Slider

സോഷ്യൽ മീഡിയ

0

"ഓ....രാവിലെ എത്തീട്ടൊണ്ട്‌ പണ്ടാരക്കാലൻ...മനസമാധാനത്തോടെ ഉറങ്ങാനും സമ്മതിക്കൂല്ല...."
"ഗുഡ്‌ മോണിംഗ്‌ വാട്സാപ്പോ......"
"ആ സഹോ...... എഫ്ബി ....ആ ചെക്കൻ നിന്നേം ചവുട്ടി എണീപ്പിച്ചോ......!!"
"ആടാവ്വേ .... നീ നേരത്തെ കിടന്നെങ്കിലും കാണും...ഞാൻ ഉറങ്ങിയത്‌ ഇന്നലെ രണ്ട്‌ മണിക്കാ....."
"പ്ഭാ.....ഒരൊറ്റ ക്‌Iറ്‌.....നീ വന്ന് അവന്റെ ലാസ്റ്റ്‌ സീൻ ഒന്ന് നോക്കിക്കേ......നേരത്തെ കെടന്ന് പോലും....ഈ കൈയ്യകലത്തീന്ന് മാറി നിന്നോ.......!"
"ഇവനീ പാതിരാത്രി വരെ എന്തോ ചെയ്തോണ്ടിരിക്കുവാ..?"
"ആവോ ...അവസാനം ഞാൻ ഒന്ന് ഹാങ്ങ്‌ ആയിക്കൊടുത്തപ്പഴാ അവൻ ഒന്നുറങ്ങിയത്‌ ..!"
"ഡാ...വാട്സാപ്പാ......നീ അങ്ങോട്ടൊന്ന്‌ നോക്കിക്കേ....സുഖിച്ച്‌ കെടന്നുറങ്ങുവാ പരട്ട ഇൻസ്റ്റു ........ചെക്കൻ അവനെ വല്യ ഉപദ്രവമില്ല....നല്ല രീതിയിൽ ഡേറ്റ കൊണ്ട്‌ പോവുമെന്നവനറിയാം....."
"ചെക്കൻ അവന്റടുത്തോട്ടാണല്ലോ പോവുന്നത്‌...! "
"പടച്ചോനേ.....!! "
"ഉഹൂഹൂ.... അവനെ കുത്തിപ്പൊക്കീടാ എഫ്‌ ബീ ....കരച്ചിലു കേട്ടില്ലേ..."
"നന്നായി...ഇന്നെങ്കിലും ആ ഊള നേരം വെളുക്കുന്നത്‌ ഒന്ന് കാണട്ടെ..ഗുഡ്‌ മോണിംഗ്‌ ഇൻസ്റ്റൂ ..."
"മോണിംഗ്‌ ..മോണിംഗ്‌ ...എന്ത്‌ കഷ്ടാല്ലേ....പന്നച്ചെറുക്കൻ ഉറങ്ങാനും സമ്മതിക്കൂല്ല ..."
"നിന്നെ ഈയിടെയായിട്ട്‌ അവൻ നേരത്തെ പൊക്കുന്നുണ്ടല്ലോ....എന്ത്‌ പറ്റീ...!"
"ഒന്നും പറയെണ്ടെന്റെ വാട്സാപ്പോ ...അവന്‌ ഇപ്പോ ആരും എസ്‌.എൽ.ആറിൽ ഫോട്ടോ എടുത്ത്‌ കൊടുക്കാനില്ലാത്തോണ്ട്‌ ഫോണിലെടുക്കുന്ന ഊള ഫോട്ടോ എല്ലാം കൂടെ എന്റടുത്തോട്ടാ കൊണ്ടുവരുന്നേ...എഡിറ്റ്‌ ചെയ്ത്‌ എഡിറ്റ്‌ ചെയ്ത്‌ എന്റെ ഊപ്പാടിളകി ..."
"അയ്യോടാ....ഭാഗ്യം...അത്‌ കാരാണം അവൻ എന്റടുത്ത്‌ വന്നാലുടനെ പഴയ ഏതേലും പ്രൊഫെയിൽ പിക്ചർ എടുത്ത്‌ പിന്നേം ഇടൂന്നൊരു കൊഴപ്പമേ ഒള്ളൂ....പിന്നെ ന്യൂസ്‌ ഫീഡിൽ കയറി ഒടുക്കത്തെ തോണ്ടലും...ഒരു കാര്യോമില്ലെന്നെ.....എനിക്കാണേൽ ഇക്കിളിയായിട്ട്‌ മേല...ഷുക്കൂറണ്ണൻ ഇങ്ങനെയുള്ളവന്മാരെ ഓടിക്കാൻ വല്ല നിയമോം കൊണ്ടുവരുവായിരുന്നെങ്കിൽ...! "
"പ്ഭാ എഫ്ബി തെണ്ടി...നീ ഓരോ പേജ്‌ ഉണ്ടാക്കി വെച്ചത്‌ കാരണം എനിക്കാ പാട്‌...അവൻ ഓരോ ശോകം പിക്‌ നിന്റടുത്തൂന്ന് പൊക്കിക്കൊണ്ട്‌ വന്ന് എന്റെ അടുത്ത്‌ വന്ന് ഡിപി അങ്ങ്‌ മാറ്റിക്കളയും ...അതിട്ടാൽ ഉടനെ അവന്റെ കൂട്ടുകാരെല്ലാം കൂടെ തുടങ്ങും...എന്നാ പറ്റി..ഇതെന്നാ ഈ ഡിപി എന്നൊക്കെ ചോയിച്ച്‌ ...ഞാൻ ആണേൽ വിറച്ച്‌ വിറച്ച്‌ മടുത്തു...!"
"ഇവൻ എന്നാ ഈ കെടന്ന് പിറുപിറുക്കുന്നത്‌....എന്നാടാ ഇൻസ്റ്റൂ...?"
"ഓ ...ചെക്കൻ ഇന്നലെയിട്ട ഓഞ്ഞ ഫോട്ടോയ്ക്ക്‌ ഏതോ ഒരുത്തൻ ലൈക്‌ അടിച്ചതാ....ഇവൻ പിന്നേം കുഴപ്പമില്ല ...ഇവന്റൊരു കൂട്ടുകാരനൊണ്ട്‌...അവനെക്കൊണ്ടാന്നേ ശല്യം ...അവൻ ഒരു ഫോട്ടോ ഇട്ടാൽ ഇതൊന്നുമല്ല....തേനിച്ച മൂളുന്ന അവസ്ഥയാ...നിക്കൂല്ല് ...കണ്ട പെണ്ണുങ്ങളെല്ലാം ലൈക്‌ അടിക്കുന്നു ..കമന്റ്‌ അടിക്കുന്നു...അവന്റടുത്ത്‌ എനിക്കൊന്ന് മയങ്ങാൻ പോലും സമയമില്ലാന്നേ..."
"അല്ല വാട്സാപ്പാ ...ഇവനെന്നാ ഇത്ര ശോകം ...?"
"ഓ ...അവനോടാരും മിണ്ടുന്നില്ലന്നോ....ഏകാന്തതയാണെന്നോ എന്നൊക്കെ പറഞ്ഞാ ഡിപി...ചുമ്മാതാന്നേ..നല്ല കുറച്ചു കൂട്ടുകാരുണ്ടന്നേ...അവന്മാർ വല്ലോം പറഞ്ഞോണ്ട്‌ വന്നാൽ ഇവൻ ഒരുമാതിരി താൽപര്യമില്ലാത്തപോലെയാ....അവൻ ഉദ്ദേശിക്കുന്നവരൊന്നും അവനോടങ്ങനെ കമ്പനി കൂടുന്നില്ല ...അതാ..."
"ആദ്യം അവനെ കാര്യമായിട്ട്‌ കാണുന്നവരെയൊക്കെ മൈന്റ്‌ ചെയ്യാൻ പറ...എന്നിട്ട്‌ മതി ബാക്കി ഊളകളുടെ പുറകേ പോവാൻ...അല്ലടാ വാട്സാപ്പാ ...അവനോട്‌ എപ്പഴും മിണ്ടുന്ന ഒരു പെൺകൊച്ചൊണ്ടായിരുന്നല്ലോ ...അവന്റെ ഒരു നല്ല കമ്പനി..അവളൊക്കെ എന്തിയേ...?"
"അവള്‌ ഫ്രാൻസിലോട്ടോ ജർമ്മനീലോട്ടോ എങ്ങാണ്ടോ പോയപ്പോ തീർന്നതാടാ എഫ്ബീ ആ കമ്പനി...അവളു പിന്നെ അവനോട്‌ മിണ്ടീട്ട്‌ പോലുമില്ല....പാവം..അവനേതായാലും അവളിൽ നിന്ന് അത്‌ പ്രതീക്ഷിച്ചില്ല..."
"ആ അതുവിട്‌...നീയെന്നാ വാട്സാപ്പാ ഇങ്ങനെ കിടന്ന് വിറയ്ക്കുന്നത്‌ .....കുറച്ചുനേരമായല്ലോ..?"
"ഓ...എടാ ഇൻസ്റ്റൂ...ഇന്നവന്റെ ഏതോ ഒരു ഗ്രൂപ്പിലെ ഏതോ ഒരുത്തന്റെ പിറന്നാളാ...ഗ്രൂപ്പിൽ ഉള്ളവർ സാധാരണ അറ്റന്റൻസ്‌ രേഖപ്പെടുത്തുന്നത്‌ ഇങ്ങനെയുള്ള ദിവസങ്ങളിലാ...ചെക്കൻ ആദ്യമേ തന്നെ അറ്റന്റൻസ്‌ രേഖപ്പെടുത്തീട്ടുണ്ട്‌..."
"എടാ എഫ്ബീ...ഈ ചെക്കനീ മൊബെയിലും പിടിച്ച്‌ നമ്മളെ ഉപദ്രവിച്ചോണ്ടിരിക്കുന്ന സമയത്ത്‌ അവന്റെ വീട്ടുകാരോട്‌ പോയി മിണ്ടിയാൽ പോരേ...ഏകാന്തത അങ്ങ്‌ മാറിക്കോളൂല്ലോ..."
"ഇൻസ്റ്റൂ സഹോ...എല്ലാ കാര്യങ്ങളും അങ്ങനെ അപ്പന്റേം അമ്മേടെം മുമ്പിൽ പറയാൻ പറ്റുവോ...ചിലതൊക്കെ അവന്റെ തരത്തിലുള്ള പിള്ളേരോട്‌ വേണ്ടേ പറയാൻ"
"അപ്പോ അവന്റെ അനിയനില്ലെ "
"അനിയൻ അവന്റെ കൂട്ടുകാരൊള്ളപ്പോ ഇവന്റെ കാര്യം അന്വേഷിച്ചു നടക്കേണ്ട ആവശ്യമുണ്ടോ...അങ്ങനത്തെ കമ്പനി ഒക്കെ പണ്ട്‌ ...അങ്ങ്‌ ഇരുപതാം നൂറ്റാണ്ടില്‌ ...ഇത്‌ നമ്മുടെ കാലമാ....ഇന്ന് കൂട്ടുകാര്‌ തന്നെയാ ബെസ്റ്റ്‌ "
"അവന്റെ കൂട്ടുകാരൊന്നും വീട്ടിൽ വരാറില്ലേ....?"
"ഒണ്ടല്ലോ...ഇടയ്ക്കിടയ്ക്ക്‌ ...എല്ലാരും ഇവനെപ്പോലെ ചൊറിയും കുത്തി വീട്ടിൽ ഇരുപ്പല്ലല്ലോ..പക്ഷേ അവരു വരുന്ന ദിവസം ചെക്കന്റെ ഒരു സന്തോഷം കാണണം ...പോയികഴിഞ്ഞാൽ പിന്നേം വരും ഫോണും പൊക്കിപ്പിടിച്ചോണ്ട്‌ ...എന്റടുത്തോട്ടോ വാട്സാപ്പന്റെ അടുത്തോട്ടോ....!"
"കുറച്ചുദിവസായിട്ട്‌ അവൻ നമ്മളെ ഓണാക്കി ഇരിക്കുന്നുണ്ടെങ്കിലും അത്ര ആക്റ്റീവ്‌ ആയി തോന്നുന്നില്ല..."
"അത്‌ ശരിയാടാ വാട്സാപ്പാ....കുറച്ചുദിവസമായിട്ട്‌ അവന്റെ വെറുപ്പീര്‌ പോസ്റ്റ്‌ ഒന്നുമില്ല...ഇടയ്ക്ക്‌ ഒക്കെ എന്തോ എഴുതാൻ തുടങ്ങിയിട്ട്‌ വേണ്ടാന്ന് വച്ച്‌ പോവുന്നുണ്ട്‌..."
"ഉയ്യോ "
"എന്നാടാ വാട്സാപ്പാ....??"
"ഇൻസ്റ്റു എന്തിയേ ...അവനെ കാണാനില്ല...ഇൻസ്റ്റൂ...ഈൻസ്റ്റഗ്രാം ...."
"ചെക്കൻ അവനെ എന്തോ ചെയ്തു...ദേ നിന്റടുത്ത്‌ നിക്കുന്നു വാട്സാപ്പാ ...നിന്നെയെന്തോ ചെയ്യാൻ പോവ്വാന്നാ തോന്നുന്നേ...."
"മരംകൊത്തിമോറൻ എന്നെ അണിൻസ്റ്റാൾ ചെയ്യാൻ പോവ്വാടാ....ഇവനിതെന്നാ പറ്റി ....ഡാ ചെക്കാ...നീ.........."
"അയ്യോ വാട്സാപ്പനും പോയി...ഇനി ഞാൻ മാത്രമേ ഉള്ളല്ലോ....ഇ...പരട്ടചെക്കൻ എന്തോ എഴുതി പോസ്റ്റ്‌ ചെയ്യാൻ പോവ്വാണല്ലോ...ഈ നേരത്ത്‌ എന്നതാണാവോ.......
'ഗുഡ്ബൈ ഫ്രണ്ട്സ്‌.... എന്റെ സന്തോഷം കെടുത്തിക്കൊണ്ടിരിക്കുന്ന ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റാഗ്രാമുമൊന്നും എനിക്കിനി വേണ്ട...ഈ ഫോണിലൂടെയല്ലാതെ വഴിയിലിറങ്ങി ഞാൻ ഒന്ന് സോഷ്യൽ ആയിനോക്കട്ടെ....അതുകൊണ്ട്‌ ഞാൻ അക്കൗണ്ട്‌ ഡിയാക്റ്റിവേറ്റ്‌ ചെയ്യാൻ പോവുന്നു...ഗുഡ്ബൈ.....!'
ഇവനെന്തൊ മന്തനാ ...ഡീയാക്റ്റിവേറ്റ്‌ ചെയ്യാൻ പോവുന്ന നേരത്ത്‌ പോസ്റ്റ്‌ ഇട്ട്‌ ആരു കാണാനാ.....പടച്ചോനേ...ചെക്കൻ ഡീയാക്റ്റിവേറ്റ്‌ ബട്ടന്റെ അടുത്തെത്തിയല്ലോ....എന്നാപ്പിന്നെ ഇത്രേം നേരം ഞങ്ങടെ സംസാരം കേട്ടോണ്ടിരുന്ന എല്ലാർക്കും ഗുഡ്ബൈ ട്ടാ ..."
ഡീയാക്റ്റിവേറ്റഡ്‌ !
ഒരാഴ്ചയ്ക്ക്‌ ശേഷം ഫോണിലെ ഒരു വിജനപ്രദേശം.....
"ഇതേന്താത്‌ ...ഭൂമികുലുക്കമോ ...എന്റമ്മോ.....ഇതെന്തൊരു കുലുക്കമാ .... ഡാ പരട്ട ചെക്കാ...ഡാ...മരഭൂതമെ പതുക്കെ കുലുക്കടാ....നിനക്ക്‌ വേണ്ടത്‌ ഞാൻ തരാമെന്നേ......വല്ല അറബിപെണ്ണുങ്ങളുമുണ്ടോന്ന് നോക്കാം....പണ്ടാരക്കാലൻ കൊണ്ടോയി പണ്ടാരമടക്കട്ടെ !!!!!!"
ശുഭം
________________________________________________
വഴിയിലെറങ്ങി സോഷ്യൽ ആവാന്നു വച്ചപ്പോൾ വഴിയിലുള്ളവരൊക്കെ ഫോണിൽ കേറി സോഷ്യൽ ആയിക്കൊണ്ടിരിക്കുന്നു....ഒറ്റയ്ക്ക്‌ സോഷ്യൽ ആവാൻ യാതൊരു വഴിയുമില്ലാത്തോണ്ട്‌ പുതിയൊരുത്തനേം കൂട്ടുപിടിച്ച്‌ കഥാനായകൻ ഫോണിലൂടെ തന്നെ സോഷ്യൽ ആവാനുള്ള ശ്രമം തുടർന്നുകൊണ്ടേയിരിക്കുന്നു !
വായിച്ചതിന്‌ നന്ദി.

By: Jossin Jospeh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo