Slider

കരിനിഴലുകൾ

0
ഒന്ന് വീട്ടിൽ പോയി വരാമെന്നും പറഞ്ഞു അയാൾ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി. ഉമയ്ക് കൂട്ടിന് അമ്മുമോൾ മാത്രമേയുള്ളൂ അവിടെ.ആരെങ്കിലും ചോദിച്ചാൽ മോളുണ്ട് കൂടെ എന്ന് എങ്ങനെയാ പറയുക.പൊടികുഞ്ഞിന് എന്തറിയാം. അല്ലെങ്കിൽ തന്നെ ആര് ചോദിക്കാൻ.പരിചയക്കാർ ആരെങ്കിലും ചോദിച്ചാലായി. എത്രയും പെട്ടെന്ന് തിരികെ എത്തണം എന്നൊരു ചിന്ത മാത്രമേയുളൂ വിനയന്റെ മനസിലിപ്പോൾ.
അമ്മുമോൾക് വയസ്സ് അഞ്ചെയുള്ളൂ എങ്കിലും ആ കുഞ്ഞറിയാതെ തന്നെ അവളിൽ പാകപ്പെട്ടു വരുന്ന പക്വത ആ അച്ഛൻ അറിയുന്നുണ്ട്.ഉമയുടെ അടുത്തിരുന്നു കുറുമ്പ് കാട്ടിച്ചിരിപ്പിക്കുന്നതും ഭക്ഷണം വാരി കൊടുക്കുന്നതുമൊക്കെ കണ്ട് കണ്ണുനിറയാനനുവാദിക്കാതെ വിതുമ്പാറുണ്ട് അയാൾ. എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ടു തള്ളിനീക്കുന്ന നാളുകൾ. അമ്മയ്‌ക്ക് പനിയാണെന്നെ അമ്മുവിനറിയൂ.അതിനപ്പുറം പറഞ്ഞുകൊടുത്താലും മനസ്സിലാകാത്ത പ്രായം.
ഒരു കുളിയും കഴിഞ്ഞു ,ഇടയ്ക്കെപ്പോഴോ വീട്ടിൽ വന്നു അലക്കിയുണക്കാനിട്ട ഉമയുടെയും മോളുടെയും വസ്ത്രങ്ങളും മടക്കിയെടുത്ത് വിനയൻ തിരികെ അവർക്കരികിൽ എത്തി.
റൂമിലേക്ക് കയറിയതും "പറഞ്ഞ കാര്യമെന്തായി ഏട്ടാ, എന്ത് തീരുമാനിച്ചു" അവശതയോടെയുള്ള ഉമയുടെ ചോദ്യം.,അയാളുടെ കൈയിൽ മറുപടിയില്ലാത്ത ചോദ്യമായിരുന്നു അത്.തന്നോട് മുഖം കറുത്ത് സംസാരിക്കാറു പോലുമില്ലാതിരുന്നവൾ വയ്യാണ്ടായ ശേഷം ചെറിയ കാര്യങ്ങൾക്ക് വേണ്ടി വാശി പിടിക്കുന്നു..പെട്ടെന്ന് ദേഷ്യപെടുന്നു..കരയുന്നു..ഉമയിലെന്തെല്ലാം മാറ്റങ്ങളാണ്..അവളെന്തിനാണ്ങ്ങനെ ധർമ്മ സങ്കടത്തിലാക്കുന്നത്. അവൾക്ക് താൻ മാത്രമേയുള്ളൂ എന്ന പക്വതയാർന്ന തിരിച്ചറിവിൽ അയാൾ അവളെ സമാധാനിപ്പിക്കാനാണ് എപ്പോഴും ശ്രമിക്കാര്.അവളുടെ ശാരീരിക അസ്വസ്ഥതകളെ മനസ്സിലേറ്റി നീറി ജീവിക്കുന്ന സ്നേഹസമ്പന്നനായ ഭർത്താവ്. മുഖം കറുപ്പിക്കാതെ എപ്പോഴും അവളെ തന്റെ ആത്മാവിനോട് ചേർത്ത് നിർത്തുന്നയാൾ.
ഇടയ്ക്കിടെയുള്ള ഉമയുടെ ചോദ്യം കേൾക്കുമ്പോൾ മനസ്സ് നീറുന്നത് അയാളുടെ മുഖത്തറിയമായിരുന്നു.
അവളെ കളങ്കമില്ലാതെ സ്നേഹിക്കുന്നില്ലേ..ആശുപത്രി കിടക്കയിലും കൂടിരുന്നു പരിചരിക്കുന്നില്ലേ... കഴിഞ്ഞ നാളുകളൊക്കെയും കാര്യമായ പരിഭവങ്ങളേതുമില്ലാതല്ലേ ജീവിതം ആസ്വദിച്ചത്... എന്നിട്ടുമെന്താണിങ്ങനെ...കുറെയേറെ ചോദ്യങ്ങൾ വിനയന്റെ മനസിലൂടെ മിന്നിമാഞ്ഞു.
തന്റെ മോളുടെ ഭാവി..അത് മാത്രമായിരുന്നു അവളുടെ ചിന്തകളിൽ.ജീവിതം ഇനി അധികനാൾ ഇല്ലെന്നറിയാമായിരുന്നിട്ടും അമ്മുവിന് വേണ്ടി കുറച്ചു കൂടി ആയുസ്സ്.... അവൾ തീവ്രമായി ആഗ്രഹിക്കുന്നുണ്ട്. ഇപ്പോൾ തന്നെയും മകളെയും പൊന്നുപോലെ നോക്കുന്ന സ്നേഹസമ്പന്നനായ നല്ലവനായ പുരുഷനാണയാൾ..പക്ഷെ നാളെ എന്നൊന്നില്ലേ...മനുഷ്യമനസ്സാണ്..ആർക്കും ഒന്നും പ്രവചിക്കാൻ കഴിയില്ല.
പൊന്നും പണവും മാളികയും ഒക്കെ സ്വപ്നം കണ്ട് വിൽക്കാനായി വളർത്തി വലുതാക്കിയ മകനായിരുന്നു അയാൾ..അനാഥപ്പെണ്ണിനെ ജീവിതത്തിലേക്ക് കൂട്ടിയപ്പോൾ പുറത്തായതാണ് കുടുംബത്തുനിന്നു.അമ്മുമോൾക് നേരേ പോലും ഒരു പുഞ്ചിരി സമ്മാനിക്കാൻ പിശുക്ക് കാട്ടുന്നവരാണ് വിനയന്റെ കുടുംബം.
അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം തഴയപ്പെടലിന്റെ കയ്പ് നീരറിഞ്ഞു വളർന്നവളാണ് ഉമ.ഹൃദയത്തിൽ നിന്നുള്ള ഒരു പുഞ്ചിരി അവളുടെ മുഖത്തു വിരിഞ്ഞത് വിനയൻ അവളുടെ ജീവിതത്തിന്റെ ഭാഗമായത്തിനു ശേഷമാണ്.അതിനു മുൻപ് ചിരിയായി മറ്റുള്ളവർ ധരിച്ചതൊക്കെയും മനസ്സറിയാതെ മുഖത്തു വരുത്തിയ ചിരിയെന്നു പേരുള്ള നിർവികാര ഭാവങ്ങളായിരുന്നു.
യാതനകൾക്കൊക്കെയും അറുതിയായി എന്നാശ്വസിച്ചു ജീവിതം അറിഞ്ഞാസ്വദിച്ച ഏഴു വർഷങ്ങൾ. വിനയന്റെ അധ്വാനത്തിലൂടെ സ്വന്തമാക്കിയ കൊച്ചു വീട്ടിൽ അവർ അവരുടെ സ്വപ്‌നങ്ങൾ നട്ടു നനച്ചു.
കുറച്ചു നാളുകളായിട്ടേയുള്ളൂ ആ കരിനിഴൽ അവരുടെ സ്വപ്നങ്ങൾക് മേലേക്ക് ഇരുട്ട്‌ വീഴ്ത്തിയിട്ട്.ആർക്കും വരരുത് എന്ന് പ്രാർഥിച്ചു പോകുന്ന മാറാരോഗം.അവരുടെ സന്തോഷങ്ങൾക് അവിടെ തിരശീല വീണു.
കുറെ ദിനരാത്രങ്ങൾ കൊണ്ട്‌ അവളുടെ രൂപം കറുത്ത് മെലിഞ്ഞു വിരൂപമായി.. ചികിത്സയുടെ കറുത്ത മറുമുഖം....നീണ്ട് ഇടതൂർന്ന മുടിയൊക്കെ കൊഴിഞ്ഞു... കണ്ണുകൾ കുഴിഞ്ഞു..ദേഹമാസകലം ചുക്കി ചുളിഞ്ഞു..കാണുന്നവർക്ക് കണ്ണ് നിറഞ്ഞുപോകുന്ന അവസ്ഥ.
അമ്മുമോളുടെ കുഞ്ഞു സംശയങ്ങൾക്ക് അയാളുടെ കയ്യിൽ ഒരു മറുപടിയെ ഉണ്ടായിരുന്നുള്ളൂ.."പനി യാണ് മോളെ..ചിലർക്ക് ഇങ്ങനെയൊക്കെയുണ്ടാകും,"...ആ കുഞ്ഞു മനസ്സ് അതു വിശ്വസിച്ചു.
ഉമയുടെ ഇഷ്ടത്തിനാണ് മോളെ അടുത്തുള്ളഗവണ്മെന്റ് സ്കൂളിൽ ചേർത്തത്.. നാട്ടു വഴികളും വെയിലും മഴയും ഒക്കെ അറിഞ്ഞു അവൾ വളരട്ടെയെന്നു.വേറെ വഴിയില്ലാത്തതിനാൽ മോളെയും ഹോസ്പിറ്റലിലേക് കൂട്ടേണ്ടി വന്നു.
അവൾ അയാളോട് ഇടയ്ക് പറഞ്ഞു ആലോരസപ്പെടുത്തികൊണ്ടിരുന്ന ആവശ്യം പറമ്പിന്റെ പകുതിഭാഗം അമ്മുമോളുടെ പേരിലേക്ക് എഴുതണം എന്നതാണ്. ബാക്കി പകുതിയെക്കുറിച് മിണ്ടാഞ്ഞത് അയാൾക്ക് വേറൊരു ജീവിതത്തിനു അവളുടെ മനസ്സറിഞ്ഞുള്ള മൗന സമ്മതമായിരിക്കാം..അയാളും ഒറ്റപ്പെട്ടു പോകാരുതല്ലോ.തെരുവിലേക്കിറങ്ങേണ്ടി വരാതെ തന്റെ മകൾക് തലചായ്ക്കാൻ ഒരു തുണ്ട് ഭൂമിയുടെ ഉറപ്പ്..ആ അമ്മ മനസ്സിന് അത്രയേ വേണ്ടൂ...
ഉമയ്ക് വേണ്ടി ഒന്നും നീക്കിവയ്ക്കാൻ അവളുടെ അച്ഛന് കഴിഞ്ഞില്ല... വിനയൻ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ലാ യിരുന്നെങ്കിൽ എന്തായിരിക്കും ഇന്നത്തെ അവസ്‌ഥ... അവൾ ചിന്തകൾക് കടിഞ്ഞാണിട്ടു.
മരണത്തിലേക്ക് അവൾക്കിനി അധികം ദൂരമില്ലെന്നു ഡോക്ടർ വിനായനോട് തുറന്നു പറഞ്ഞതാണ്.ആ സത്യത്തെ അംഗീകരിക്കാൻ അയാൾക്കിനിയുമായിട്ടില്ല.അത്രയ്ക് പരസ്പരം സ്നേഹിക്കുന്നവർ. അവളുടെ ആഗ്രഹം താൻ സാധിച്ചു കൊടുത്താൽ അവളുടെ അന്ത്യാഭിലാഷം നിറവേറ്റുന്നപോലെയാവില്ലേ.... അവളെ മരണത്തിനു വിട്ടുകൊടുക്കാൻ മനസ്സുകൊണ്ട് തയ്യാറെടുത്തു എന്നല്ലേ അതിനർത്ഥം. അയാളുടെ മനസ്സ്‌ വിങ്ങി. സങ്കടക്കടൽ മിഴിനീരായി പ്രവഹിക്കാതിരിക്കാൻ അയാൾ പലപ്പോഴും പാടുപെടുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നു അമ്മുമോളെയെങ്കിലും ധരിപ്പിക്കേണ്ടേ.
ഉമയ്ക് തന്നോട് ഇഷ്ടക്കുറവും വിശ്വാസക്കുറവും ഒന്നുമില്ലെന്ന് അയാൾക് അറിയാം.. ജീവിതനുഭവങ്ങളിൽ നിന്നുമാണ് അവളിങ്ങനൊക്കെ സംസാരിക്കുന്നത്.
അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ബാല്യകാലത്തിലെ നിറമുള്ള ഓർമ്മകൾ അവൾ ഇപ്പോഴും ഇടയ്ക്കൊക്കെ വിനയനുമായി പങ്കു വെയ്കാറുണ്ട്. എന്നിട്ടും അമ്മയുടെ കാലശേഷം അച്ഛനിലുണ്ടായ മാറ്റങ്ങൾ ..അത് അവൾക് ഉള്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു.
പുതിയ കുടുംബ ജീവിതത്തിലെ താളപ്പിഴകൾ ഒഴിവാക്കാൻ പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് ഒപ്പമുണ്ടായിരുന്നിട്ടും അച്ഛൻ അവളുടെ ജീവിതത്തിൽ അന്യനായി മാറി. തന്റെ അമ്മുവും അങ്ങനെ ഒറ്റപ്പെട്ടു പോകുമോയെന്നവൾ ഭയക്കുന്നു.
മോളു വിളിക്കുന്നത് കേട്ടാണ് അയാൾ ചിന്തകളിൽ നിന്നുണർണത്.
"ഇനി വീട്ടിൽ പോകുമ്പോൾ കളർ പെന്സിലെടുത്തിട്ടു വരണെ അച്ഛാ'" "പിന്നെന്താ..."അയാൾ കുഞ്ഞിനെ ചേർത്തു നിർത്തി."ഒരു ഐസ്‌ക്രീമും വാങ്ങി തരണേ".
.അമ്മു ന്റെ അടുതതാവശ്യം.
കളിപ്പാട്ടങ്ങളും ചിത്ര കഥകളും ഒക്കെയായി ഹോസ്പിറ്റലിലെ നാല് ചുവരിനുള്ളിൽ ആ കുഞ്ഞ് അവളുടെ ലോകം തീർത്തിരുന്നു.
ഉമ തന്നെയാണ് അമ്മുവിനെ അക്ഷരങ്ങളൊക്കെ പഠിപ്പിച്ച് വായിക്കാനും പരിശീലിപ്പിച്ചത്. ചെടികൾ നട്ടു വളർത്താനും സാധനങ്ങൾ അടുക്കി പെറുക്കി വയ്ക്കാനും മുറ്റമടികുമ്പോൾ കുഞ്ഞു ചൂലെടുത്തു കൈയിൽ കൊടുത്തും എന്തിനും അവൾ അമ്മുനേം കൂടെ കൂട്ടി.ഉമയെന്തൊക്കെയോ ധൃതി പെട്ട് ചെയ്തുതീർത്തതായി വിനയന് തോന്നി.
"ഓരോന്നാലോചിച്ചു മനസ്സ് തളർത്താതെ, ഞാനൊന്നു പുറത്തു പോയി വരാം.. ഫ്രൂട്സ്
വാങ്ങണം..മോൾക്ക് ഐസ്‌ക്രീമും വാങ്ങാട്ടോ"..അയാൾ പുറത്തേക്കു പോയി.
ഉമ അമ്മുവിനെ അടുത്ത് വിളിച്ചു കിടത്തി.നന്നായി പഠിക്കണമെന്നും നല്ല കുട്ടിയായി വളരണമെന്നും തുടങ്ങി കുഞ്ഞു മനസ്സിന് ദഹിക്കാവുന്നതിലും അധികം ഉപദേശങ്ങൾ. ഇതൊക്കെ കേട്ടുകൊണ്ടാണ് വിനയൻ റൂമിലേക് തിരികെ വന്നത്.അമ്മുവിന് ഐസ്‌ക്രീം കൊടുത്തിട്ട് ഒരെണ്ണം ഉമയ്ക് നേരെയും നീട്ടി.ഐസ്ക്രീം അവൾക്ക്‌ ഒരുപടിഷ്ടമായിരുന്നു. പുറത്തേക്കെവിടേലും പോയാൽ തന്റെ കൈപിടിച്ചു അവൾ പറയാറുണ്ടായിരുന്ന ചെറിയ ഇഷ്ടങ്ങളിൽ ഒന്നായിരുന്നു അത്.പക്ഷേ അവളത് കൈവീശി നിരസിച്ചു.
"അമ്മയ്ക്ക് പനിയല്ലേ..അച്ഛനല്ലേ പറഞ്ഞിട്ടുള്ളത് പനിയുള്ളപ്പോൾ ഐസ്ക്രീം കഴിക്കാൻ പാടില്ലെന്ന്," അത് അയാൾ ടേബിൾ ന്റെ മേലേക്ക് മാറ്റി വച്ചു.
ഉറക്കക്കുറവ് കാരണം ഉമയുടെ കണ്ണുകൾ വല്ലാതെ തളർന്നിരുന്നു..കമഴ്ന്നു കിടന്ന് ഉറങ്ങാനായിരുന്നു അവൾക്കിഷ്ടം. സ്ത്രീകൾക്ക് അത് നന്നല്ലെന്നു എവിടെയോ വായിച്ച അറിവിൽ നിന്നും വിനയനാണ് അവളുടെ ആ ശീലം മാറ്റിയെടുത്തത്. ഇപ്പോൾ എങ്ങനെ കിടന്നാലും അവൾക്ക് ഉറങ്ങാൻ കഴിയാറില്ല.ശരീരം നുറുങ്ങുന്ന വേദനയും മനസ്സ് നിറയെ ആകുലതകളും...എങ്ങനെയുറങ്ങും..
കഴിച്ചുകൊണ്ടിരുന്ന ഐസ്ക്രീം മോളുടെ കയ്യിലൂടെ ഒലിച്ചിറങ്ങി കൈയാകെ തണുത്തു."അച്ഛാ ദേ എന്റെ കയ്യിൽ നല്ല തണുപ്പ്."വിനയന്റെ കയ്യിലേക്ക് തന്റെ കുഞ്ഞു കൈപ്പത്തി അമർത്തിവച്ചു കുറുമ്പ് കാട്ടിയവൾ ചിരിച്ചു. കനലെരിയുന്ന ആ മനസ്സുകളിൽ നിഷ്കളങ്കമായ ആ ചിരിയാണ് നേരിയ നനവ് പടർത്തുന്നത്.
എല്ലാം വിധിയ്ക് വിട്ടു കൊടുത്തുകൊണ്ട് അവളുടെ ആവശ്യം സാധിച്ചുകൊടുക്കാം എന്ന് അയാൾ വാക്കു കൊടുത്തു."അമ്മു വളരുമ്പോൾ ഈ കാര്യം പറഞ്ഞു നിന്നെ കളിയാക്കും കേട്ടോ"".ഉമയ്‌ക്കൊന്നും സംഭവിക്കില്ലെന്നു അവളെ ധരിപ്പിക്കാനുള്ള ഒരുശ്രമം.. അവൾ അതുകേട്ട് ഒന്ന് ചിരിച്ചതായി വരുത്തി.
കുറച്ചു മണ്ണ്‌ നീക്കിവച്ചതുകൊണ്ടോ പൊന്നോ പണമോ കരുതിയതുകൊണ്ടോ അതൊന്നും ഒരു പെൺകുഞ്ഞിന് അമ്മയുടെ സാമീപ്യത്തിനും സംരക്ഷണത്തിനും പകരമാവില്ലെന്നവൾക്കും അറിയാം. എങ്കിലും നീറി ദ്രവിച്ചുകൊണ്ടിരിക്കുന്ന മനസ്സിന്റെ ആകുലതകളുടെ ആകെത്തുകയായി അവളെടുത്ത മുൻകരുതൽ. ഒന്നുമില്ലെങ്കിലും തന്റെ കുഞ്ഞിന് തല ചായ്ക്കാൻ ഒരിടം ഉറപ്പു വരുത്താമല്ലോ.
വിനയൻ അവളെ എഴുന്നേല്പിച്ചിരുത്തി കുറച്ചു് ഓറഞ്ച് അല്ലികൾ ഒരു പാത്രത്തിലെടുത്ത് അവൾക്ക് കൊടുത്തു.
"മോളേം കൊണ്ട് പുറത്തോട്ടൊക്കെ
ഒന്നു നടന്നിട്ട് വരാം".,ഉമയുടെ നെറുകയിൽ ഒരു മുത്തം കൊടുത്തിട്ട് അമ്മുവിനേം കൂട്ടി അയാൾ പുറത്തേക്കിറങ്ങി.
മരണത്തെ മുഖാമുഖം കണ്ട് ജീവിതം തള്ളി നീക്കുന്നവർക്ക് കണ്ണിന് കുളിരേകാൻ പ്രതീക്ഷ കൈവിടാതെ സ്വപ്നങ്ങൾ കാണാൻ പ്രേരണയാകാൻ ഒരു പൂന്തോട്ടമുണ്ടായിരുന്നു അവിടെ. വെയിലാറുന്ന നേരം വൈകുന്നേരങ്ങളിൽ ഉമയും അവിടെ വന്നിരിക്കുമായിരുന്നു.പൂക്കൾ അവൾക്കൊരുപാടിഷ്ടമാണ്.ഇപ്പോൾ കുറെയായി പുറത്തേക്കൊക്കെ ഇറങ്ങിയിട്ട്... തീരെ വയ്യാണ്ടായി.പൂക്കളോടും ശലഭങ്ങളോടും കിന്നരിച്ച്‌ ഓടിനടക്കുന്ന മോളെയും നോക്കി ഒരായിരം ആകുലതകൾ ഉള്ളിലൊതുക്കി അയാൾ അവിടൊരുബഞ്ചിലിരുന്നു.. വരും ദിനങ്ങളെക്കുറിച്ച് ഒരു നിശ്ചയവുമില്ലാതെ...
ഇരുട്ട്‌ വീണു തുടങ്ങി.."മതി മോളെ,..നമുക്കിനി റൂമിലേക്ക് പോകാം..അമ്മ തനിച്ചല്ലേ".കളി നിർത്തി അമ്മു വന്നു വിനയനോട് ചേർന്നിരുന്നു.
റൂമിൽ തിരികെയെത്തിയപ്പോൾ ഉമ കട്ടിലിൽ കമഴ്ന്നു കിടക്കുകയായിരുന്നു."ഉറങ്ങിക്കാണും പാവം..അവൾക്കിഷ്ടപ്പെട്ട ഉറക്കം""മോളേ അമ്മയെ ഉണർത്തണ്ടാട്ടോ, ഉറക്ക ക്ഷീണം മാറട്ടെ"
ഒരു മാസികയെടുത്ത് അയാൾ കസേരയിലേക്ക് ഇരിക്കാൻ തുടങ്ങിയതാണ്..".അച്ഛാ ..അമ്മ ഐസ്‌ക്രീമ് എടുത്ത് കഴിച്ചൂന്നാ തോന്നുന്നേ..അമ്മയുടെ കയ്യില് നല്ല തണുപ്പ്‌.""..നെഞ്ചിലേക്കാരോ തീയ് കോരിയിട്ടപോലെ തോന്നി അയാൾക്ക്.
തണുത്തു വിറച്ച കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് ആ കട്ടിലിനു താഴേക്ക് അയാൾ തളർന്നിരുന്നു. ആ ഓറഞ്ച് അല്ലികൾ അവിടെ ചിതറി തെറിച്ചു കിടപ്പുണ്ടായിരുന്നു.......!
_________________****_____****_______________
കണ്ണിൽ കണ്ട ചില സത്യങ്ങളിൽ നിന്നും വേദനയുൾകൊണ്ടു കൊണ്ട് പറയട്ടെ...മരണം എന്ന സത്യത്തിന്റെ ഗന്ധം അടുത്തറിഞ്ഞിട്ടും പാഴ്കിനാവുകളിലേക്ക് പോകാതെ ചിന്തകളെ പ്രായോഗിക തലങ്ങളിലേക്ക് വ്യാപരിപ്പിച്ചാൽ..,- പണത്തിനു മീതെ മാനുഷിക മൂല്യങ്ങൾക്ക് ഒരു വിലയും കല്പിക്കാത്ത ഈ ലോകത്ത് കുറെ മനുഷ്യ ജന്മങ്ങളെങ്കിലും വഴിയാധാരമാകാതിരിക്കും..

(ആരതി പ്രമോദ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo