ഭക്തിയോടെ അയ്യപ്പനെ ഒക്കെ കണ്ടു മല ഇറങ്ങി ഞങ്ങൾ രാമേശ്വരത്തേക്കു പിടിച്ചു.. മല ഇറങ്ങി ബസ്സിൽ കയറിയാൽ പിന്നെ ഒരു സമാധാനം ആണ്.. അത്രയും കാലം പിടിച്ചു വച്ച വ്രതത്തിന്റെ പർപ്പസ് കഴിഞ്ഞു.. ഇനി മനസ്സിൽ അടക്കി വച്ചിരുന്ന പാപങ്ങൾ എല്ലാം കുറച്ചു കുറച്ചു ചെയ്തു തുടങ്ങാം. എങ്കിലും ഞാൻ സുനിലിന്റേയും കൂട്ടരുടെയും അടുത്തേക്ക് പോയില്ല.. ഒരു വിന്ഡോ സീറ്റിൽ പുറത്തെ കാഴ്ചകൾ കണ്ടു ഇരുന്നപ്പോ പുറകിൽ ശരണം വിളികൾ പതുക്കെ സിനിമാ പാട്ടിലേക്കു മാറിയിരുന്നു..
പക്ഷെ ഈ ഒന്നിനും കൊള്ളാത്തവൻ അവിടെ പോയിട്ട് എന്ത് ചെയ്യാൻ.. എങ്ങനെ പാട്ടു പാടും. 'ഒരു ചോക്കിന്റെ കഷ്ണം പോലും മോഷ്ടിക്കാത്തവൻ'
അങ്ങനെ വണ്ടി രാമേശ്വരത്തു എത്തി എല്ലാരും ദർശനം ഒക്കെ കഴിഞ്ഞു.. ഇനി ഷോപ്പിംഗ് ആണ്..മലക്ക് പോയി തിരിച്ചു വരുമ്പോൾ വീട്ടിലേക്ക് എന്തെങ്കിലും ഒക്കെ വാങ്ങി പോവുന്ന പതിവുണ്ട്. അനിയത്തിക്ക് കല്ല് മാല, കുട്ടികൾക്ക് ഒരു പാവ അങ്ങനെ എന്തെങ്കിലും ഒക്കെ..
ശബരിമല യൂണിഫോം ആയ കറുത്ത മുണ്ടും കഴുത്തിൽ ഒരു കറുത്ത തോർത്തും അരയിൽ നാടയിൽ കെട്ടിയ പൈസയും ആയി ഞങ്ങൾ ഇറങ്ങി..
അവിടെ കണ്ട കാഴ്ച ഒരു വല്ലാത്ത കാഴ്ചയായിരുന്നു.. ഞാൻ സ്വപ്നത്തിൽ കണ്ട അതെ സ്ഥലം. രണ്ടു വശവും നിരനിരയായി കടകൾ.. എല്ലാടത്തും മാലകളും വളകളും ശംഖും കവടികളും ഇത്തളും ശംഖും കൊണ്ടുള്ള കര കൗശല വസ്തുക്കളും.. കൂടാതെ നല്ല തിരക്കും..മോഷ്ടിക്കാൻ ഇതിലും നല്ല അവസരം ഇനി വരാനില്ല.. "വത്സാ ഉണരൂ".. സുനിലിനെ ആഹ്വാനം മനസ്സിൽ പ്രകമ്പനം കൊണ്ടു. എന്നിലെ മോഷ്ടാവ് ഉണർന്നു കഴിഞ്ഞിരുന്നു..
എന്തെങ്കിലും കാര്യമായി മോഷ്ടിക്കണം.. തിരിച്ചു ബസ്സിൽ പോയി ഇവന്മാരുടെ മുന്നിൽ ഇട്ടു കൊടുക്കണം..
'കാണടാ .. കാണ്.. കണ്ണ് നിറച്ചു കാണ് ഞാൻ മോഷ്ടിച്ചത്..' ആ രംഗം മനസ്സിൽ കണ്ടപ്പോ എനിക്ക് രോമാഞ്ചം വന്നു.. പിന്നെ ഒട്ടും വൈകിയില്ല..
തിരക്ക് കൂടിയ ഒരു കട കണ്ടു പിടിച്ചു.. നേരെ അങ്ങോട്ട് വച്ച് പിടിച്ചു.. അടുക്കും തോറും നെഞ്ച് പടപടാന്നു അടിച്ചു തുടങ്ങി.. തെറ്റാണ്.. വേണ്ടാ.. സദാചാര പോലീസ് തലക്കുള്ളിൽ സൈറൺ അടിച്ചു.
അത് ശ്രദ്ധിക്കേണ്ട.. ഇത് നിന്റെ കഴിവ് തെളിയിക്കാൻ ഉള്ള അവസാനത്തെ അവസരം ആണ്.. ഇനി ഇങ്ങനെ ഒരവസരം വരാൻ അടുത്ത തവണ ശബരിമല സീസൺ വരണം. നെഞ്ചിൽ നിന്ന് എന്റെ ആത്മാഭിമാനം വിളിച്ചു പറഞ്ഞു. വച്ച കാൽ മുന്നോട്ടു തന്നെ.. സുനിലിന്റെ രൂപം മനസ്സിൽ ആവാഹിച്ചു ആ പാദങ്ങളിൽ തൊട്ടു അനുഗ്രഹം വാങ്ങി..
ആലോചനക്കിടയിൽ ഞാൻ ആ കടയുണ്ട് മുന്നിൽ എത്തി.. കയ്യും കാലും വിറക്കുന്നു. ഇനി എന്താണ്. ഞാൻ ചുറ്റും നോക്കി.. എന്നെ കണ്ടാൽ കാക്കാൻ വന്നതാണ് എന്ന് തോന്നുമോ.. ആർക്കെങ്കിലും സംശയം ഉണ്ടോ.. ഇല്ല.. എല്ലാരും കച്ചോടത്തിന്റെയും വിലപേശലിന്റെയും തിരക്കിലാണ്.. എനിക്ക് കൂടെ വന്നവർ അവിടെയും ഇവിടെയും ഉണ്ട്. ഇത് തന്നെ അവസരം. എന്താണ് വേണ്ടത്.. ഞാൻ കടയിൽ ഒന്ന് കണ്ണോടിച്ചു..
ആ ശിൽപം.. വേണ്ട.. അല്പം വലുതാണ്..
ആ വലംപിരി ശംഖ്.. കയ്യിൽ ഒതുങ്ങില്ല..
ആ മാല.. കൊള്ളാം പക്ഷെ എങ്ങനെ കട്ട മുതൽ അനിയത്തിക്ക് കൊടുക്കും..
അവസാനം ഞാൻ കണ്ടു.. ആ കവടികൾ.. കഴിഞ്ഞ തവണ കളം വരച്ചു എട്ടു കളിക്കാൻ നോക്കിയപ്പോ ഒരെണ്ണം കുറവായിരുന്നു. അത് മതി.. കട്ടാൽ ഉപകാരം ഉണ്ട്.. കയ്യിൽ ഒതുങ്ങും..അത് ഉറപ്പിച്ചു..
മനസിനെ ഏകാഗ്രമാക്കി.. മനസും ശരീരവും പൂർണ്ണമായും കവടിയിൽ അർപ്പിച്ചു..
ഞാൻ ഒരു മോഷ്ടാവിന്റെ വൈദഗ്യത്തോടെ പതുക്കെ പതുക്കെ നീങ്ങി ടാർഗറ്റ് ഇൽ എത്തി. ഭരണി പോലെ എന്തോ ഒരു പാത്രത്തിൽ ആണ് കവടികൾ വച്ചിരിക്കുന്നത്. ഇനി പതുക്കെ കൈ കവടികൾ വച്ചിരിക്കുന്ന ഭരണിയിൽ കടത്തണം. നാല് കവടികൾ എടുക്കണം ഒന്നും അറിയാത്ത പോലെ നടന്നു പോണം. പറയാൻ എളുപ്പം.. പക്ഷെ കയ്യും കാലും വിറക്കുന്നു.. ഹൃദയം പഞ്ചാരിമേളം കൊട്ടുന്നു.. കുഴപ്പില്ല.. ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് നല്ലതാണ്..
'വേണോ ഇത്..' വീണ്ടും തല ചോദിച്ചു..
'മിണ്ടാതിരി അവിടെ.'. മനസ് ഗർജ്ജിച്ചു..
അവസാനം അറിഞ്ഞോ അറിയാതെയോ കൈ ഭരണിയിൽ എത്തി. കവടികളിൽ കൈ തൊട്ടപ്പോ ഒരു തരിപ്പ് ശരീരത്തിൽ പടർന്നു. മുഖം വലിഞ്ഞു മുറുകുന്ന പോലെ...
'വേണോ..' വീണ്ടും സംശയം.. 'വേണം വേണം..'
നാലെണ്ണം.. അത് മതി.. ഗോ ഫോർ ഇറ്റ്.. സുനിൽ ഉള്ളിലിരുന്നു മന്ത്രിച്ചു..
ഒന്ന് ..
രണ്ട്..
മൂന്ന്.. വയ്യ.. ഇനി വയ്യ.. കൈ വിയർക്കുന്നു.. കാലു വിറക്കുന്നു.. ഇത് മതി.. മൂന്ന് മതി.. ഞാൻ തിടുക്കത്തിൽ കൈ പുറത്തെടുത്തു..
സക്‌സസ്.. വിജയിച്ചിരിക്കുന്നു.. ഇനി.. ഇനി വേറെ ഒന്നും നോക്കണ്ട.. മുന്നും പിന്നും നോക്കാതെ മുന്നോട്ട്..
കയ്യിൽ മുറുകെ പിടിച്ച മൂന്ന് കവടികളും ആയി ഞാൻ മുന്നോട്ട് നടന്നു. വിറയ്ക്കുന്ന കാലുകളോടെ..
ഒന്ന് രണ്ട്.. മൂന്നാമത്തെ അടി വച്ചതും.. പുറകിൽ നിന്ന് ആരോ വലിക്കുന്നു.. ഇല്ല! ഭയം കൊണ്ടു തോന്നുന്നതാവും.. ഞാൻ വീണ്ടും മുന്നോട്ടാഞ്ഞു.. നീങ്ങുന്നില്ല.. പുറകിൽ നിന്നുള്ള വലി കഴുത്തിൽ കുരുങ്ങുന്നു. എന്തോ ശബ്ദവും കേൾക്കുന്നു..
കഴുത്തിൽ ചുറ്റിയ കറുത്ത തോർത്തിൽ ആണ് ഒരു പിടി.. മറ്റേതു അരയിലെ നാടയിലും.. തിരിഞ്ഞു നോക്കിയപ്പോ ഒരു തടിയൻ തമിഴൻ..
പിന്നെ നടന്നതൊന്നും ഓർമ്മയില്ല..
"മലക്ക് പോയി വരുമ്പോ നാണമില്ലെടാ ഇതൊക്കെ ചെയ്യാൻ "
"ചെറിയ പയ്യൻ ആയതിനാൽ ആണ് തല്ലാത്തത്.."
"ഭൂ.. "
അങ്ങനെ ചില സംഗതികൾ മനസിലായി.. എല്ലാം തമിഴിലായിരുന്നു.. ബോധം നേരത്തെ തന്നെ പോയിരുന്നു.. വെട്ടി വിയർത്തു തരിച്ചു നിന്ന എട്ടും പൊട്ടും തിരിയാത്ത ഈ പൈതലിനെ കൂടെ വന്ന ഏതോ ചേട്ടൻ രക്ഷിച്ചു.. കസിൻസ് കണ്ടു.. വേറെ ചില പയ്യൻസും കണ്ടു.. ബസിന്റെ ഡോർ.. എന്റെ സീറ്റ്.. ചുറ്റുമുള്ളത് വേറെ ഒന്നും കണ്ടില്ല സാറേ.. ഒരു വിധത്തിൽ അവിടെ പോയി ഇരുന്നു.. തൽക്കാലം തടി രക്ഷപെട്ടു..
'വേണ്ടാ എന്ന് പറഞ്ഞതല്ലേ..' ബുദ്ധി പറഞ്ഞു..
'ഹ്മ്മ്.'. മനസ് മൂളി.
ബോധം വന്നപ്പോ വേറെ ആരും അറിയരുത് എന്ന് കസിന്സിനോട് കാലു പിടിച്ചു പറഞ്ഞു.. അവർ ഇടയ്ക്കു അത് പറഞ്ഞു എന്നെ കരയിക്കാറുണ്ട് എങ്കിലും ആരോടും പറഞ്ഞിട്ടില്ല.. ഇത് വരെ.. ചങ്ക്
കസിൻസ് ഡാ.
അന്ന് ഒരു സത്യം മനസിലായി.. മോഷിടിച്ചില്ല എന്നത് കൊണ്ടു ഉണ്ടെന്ന് പറയപ്പെടുന്ന ആ അപമാനത്തേക്കാൾ ഒരു പൈനായിരം കോടി വലുതാണ് മോഷ്ടിച്ച് പിടിക്കപ്പെട്ടു എന്ന അപമാനം.. അത് മ്മക്ക് ശരിയാവൂല..

By
Sanvi King

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo