Slider

ടേബിള്‍ അഥവാ മേശ (ചെറുകഥ)

0

മൊബെെല്‍ ഫോണില്‍ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നു ഞാന്‍..
''അമ്മേ, ടേബിള്‍ എന്നു പറഞ്ഞാല്‍ മലയാളത്തില്‍ മേശ എന്നല്ലേ അര്‍ത്ഥം''..
ചോദ്യം മൂന്നാം ക്ളാസില്‍ പഠിക്കുന്ന എന്‍റെ മോന്‍റെയാ..
''അതേ മോനെ''..
ഇംഗീഷു മീഡിയത്തിലാണ് പഠിക്കുന്നത് എങ്കിലും മലയാളത്തിലുള്ള അര്‍ത്ഥത്തെ പറ്റിയൊക്കെ അവന്‍ ചിന്തിക്കുന്നുണ്ടല്ലോ..
എനിക്ക് അഭിമാനം തോന്നി..
''അപ്പോ ഈ ടേബിള്‍ മെയ്റ്റ് എന്ന് പറഞ്ഞാലോ''..
അതാ വരുന്നു അടുത്ത ചോദ്യം ..
ടി വിയില്‍ പരസ്യം കണ്ടിട്ട് ഞാനൊരു ടേബിള്‍ മെയ്റ്റ് വാങ്ങി കൊടുത്തിട്ടുണ്ടായിരുന്നേ.. ഒരു മിസ്ഡ് കോള്‍ കൊടുത്തുതേയുള്ളു അപ്പോ വീട്ടിലെത്തി ആ സാധനം.. അതിന്‍മേല്‍ പിടിച്ചിട്ടാണ് ചോദ്യം വന്നത്..
'' ടേബിള്‍ മേശയാണെന്ന് അറിയാലോ.. മെയ്റ്റ് എന്നാല്‍ എന്താ അര്‍ത്ഥം''?
ഞാനൊരു മറു ചോദ്യം എറിഞ്ഞു..
''മെയ്റ്റ് എന്നാല്‍ പാര്‍ട്ണര്‍.''
ഉത്തരം നിമിഷങ്ങള്‍ക്കകം കിട്ടി..
പുറകേ അടുത്ത ചോദ്യവും..
''ടേബിളിന്‍റെ പാര്‍ട്ണര്‍ ആണോ ടേബിള്‍ മെയ്റ്റ്''?
ഈ ചെക്കനെ കൊണ്ട് തോറ്റല്ലോ പടച്ചോനെ.. ഓരോ സാധനം വാങ്ങിക്കൊടുത്ത എന്നെ പറഞ്ഞാ മതിയല്ലോ..
ഞാന്‍ മനസ്സില്‍ പറഞ്ഞു.
''അതല്ല മോനെ, ടേബിള്‍ പോലെ യൂസ് ചെയ്യാന്‍ പറ്റുന്ന സാധനം.. അതാണ് ടേബിള്‍ മെയ്റ്റ്''..
ഞാന്‍ വിശദീകരിച്ചു..
''മ്ം, ഓക്കെ..
അവനൊന്ന് അമര്‍ത്തി മൂളി..
എന്‍റെ വിശദീകരണം ബോധിച്ച മട്ടില്ല..
''അമ്മേ,,''
അഞ്ചു മിനുട്ടിന്‍റെ ഇടവേളക്ക് ശേഷം വീണ്ടും വിളി വന്നു..
''ഇനി എന്ത് കൊനഷ്ട് ചോദ്യവും കൊണ്ടാണവോ വരവ്..
''എന്താടാ''..
ഉള്ളിലുള്ളത് പുറത്ത് കാണിക്കാതെ ഞാന്‍ ചോദിച്ചു..
''അപ്പോ ഈ മള്‍ട്ടിപ്ളിക്കേഷന്‍ ടേബിള്‍ എന്നു പറഞ്ഞാല്‍ ഗുണന മേശ എന്നാണോ അര്‍ത്ഥം''?
ചോദ്യം കേട്ട് പകച്ചു പോയി ഞാന്‍..
പഹയന്‍ മള്‍ട്ടിപ്ളിക്കേഷന്‍ ടേബിളും മുന്നില്‍ വെച്ചിട്ടാണ് ഈ കണ്ട ചോദ്യങ്ങളൊക്കെ എന്നോട് ചോദിച്ചത് എന്ന് അപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്..
''മര്യാദക്കിരുന്ന് പത്ത് മിനുട്ടിനകം ടേബിള്‍ പഠിച്ചോ... അല്ലെങ്കില്‍ നിന്നെ ഞാന്‍ ശരിയാക്കും''..
ഉത്തരം മുട്ടിപ്പോയ ഞാന്‍ അവനതറിയാതിരിക്കാന്‍ ഭീഷണി മുഴക്കി..
''അതെങ്ങിനെയാ വേണ്ടാത്ത കാര്യമല്ലേ ചിന്തിക്കൂ,,.. അച്ഛന്‍റെയല്ലേ മോന്‍''..
ആ കുറ്റവും അച്ഛന്‍റെ തലയില്‍ വെച്ചുകൊടുത്തു സായൂജ്യമടഞ്ഞു ഞാന്‍..
അവന്‍ ഒന്നും മിണ്ടാതെ ടേബിള്‍ പഠിക്കാന്‍ തുടങ്ങി..
'' അമ്മയ്ക്കറിയില്ലെങ്കില്‍ അതു പറഞ്ഞാപോരെ.,, ഇങ്ങനെ ഒച്ചപ്പാടുണ്ടാക്കണോ''?
പഠിക്കുന്നതിനിടയില്‍ അവന്‍ പിറുപിറുത്തത് ഞാന്‍ വ്യക്തമായി കേട്ടു..
ഇപ്പോളത്തെ പിള്ളേരുടെ ഓരോ കാര്യങ്ങളേയ്..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo