
മദ്രസയിൽ യാസീൻ കാണാ പാഠം പഠിക്കാൻ പറഞ്ഞ് ഉസ്താദ് പുറത്ത് പോയപ്പോഴാണ് പൂലോട്ടുള്ള സക്കീർ ആ മഹാ രഹസ്യം പറഞ്ഞത്.സംഭവം ഓന്റെ മുഖത്ത് വളർന്ന് വരുന്ന കരുത്തുള്ള രോമങ്ങളെ പറ്റിയാണ്.. മുട്ടനാടിന്റെ കൊടം ചുട്ട് തിന്നിട്ടാണത്രെ അവന് താടി മീശ ഉണ്ടായത്.. അറവ് കച്ചവടക്കാരനായ സക്കീറിന്റ ബാപ്പ മുട്ടനാടിനെ അറുത്താൽ കൊടത്തിന്റെ അവകാശി ഓനാണ് പോലും..
വീട്ടിലെത്തി ഉമ്മ തന്ന കട്ടൻ ചായയിൽ അരി വറുത്തത് വാരിയിട്ട് കുടിച്ച് കഴിഞ്ഞപ്പോൾ ഞാനൊന്ന് കണ്ണാടിയിൽ പോയി നോക്കി.. നല്ല ഇസ്തിരിപ്പെട്ടി പോലുള്ള മോന്തയിൽ ഒരു കുഞ്ഞ് രോമം പോലും ഇല്ല! ഇത്താത്തയുടെ കൺ മഷി എടുത്ത് ഒരു മീശയും താടിയുമൊക്കെ വരച്ചപ്പോൾ നല്ല റങ്ക് തോന്നുന്നുണ്ട്.. അപ്പ ഇതൊക്കെ ശരിക്ക് വന്നാൽ കാര്യം ബഹു രസമായിരിക്കും..
ആലോചന അങ്ങനെ മുറുകി വന്നപ്പോൾ സക്കീറിനെ ഒന്ന് കാര്യമായി കാണാമെന്ന് തന്നെ വച്ചു.. ഓൻ വിചാരിച്ചാലെ സംഗതി നടക്കുള്ളൂ.. മൂന്ന് പാൽ ഐസ് കൈകൂലി കൊടുത്തെങ്കിലും അടുത്ത വെള്ളിയാഴ്ച സാധനം തരാമെന്ന് ഓൻ എറ്റു.
വെള്ളിയാഴ്ചയായപ്പോൾ ഞാൻ പതുക്കെ പൂലോട്ടേക്ക് വെച്ച് പിടിച്ചു.. അറവ് പുരേടെ അൽപം മാറി പമ്മീം പതുങ്ങീം ഒക്കെ നിന്നപ്പോൾ ദാ വരുന്നു സക്കീർ.ഓന്റെ കയ്യിൽ നിന്ന് വാഴയിലയിൽ പൊതിഞ്ഞ സാധനം വാങ്ങി വീട്ടിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു.. ചുട്ട് തന്നെ തിന്നണം ട്ടൊന്ന് സക്കീർ പിറകിൽ നിന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു..
ഇടക്ക് പൊതി തുറന്ന് നോക്കിയപ്പോൾ കണ്ടു .. തൊലി കളഞ്ഞ് വെള്ള നിറത്തിൽ രണ്ടെണ്ണം.. പാവം മുട്ടനാട്.. ഒരു നല്ല കാര്യത്തിനല്ലെ എന്നോർത്ത് ഞാനൊന്ന് ആശ്വസിച്ചു.. ഇനി ഇത് ഒന്ന് പറഞ്ഞ പോലെ ചുട്ട് കിട്ടണേൽ സ്നേഹ നിധിയായ മാതാവ് തന്നെ ശരണം.
ഞാൻ വൻ രഹസ്യമാക്കി ഉമ്മയോട് പറഞ്ഞ കാര്യം അതിലും വലിയ തമാശയാക്കി ഉമ്മ ബാപ്പാനേയും പെങ്ങന്മാരേയും അറിയിച്ച് നാശമാക്കി... അവന്റെ ആഗ്രഹം പോലെ ചെയ്ത് കൊടുക്കാനാണ് ബാപ്പ ചിരിച്ച് കൊണ്ട് പറഞ്ഞത്.
അങ്ങനെ അൽപ നേരത്തെ അക്ഷമയോടുള്ള കാത്തിരിപ്പിന് ശേഷം ഒരു പിഞ്ഞാണ പാത്രത്തിലായി മുളക് പുരട്ടി ഇലയിൽ പൊതിഞ്ഞ് ചുട്ട ആടിൻ കൊടം മുന്നിലെത്തി. ഇല മാറ്റി വെച്ചപ്പോൾ ആവി പറക്കുന്ന സാധനം ഞാനൊന്ന് കഴിച്ച് നോക്കി.. സംഭവം കിളു കിളാന്ന് ഇരിക്കുന്നു... പിന്നീട് ഇത്താത്തമാരുടെ കളിയാക്കി ചിരി ലവലേശം ശ്രദ്ധിക്കാതെ കണ്ണുമടച്ച് ഒറ്റ വിഴുങ്ങലായിരുന്നു... കുറച്ച് വെള്ളം കൂടി മടു മടാന്ന് കുടിച്ചപ്പോൾ എല്ലാം ശുഭം.
പിന്നെയും കാലം കുറച്ച് കഴിഞ്ഞപ്പോൾ എനിക്കുമുണ്ടായി നല്ല കറുപ്പൻ താടിയും മീശയും.. സക്കീർ പല ക്ലാസുകളിലായി നാലഞ്ച് കൊല്ലം തോറ്റ് തൊപ്പിയിട്ടത് കൊണ്ടാണ് അവനന്നേ താടി മീശയും പിന്നെ മറ്റ് പലതും ഉണ്ടായത് എന്ന നഗ്ന സത്യം പിന്നീടാണ് എനിക്ക് മനസ്സിലായത്..
ഏതായാലും സ്ഫടികം സിനിമയൊക്കെ കാണുമ്പോൾ താടിയും മീശയും തടവി ഞാൻ മനസ്സിൽ ഉറക്കെ വിളിച്ച് പറയും.. മുട്ടനാടിന്റെ കൊടം ചുട്ട് തിന്ന ആട് തോമ... ആട് തോമ.. ആട് തോമ.....
- യൂനുസ് മുഹമ്മദ്.
കൊടം :- വൃക്ഷണം.
യാസീൻ:- ഖുറാനിലെ ഒരു അദ്ധ്യായം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക