Slider

പുതുവർഷ ഗായകൻ

0

പുതുവർഷ ഗായകാ, വന്നിടു
ഈ മുളം കാടിന്റെ സംഗീതമായ് നീ, 
നിറം കെട്ടടർന്നു നിലംപൊത്തി
വീണൊരു ഗതവർഷമിനി ഓർത്തിടേണ്ട !
ചുട്ടു പൊള്ളിക്കുടുന്ന ജീവന്റെ
ഞെട്ടുകൾക്കിത്തിരി സാന്ത്വനത്തിന്റെ
കുളിർതെന്നലായി, ആശ്ലേഷത്തിൻ
അമല കഞ്ചുകമായ് നീ വരൂ ഈ
മൺ കളിമെഴുകിയ പുൽക്കുടിൽ
തന്നിൽനിൻ സഹജ സ്മിതത്തോടെ
ആത്മീയമാ,മൊരാഭ നിന്നെ
നേർത്തൊരു പട്ടണിയിക്കുന്നതു കാണ്മു ഞാൻ.
നടന്നുകേറാൻ കഴിയാത്ത കുന്നുകൾ ,
നീന്തിയാൽ തീരാത്ത സരിത്തുകൾ,
നിഗമനങ്ങൾക്കപ്പുറം സത്യം മണക്കും,
ഗഹന കാനനങ്ങൾ രുചിക്കാൻ കിട്ടാത്ത വിഭവങ്ങൾ
അണിയാ,നണയാത്തൊ
രസുലഭ ലാവണ്യങ്ങൾ
കൊതിച്ചു കൊതിച്ചു ജന്മം പൊഴിച്ച
തപ്ത ജീവിതമിനി മുന്നോട്ടിറക്കുവാൻ
നിൻ നേത്ര യുഗ്മങ്ങൾ തുറന്നൊന്നു നോക്കണം
നിൻ വിരൽ പൂവിതൾ തൊട്ടൊന്നു
നേർപ്പിക്കണ, മിന്നെൻ കയ്യും കരളുകളൊക്കെയും
മുള്ളുപോൽ മുന വെച്ചിടുന്നിതാ
താവക ഗാനത്തിൻ തിരത്തല്ല ,ലതിലെന്റെ
ആർത്തമാ, മാത്മാവിനെക്കൂടി
മുക്കിയെടുക്കുക.
By
Varghese K

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo