Slider

കല്യാണം

0

നീല ആകാശം, തെളിഞ്ഞ വെളുത്ത പഞ്ഞികെട്ടുപോലുള്ള ഒഴുകിനടക്കുന്ന മേഘങ്ങൾ, നിമിഷാർദ്ധത്തിൽ ആ മേഘങ്ങൾ പല പല രൂപത്തിലും മാറുന്നു, ചിലപ്പോൾ മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങൾവരുന്നു ചിലപ്പോൾ തോന്നുന്നു ആരോ ചിത്രംവരക്കുകയാണന്നു, കതിരിട്ടുനിൽകുന്ന നോക്കെത്താദൂരത്തോളമുള്ള വയൽപ്പാടം, പാടത്തിന്റെ ഒരുവശത്തു തെങ്ങിൻകാടുകൾ, ഇരുവശത്തേക്കും ചരിഞ്ഞു നിൽക്കുന്ന തെങ്ങിൻ തലപ്പുകൾ, ദൂരേന്നുനോക്കുമ്പോൾ ഇരുവശത്തേക്കും ഒതുങ്ങി നിൽക്കുന്ന തെങ്ങുകൾക്കിടയിലൂടെ ഒരുനീണ്ട വഴിപോകുന്നു, ഇളം മധുരമുള്ള കാറ്റ്, ആ കാറ്റിൽ തെങ്ങും തലപ്പുകൾ ആടുന്നു. പെട്ടെന്ന്‌ ഒരു തെങ്ങിൻമറവിൽനിന്നു ഒരു സുന്ദരിയായ ഒരു പെണ്ണ് നടന്നു വരുന്നു, അവള്‍ ചിരിക്കുന്നു, എന്നെ നോക്കിയാവുമോ?... പിന്നെ അടുത്ത തെങ്ങിൻ മറവിൽനിന്നും അതുപോലെ വേറെരു പെണ്ണുകൂടി വന്നു. പിന്നെ കാണുന്നത് ഒന്നിനുപിറകെ ഒന്നൊന്നായി തെങ്ങിൻ മറവിൽനിന്നു വരുന്നു, പിന്നെ അവരെല്ലാം ഒന്നിച്ചുകൂടി എന്റെ നേർക്കുവരുന്നു. ആരാണ് ഇവരെല്ലാം തീരെ മനസ്സിലാവുന്നില്ല പരിചിതമല്ലാത്ത മുഖകൾ കണ്ണുകൂർപ്പിച്ചു സൂകിഷ്‌കിച്ചുനോക്കി.
'ഷുക്കൂറെ.....' തരിച്ചുപോയി ശ്വാസംകിട്ടാത്തപോലെ മരവിപ്പാവിച്ചുനിന്നു ഈ സ്ത്രീകളാണോ വിളിക്കുന്നത്.? അവരുടെ മുഖത്തേക്ക് നോക്കി.വായ വരണ്ടുപോയി. കണ്ണുകൾ ഇറുക്കിയടച്ചു..
'എടാ ഷുക്കൂറേ ...'നല്ല പരിചയമുള്ള ശബ്ദം 'ടാ നീക്കട'.. പതിയെ കണ്ണുതുറന്നുനോക്കുമ്പോൾ ഒരുരൂപം മുന്നിലുണ്ട് ഉമ്മ, മുഖം വീർപ്പിച്ചു രണ്ടുകയ്യും അരക്കുകുത്തി തുറിച്ചുനോക്കുന്നു
'ടാ..നീ എണീക്കണില്ലേ ...?
'ഉമ്മാ കുറച്ചു നേരംകൂടി ഉറങ്ങട്ടെ ഇന്ന് സ്കൂൾ ഇല്ലല്ലോ? ഞായറാഴ്ചയല്ലേ ...നല്ല ഒരു സ്വപ്നമായിരുന്നു'. എന്റെ ചിണുങ്ങിയ ഞെരിപിരിയാൽ കണ്ടവും ഉമ്മ പറഞ്ഞു
'അവന്റെ ഒരു കിനാവുകാണൽ ന്റെ പുന്നാര മോൻ എണീറ്റ് കുളിക്കു നമ്മക്ക് അസറ്ക്കാടെ പോണ്ടേ .....ഇന്ന് ഫസീലാടെ തിരണ്ടു കല്യാണമാ'.... അതും പറഞ്ഞു ഉമ്മ പോയി. കിടക്കപ്പായിൽ ഇരുന്നു കുറേയാലോചിച്ചു തിരണ്ടു കല്യാണം....അതെന്താ ഒരു പിടിയും കിട്ടിയില്ല.. എഴുന്നേറ്റു കുളിക്കാൻ പോയി.
എല്ലാവരും ഡ്രസ്സ്മാറ്റി വീടിന്റെ പിന്നാമ്പുറത്തെ പരന്നു കിടക്കുന്ന പറമ്പിലെ വളർന്നുനിൽക്കുന്ന പുല്ലു നടപ്പാതയിലൂടെ ഓരോരുത്തരായിനടന്നു. മുൻപിൽ ഞാനും എനിക്കുപിറകിലായി ഷംന. ഷംന കുഞ്ഞിമ്മാടെ മോളാണ് അവൾക്കു ആറു വയസ്സ്, അതിനുപിറകിൽ ഉമ്മയും പിന്നെ കുഞ്ഞിമ്മയും. ഞങ്ങളുടെ ഉപ്പമാർ ഗൾഫിലാണ്. വല്ലിപ്പയ്ക്കും വല്ലിമ്മക്കും നടക്കാൻപറ്റാത്തതുകാരണം അവർ വരുന്നില്ല. അസറ്ക്കാ വല്ലിപ്പാടെ ഏതോ അകന്ന ബന്ധമാണ്‌,പക്ഷെ ഞങ്ങളെക്കാളും പാവങ്ങളാണ്, വലിപ്പാക്ക് താവഴിയായി കിട്ടിയ സ്വത്തും പിന്നെ ഉണ്ടാക്കിയതും ഇപ്പോൾ ഉപ്പയും കുഞ്ഞിപ്പയും ഉണ്ടാക്കുന്നുന്നു. അതുകൊണ്ടു ഞങ്ങൾ പണക്കാരാണത്രെ, തറവാടികളാണത്രെ..ഉമ്മടെയും കുഞ്ഞിമ്മാടെയും കയ്യിൽ ഓരോ പൊതികവാറുണ്ട്....ഫാസീലത്താക്കവും. ഫാസീലത്ത എന്നെക്കാളും മൂന്ന് വയസ്സിനു മൂത്തതാണ്, പത്താം ക്ലാസ്സിൽ പഠിക്കുന്നു, ഫാസീലത്താടെ താഴെ രണ്ടുപേർ സലീന എന്റെ അതെ പ്രായം പിന്നെ ഷകീല, അവൾ ഷംനയുടെ പ്രായംകാണും.
പുൽവഴിയിൽ ഇടക്കിടെവരുന്ന തൊട്ടാവാടി ചെടികളെ എന്റെ കാൽതട്ടുമ്പോൾ നാണം കുണുങ്ങുന്നുണ്ടായിരുന്നു. ഇടക്കിടെയുള്ള മാട്ടം കയറി ഇറങ്ങുമ്പോൾ ഇടക്കുതെന്നിവീഴാൻ പോയപ്പോൾ 'ടാ.'...നോക്കിനടക്കടാ......പിന്നിൽനിന്ന് ഉമ്മയുടെ ശാസന.
പറമ്പുവഴിക്കിടയിൽ ഇടക്ക് ഓടുമേഞ്ഞതും ഓലമേഞ്ഞതുമായ വീടുകൾ. പരിചിതർ ഉമ്മാടുചോദിക്കുണ്ട് എവിടേക്കാണെന്നു. ഉമ്മ അവർക്കു മറുപടികൊടുക്കുകയും ഒപ്പം ക്ഷണിക്കുന്നുമുണ്ട്. തിരണ്ടുകല്യാണമെന്ന വാക്കു ഒന്നും മനസ്സിലാവുന്നില്ല. ഞങ്ങൾ അസറ്ക്കാടെ പാടത്തിനടുത്തുള്ള ഓലമേഞ്ഞവീട്ടിലേക്കു ചെന്നു. അവരുടെ വീടിന്റെ പുറകുവശം പരന്നുകിടക്കുന്ന പാഠമാണ്.
മുറ്റത്തു ഓലയിട്ട പന്തൽ, അതിനുള്ളിൽ നിരത്തിയ നീലയും വെള്ളയും കളറുള്ള പ്ലാസ്റ്റിക് കസേരകൾ. പുതിയ ഉടുപ്പിട്ട ആണുങ്ങൾ കൂടിനിന്ന് വെവ്വേറെ കൂട്ടമായി സംസാരിക്കു, ചിരിക്കുന്നു. പ്രായമായവർ അവരുടെ കൂട്ടുകാരുമായി കസേരയിരുന്നു സര്ബത്തുകുടിയും സംസാരവും. ചെറിയ കുട്ടികൾ ഓടിക്കളിക്കുന്നു.
ഞങ്ങളെ കണ്ടതും അസറ്ക്കാ ചിരിച്ചു കൊണ്ട് ഓടിവന്നു എന്റെ കൈ പിടിച്ചു ചോദിച്ചു ഉപ്പാവിളിക്കാറില്ലേ ഞാൻ തലയാട്ടി. അദ്ദേഹം വിളിച്ചുപറഞ്ഞു 'മോനെ കുട്ടിക്ക് കുടിക്കാൻ സര്ബത് കൊടുക്ക് എന്നിട്ടു ഉമ്മാടും കുഞ്ഞിമ്മാടും അകത്തേക്കുപോകാൻ പറഞ്ഞു. അസറ്ക്കാ എപ്പോളും ചിരിചമുഖത്തോടെകാണാറുള്ളൂ. മൂപ്പർക്ക് പണി തെങ്ങിൻറെ ഓലവാങ്ങി വെട്ടിയുണക്കി കെട്ടാക്കിവിൽക്കുക, ചകിരി മൊത്തമായി വാങ്ങിവില്കുക പിന്നെ ദിവസവും അങ്ങാടിയിൽ പ്ലാവിലകെട്ടുമായി വിൽക്കാനിരിക്കും, ഓരോരോ വീട്ടിൽപോയി പ്ലാവിൽ കയറിവെട്ടുന്നതാണ്. ഞങ്ങളുടെ വീട്ടിലെ പ്ലാവുകളെല്ലാം വർഷത്തിൽ അസറ്ക്കാ മൊട്ടയാകും. വീട്ടിലെയും പറമ്പുകളിലെയും തെങ്ങുകയറുന്ന സമയത്തു അസര്ക്കവേണമെന്നു വല്ലിപ്പാക്കു നിർബന്ധം. പണിക്കാരി പെണ്ണുങ്ങളുടെകൂടെ തേങ്ങയും ഓലയും വലിച്ചുകൂട്ടാനാണ്, അതിനു കൂലിയും തേങ്ങയുമുണ്ട്.
ഷംന ഉമ്മയുടെയും കുഞ്ഞിമ്മാടെയുംകൂടെ ഓലപുരക്കകത്തേക്കുപോയി. ഞാൻ സർബത് കുടിച്ചതിനുശേഷം ചുറ്റിലുംനോക്കി എനിക്കുപരിചക്കാർ ആരുമില്ല, പിന്നെ വീടിൻറെ പിന്നാമ്പുറത്തു ബിരിയാണി വെക്കുന്നിടത്തേക്കു ചെന്നുനോക്കി. കുഞ്ഞിമോനിക്കയാണ് വെപ്പുകാരൻ , വായിൽ വെള്ളംനിറഞ്ഞു. കുഞ്ഞിമോന്ക്കാടെ ബിരിയാണിക്ക് ഒരു വ്യത്യസ്തത രുചിയാണ്. കുഞ്ഞിമോന്ക്കാടെ ഉള്ളിവെട്ടലും തമാശ പറച്ചിലും, വീമ്പു പറച്ചിലും കേൾക്കാനും ചിരിക്കാനും ചുറ്റിലും ആളുകളും പിന്നെ കാഴ്ചക്കാരായിഎന്നെപോലെത്തെ ചെക്കന്മാരും കുറച്ചുകുട്ടികളും. കുഞ്ഞിമോന്ക്കാടെ ബഡായിക്കിടയില്‍ കയറി ചോദ്യങ്ങള്‍ ചോദിച്ചാല്‍ മൂപ്പർക്ക് തീരെ ഇഷ്ടപെടാറില്ല. അവർക്കിടയിൽ എന്റെ സഹപാഠി മന്സൂറും ഉണ്ട്. അതൊരു ആശ്വാസമായി. അവൻ അസർക്കാടെ അയൽവാസിയാണ്. കുഞ്ഞിമോന്ക്കാടെ ബഡായും ചോറുവെക്കുന്നതും രസിച്ചു കണ്ടുനിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഫാസീലത്തയും പിന്നെ കുറെ പെണുങ്ങളും കൂട്ടമായി പോകുന്നു അവരുടെ കയ്യിൽ പൊതികളും
ഇവെരെവിടെക്കാ''.... ഞാൻ മൻസൂറിനോട് ചോദിച്ചു , അപ്പോൾ മൻസൂർ പറഞ്ഞു 'അവര് കുളത്തിൽ കുളിക്കാൻപോവാ '...
ഞാൻ ചോദിച്ചു 'എന്നാ നമ്മക്കും പോയല്ലോ'....
ഉടനെ മൻസൂർ 'പെണ്ണുങ്ങൾ കുളിക്കുന്നേടത്താ ഞാനില്ല ഉപ്പ തല്ലും....'
അതിനു നിന്റെ ഉപ്പാക്കെങ്ങനെ അറിയാന'....എന്റെ സംശയം
വളരെ രഹസ്യമായി അവൻ പറഞ്ഞു 'ഇന്നാള് ഒരു ദിവസം ഞാൻ പെണ്ണുങ്ങൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കി അപ്പൊ നമ്മടെ ജാനുവേടത്തി കണ്ടു പിടിച്ചു, ആ പണ്ടാരം ഉപ്പാടുപറഞ്ഞു, എന്റമ്മോ ഉപ്പടന്നു പൊതിരെതല്ലുകിട്ടി ചന്തിക്കു....പിന്നെ ആ പണി ഞാൻ നിർത്തിമോനെ....ഒരു ദീര്ഘനിശ്വസത്തോടേ അവൻ പറഞ്ഞു നിർത്തിയത്
എല്ലാരും ചോറുതിന്നാൻ വരീൻ ......' അസറ്ക്കാടെ വിളികേട്ടപ്പോൾ മന്സൂറും അവനുപിന്നാലെ ഞാനും ഓടി .. പാടത്തേക്കിറക്കികെട്ടിയ ഓലകെട്ടിയ പന്തൽ, കുളിര്കാറ്റിൽ കുഞ്ഞിമോന്ക്കാടെ രുചിയുള്ള ചൂടുള്ള ബിരിയാണി അടിച്ചുമാറുമ്പോൾ മനസ്സിനും ശരീരത്തിനും ഒരു കുളിരും കുടച്ചിലും.
ബിരിയാണി തീറ്റകഴിഞ്ഞു ഞാനും മന്സൂറും തെങ്ങുംചാരിനിന്നു ഈർക്കിൽ കഷ്‌ണം കൊണ്ടു പല്ലിനിടയിലെ ഇറച്ചിക്കഷ്‌ണം കുത്തിക്കളയുമ്പോൾ ...മൻസൂർ പറഞ്ഞു 'ടാ ...പെണ്ണ് വരുന്നു.. അവൻ കൈ ചൂണ്ടിയ ഭാഗത്തേക്കുനോക്കുബോൾ ദൂരെനിന്നു വരുന്നു ഒരുകൂട്ടം പെണ്ണുങ്ങൾ, ഞങ്ങൾ ഓടി വീടിന്റെ ഉമ്മറത്ത് ചെന്നുനിന്നു. ഫസീലാത്ത പുതിയ പട്ടുസാരിയുടുത്തു സ്വർണം ഇട്ടു, മുല്ലപ്പൂ ചൂടി, തല താഴ്ത്തി കുണുങ്ങി കുണുങ്ങി പെണ്ണുങ്ങളുടെകൂടെ മുന്നിലായി നടന്നുവരുന്നു ....കൂടെയുള്ള മൻസൂറിന്റെ താത്ത സൈനബത്തയാണ് ഫാസീലത്താക് കുടചൂടികൊടുത്തിരിക്കുന്നു. ആ കൂട്ടം മന്ദം മന്ദം തമാശകൾ പറയുന്നു, ഫാസീലത്ത കുണുങ്ങി ചിരിക്കുന്നു ഒപ്പം കൂടെയുള്ളവരും. അങ്ങനെ അവർ വീടിന്റെ അകത്തേക്ക് പോയി.
ഇതെന്താണ്, എന്റെ മനസ്സിൽ ഉത്തരംകിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മുഴങ്ങി. ''എടാ മൻസൂറെ...ഇപ്പൊ ഇവെരെല്ലാവരുംകൂടി എന്തിനാ ഫാസീലത്താനെ കുളിപ്പിക്കാൻ പോകുന്നെ...പുതിയ ഡ്രെസ്സും സ്വർണവും എന്തിനാ ......എന്താണ് ഇവിടെ വിശേഷം ....? പിന്നെ തെരണ്ടുകല്യാണമെന്നു ഉമ്മപറഞ്ഞു, ചെക്കൻ വരുമോ''
''എനിക്കറിഞ്ഞൂടാ....എന്താണന്നു എന്നാ രാത്രി ഉമ്മയും താത്തയും പറയുന്നതുകേട്ടു ഫസീല വലിയപെണ്ണായി....''
.
''അതെന്താ..'' എന്റെ ചോദ്യത്തിന് അവൻ തലചൊറിഞ്ഞു പറഞ്ഞു
''ആ... ആർക്കറിയാം...' ഞങ്ങൾ കുത്തിയിരുന്നാലോചിച്ചിട്ടു ഒരു പിടിയും കിട്ടിയില്ല.
മഗ്‌രിബിന്റെ സമയത്താണ് ഞങ്ങൾ ഇറങ്ങിയത്, അസര്ക്കതന്ന ടോർച്ചിന്റെ വെളിച്ചത്തിൽ ഞങ്ങൾ പറമ്പുവഴി തിരുച്ചുവീട്ടിലേക്കു, അപ്പോളും ഉമ്മാടെ കയ്യിലും ഒരു ബിരിയാണിപ്പൊതിയുണ്ടായിരുന്നു രാത്രിക്കു വേണ്ടിയുള്ളതു. ഷംന കുഞ്ഞിമ്മാടെ തോളിലുറങ്ങുന്നു. നടന്നുപോകുമ്പോൾ ഉമ്മയും കുഞ്ഞിമ്മയും അവിടുത്തെ കുറ്റങ്ങളും കുറവുകളും ചർച്ചചെയ്യുന്നു, അതുപോരാ, അങ്ങനെ അല്ല, ഇങ്ങനെവേണം എന്നൊക്കെ ....
'ഉമ്മാ .....'.ഒരു സംശയം
'എന്താടാ ......
ഫാസീലത്ത വലിയ പെണ്ണായാന്നു പറയുന്നു അതെന്താ... ഉമ്മയല്ലേ രാവിലെ പറഞ്ഞ കല്യാണം കണ്ടില്ലല്ലോ, ചെക്കൻ വന്നില്ലല്ലോ
ഉമ്മ ദേഷ്യത്തോടെ 'മുണ്ടാട് നടന്നോ നീ അവന്റൊ ഒരു സംശയം.....' എന്നുപറഞ്ഞു കുഞ്ഞിമാടു രഹസ്യം പറയുന്നു പിന്നെ രണ്ടാളും ചിരിക്കുന്നു...
ബിരിയാണിയുണ്ട് കിടക്കപ്പായയിൽ കിടക്കുമ്പോൾ എന്റെയുള്ളിൽ ഉത്തരം കിട്ടാത്ത എന്റെ ചോദ്യങ്ങളാണ് മുഴങ്ങിയത്. എന്താണ് വലിയപെണ്ണാവാൽ.....എന്തിനു എല്ലാവരും കുളിപ്പിക്കണം എന്തിനു പുതിയ ഡ്രെസ്സിടണം.. പിന്നെ ഇതും ഈ കല്യാണമാണോ...?
രാത്രിയുടെ ഏതോയാമത്തിൽ ഞാനുറങ്ങി ഉത്തരം കിട്ടാതെ................
---നിഷാദ് മുഹമ്മദ്---
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo