Slider

മോതിര വിരൽ *

0
Image may contain: Rbk Muthukulam, selfie, beard, closeup and indoor

അമ്മ മരണപ്പെട്ടു...
ശയ്യാവലംബി ആയിരുന്നു..
എല്ലാ കർമങ്ങളും കിടക്കയിൽ തന്നെ സാധിച്ചു പോന്നു..
കിടന്നു നരകിക്കാതെ മരിച്ചതിൽ എല്ലാവരും ഒരർത്ഥത്തിൽ ആശ്വസിച്ചു. മക്കൾ കൂടുതൽ ആശ്വസിച്ചു...
ഇനി അമ്മയെ 'നോക്കി' നരകിക്കണ്ടല്ലോ...
മരിക്കുന്നതിന് മുൻപ് തന്നെ അമ്മയുടെ സ്വർണ്ണപ്പണ്ടങ്ങളെല്ലാം തന്നെ മക്കൾ വിഭജിച്ചെടുത്തു, ..ബാക്കിയായതു അച്ഛൻ അണിയിച്ച മോതിരമാണ്..അത് അമ്മയുടെ വലംകൈയുടെ അണിവിരലിൽ മരിച്ചുപോയ അച്ഛന്റെ ഓർമപോലെ എന്നും ഒളിമങ്ങാതെ കിടന്നു.."ഇതാരും എടുക്കല്ലേ" പണ്ടങ്ങൾ മക്കൾക്ക് നൽകിയപ്പോൾ 'അമ്മ പറഞ്ഞു: "ഇത് നിങ്ങടെ അച്ഛൻ തന്നതാണ് , വർഷങ്ങൾ ഒരുപാടായതുകൊണ്ടു വിരലിൽ വല്ലാതെ ഇറുകിപ്പോയി..എന്നെ ചിതയിലെടുക്കുമ്പോൾ ഇതും ഒപ്പം വേണം..!!" മക്കൾ ഉദാരപൂർവ്വം അതു സമ്മതിച്ചു ..'അമ്മ വളർത്തിയ നായ മാത്രം കട്ടിൽകീഴിൽ വാലുചുരുട്ടി കേൾക്കാത്ത ഭാവത്തിൽ കിടന്നു.
ചിതയിലെടുക്കാറായപ്പോൾ അമ്മയെ കുളിപ്പിക്കാനായി എടുത്തു..അതുവരെ പട്ടി അമ്മയുടെ അരികിൽനിന്നു മാറാതെ കിടന്നു..തുണിമറ കെട്ടിയ കുളിപ്പുരയുടെ സമീപം അതു ഉദ്വിഗ്നനായി നോക്കി നിന്നു...പെട്ടെന്ന് പട്ടിയുടെ അരികിലേക്ക് എന്തോ ഒന്ന് കുളിപ്പുരയിൽ നിന്നു പറന്നു വന്നു വീണു..നായ അതിനടുത്തേക്കു മുഖം കുനിച്ചു നോക്കി ..അമ്മയുടെ മോതിരവിരൽ...!! അതിൽ നിന്നു മോതിരം നഷ്ടപ്പെട്ടിരിക്കുന്നു. അമ്മയുടെ കുളിപ്പിച്ച ശരീരവുമായി പരികർമിയുടെ അടുത്തേക്ക് വന്ന മക്കളിൽ ഒരാളുടെ മുഖത്തു നായ ഗൂഢസ്മിതം കണ്ടു..
അതു കുനിഞ്ഞു അമ്മയുടെ നിശ്ചേതനമായ വിരലിൽ നക്കി..തന്നെ തലോടിയ കൈ വിരൽ....തനിക്കു ആഹാരം തന്ന കൈ വിരൽ ..! പട്ടി മുഖമുയർത്തി കർമ്മനിരതരായ മക്കളെ നോക്കി ...പിന്നെ മുൻകാലുകൾ കൊണ്ട് മണ്ണ് മാന്തി കുഴിയെടുത്തു..ശേഷം അമ്മയുടെ വിരൽ നോവാതെ കടിച്ചെടുത്തു കുഴിയിൽ വെച്ചു മണ്ണ് മൂടിയിട്ടു.....പിന്നെ പഴയപോലെ വാല് ചുരുട്ടികിടന്നു , അവിടെത്തന്നെ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo