സത്യമായും നീ ഇനി എന്നെ കാണില്ല , ഇതെന്റെ അവസാന മെസ്സേജ് ആയിരിക്കും.
"ഇവന്റെയൊരു കാര്യം , ചെറിയ ഒരു കാര്യം മതി സങ്കടമാകാൻ ,ഇങ്ങനൊരു തൊട്ടാവാടി ". വാട്സപ്പിൽ മെസ്സേജ് കണ്ടപ്പോൾ അവൾക്കു ചിരിയാണ് വന്നത് .എങ്കിലും പൊട്ടബുദ്ധിക്ക് വല്ല കടുംകൈയും കാട്ടിയാലോ ? ഇതോർത്തപ്പോൾ അവൾ പെട്ടന്ന് ഫോൺ എടുത്തു .
" എടാ , എനിക്ക് വരുന്നത് കൊണ്ടുള്ള പ്രശ്നമല്ല , നിനക്ക് എന്നെ ജീവനാണെന്നും അറിയാം പക്ഷെ കഴിഞ്ഞ തവണ ബീച്ചിലിരുന്നപ്പോൾ സദാചാര പോലീസുകാരുടെ നോട്ടം , ഞാൻ ശരിക്കും പേടിച്ചു പോയിരുന്നു . നിന്റെ തൊടലും തലോടലും എനിക്ക് ഇഷ്ടമാകും പക്ഷെ അവന്മാർക്ക് ഇഷ്ടമാകില്ലല്ലോ , പരിചയക്കാർ വല്ലവരും കണ്ടാൽ പിന്നെ പറയുകയും വേണ്ട " .
എന്നാലും അവൻ പിന്മാറാൻ തയ്യാറല്ലായിരുന്നു , പതിവ് ചിണുങ്ങൽ തന്നെ , " നീ ഒന്നും പറയേണ്ട , നാളെ വന്നേ പറ്റൂ ". അവൾക്കു അത് കേട്ടു വീണ്ടും ചിരിപൊട്ടി . " നിനക്ക് നാണമില്ലേ ഇങ്ങനെ കുട്ടികളെ പോലെ കൊഞ്ചാൻ , ഒന്നുമല്ലെങ്കിലും നീയൊരു കമ്പ്യൂട്ടർ എഞ്ചിനീയർ അല്ലേ ".
അവന്റെ സ്മാർട്നെസ്സും ആരെയും ആകർഷിക്കുന്ന സ്വഭാവവും അതിലായിരുന്നു അവൾ ആകൃഷ്ടയായത് .അവരുടെ സൗഹൃദം പെട്ടന്നായിരുന്നു പ്രണയത്തിലേക്ക് വഴിമാറിയത് .
" ആര് കണ്ടാലും കുഴപ്പമില്ല , ഇന്നല്ലെങ്കിൽ നാളെ നീ എന്റേതാകണ്ടതല്ലേ , അതോ നിനക്ക് എന്നെ ഒഴിവാക്കണമെന്നുണ്ടോ ? ഈയിടയായി നിനക്ക് മുമ്പത്തെപ്പോലെ എന്നോട് സ്നേഹമില്ല "
" എടാ മുത്തേ , നിന്നോട് സ്നേഹക്കുറവ് കൊണ്ടല്ല , ഞാൻ പറഞ്ഞില്ലേ എനിക്ക് പേടിയാണ് . നാളെ നീ ലീവല്ലേ , ഞാനും ലീവ് എടുക്കാം , നീ ഒരു കാര്യം ചെയ്യൂ വീട്ടിലോട്ടു വാ , നാളെ അച്ഛനും അമ്മയും ഒരു കല്യാണത്തിന് രാവിലെ പോകും" .
അത് കേട്ടു അവന്റെ മനസ്സിൽ നൂറു ലഡ്ഡു ഒരുമിച്ചു പൊട്ടിയെന്നു അവൾക്കു മനസ്സിലായി , ഫോണിലൂടെ ഉമ്മകൾ കൊണ്ടു മൂടുകയായിരുന്നു . പിറ്റേ ദിവസം അവളുടെ വീട്ടിൽ പറഞ്ഞ സമയത്തിൽ നിന്നും സൂചി അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങാതെ അവൻ കൃത്യത പാലിച്ചു .
കിട്ടാക്കനി കിട്ടിയത് പോലെ അവനിൽ ആവേശം കാണാനുണ്ടായിരുന്നു . " എന്റെ തൊട്ടാവാടിയുടെ ദാഹം മാറിയില്ലേ , ഇനി കല്യാണം കഴിയുന്നവരെ ഒരു ചിണുങ്ങലുമായി വരണ്ട കേട്ടോ ", അവൾ അവന്റെ മുഖം നെഞ്ചോടു ചേർത്തു വെച്ചു കൊണ്ടു പറഞ്ഞു .
" അങ്ങനെ നീ എന്നെ ഒഴിവാക്കാൻ നോക്കേണ്ട , എനിക്ക് കല്യാണം കഴിയുന്നവരെ നിന്നെ മുഴുവനായും കണ്ടു കൊണ്ടെങ്കിലും ഇരിക്കണം " , ഇത് പറഞ്ഞു അവൻ മൊബൈൽ കയ്യിലെടുത്തു . ആദ്യം ഒത്തിരി എതിർത്തെങ്കിലും ഒടുവിൽ അവന്റെ നിർബന്ധത്തിനു അവൾ വഴങ്ങി .
രണ്ടു ദിവസം കഴിഞ്ഞു ഓഫീസിലേക്ക് അവന്റെ ഫോണെത്തി , " ഇന്ന് ഡ്യൂട്ടി കഴിഞ്ഞു നേരെ പാർക്കിലേക്ക് വന്നേക്കണം , ഞാൻ അവിടെ കാത്തു നിൽക്കും , എന്റെ ഒരു ഫ്രണ്ടിന് നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞിട്ടുണ്ട് ". " നിന്റെ ഫ്രണ്ടെന്തിനാ എന്നെ കാണുന്നത് ", ചിരിച്ചു കൊണ്ടവൾ സംശയം പ്രകടിപ്പിച്ചു .
" നീ കൂടുതൽ കാര്യങ്ങളൊന്നും തിരക്കാൻ നിൽക്കേണ്ട , പറഞ്ഞത് കേട്ടാൽ മതി , അല്ലെങ്കിൽ നിന്റെ തുണിയില്ലാത്ത വീഡിയോ ലോകം മുഴുവൻ കാണും" .
ഇത്രയും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു .അവൾ അത് കേട്ടു ശരിക്കും ഞെട്ടിപ്പോയി , ചിലപ്പോൾ തന്നെ വെറുതെ പേടിപ്പിക്കാൻ പറഞ്ഞതായിരിക്കുമെന്നു ഓർത്തു അവൾ ആശ്വസിച്ചു .
പാർക്കിൽ ചെല്ലുമ്പോൾ അവൻ അവിടെ കാത്തിരിപ്പുണ്ടായിരുന്നു . അവൾ അവന്റടുത്തു ചെന്നിരുന്നു . " ഈ വീഡിയോ മറ്റാരും കാണരുത് എന്ന് നിനക്കാഗ്രഹം ഉണ്ടെങ്കിൽ എന്റെ ഫ്രണ്ട് കാറുമായി പുറത്തു കാത്തു നില്പുണ്ട് , അവന്റെ കൂടെ കേറി പോകുക , അല്ലെങ്കിൽ എന്താണെന്നു വെച്ചാൽ നീ തീരുമാനിച്ചോ ".ഫോണിൽ വീഡിയോ അവളെ കാട്ടികൊണ്ടു അവൻ പറഞ്ഞു .
താൻ ഇത്രയും നാളും കൊച്ചു കുട്ടികളുടെ മനസ്സുള്ളവൻ എന്ന് കളിയാക്കാറുള്ളവന്റെ വാക്കുകൾ തന്നെയാണോ ഈ കേൾക്കുന്നത് ? അല്പനേരത്തേക്കു അവളുടെ കാഴ്ചയെ മറച്ച ഇരുട്ടിനെ ഒഴുക്കിക്കളഞ്ഞു കണ്ണുനീർ ധാരയായി ഒഴുകി . പുറം കൈ കൊണ്ടു അത് തുടച്ചു നീക്കി കൊണ്ടു തലയുയർത്തി അവൾ അവനെ നോക്കി .
" ഈ വീഡിയോയിൽ എന്താ ഞാൻ മാത്രമേ ഉള്ളോ , നിന്റെ തകർപ്പൻ പ്രകടനങ്ങൾ ഇല്ലേ ? ". അവളുടെ ശബ്ദത്തിനു മൂർച്ച കൈവന്നിരുന്നു .
" ആണുങ്ങൾ ഒന്ന് ചിരിച്ചു കാട്ടുമ്പോൾ തുണി ഉരിയുന്ന നിന്നെ പോലുള്ളവളുമാരെ പോലെ മണ്ടത്തരം കാണിക്കാൻ എന്നെ കിട്ടില്ല , അറിഞ്ഞു കൊണ്ടു ആരെങ്കിലും അന്തസ്സ് കളയുമോ ?" , അവൻ പുച്ഛത്തോടെ പറഞ്ഞു .
" നിന്റെ കപട സ്നേഹം വിശ്വസിച്ചു ഞാൻ ചെയ്തത് വലിയ തെറ്റാണ് , പക്ഷെ ആ തെറ്റിൽ നീ കൂടി പങ്കാളിയാണ് , അത് കൊണ്ടു പുറം ലോകം അറിഞ്ഞു നാറുകയാണെങ്കിൽ നമുക്ക് ഒരുമിച്ചു നാറാം ..." , അവൾ അത് പറഞ്ഞുകൊണ്ട് ബാഗിൽ നിന്നും മൊബൈൽ എടുത്തു വീഡിയോസ് ഓപ്പൺ ചെയ്തു .അത് കണ്ടു അവന്റെ കണ്ണുകൾ പുറത്തേക്കു തള്ളി വരുന്നത് അവൾ കണ്ടു .
" കാലം മാറി മോനെ , നിന്നെ പോലുള്ള ബാസ്റ്റ്ഡ്സ് ഇതല്ല ഇതിന്റെ അപ്പുറവും കാട്ടും , അതുകൊണ്ടു ഒരു മുൻകരുതലായി ഞാനും ആ മധുര നിമിഷങ്ങൾ നീയറിയാതെ റെക്കോർഡ് ചെയ്തിരുന്നു . മൊബൈൽ എന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു അത് നശിപ്പിച്ചു കളയാം എന്നൊന്നും കരുതേണ്ട കേട്ടോ , ഇതിന്റെ കോപ്പി ലാപ്ടോപ്പിൽ സേവ് ചെയ്തിട്ടുണ്ട് ". അവളുടെ മുഖത്ത് അപ്പോൾ ഒരു വിജയ സ്മിതം ഉണ്ടായിരുന്നു .
" ഇനി സാറ് , സാറിന്റെ ഫോൺ ഇങ്ങോട്ട് തന്നെ " , അവൾ അവന്റെ നേരെ കൈ നീട്ടി . അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവൻ അത് അവളുടെ കയ്യിൽ ഏൽപ്പിച്ചു . അവൾ അതിൽ നിന്നും മെമ്മറി കാർഡ് ഊരിയെടുത്തതിന് ശേഷംഫോൺ നിലത്തേക്ക് ആഞ്ഞു വലിച്ചെറിഞ്ഞു .അത് വലിയ ശബ്ദത്തോടെ നിലത്തു വീണു പൊട്ടിത്തകർന്നപ്പോൾ അതിലും വലിയ ശബ്ദത്തിലായിരുന്നു അവളുടെ കൈകൾ അവന്റെ കരണത്തു പതിച്ചത് .
Omesh Thyparambil

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക