Slider

സ്നേഹപൂർവ്വം

0

Image may contain: 1 person, smiling, sunglasses and closeup

'ഏട്ടാ... ഏട്ടാ...'
'ഉം, എന്താ?'
'ഒന്നിങ്ങട് വാ'
'എന്താന്ന് പറ'
'ഇങ്ങട് വാ'
വായിച്ചിരുന്ന പത്രം മടക്കിവച്ച് എഴുന്നേറ്റു. കുറച്ച് കാലമായിട്ടുള്ള ശീലമാണ് രാവിലെ കുടിക്കാൻ ചായയും കഴിക്കാൻ പത്രവും. ഏകദേശം അരമണിക്കൂറോളം പേപ്പറിന് മുന്നിലിരിക്കണം, എന്നാലേ ഒരു സമാധാനമാകൂ.
എന്തിനാണാവോ ശ്രീമതി വിളിക്കുന്നത്? പുതുപെണ്ണല്ലേ, എന്ത് ആവശ്യത്തിനും ഞാൻതന്നെ വേണം.
റൂമിൽ ചെന്നപ്പോൾ പുള്ളിക്കാരി സാരി ഉടുത്തുകൊണ്ടിരിക്കാ.
'എന്തേ '
'ഏട്ടാ ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ച് താ'
'അയ്യേ, എനിക്കൊന്നും വയ്യ'
'എന്താട്ടോ ഏട്ടാ, ഇത് നേരെ നിൽക്കുന്നില്ല'
'അതൊക്കെ നീ ഒറ്റയ്ക്ക് ചെയ്താൽമതി'
'എനിക്ക് പറ്റാത്തത് കൊണ്ടല്ലേ ഞാൻ വിളിച്ചത്, പ്ലീസ് ട്ടോ'
'എനിക്കൊന്നും അറിയില്ല ഇത് പിടിക്കാൻ, നീ അമ്മയെ വിളിച്ചോ'
'അമ്മ കുളിയ്ക്കാ. ഏട്ടൻ പറഞ്ഞിട്ടല്ലേ ഞാൻ സാരി ഉടുത്തത്, ഇത് പിടിച്ച് താ, അല്ലെങ്കിൽ ഞാൻ ചുരിദാർ ഇടും'
എനിക്ക് ഇത് കിട്ടണം, അമ്പലത്തിൽ പോകുമ്പോൾ സാരി മതി എന്ന് ഞാൻ തന്നെയാ അവളോട് പറഞ്ഞത്, അത് ഇത്ര വലിയ കുരിശാകുമെന്ന് കരുതിയില്ല. ഇനിയിപ്പോ വേറെ വഴിയില്ല.
അവൾക്കുമുന്നിൽ മുട്ടുകുത്തി ഇരുന്നു, കഞ്ഞിമുക്കിയ സെറ്റ് സാരിയാണ്, ഓരോ ഞൊറിയും ഓരോ വശത്തേക്ക് നിൽക്കുന്നു, അവ ഓരോന്നും എടുത്ത് ഒരേപോലെ വച്ച് താഴെവരെ വലിച്ച് വിട്ടു.
ഈശ്വരാ, അമ്മ ഇപ്പൊ കുളികഴിഞ്ഞ് വരല്ലേ, അമ്മ എങ്ങാനും ഇത് കണ്ടാൽ കഴിഞ്ഞു എന്റെ കാര്യം. കുട്ടിക്കാലത്ത് അമ്മയുടെ സാരിയുടെ ഞൊറി പിടിച്ച് കൊടുത്തിരുന്നത് ഞാനായിരുന്നു. കുറച്ച് വലുതായപ്പോൾ ചെറിയ മടി കേറിവന്നു. ഇതൊന്നും ആണുങ്ങളുടെ ജോലിയല്ല എന്ന ഒരു തോന്നൽ. പിന്നെ എന്നെ വിളിക്കുമ്പോൾ അച്ഛനെ വിളിക്കാനാണ് ഞാൻ പറയുക, ഒടുവിൽ പാവം ഒറ്റയ്ക്ക് തന്നെ ശരിയാക്കും.
അന്നേ അമ്മ പറഞ്ഞതാ
'നാളെ നീയൊരു പെണ്ണിനെ കെട്ടിക്കൊണ്ടുവരുമല്ലോ അപ്പോഴും ഇത് തന്നെ പറയണം ട്ടോ'
എന്നാലും അമ്മയുടെ വാക്കുകൾ ഇത്ര പെട്ടന്ന് ഫലിക്കുമെന്ന് വിചാരിച്ചില്ല. കെട്ടുകഴിഞ്ഞ് രണ്ടാഴ്ച്ച കഴിയുന്നതിന് മുൻപ് തന്നെ ഞാനിതൊക്കെ ചെയ്യുന്നത് അമ്മ കണ്ടാൽ...
ആ സാരല്ല്യ, എല്ലാം എന്റെ കുഴപ്പമാണ്.
കല്യാണത്തിന്റെ പുതുമോടിയിൽ അമ്പലങ്ങളിൽ പോയി ഭാര്യയെ നാലാളെ കാണിക്കണം, ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇടണം അതിന് അവൾ സെറ്റ് സാരിയും പച്ചക്കളർ ബ്ലൗസും ഞാൻ വെള്ളമുണ്ടും പച്ചക്കളർ ഷർട്ടും എന്തൊക്കെയായിരുന്നു, എല്ലാം എന്റെ മാത്രം കുഴപ്പം.
'ഏട്ടാ പതുക്കെ വലിക്ക്, ഇത് അരയിൽ നിന്ന് അഴിഞ്ഞ് പോരും'
എന്റെ വലിയുടെ ശക്‌തി കൂടിയപ്പോഴാണ് അവൾ പറഞ്ഞത്. അവളോട് ചേർന്ന് നിന്നത് കൊണ്ട് ആ സുഗന്ധം എന്റെ മൂക്കിലൂടെ തുളച്ച് കയറി. സോപ്പിന്റെയാണോ സാരിയുടെയാണോ എന്നറിയില്ല മത്ത് പിടിപ്പിക്കുന്ന ഒരു ഗന്ധം. ഒരുവേള ചെയ്ത് കൊണ്ടിരിക്കുന്ന കാര്യം മറന്ന് വേറെ എന്തെങ്കിലും ഒപ്പിക്കുമോ എന്നുവരെ തോന്നി. പോകുന്നത് അമ്പലത്തിലേക്കായത്കൊണ്ട് മാത്രം ആത്മസംയമനം പാലിച്ചു.
എന്തായാലും ആ ഗന്ധം ആസ്വദിച്ച് കുറച്ച് നേരംകൂടി അങ്ങനെയിരുന്നു.
'ആഹാ, കറക്ട് ആയിട്ടുണ്ടല്ലോ, എന്നിട്ടാണോ അറിയില്ലാന്ന് പറഞ്ഞത്?'
അവൾ സംതൃപ്‌തി അറിയിച്ചു. ഞാൻ എഴുന്നേറ്റ് നേരെ നിന്ന് പറഞ്ഞു
'മോളേ, നീ സാരി ഉടുക്കാനുള്ള പ്രായത്തിൽ എത്തുന്നതിന് മുന്നേ തുടങ്ങിയതാ ഞാനീ പരിപാടി'
ഭാര്യയെ ആകെ ഒന്ന് നോക്കി, ആഹാ കൊള്ളാലോ. ഇവൾ ഇത്രയ്ക്ക് ഭംഗിയുണ്ടായിരുന്നോ? കല്യാണത്തിന് പട്ടുസാരി, മുടി നിറച്ച് പൂവ്, മേക്കപ്പ് , കൈമുട്ടോളം മൈലാഞ്ചി, ആഭരണങ്ങൾ അങ്ങനെ ആകെ മൊത്തം ടോട്ടൽ ഒരു ആനച്ചന്തമായിരുന്നു.
ഇപ്പൊ അങ്ങനെയല്ല, ആഗ്രഹിച്ചിരുന്ന അതേ രൂപം. ഒരു താലിമാല, ഒരു ലോങ്ങ് ചെയിൻ, കൈകളിൽ ഓരോ വള, ഒന്നുരണ്ട് മോതിരം. മുഖത്തെ പണി കഴിഞ്ഞിട്ടില്ല.
എന്തായാലും ഒന്ന് പൊക്കിപ്പറഞ്ഞേക്കാം
'നീ അടിപൊളിയായിട്ടുണ്ട് ട്ടോ'
'ഒന്ന് പോ ഏട്ടാ'
അവളുടെ മുഖം നാണംകൊണ്ട് വിടർന്നു.
'ഏട്ടാ, സമയം വൈകുന്നു. വേഗം പോയി കുളിച്ചിട്ട് വാ'
'അതൊക്കെ ഞാൻ പോകാം. നിന്റെ ഒരുക്കം കഴിയുമ്പോഴേക്കും ഞാൻ രണ്ടുവട്ടം കുളിക്കും'
'എന്റെ കഴിഞ്ഞു. മുടി കെട്ടാനും കൂടിയേ ഉള്ളൂ'
'അമ്മ കുളിച്ച് ഇറങ്ങിയാലല്ലേ എനിക്ക് കയറാൻ പറ്റൂ'
'അമ്മ കയറുന്നതിന് മുൻപ് ഞാൻ പറഞ്ഞതല്ലേ, അപ്പോ പേപ്പറിന്റെ മുന്നിൽ നിന്ന് എണീക്കാൻ വയ്യ'
'നീ നോക്കിക്കോ, നിന്റെ ഒരുക്കം കഴിയുമ്പോഴേക്കും ഞാൻ റെഡിയാവും'
ഇന്നലെ രാത്രി നല്ല മഴയായിരുന്നു, മുറ്റത്ത് പുളിയിലയും മാവിലയും വീണുകിടക്കുന്നു, അങ്ങിങ്ങായി വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. കാറ്റത്ത് പൂച്ചെടികൾ ഒരുവശത്തേക്ക് ചരിഞ്ഞ് കിടക്കുന്നു. കല്യാണത്തിന്റെ തിരക്കിൽ ആ ചെടികൾ കുറച്ചൊക്കെ നശിച്ചിട്ടുണ്ട്, ആളുകൾ ചവിട്ടിയും കുട്ടികൾ പൂപറിച്ചും ആ പഴയ ഭംഗി നഷ്ടപ്പെട്ടു. ഒരാഴ്ച്ച കൂടി കഴിഞ്ഞിട്ട് എല്ലാം ഒന്ന് ശരിയാക്കിയെടുക്കണം.
ഓണം ആവാറായില്ലേ ഇപ്പൊത്തന്നെ ചെടികൾ നട്ട്പിടിപ്പിച്ചാലേ പൂക്കളമിടാൻ പൂ കിട്ടൂ. അങ്ങാടിപ്പൂക്കൾക്ക് ഈ വീട്ടിൽ സ്ഥാനമില്ല. ചെമ്പരത്തിയുടെ രണ്ട് മൂന്ന് ചെടികൾ ഉണ്ട്. ഞങ്ങൾ ആരും ക്രോസിങ് നടത്തിയില്ലെങ്കിലും ഒരു ചെടിയിൽ തന്നെ വെള്ളയും ചുവപ്പും പൂവുണ്ട്. തൊടിയിൽ മത്തന്റെയും കുമ്പളത്തിന്റെയും പൂവുണ്ട്, അച്ഛൻ പാല് കൊടുത്ത് വരുമ്പോൾ എന്തെങ്കിലും പൂ പൊട്ടിച്ച് കൊണ്ടുവരും. മിക്കവാറും അച്ഛൻതന്നെയാവും പൂവിടുക. ഞാൻ എണീക്കുമ്പോഴേക്കും അച്ഛൻ പൂവിടലും കഴിഞ്ഞ് പണിക്ക് പോയിട്ടുണ്ടാകും.
എന്തായാലും ഇത്തവണ പൂന്തോട്ടത്തിന്റെ പണി ഉഷാറാക്കണം, പണിയെടുപ്പിക്കാൻ ഒരാളുണ്ടല്ലോ. എനിക്ക് മടിയുള്ളത് കാരണം ചെയ്യാതിരുന്ന എല്ലാ പണിയും അവളെക്കൊണ്ട് ചെയ്യിക്കണം. വീട്ടിൽ നിന്ന് പടിക്കലേക്ക് ഏകദേശം ഇരുപത്തിയഞ്ച് മീറ്റർ നീളം കാണും, വഴിയുടെ രണ്ട് വശത്തും ചെടികൾ വച്ച് പിടിപ്പിക്കണം, പണിയെടുക്കാൻ ആളുണ്ടെങ്കിൽ പണിയെടുപ്പിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
കല്യാണം പ്രമാണിച്ച് ബൈക്ക് നിർത്താൻ കെട്ടിയുണ്ടാക്കിയ ഷെഡ് പൊളിച്ചുമാറ്റി, അത്കൊണ്ട് വണ്ടി ഇന്നലെ മഴയത്താണ് ഇട്ടത്. പുതിയ ഒരു ഷെഡ് ഉടനെ കെട്ടണം.
ഇന്നലെ കഴുകിയതാണെങ്കിലും വണ്ടിയിൽ ചെളി തെറിച്ചിരിക്കുന്നു.
ഒരു ബക്കറ്റ് വെള്ളമെടുത്ത് ചെളിയൊക്കെ കഴുകിക്കളഞ്ഞു. ചെ, ഇത് നേരത്തെ കണ്ടിരുന്നെങ്കിൽ അവളെക്കൊണ്ട് കഴുകിക്കാമായിരുന്നു. ആ സാരല്ല്യ, ഇനി മുതൽ അവൾതന്നെ കഴുകണമല്ലോ.
അമ്മയുടെ കുളികഴിഞ്ഞതും കുളിമുറിയിൽ കയറി, ബക്കറ്റിലെ വെള്ളത്തിൽ കൈയിട്ട് നോക്കി, ഹോ, എന്തൊരു തണുപ്പ്. ഈശ്വരാ എങ്ങനെയാ ഞാനീ വെള്ളം കൊണ്ട് കുളിക്കാ. പാടത്താണ് കിണർ, വേനൽക്കാലത്ത് പോലും വെള്ളത്തിന് തണുപ്പുണ്ടാകും പിന്നെ ഈ മഴക്കാലത്തെ കാര്യം പറയണോ.
ഒരു കപ്പ് വെള്ളം എടുത്ത് കാലിലേക്ക് ഒഴിച്ചു. സ്സ്, ഇത് നടക്കില്ല.
'ഏട്ടാ, കഴിഞ്ഞോ?'
പിന്നെ ഒന്നും നോക്കിയില്ല, വെള്ളം ബക്കറ്റോടുകൂടെ തലയിലൂടെ കമഴ്ത്തി. വേഗം പൂജാമുറിയിലേക്ക് ഓടി, തൊഴുത് പ്രാർത്ഥിക്കുമ്പോൾ കാൽമുട്ടുകളും പല്ലുകളും എന്തിനോ വേണ്ടി കൂട്ടിയിടിക്കുന്നുണ്ടായിരുന്നു.
അതൊന്നും ശ്രദ്ധിക്കാൻ സമയമില്ലാത്തത് കൊണ്ട് വേഗം മുണ്ടുടുത്ത് റെഡിയായി ഇറങ്ങി. അമ്പലത്തിലേക്ക് ആയത്കൊണ്ട് വേറെ ഒരുക്കങ്ങൾ ഒന്നും വേണ്ട. മുടി കൈകൊണ്ട് കോതിയിട്ടു, പ്രവാസത്തിന്റെ ഒരു സമ്മാനമാണ് മുടികൊഴിച്ചിൽ അത്കൊണ്ട് ഇപ്പൊ മുടി ചീകാറില്ല.
അമ്മയോട് പറഞ്ഞ് ഇറങ്ങി, വഴിയിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊണ്ട് അവളോട് പടിക്കലേക്ക് നടക്കാൻ പറഞ്ഞു. അപ്പോഴാണ് അത് കണ്ടത്, അവളുടെ പിന്നാലെ കുറേ നൂല് പോകുന്നു, സാരിയിൽ നിന്ന് പിന്നിയിരിക്കുകയാണ്. അത് ചെളിയിലൂടെ വലിച്ച് കൊണ്ടാണ് അവൾ നടക്കുന്നത്
'ഡീ നിന്നേ...'
'എന്താ ഏട്ടാ?'
'എന്താ നിന്റെ പിന്നിൽ?'
'എന്ത്?'
അവൾ തിരിഞ്ഞ് നോക്കി.
'അയ്യോ, ഏട്ടാ അതൊന്ന് പൊട്ടിച്ച് കളയ്'
'എനിക്ക് വയ്യ, നീ തന്നെ കളഞ്ഞോ'
'അത് പിന്നിലല്ലേ ഏട്ടാ, എനിക്ക് പറ്റില്ല'
നാശം, അത് അവിടെ ഇരുന്നോട്ടെ എന്ന് കരുതിയാൽ മതിയായിരുന്നു. ഇപ്പൊ വെക്കുന്ന വെടി മുഴുവൻ ഉന്നം തെറ്റുകയാണല്ലോ.
വേറെ വഴിയില്ലാത്തത് കൊണ്ട് അവളുടെ അടുത്ത് ചെന്ന് ആ നൂല് വലിച്ച് പൊട്ടിച്ചു, അപ്പോഴേക്കും ആ നൂല് വലിച്ച ഭാഗം മുഴുവൻ മുകളിലേക്ക് കയറിപ്പോയി. അത് ശരിയാക്കുമ്പോഴാണ് അവളുടെ കാലുകൾ നോക്കിയത്. ആദ്യമായിട്ടാ ഒരു പെൺകുട്ടിയുടെ കാല് ഇത്ര അടുത്ത് നിന്ന് നോക്കുന്നത്. ആഹാ, നല്ല ഭംഗി, ഒപ്പം എന്റെ കാലിന്റെ അവസ്‌ഥ നോക്കി കൊയ്ത്ത് കഴിഞ്ഞ പാടം വിണ്ടുകീറിയത് പോലെയായിരുന്നു.
ഗൾഫ് ജീവിതത്തിന്റെ ബാക്കിപത്രം.
ഒന്ന്കൂടി നോക്കിയപ്പോഴാണ് അവളുടെ പാദസരം കണ്ടത്. കിട്ടി, ഒരു വഴക്കിനുള്ള കാരണം കിട്ടി. സ്വർണ്ണപാദസരം ലേ? നിന്നോട് ഞാൻ മുന്നേ പറഞ്ഞിട്ടുള്ളതാ സ്വർണ്ണം കാലിൽ ഇടരുതെന്ന്, ധിക്കാരി പറഞ്ഞാൽ കേൾക്കില്ല ലെ? അമ്പടീ കാണിച്ച് തരാം ഞാൻ.
ചേച്ചിയെ കെട്ടിച്ച് വിട്ടതിൽപ്പിന്നെ ഈ വീട്ടിൽ ഒരു പെൺകുട്ടിയുടെ പാദസ്വരം കേട്ടിട്ടില്ല, അത്കൊണ്ടാണ് നിറയെ മണികളുള്ള ഒരു പാദസരം വാങ്ങാൻ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നത്. അത് വാങ്ങിയിട്ടും ഉണ്ട്, കല്യാണ ദിവസം അതാണ് ഇട്ടിരുന്നത്. അത് മാറ്റി എപ്പോഴാണാവോ ഇത് കയറ്റിയത്? പാദസരത്തിന്റെ കിലുക്കം, അതെനിക്ക് വേണം, അത് എന്റെ വീക്ക്നെസ് ആണ്.
'നീയെന്താടാ അവളുടെ കാല് പിടിച്ചുകൊണ്ട് ഇരിക്കുന്നത്? മഴ വരുന്നതിന് മുൻപ് പോയിവരാൻ നോക്കടാ'
ചെ, അമ്മ കണ്ടു. മോളെ, ഈ കാര്യം മാറ്റിവച്ചിട്ടുണ്ട്, വന്നിട്ട് കാണാം ട്ടോ.
കല്യാണം കഴിഞ്ഞ് ആദ്യമായിട്ടാ ഞങ്ങൾ ഒറ്റയ്ക്ക് ഒരു യാത്ര പോകുന്നത്. കുറേ വിരുന്നുകളൊക്കെ കഴിഞ്ഞിരുന്നു, അപ്പോഴൊക്കെ കൂടെ രണ്ടാളുകളുണ്ടായിരുന്നു, ചേച്ചീടെ കുട്ടികൾ. ഒരാൾ എന്റെ മുന്നിലും ഒരാൾ പിന്നിലും ഇരിക്കും. ആദ്യമൊക്കെ അവർ കൂടെയുള്ളത് ഒരു ആശ്വാസമായിരുന്നു, പതുക്കെ പതുക്കെ ആ തങ്കക്കുട്ടികൾ കുട്ടിച്ചാത്തന്മാരായി തോന്നി.
തിരക്കൊക്കെ കഴിഞ്ഞ് എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയപ്പോഴാണ് എന്റെ കുട്ടിയോട് ഇത്തിരി നേരം സംസാരിച്ചിരിക്കാൻ പോലും പറ്റിയത്.
ഇത്തവണ കൊണ്ടുപിടിച്ച മഴക്കാലമാണ്, കല്യാണത്തിന്റെ അന്നും മഴ പെയ്തു, കുട്ടിക്കാലത്ത് അമ്മിയിൽ നിന്ന് തേങ്ങ വാരിത്തിന്നപ്പോഴേ അമ്മ പറഞ്ഞതാ കല്യാണത്തിന് മഴ പെയ്യും എന്ന്, അന്ന് അതൊന്നും കാര്യമാക്കിയില്ല. മനുഷ്യൻ തോറ്റു, ശാസ്ത്രം ജയിച്ചു. പക്ഷേ മഴകൊണ്ട് ഏറ്റവും കൂടുതൽ ഗുണമുണ്ടായതും എനിക്ക്തന്നെയാണ്. കൂട്ടുകാരന്മാരുടെ വേലവെയ്പ്പ് ഒന്നും നടന്നില്ല. എല്ലാവരും അണിയറയിൽ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു, ഭാഗ്യത്തിന് അതെല്ലാം മഴയിൽ കുത്തിയൊലിച്ച് പോയി.
മഴക്കാലം തുടങ്ങിയതേയുള്ളു, റോട്ടിൽ മൊത്തം കുഴികളായി. ഓരോ കുഴിയും വെട്ടിച്ചെടുക്കുമ്പോൾ തോളിലിരുന്ന അവളുടെ കൈ ഒന്ന് കൂടി അമരുന്നുണ്ടായിരുന്നു.
'നീയെന്തിനാ ബുദ്ധിമുട്ടി അവിടെ പിടിക്കുന്നത്? വയറിൽ പിടിച്ചോ'
ഇത്തിരി ഗൗരവത്തോടെയാണ് പറഞ്ഞതെങ്കിലും ഉള്ളിൽ ഒരു കള്ളചിരിയുണ്ടായിരുന്നു. എന്തായാലും പറഞ്ഞത് ഏറ്റു, അവൾ കൈകൊണ്ട് വയർ ചുറ്റിപ്പിടിച്ചു.
ഇതൊക്കെ എന്റെയൊരു ആഗ്രഹമായിരുന്നു. എന്നെക്കാളും ഇളയ ചെക്കന്മാർ, അതും കുടുംബത്തിൽത്തന്നെയുള്ളവർ നേരത്തെ പെണ്ണുംകെട്ടി അവളെയും കൂട്ടി മുട്ടിയുരുമ്മി പോകുന്നത് കാണുമ്പോൾ ഞാൻ മനസിലുറപ്പിച്ചതാ എനിക്കും ഒരു ദിവസം വരുമെന്ന്. ഞാൻ പ്രതീക്ഷിച്ചതിലും സുന്ദരിയായ പെണ്ണിനെത്തന്നെ കിട്ടി, അപ്പൊ അതിത്തിരി ആഘോഷിച്ചാലെന്താ?
അങ്ങനെ അമ്പലത്തിൽ എത്തി, മുതലപ്പാറ ഭഗവതി ക്ഷേത്രം. അങ്ങനെപറഞ്ഞാൽ ചിലപ്പോൾ എല്ലാവർക്കും അറിയണമെന്നില്ല.
"കൃഷ്ണവിലാസം ഭഗീരഥൻ പിള്ള, വലിയ വെടി നാല് ചെറിയ വെടി നാല്"
എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ആ രംഗം ഓടിവരും.
അതെ, മീശമാധവൻ ഉൾപ്പെടെ മലയാളത്തിലെ കുറച്ച് സിനിമകൾക്ക് വേദിയായ അമ്പലമാണ് ഇത്.
ചെറിയ ഒരു മലയുടെ മുകളിലാണ് അമ്പലം, നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. വഴിപാടുകൾ കഴിപ്പിച്ച് തൊഴുത് വലം വച്ചു. പരിചയക്കാരോട് കുശലം പറഞ്ഞ് ഭാര്യയെ പരിചപ്പെടുത്തിക്കൊടുത്തു, അതാണല്ലോ ഈ യാത്രയുടെ ഒരു ഉദ്ദേശം. പ്രസാദവും വാങ്ങി പുറത്ത് കടന്നു, അവൾ നെറ്റിയിൽ ചന്ദനം തൊട്ടുതരുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയായിരുന്നു. ഭാര്യാഭർതൃബന്ധം നൽകുന്ന പ്രത്യേകസുഖം.
ക്ഷേത്രത്തിന്റെ കല്പടവുകളിൽ കുറച്ച് നേരം ഇരുന്നു. ഇനിയും തെളിയാത്ത മാനത്തിന് താഴെ അവളോട് സംസാരിച്ചുകൊണ്ടിരുന്നു. കല്യാണത്തിന് മുൻപ് ഫോണിലൂടെ മാത്രമേ സംസാരിച്ചിട്ടുള്ളു. ഫോട്ടോ കണ്ടതും, പരസ്പരം സംസാരിച്ചതും ഇഷ്ടങ്ങൾ പങ്ക് വച്ചതുമെല്ലാം ഫോണിലൂടെ ആയിരുന്നു. ഒന്ന് നേരിൽ കാണാനും ചേർത്ത് പിടിക്കാനും ഒരുപാട് ആഗ്രഹിച്ചിരുന്നു. കുറച്ച് കാത്തിരുന്നാലും ഇന്ന് എന്റെ കൈക്കുള്ളിൽ അവളുണ്ട്, എന്റേതായി, എന്റേത് മാത്രമായി.
'പോവാം ഏട്ടാ?'
'ഉം. മഴ പെയ്യാനുള്ള ചാൻസുണ്ട്'
അവളോട് വാതോരാതെ സംസാരിച്ച് കൊണ്ടാണ് വീട്ടിലെത്തിയത്. ബൈക്ക് നിർത്തി ഒരു ഫ്ലക്സ് എടുത്ത് മുകളിലിട്ടു. ഇനിയും വണ്ടി കഴുകാൻ വയ്യ, വേൾഡ് കപ്പ് സമയമായത് കൊണ്ട് ഫ്ളക്സിന് ക്ഷാമമില്ല.
ചാരിക്കിടന്ന വാതിൽ തുറന്ന് അകത്തേക്ക് കയറി
'നിക്ക് ഏട്ടാ, ഞാൻ സാരി മാറ്റട്ടെ'
'അതിനെന്താ, നീ മാറ്റിക്കോ'
'ഏട്ടൻ പുറത്ത് പോ'
'അയ്യടാ. വല്ലവന്റേം ഭാര്യ അല്ലല്ലോ എന്റെ ഭാര്യ അല്ലേ ഡ്രസ്സ് മാറ്റുന്നത്. അത് ഞാൻ കണ്ടാൽ ഒരു കുഴപ്പവുമില്ല. പിന്നെ എനിക്കും ഡ്രസ്സ് മാറ്റണം'
'എന്റെ ഇപ്പൊ കഴിയും, അഞ്ച് മിനുട്ട്'
'അതൊന്നും പറ്റില്ല'
'എന്റെ ഏട്ടനല്ലേ, പ്ലീസ്'
'അങ്ങനെ വഴിക്ക് വാ'
'ഉം, നല്ലകുട്ടിയായി പുറത്ത് നിൽക്ക്'
'അങ്ങനെ വെറുതെ പോകാനൊന്നും പറ്റില്ല, എനിക്ക് എന്തെങ്കിലും വേണം'
'എന്ത്?'
'അമ്പലത്തിലേക്ക് പോകുന്നതിന് മുൻപ് ചോദിക്കണമെന്ന് വിചാരിച്ചതാ, വേഗം ഒരെണ്ണം താ ഇവിടെ'
'പിന്നെ തരാം'
'കിട്ടിയാലേ ഞാൻ പോകൂ'
'എന്താട്ടോ ഏട്ടാ...'
'വേഗം. എന്നിട്ട് വേഗം വാ, എനിക്ക് വിശക്കുന്നു'
അവൾ അടുത്തേക്ക് വന്നു കൈകൾ തോളിൽ വച്ച് എന്റെ ശരീരത്തോട് ചേർന്ന് വന്നു!!!!
#രജീഷ് കണ്ണമംഗലം
'ഡാ നീ എണീക്കുന്നില്ലേ?'
'ങേ?'
'സമയം നാലരയായി. നീ വരുന്നില്ലേ?'
'ഉം'
വൃത്തികെട്ടവൻ, അവന് വിളിക്കാൻ കണ്ട ഒരു സമയം. ചെ, എല്ലാം നശിപ്പിച്ചു.
വെറുതെയല്ലടാ നീ പെണ്ണ് കെട്ടി ആറ് മാസം തികയുന്നതിന് മുൻപ് ഇങ്ങോട്ട് പോന്നത്.
എന്നാലുമെന്റെ പെണ്ണേ നിനക്ക് ആ ഉമ്മ വേഗം തരാമായിരുന്നില്ലേ? ഞാനിന്ന് നേരത്തെ വന്ന് ബാക്കികൂടി കാണാം ട്ടോ.
ഇന്ന് പൊള്ളുന്ന വെയിൽ മുഴുവൻ കൊള്ളാൻ ഇത്രയും ഓർമ്മകൾ മതി.
എന്റെ സുന്ദരിക്കുട്ടി.
എന്നാണാവോ ദൈവമേ സ്വപ്നത്തിൽ കണ്ട പോലുള്ള ഒരു സുന്ദരിപ്പെണ്ണിനെ എനിക്ക് കിട്ടുന്നത്?????
NB:ഇത് വായിച്ച് ആരും പെണ്ണാലോചിച്ച് വരണ്ട, ഞാൻ ചെറിയകുട്ടിയാണ്!!!

By: Rajesh Kannamangalam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo