Slider

പാലകൾ പൂക്കുമ്പോൾ

0

നട്ടുച്ച .ഒറ്റപ്പനകളുടെ നിഴൽപോലും എങ്ങോ മറഞ്ഞുനിന്ന് വെറി പിടിപ്പിക്കുമ്പോൾ യക്ഷിക്ക് ഒന്ന് പൊട്ടിക്കരയാൻ തോന്നി.കരയാനും ചിരിക്കാനുമുള്ള സിദ്ധി യക്ഷികൾക്ക് ഇല്ലെന്ന സത്യം അവളെ നോക്കി പല്ലിളിച്ചു കാട്ടി. കരയാൻ ശ്രമിച്ചാലും ചിരിക്കാൻ ശ്രമിച്ചാലും ഒരേ ഓലിയിടൽ മാത്രം.ഒരു ഊളരാഗം .പച്ചപ്പുളിയിൽ കടിച്ചാലെന്നോണം അവൾക്കു പല്ലുപുളിച്ചു.നാവില്ലാഞ്ഞാവാം ഒരിറ്റ് ഉമിനീർ പൊടിയുന്നുമില്ല യക്ഷിക്ക് എന്തെന്നില്ലാത്ത അരിശം തോന്നി.യക്ഷി കട്ടത്തറയിലെന്നൊണം ആഞ്ഞുചവിട്ടി.കാലുനോവുന്നില്ലല്ലോ !ഭൂമിയിൽവരെ കാലെത്തിയിട്ട്‌ വേണമല്ലോ.പണ്ട് ആകാശം തൊടാൻ മോഹിച്ചതിലും എത്രയോ തീവ്രമായി താനിന്ന് മണ്ണിൽ ചവിട്ടി നിൽക്കാൻ കൊതിക്കുന്നു. അരൂപിയാണെന്ന് ഗ്രഹിച്ചിട്ടും ആ സത്യവുമായി പൊരുത്തപ്പെടാൻ യക്ഷിക്ക് കഴിയുന്നതേയില്ല. എല്ലാം എത്ര വിചിത്രമായിതോന്നുന്നു .കാണാൻ കഴിയുന്നുണ്ട്. പക്ഷേ കണ്ണെവിടെ?അറിയാനും കഴിയുന്നുണ്ട്.കാറ്റിനെ സ്പർശിക്കാൻ കഴിയുന്നുണ്ട്.പക്ഷേ തന്റെ സ്പർശം ആരും അനുഭവിക്കുന്നില്ലെങ്കിൽ എന്തിനാണ് തനിക്ക് ഈ ഉറഞ്ഞുകൂടിയ ഒരദൃശ്യ രൂപം .. ..ഉറപ്പില്ലാത്ത ,ദ്രാവകമോ വാതകമോ ഒന്നുമല്ലാത്ത ഒരു നാലാമത്തെ അവസ്ഥ! തുരീയമെന്ന ഒരവസ്ഥയാണിതെന്ന് ഒരു പഴയ പാഠം ഉരുവിടുംപോലെ !ഇത് മോക്ഷമല്ല ശാപമാണ്.കരയാനും ചിരിക്കാനും കഴിയാത്ത ചുംബിക്കാൻ ചുണ്ടുകളില്ലാത്ത അനംഗയായ തന്നെ സ്വയം അവസാനിപ്പിക്കാൻ കൂടി കഴിയാത്ത ഈ നിസ്സഹായത.ഒരിക്കൽക്കൂടി ആത്മഹത്യ ചെയ്യാൻ വീണ്ടും ഭൂമിയിൽ പിറന്നു ജീവിതം ജീവിച്ചു തീർക്കാൻ യക്ഷിക്ക് എന്തെന്നില്ലാത്ത ദാഹം തോന്നി.ഉച്ച വെയിലിലൂടെ യക്ഷി തലങ്ങും വിലങ്ങും നീങ്ങി.എന്തോരസ്വസ്ഥതയാണ് .കൈകളുണ്ടായിരുന്നെങ്കിൽ ,വിരലുകളുണ്ടായിരുന്നെങ്കിൽ.. തല ചൊറിയുന്നുണ്ട് .ഭൂമിയിലായിരുന്നപ്പോൾ വെറുതെയെങ്കിലും തലമാന്തുന്ന രസം ഓർത്തപ്പോൾ അവൾക്കു നഷ്ടബോധം തോന്നി.മുടിയിഴയിലൂടെ വിരലോടിക്കാൻ അറിയാതെ വെമ്പിപ്പോയി.ഈ നശിച്ച നാലാമത്തെ അവസ്ഥയിൽ ഒന്നിനും സാധിക്കുന്നില്ലല്ലോ...ആകെ കഴിയുന്നത്‌ മേഘങ്ങളിലൂടെ ഇങ്ങനെ തെന്നി നീങ്ങാൻ മാത്രം.ഭൂമിയിൽ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടിയിട്ടുള്ളതനിക്ക് വിളിച്ചുകൂവാൻ തോന്നുന്നു.ആർക്കുവേണം ഈ സഞ്ചാര സ്വാതന്ത്ര്യം .യക്ഷി ഹൃദയംപൊട്ടി നിലവിളിക്കാൻ കൊതിച്ചു.അതൊരു കൂക്കുവിളിയായി പരിണമിച്ചപ്പോൾ അവൾ തളർന്നുപോയി.അപ്പോൾ ഉൾവിളി പോലെ ഒരാശയം അവളെ മത്തുപിടിപ്പിച്ചു.സഞ്ചരിച്ചു സഞ്ചരിച്ച് ഭൂമിയിൽ എത്തിപ്പെടണം .എത്ര കഷ്ടം സഹിച്ചിട്ടായാലും ....വീണ്ടുവിചാരമില്ലാതെ വിട്ടുപോന്ന ഭൂമിയെ നാടിനെ വീടിനെ അച്ഛനെ അമ്മയെ പൂവാലിപയ്യിനെ ഒടുവിൽ ഒടുവിലായി മാത്രം അയാളെ അയാളുടെ കാമുകിയെ...അത്രയും ചിന്തിച്ചപ്പോൾത്തന്നെ യക്ഷി പരവശയായി.എങ്കിലും ആരോടും പകയില്ലാതെ, പ്രിയപ്പെട്ടവർ ഭൂമിയിൽ ജീവിക്കുന്നതിന്റെ സുന്ദര മുഹൂർത്തങ്ങൾ ആവാഹിക്കുവാൻ വേണ്ടി യക്ഷി ഭൂമി ലക്ഷ്യമാക്കി ഒഴുകിനീങ്ങി.ഭൂമിയിൽ കാലൂന്നാനാവില്ലായിരിക്കാം. എന്നാലും വീടിനു വലംവച്ച് ഞാനെന്റെ കടം വീട്ടും.യക്ഷി താഴേക്ക്‌ താഴേക്കു കൂപ്പുകുത്തി.

By: 
Gayathri Raveendrababu 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo