Slider

തേങ്ങല്‍

0



മാനത്താകെ കൃഷ്ണവര്‍ണ്ണം പരന്നിരിക്കുന്നു. ഭൂമിയാകെ ഏതോ ഇരുണ്ട ഗര്‍ത്തത്തിലേക്ക് പതിക്കുന്നതായി അയാള്‍ക്കുതോന്നി. പ്രകൃതിയുടെ ഏതോ കഠിനമായ ദുഃഖം കണ്ണീരായി പ്രവഹിച്ചു. ആരുമറിയാതെ മനസ്സിനുള്ളില്‍ അടക്കിവെച്ച ആ സങ്കടക്കടല്‍ തിരമാലപോലെ ആഞ്ഞടിച്ചു.

അവളുടെ തേങ്ങലുകള്‍ അയാള്‍ക്കുമേല്‍ പതിച്ചു. അടുത്തുകണ്ട പീടികത്തിണ്ണയില്‍ അയാള്‍ അഭയംപ്രാപിച്ചു. ഒരുതുള്ളികൊണ്ട് ഒരു കുടം നിറയുന്ന മട്ട്. പ്രകൃതിയുടെ പൊട്ടിക്കരച്ചിലുകള്‍ അയാളെ തെല്ലൊന്നു നടുക്കി. കൈയില്‍ കരുതിയിരുന്ന കീറതുണി വിരിച്ചു അയാള്‍ ആ തിണ്ണമേല്‍ ഇരുന്നു. അവള്‍ ഇടയ്ക്കിടെ എങ്ങിക്കരയുന്നുണ്ടായിരുന്നു. ആ തേങ്ങലില്‍ മരച്ചില്ലകള്‍ ആടിയുലഞ്ഞു, ദിശതെറ്റിയ കണ്ണീര്‍തുള്ളികള്‍ അയാള്‍ക്കു മേല്‍ പതിച്ചു .

‘കരഞ്ഞാല്‍ നിന്‍റെ ദുഖങ്ങളെല്ലാം ഒഴിയുമോ?’ അയാള്‍ സഹതാപത്തോടെ അവളെ നോക്കി.

അയാള്‍ കരയാന്‍ ശ്രമിച്ചു. ഇല്ല, കഴിയുന്നില്ല. മരവിച്ചുപോയ മനസ്സ് കരയാന്‍ പോലും മറന്നിരിക്കുന്നു.

അവളുടെ കണ്ണീര്‍തുള്ളികള്‍ അയാള്‍ക്ക് മേല്‍ പതിച്ചുകൊണ്ടിരുന്നു .

‘ഇതെന്തേ, കണ്ണീരിനു തണുപ്പോ!’

അയാള്‍ പതുക്കെ ചുവരിനോട് ചേര്‍ന്നു കിടന്നു. കണ്ണുകള്‍ മുറുകെയടച്ചു. എവിടെക്കെന്നില്ലാതെ വീട്ടില്‍ നിന്നുമിറങ്ങിയതാണ്. ഇന്നലെ വരെയുള്ള പൊന്‍പ്രഭ തൂകുന്ന ഉഷസ്സുകളും കണ്ണഞ്ചിപ്പിക്കും കാഞ്ചനം പോലുള്ള ദിനങ്ങള്‍. ആ നിറമുള്ള ദിനങ്ങള്‍ മനസ്സിലേക്കു നിറഞ്ഞൊഴുകി.

തിളങ്ങുന്ന മയില്‍പ്പീലികള്‍ പുസ്തകത്താളിലെന്ന പോല്‍ മനസിന്‍റെ ഏടുകളില്‍ അവ ഇന്നും നിറം മങ്ങാതെ ഇരുന്നിരുന്നു. ആകാശം കാണാതെ അയാള്‍ ആ മയില്‍പ്പീലിയില്‍ തലോടി.അതിന്‍റെ സൗന്ദര്യം ഒന്നു വേറെതന്നെ.

ഭാര്യയും മക്കളും കൊച്ചുമക്കളും ഒക്കെ ആ ഓര്‍മകളിലേക്ക് കടന്നുവന്നു. അവര്‍ക്കൊപ്പം കഴിഞ്ഞ സുന്ദരമായ നാളുകള്‍, അവരുടെ സന്തോഷത്തിലും വളര്‍ച്ചയിലും അഭിമാനം തോന്നിയ നിമിഷങ്ങള്‍. ഭാര്യ തങ്ങളെ വിട്ടുപോയ സങ്കടം നിറഞ്ഞ ദിനങ്ങള്‍, തളരാതെ മക്കള്‍ക്കുവേണ്ടി ജീവിച്ച നാളുകള്‍, അവരുടെ വിവാഹം, കൊച്ചുമക്കള്‍, അവരുടെ കളിചിരികള്‍. എല്ലാം മാറിമറിഞ്ഞു തുടങ്ങിയ സങ്കടത്തിന്‍റെ, ഒട്ടപെടലിന്‍റെ നാളുകള്‍. തന്‍റെ വില സ്വത്തിനോപ്പം നഷ്ടപ്പെടുതിയെന്നു മനസിലാക്കിത്തുടങ്ങിയ നിമിഷങ്ങള്‍, കുത്തുവാക്കുകള്‍ ,അവഗണനകള്‍ പിന്നീട്‌ അവര്‍ക്കൊകെ അധികപ്പറ്റായിതോന്നിതുടങ്ങിയെന്നു തിരിച്ചറിഞ്ഞതോടെ എല്ലാം പിന്നിലാക്കി തിരികെ നോക്കാന്‍ പോലും മനസറച്ചു നടന്നുനീങ്ങിയ വഴികള്‍. എവിടെ പോകുന്നെന്നു ചോദിയ്ക്കാന്‍ പോലും ആരുമില്ലായിരുന്നു. 

പല പല സ്ഥലങ്ങള്‍, അമ്പലപ്പറമ്പുകള്‍, കടത്തിണ്ണകള്‍, നടന്നുനീങ്ങിയ വഴികളില്‍ കണ്ടുമുട്ടിയ മനുഷ്യര്‍,കേട്ട കഥകള്‍-തന്‍റെതിനെക്കാള്‍ സഹതാപമേറിയ അനുഭവങ്ങള്‍, ജീവിതങ്ങള്‍.

മഴവില്ലുകാണിച്ചു മോഹിപ്പിച്ചു പിന്നീട് ഇടിമിന്നലുതിര്‍ക്കുന്ന കാറിനെ അയാള്‍ ശപിച്ചു. ആ പട്ടുമെത്തകളില്‍ നിന്നു തുളഞ്ഞു കയറിയ കൂര്‍ത്ത മുള്ളുകളെക്കാള്‍ എത്ര മൃദുലമാണീ പൊട്ടിപ്പൊളിഞ്ഞ തറ. ആ കനലില്‍ പുകഞ്ഞ അയാള്‍ക്ക് മഴയുടെ കുളിര് ഏറെ സുഖമേകി. ഇല്ലായ്മയുടെ ഭാണ്ഡവുംപേറി മറ്റുള്ളവരുടെ ദയയില്‍ ജീവിക്കുന്നവരെക്കണ്ട് ഏറെ സഹതപിച്ചിരുന്നു. അതിനെക്കാള്‍ ഭാരമേറിയ അവരുടെ ഉള്ളറിയാന്‍ അന്ന് കഴിഞ്ഞിരുന്നില്ലല്ലോ .
അയാള്‍ പതുക്കെ കണ്ണുകള്‍ തുറന്നു. അവളുടെ കണ്ണുകള്‍ തോര്‍ന്നിരുന്നു. രൌദ്രതയുടെ ഉഗ്രമൂര്‍ത്തിയായി മാറിത്തുടങ്ങിയ അവളുടെ കണ്ണുകള്‍ ജ്വലിച്ചു. ആ തീജ്വാലയില്‍ ഭൂമിയാകെ വിറകൊണ്ടു .

‘നിന്‍റെ ദുഃഖമൊക്കെ മാറിയോ ? ഈ ദേഷ്യം ഇതാരോട് ?’
അയാള്‍ അവളെ പുച്ഛത്തോടെ നോക്കി.

അവളുടെ തീപാറുന്ന കണ്ണുകള്‍ അയാള്‍ക്കു നേരെ തിരിഞ്ഞു. അതിന്‍റെ വിറയാര്‍ന്ന ഞരമ്പുകള്‍ അയാളിലൂടെ കടന്നുപോയി. അവളുടെ ദയയില്‍ അയാളിലെ ദുഃഖങ്ങള്‍ എന്നെന്നേക്കുമായി എരിഞ്ഞടങ്ങി. അവളുടെ ദേഷ്യവും സങ്കടവും  എന്നിട്ടും തീര്‍ന്നില്ല. അവള്‍ വീണ്ടും വീണ്ടും തേങ്ങിക്കരഞ്ഞു.

പ്രീത പ്രദീപ്‌
(10 വര്‍ഷം(+1 കാലഘട്ടത്തില്‍) മുന്‍പെഴുതിയ കഥയാണിത്‌. പൊടിപിടിച്ചു തുടങ്ങിയ ഡയറിത്താളുകളില്‍ നിന്നും തിരുത്തലുകള്‍ ഒഴിവാക്കി ടൈപ്ചെയ്തെടുത്തു വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു)


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo