Slider

*തൂവാനത്തുമ്പികൾ*

0

"ക്ലാര , അവൾക്കെന്നും മഴ ഒരു അകമ്പടി ആയിരുന്നു , ഒരു കുളിർതെന്നലായി മാത്രമേ അവൾ മനസിലേക്ക് കടന്നു വരൂ ...., അളിയാ മുൻപ് പലവട്ടം തൂവാനത്തുമ്പികൾ കണ്ടിട്ടുണ്ടെങ്കിലും കല്യാണ ശേഷമാണ് ക്ലാരയും ജയകൃഷ്ണനും എന്റെ മനസ്സ് കീഴടക്കിയത് ."
ദിലീപൻ രണ്ടെണ്ണം അകത്തു ചെന്നപ്പോൾ പതിവ് പോലെ ക്ലാരയെ വർണ്ണിക്കാൻ തുടങ്ങി . പഠനകാലത്തെ സൗഹൃദങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന അപൂർവ ബന്ധങ്ങളിൽ ഒന്നാമനാണ് ദിലീപൻ , ഞങ്ങളുടെ കുടുംബങ്ങളും അങ്ങനെ തന്നെ . അതിനു ഒരു കാരണവും ഉണ്ട് .
പഠനകാലത്തെ അവനു ഒരു പ്രണയം ഉണ്ടായിരുന്നു , നസീമ . എല്ലാ ക്യാമ്പസ് പ്രണയങ്ങളെപോലെയും പഠനം കഴിയുമ്പോൾ ആ പ്രണയവും അവസാനിക്കുമെന്നായിരുന്നു ഞങ്ങൾ എല്ലാവരും കരുതിയത് . എന്നാൽ എന്റെ വിവാഹം കഴിഞ്ഞു ഒരു കൊല്ലം ആയപ്പോഴേക്കും അവൻ നസീമയെ വീട്ടിൽ നിന്നും വിളിച്ചു ഇറക്കി കൊണ്ടു വന്നു .
അന്യ മതസ്ഥരായതു കൊണ്ടു രണ്ടു വീട്ടുകാരുടെയും ഭാഗത്തുനിന്നും കടുത്ത എതിർപ്പായിരുന്നു . നസീമയുടെ ആങ്ങളമാർ അവരെ കൊല്ലാൻ നടക്കുവായിരുന്നു .ഒരു ഇടതുപക്ഷ ചിന്താഗതിക്കാരൻ ആയതു കൊണ്ടാവണം ഞാൻ ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്തു .അവരുടെ വിവാഹത്തിന്റെ സാക്ഷികൾ ഞാനും എന്റെ ഭാര്യയും ആയിരുന്നു .
" അളിയാ , നമുക്ക് ഓരോ നാരങ്ങാ വെള്ളം കൂടി അങ്ങട് കാച്ചിയാലോ... ?" , അവൻ വീണ്ടും തൂവാനതുമ്പിയിലെ ജയകൃഷ്ണനായി .
അവൻ ഇപ്പോൾ തന്നെ ഓവർ ആണ് , ഇനി കുടിച്ചാൽ ശരിയാവില്ല . " എടാ ദിലീ , നമുക്ക് വീട്ടിൽ പോകാം , ഇപ്പോൾ തന്നെ നേരം വൈകി ."
" എന്തൂട്ട് വീടാള്ളിയാ , അങ്ങൂട്ടേക്കു ചെന്നാൽ മതി ,മനുഷ്യനെ പ്രാന്താക്കും ... അരി തീർന്നു , അലക്കു സോപ്പ് വാങ്ങിയോ , മോളുടെ നാപ്കിൻ വാങ്ങണം , പാൽക്കാരന്റെ കാശ് കൊടുക്കണം ..ഇതൊക്കെ അവൾക്കു പറയാനുള്ളു .ജോലി കഴിഞ്ഞു തളർന്നു ചെല്ലുവല്ലേ , ചായ എടുക്കട്ടേ , വെള്ളം വേണോ .....എവിടെട്ടു , അവൾക്കു അവളുടെ കാര്യം മാത്രം .ഇനി അല്പം റൊമാൻസ് തോന്നി ചെന്നാലോ ..മോളുണരും , ഇന്നുവേണ്ട , ഇതുതന്നെ സ്ഥിരം പല്ലവി ".
"അളിയാ നിനക്കറിയാമല്ലോ കല്യാണം കഴിഞ്ഞിട്ട് എന്റെ വീട്ടുകാരോ അവളുടെ വീട്ടുകാരോ തിരിഞ്ഞു പോലും നോക്കീട്ടില്ല . എന്നിട്ടും പൊന്നുപോലല്ലേ ഞാനവളെ നോക്കുന്നെ . അങ്ങനുള്ള എന്നെ ദൈവത്തെപോലല്ലേ അവൾ കാണേണ്ടത് .അവൾക്കിപ്പോൾ വീട്ടുകാര്യവും , കുഞ്ഞിന്റെ കാര്യവും മാത്രം , ഞാൻ വെറുമൊരു A.T.M മെഷീൻ ..."
ഞാൻ വിലക്കിയിട്ടും അവൻ വീണ്ടുമൊരു പെഗ്ഗിനു ഓർഡർ കൊടുത്തു . അവന്റെ പോക്ക് ഈയിടെ അത്ര ശരിയല്ല . ഉപദേശിച്ചാൽ ഇതാണ് അവന്റെ മറുപടി .
" അളിയാ കള്ളിന്റെ പുറത്തു പറയുവല്ല , അവളുടെ ഈ സ്വഭാവമാണ് ഞാൻ ക്ലാരയെ സ്നേഹിക്കാൻ കാരണം" . അവന്റെ കൂടെ കിടക്ക പങ്കിടുന്ന സുന്ദരിമാർക്ക് അവൻ കൊടുത്തിരിക്കുന്ന പേരാണ് ' ക്ലാര '.
" അഞ്ഞൂറോ ആയിരമോ കൊടുത്താലെന്താ , ഒരുമണിക്കൂർ എങ്കിൽ ഒരു മണിക്കൂർ അവൾ നമ്മളെ സ്നേഹം കൊണ്ടു മൂടും . വീട്ടിൽ കിട്ടാത്ത സുഖവും സമാധാനവും നമുക്ക് ആ ഒരു മണിക്കൂർ കൊണ്ടു അനുഭവിക്കാം .അളിയൻ വരുന്നോ എന്റെ ക്ലാരയെ പരിചയപ്പെടാൻ ?.
അവൻ ക്‌ളാരയെ കുറിച്ച് വര്ണിക്കുമ്പോൾ എല്ലാം എന്റെ മനസ്സിലും ഒരു തിരയിളക്കം ഉണ്ടാകാറുണ്ട് . അവൻ പറഞ്ഞത് ശരിയാണ് , അവന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെ അല്ലേ എന്റെ വീട്ടിലും നടക്കുന്നത് ..പോകണം , അവന്റെ ക്ലാരയെ എനിക്കും പരിചയപ്പെടണം .
പിറ്റേ ദിവസം ഓഫീസിലേക്ക് നസീമയുടെ ഫോൺ കാൾ എത്തി , " ദിലിയേട്ടന് ആക്സിഡന്റ് പറ്റി , സീരിയസ് ആണെന്നാ പറഞ്ഞെ "...അവളുടെ പൊട്ടിക്കരച്ചിൽ മാത്രമേ പിന്നീട് കേൾക്കാൻ കഴിഞ്ഞുള്ളു .
ഞാൻ ICU വിന്റെ മുന്നിലേക്ക് ഓടി ചെല്ലുമ്പോൾ കണ്ടത് ഡോക്ടറുടെ കാല് പിടിച്ചു കരയുന്ന നസീമയെ ആണ് . " ഡോക്ടറെ എന്റെ ദിലിയേട്ടനെ രക്ഷിക്കണം , പകരം ഞാൻ എന്റെ ജീവൻ തരാം , എന്റെ ചേട്ടനെ ജീവനോട് തരണേ " , ഡോക്ടർ അവളെ ആശ്വസിപ്പിച്ചു അകത്തേക്ക് കയറി പോയി .
എന്നെ കണ്ടപ്പോൾ ഒരു കൂടപ്പിറപ്പിനെ കണ്ടപോലെ കരഞ്ഞുകൊണ്ട് ഓടി വന്നവൾ എന്റെ നെഞ്ചിലേക്ക് വീണു ." എന്റെ ദിലിയേട്ടന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല " . അവളുടെ വാക്കുകൾ എന്റെ കണ്ണിലും നനവ് പടർത്തി . ദൈവ കൃപയോ , അവളുടെ കണ്ണീരിന്റെ ഫലമോ .....ദിലീപൻ അപകട നില തരണം ചെയ്തെന്നു നേഴ്സ് വന്നറിയിച്ചു .
വീട്ടിൽ ചെന്നപ്പോൾ കതകു തുറന്നു തന്ന എന്റെ ഭാര്യയുടെ മുഖം ഭദ്രകാളിയുടെ പോലെ ആയിരുന്നു .ഞാൻ വൈകി എത്തിയതിന്റെ വിരോധം അവൾ വാക്കുകളിലൂടെ വക്തമാക്കുവായിരുന്നു . എന്നാൽ അതുകേട്ടപ്പോൾ എന്നത്തേയും പോലെ എനിക്ക് ദേഷ്യം വന്നില്ല .
അവൾ ചിലച്ചിൽ നിർത്താതെ തിരിഞ്ഞു നടന്നപ്പോൾ ഞാൻ പിന്നിലൂടെ ചെന്നു അവളെ ഇറുകെ കെട്ടിപിടിച്ചു അവളുടെ പിന് കഴുത്തിൽ അമർത്തി ഒരുമ്മ കൊടുത്തു . അവൾ ഒരു നിമിഷം ഷോക്കടിച്ചതു പോലെ നിന്നു ." ദേ , മോൻ ഉറങ്ങിയിട്ടില്ല " ഇത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു നാണം ഉണ്ടായിരുന്നു ...
ദിലീപന്റെ ജീവിതം തൂവാനത്തുമ്പികളിലൂടെ എനിക്ക് പകർന്നത് ശരിക്കുമൊരു പാഠമായിരുന്നു .
' ക്‌ളാര ' അവൾ മഴയായ് വന്ന്‌ ഉള്ളം തളിർപ്പിച് ഒഴുകി കടലിലേക്ക് പോയി മറയുന്നു , എന്നാൽ ജയകൃഷ്ണന്റെ സ്വന്തം രാധ, അവൾ അവനു വേണ്ടി മാത്രമുള്ള ഒരു താമരപൊയ്കയാണ് ......

അപ്പോൾ എങ്ങനാ ....ഒരു നാരങ്ങാ വെള്ളം അങ്ങട്ട് കാച്ചിയാലോ ??????
Omesh Thyparambil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo