Slider

ലജ്ജാവതികൾ

0

രണ്ടു കുന്നുകളുടെ നടുവിലൂടെ ശാന്തമായൊഴുകുന്ന യമുനയെ നോക്കി അവൾ നിന്നു.വെളളത്തിന് മീതെയായി തൂവെള്ള നിറത്തിൽ നീരാവി പരന്നൊഴുകുന്നു .മലകളെ ചുറ്റി വളഞ്ഞു പുളഞ്ഞൊഴുകി വരുന്ന ആ നദിയോട് അവൾക്കു വല്ലാത്ത ആകർഷണം തോന്നി.പുക പോലെയുള്ള മഞ്ഞു കൊണ്ട് മലയുടെ മുകൾ ഭാഗം മൂടിക്കിടക്കുന്നു.സൂര്യ പ്രകാശം നന്നായി വീഴുവാൻ ഇനിയും സമയമെടുക്കും.
-കൂട്ടുകാരെന്താണോ താമസിക്കുന്നത്....
ചരൽ മണ്ണിലേക്ക് ഇരുന്നുകൊണ്ട് അക്ഷമയോടെ അവൾ തന്നോട് തന്നെ ചോദിച്ചു.
ആ കുളിക്കടവ് അവളുടെയും സഖിമാരുടെയും സ്വന്തമെന്നപോലെയാണ്. കടവിനോട് ചേർന്ന് കുറ്റിക്കാടുകളും ചെറിയ വൃക്ഷങ്ങളുമുണ്ട്. ഒഴുക്കും ആഴവും കുറഞ്ഞു നല്ല തെളിഞ്ഞ ജലവുമുള്ള കടവാണെങ്കിലും തങ്ങളെ ശല്യപ്പെടുത്തുവാനോ എന്തിനു ഒളിഞ്ഞുനോക്കുവാനോ പോലും ആരും വരാറില്ല എന്നവളോർത്തു.
-നീയെന്താ നേരത്തേയെത്തിയോ..
കൂട്ടുകാരികളുടെ ശബ്ദം അവളെ ഞെട്ടിച്ചു.അത് കണ്ടു അവരെല്ലാം പൊട്ടിച്ചിരിച്ചു.
 സാരിയുടെ അടിഭാഗം അവൾ മുട്ടുവരെ ഉയർത്തിപ്പിടിച്ചു.വലത്തേ കാൽ നീട്ടി വെള്ളത്തിലേക്ക് ഒന്ന് തൊട്ടു നോക്കിയിട്ടു പറഞ്ഞു
-രാവിലെയായിട്ടു പോലും വെള്ളത്തിന് തണുപ്പില്ലല്ലോ ..സമയം കളയാതെ നമ്മുക്കിറങ്ങാം..
അവൾ സാരിയുടെ മേന്തല താഴേക്ക് മാറ്റി.പിറകിലേക്ക് കൈകളിട്ടു ബ്ലൗസിന്റെ ചരടുകൾ അഴിച്ചു അത് ഊരിയെടുത്തു താഴെ വെച്ചതിനു ശേഷം സാരിയും അഴിച്ചു മാറ്റി. അതിനു ശേഷം പതുക്കെ വെള്ളത്തിലേക്ക് ഇറങ്ങി.
ജലസ്പർശത്താൽ അവളുടെ ദേഹമാകെ ഒരു കുളിരു ഇരച്ചു കയറി.മുൻപിലേക്ക് കുനിഞ്ഞു അവൾ കൈകളിൽ കുറച്ചു വെള്ളമെടുത്തു മുകളിലേക്കെറിഞ്ഞു..താഴേക്ക് വീണ വെള്ളത്തുള്ളികൾ അവളുടെ ദേഹത്ത് രോമാഞ്ചമുണ്ടാക്കി. പതുക്കെ അവൾ അരയ്ക്ക് വരെ വെള്ളത്തിലേക്കിറങ്ങി,സാവകാശം ഒന്ന് മുങ്ങി നിവർന്നു.
-അക്കരെ വരെ ഒന്ന് നീന്തിയിട്ടു വരാം..
പിറകിലേക്ക് നോക്കി അവൾ വിളിച്ചു പറഞ്ഞു.
വസ്ത്രങ്ങളെല്ലാം അഴിച്ചു വെച്ച അവളുടെ കൂട്ടുകാരികളും പൂർണനഗ്നകളായി ആറ്റിലേക്കിറങ്ങി.
കടവിനരികെയുള്ള വഴിയിലൂടെ ഒരു ചെറുപ്പക്കാരൻ നടന്നു വരുന്നു.താറുടുത്തിരിക്കുന്നു.തോളത്തൊരു ഷാളുമുണ്ട്. മെലിഞ്ഞ ശരീരം.
-എടീ ആരോ വരുന്നുണ്ട്..
കരയിലേക്ക് നോക്കിയ ഒരുവൾ പറഞ്ഞു
-സാരമില്ലെടീ ശുകനാണ്..
 നടന്നു വന്ന ശുകൻ അവർ കുളിക്കുന്നത് കണ്ടു.മുഖത്തോ മനസ്സിലോ ഒരു ഭാവഭേദവും കൂടാതെ ആ ചെറുപ്പക്കാരൻ അവരെ കടന്നു പോയി.
അല്പം കഴിഞ്ഞപ്പോൾ വ്യാസൻ അത് വഴി വന്നു.
-അയ്യോ മഹർഷി വരുന്നെടീ ..
എല്ലാവരും പെട്ടെന്ന് കയറി ധൃതിയിൽ സാരിയും വാരിചുറ്റി പ്രണമിച്ചു കൊണ്ട് നിന്നും.വ്യാസൻ അവരെ നോക്കി ആലോചനാമഗ്ദ്ധനായി നടന്നു പോയി.
 അവർ വസ്ത്രങ്ങൾ അഴിച്ചു വെച്ച് വീണ്ടും നദിയിലിറങ്ങി കളികളിലേർപ്പെട്ടു.
-എടിയേ ആരോ വരുന്നുണ്ടു കേട്ടോ..
ദൂരെനിന്നും ആരോ നടന്നു വരുന്നത് ശ്രദ്ധയിൽ പെട്ട ഗോപികമാരിലൊരാൾ പറഞ്ഞു.അവരെല്ലാവരും സൂക്ഷിച്ചു നോക്കി. പ്രായമുള്ള ഒരാൾ.തോർത്തുമുണ്ടുടുത്തിരിക്കുന്നു.കഷണ്ടിയാണ്. കണ്ണടവെച്ചിരിക്കുന്നു കയ്യിലൊരു വടിയുമുണ്ട്,തോളത്തൊരു സഞ്ചിയും.
അവരോടി കരയിൽ കയറി വസ്ത്രങ്ങളെടുത്തു ശരീരം മറയ്ക്കുവാൻ ശ്രമിച്ചു.
-കുളിക്കാനിറങ്ങുമ്പോൾ ഒരു സാരിയും കൂടി കൊണ്ട് വന്നു കൂടെ മക്കളെ ..
വസ്ത്രങ്ങൾ വാരിപ്പിടിച്ചു നാണിച്ചു തലതാഴ്ത്തി നിൽക്കുന്ന സ്ത്രീകളോട് ആ വയോധികൻ ചോദിച്ചു.
-കാലി മേയ്ക്കുന്നവരാണ് ഞങ്ങളുടെ ആണുങ്ങൾ..അവരുടെ വരുമാനത്തിന് വീട്ടിലെല്ലാവർക്കും ഒരു സാരി കൂടി വാങ്ങി തരുവാൻ കഴിയുകയില്ല ജീ..
ഇതു കേട്ട് അദ്ദേഹം ഒരു ചർക്കയെടുത്തു കൊടുത്തിട്ടു പറഞ്ഞു
- മേക്ക് ഇൻ ഇന്ത്യ.നിങ്ങൾക്കാവശ്യമുള്ളതു നിങ്ങൾ തന്നെ നൂറ്റെടുക്കുക..
അദ്ദേഹം കണ്ണിൽ നിന്നും മറഞ്ഞതും അവർ വസ്ത്രങ്ങളഴിച്ചെറിഞ്ഞു വീണ്ടും നദിയിലിറങ്ങി തിമിർത്തു കുളിക്കുവാൻ തുടങ്ങി.സാവകാശം പരിസരം പോലും മറന്നു അവർ ക്രീഡാമുഗ്‌ദ്ധരായി.
അപ്പോഴാണ് കണ്ണന്റെ വരവ്.കണ്ണൻ കുറച്ചു നേരം അവരുടെ പരിപാടികൾ നോക്കിയിരുന്നു.
-ഹമ്പട അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..
കുസൃതിക്കണ്ണൻ അവിടെയിട്ടിരുന്ന വസ്ത്രങ്ങളെല്ലാം എടുത്തു കൊണ്ട്‌ അവിടെയുള്ള ഒരു മരക്കൊമ്പിൽ കയറി ഗോപികളെയും വീക്ഷിച്ചുകൊണ്ടിരുന്നു.കളിരസത്തിൽ മുഴുകിയ പെണ്കൊടിമാരോ, കണ്ണൻ വന്നതും നടന്നതുമൊന്നും അറിഞ്ഞതേയില്ല.
കുളി കഴിഞ്ഞു കരയ്ക്കു കയറിയ പെണ്ണുങ്ങൾ വസ്ത്രമെടുക്കാൻ നോക്കിയപ്പോൾ അവിടെയെങ്ങും കണ്ടില്ല. പരിഭ്രമിച്ചു പോയ അവർ അവിടെയെല്ലാം നടന്നും ഓടിയും നോക്കി.ഒരു തൂവാല പോലുമില്ല. അവരുടെ പ്രവർത്തികൾ കണ്ടു കണ്ണൻ ചിരിച്ചു പോയി.ശബ്ദം കേട്ട് മുകളിലേക്ക് നോക്കിയ ഗോപികമാർ കണ്ണനെ കണ്ടു,മരത്തിലിരിക്കുന്ന വസ്ത്രങ്ങളും കണ്ടു.
ലജ്ജയും പരിഭ്രമവും ഒരുമിച്ചു വന്ന അവർ കാലുകൾ പിണച്ചും കൈകൾ കൊണ്ട് മറച്ചും നഗ്നത മാറ്റുവാൻ നോക്കി.ചിലരുടെ കണ്ണുകൾ അടുത്തെങ്ങാനും വലിയ ഇലകളുണ്ടോ എന്ന് പരാതി. സൂര്യന്റെ സ്വർണരശ്മികളിൽ അവരുടെ പൂ-മേനിയില് വെള്ളത്തുള്ളികൾ ഒഴുകിയിറങ്ങുന്നത് കാണാമായിരുന്നു.അതുകൊണ്ടാണോ അവർ വിറക്കുന്നത്.അതോ വിയർപ്പാണോ.കണ്ണൻ വീണ്ടും ചിരിച്ചു.
ഗോപികമാർ ആദ്യം ദേഷ്യപ്പെട്ടു,പിന്നെ ഭീഷണിപ്പെടുത്തി,പല തരത്തിൽ പ്രലോഭിപ്പിച്ചു അവസാനം കെഞ്ചി നോക്കി.കണ്ണൻ പുഞ്ചിരിച്ചു കൊണ്ട് എല്ലാം ആസ്വദിച്ചു. എന്നിട്ടു ചോദിച്ചു.
- പകൽ ഒരു മറയുമില്ലാതെ ഇങ്ങനെ കുളിക്കുവാൻ നിങ്ങള്ക്ക് ലജ്ജയില്ലേ.നിഷ്കളങ്കരും ധർമശീലരുമായ ഇവിടുത്തെ ആണുങ്ങളെ ഒരു ബഹുമാനവുമില്ലാഞ്ഞിട്ടല്ലേ നിങ്ങളിങ്ങനെ .ഇങ്ങനെ തന്നെ വേണം..
കൂട്ടത്തിൽ ഒരു വിരുതി പറഞ്ഞു
-കുളിക്കാനിറങ്ങുമ്പോൾ മാറുവാനായി ഒരു സാരിയും കൂടി കൊണ്ട് വരാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല കണ്ണാ. ഞങ്ങളുടെ ആണുങ്ങളുടെ വരുമാനത്തിന് വീട്ടിലെല്ലാവർക്കും ഒരു സാരി കൂടി വാങ്ങി തരുവാൻ കഴിയുകയില്ല ..
-ഓഹോ അങ്ങനെയാണോ
കണ്ണൻ കൈകളുയർത്തി.ശൂന്യതയിൽ നിന്ന് ഒരു ബോർഡ് ഉണ്ടായി,ബോഡാർഡിനു പുറകിൽ ഒരു കെട്ടിടമുണ്ടായി,കെട്ടിടത്തിനുള്ളിൽ യന്ത്രങ്ങൾ വന്നു.കണ്ണൻ കൈ വീശി.യന്ത്രങ്ങൾ പ്രവർത്തനം ആരംഭിക്കാൻ തുടങ്ങി.കണ്ണനൊന്നു വിരൽ ഞൊടിച്ചു. കെട്ടിടത്തിനുള്ളിൽ നിന്നും മനോഹരമായ സാരിയുടെ ഒരറ്റം ഗോപികയുടെ കൈകളിലേക്ക് പറന്നു ചെന്നു.കണ്ണൻ പറഞ്ഞു.
-നിങ്ങൾക്കാവശ്യമുള്ളത്ര എടുത്തോളൂ..
ഗോപികമാർ ഓരോരുത്തരും അവരുടെ കൈ കുഴയുന്നതു വരെ സാരി വലിച്ചെടുത്തു.
കണ്ണനവരുടെ വസ്ത്രങ്ങൾ താഴേക്കിട്ടു കൊടുത്തു. നനഞ്ഞ ശരീരങ്ങളിൽ സാരിയുമുടുത്തു,കണ്ണൻ തന്ന വസ്ത്രവുമെടുത്തു നമ്രമുഖികളായി അവർ വീട്ടിലേക്കു പോയി.
കണ്ണൻ അവരുടെ പോക്കും നോക്കി ഓടക്കുഴലും വായിച്ചു കുറച്ചു നേരം കൂടി ആ ശിഖരത്തിൽ ചിലവഴിച്ചു കണ്ണന്റെ പുറകിൽ വൃന്ദാവനം മിൽസ് എന്ന് വലിയ അക്ഷരത്തിലും മേക്ക് ഇൻ ഇന്ത്യ എന്ന് ചെറിയക്ഷരത്തിലും എഴുതിയ ബോർഡിലേക്ക് സൂര്യന്റെ രശ്മികൾ നല്ല പോലെ പതിച്ചു തുടങ്ങിയിരുന്നു.കണ്ണന്റെ വേണുഗാനം ആസ്വദിച്ചു കൊണ്ട് മരത്തിനു താഴെ ഒരു ചർക്കയും കിടന്നിരുന്നു.

By: 
Rajeev Kumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo