Slider

ഒലിച്ച് പോയ സ്വപ്നങ്ങൾ

0
*****************************
ഉമ്മിയുടെ നിർബന്ധം മൂലമാണ് ക്ലാസ്സില്ലാത്ത ദിവസം കൂട്ടുകാരിയുമൊത്ത് മഴക്കെടുതി അനുഭവിക്കുന്ന കുട്ടനാടൻ പ്രദേശങ്ങളിൽ ഒരു സ്ക്വാഡ് പോകാമെന്ന് തീരുമാനിച്ചത്.
"ജന സേവനം ദൈവാരാധനയാണെന്ന് പഠിപ്പിച്ച മതത്തിന്റെ അനുയായികളായ നാം നമ്മുടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചാൽ പോര സുമീ.. ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈതാങ്ങായി പ്രവർത്തിച്ചാൽ വലിയ പ്രതിഫലം നമുക്ക് തമ്പുരാൻ നൽകും." ഇന്നലെ പ്രളയബാധിത പ്രദേശങ്ങളിൽ ഉമ്മിയും കൂട്ടുകാരികളും ചെയ്ത സേവന പ്രവർത്തനങ്ങൾ കേട്ടപ്പോൾ അത്ഭുതം തോന്നി. ഉമ്മിക്ക് എങ്ങിനെ ഇതൊക്കെ കഴിയുന്നു, എന്ന ചോദ്യത്തിന് തന്ന മറുപടി തന്നെ ഏറെ ചിന്തിപ്പിച്ചു. "നമ്മൾ അനാവശ്യമായി ചിലവഴിക്കുന്ന സമയവും സമ്പത്തും വളരെ വിലപ്പെട്ടതാണ്. ചെറുതായി മനസ്സ് വെച്ചാൽ ഒരു പാട് പേരുടെ കണ്ണീരൊപ്പാൻ നമുക്ക് കഴിയും. ഇറങ്ങി തിരിക്കേണ്ട താമസമേയുള്ളു.. സാമ്പത്തികമായും മാനസികമായും പിന്തുണ നൽകുന്ന ഒരു വലിയ വിഭാഗം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. നിനക്കറിയുമോ, നാട്ടുകാർ മുഴുവൻ അറു പിശുക്കനെന്ന് പരിഹസിക്കുന്ന തെക്കേപുറത്തെ ഹമീദിക്ക ഇന്നലെ ഞങ്ങൾക്ക് തന്നത് ഇരുപത്തയ്യായിരം രൂപയാണ്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സാധുക്കൾക്ക് അരിയും മറ്റ് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമായി ഇന്നലെ മാത്രം ഞങ്ങൾ ഒരു ലക്ഷം രൂപ ചിലവഴിച്ചു.. എല്ലാം നല്ലവരായ ജനങ്ങൾ തന്നത്.. ഞങ്ങൾ ആറോ ഏഴോ സ്ത്രീകൾക്ക് ഒരു ദിവസം കൊണ്ട് ഇത്രയും ചെയ്യാമെങ്കിൽ കഴിവും പ്രാപ്തിയുമുള്ള പുരുഷൻമാർക്ക് എന്തെല്ലാം ചെയ്യാൻ കഴിയും?
നീ അത്രയൊന്നും ചെയ്യണ്ട. രണ്ടോ മൂന്നോ കൂട്ടുകാരികളെ സംഘടിപ്പിച്ച് കുറച്ച് കഞ്ഞിയും പുഴുക്കും ഉണ്ടാക്കി ആ സ്കൂളിലെ ക്യാമ്പിൽ കൊണ്ട് പോയി കൊടുക്ക്." വിശന്ന് പൊരിയുന്ന ഒരു പാട് ജീവനുകളുണ്ടു് അവിടെ.
"ഉമ്മി എന്താ ഈ പറയുന്നെ. ഇന്നത്തെ കാലത്ത് കഞ്ഞിയും പുഴുക്കും കഴിക്കുന്ന ആളുകളുണ്ടോ?"
"സുമീ നീ അനുഭവിക്കുന്നതും കാണുന്നതുമല്ല ജീവിതം.
ആ അഭയാർത്ഥി കേന്ദ്രങ്ങളിൽ ഒന്ന്പോയി നോക്ക് .. എന്നിട്ട് വൈകിട്ട് നമുക്ക് സംസാരിക്കാം. എനിക്ക് ഉടനെ പുറപ്പെടണം. സുമിക്ക് ഉമ്മിയുടെ വാക്കുകളിൽ ഒട്ടും വിശ്വാസം തോന്നിയില്ല.
എന്നാലും അവൾ കൂട്ടുകാരിയായ സുലുവിനെയും കൂട്ടി ഉമ്മി പറഞ്ഞ ഗ്രാമത്തിലേക്ക് നടന്നു. പഞ്ചായത്ത് വഴികളും അതിനോട് ചേർന്ന വീടുകളും പറമ്പുകളും പാടങ്ങളും വെള്ളക്കെട്ടിൽ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. അവൾക്ക് ആ വെള്ളത്തിലൂടെ നടക്കാൻ തന്നെ ആദ്യമാദ്യം അറപ്പ് തോന്നി. എല്ലാവിധ മാലിന്യങ്ങളും ഒഴുകി നടക്കുന്ന ആ വെള്ളക്കെട്ടിലൂടെ അവളും കൂട്ടുകാരിയും ഏറെ പ്രയാസപ്പെട്ടാണ് മുന്നോട്ട് നീങ്ങിയത്. ചുറ്റുപാടുമുള്ള വീടുകളിൽ ആളനക്കമില്ല.. മിക്കവാറും എല്ലാ വീടുകളിലും വെള്ളം കയറിയിട്ടുണ്ടു്. മരച്ചില്ലകളിലും വിടിന്റെ മേൽക്കൂരകളിലും ചേക്കേറിയിരിക്കുന്ന കോഴികൾ.. രണ്ട് മൂന്ന് മാസം മുൻപ് ക്ലാസ്സെടുത്തപ്പോൾ പരിസ്ഥിതിവാദിയായ അദ്ധ്യാപകൻ പറഞ്ഞ വാക്കുകൾ അവളുടെ മനോമുകുരത്തിൽ തെളിഞ്ഞു. ആളുകൾ മരം മുറിക്കുന്നത് കൊണ്ടും മലയിടിക്കുന്നത് കൊണ്ടും പാറപൊട്ടിക്കുന്നത് കൊണ്ടുമാണത്രെ മഴയില്ലാത്തത്. കേരളം മരുഭുമിയാകാൻ ഇനി ഏറെ നാൾ വേണ്ട.. ആ അദ്ധ്യാപകനെ ഈ രംഗം ഒന്ന് കൊണ്ടു് വന്ന് കാണിക്കണം.. സൃഷ്ഠാവിന്റെ ഓരോ പരീക്ഷണങ്ങൾ.. ഉപ്പ ഫോൺ ചെയ്യുമ്പോൾ മഴ കാണാനുള്ള ഉപ്പയുടെ ആഗ്രഹം പറയാറുണ്ട്. 50 ഡിഗ്രി ചൂടിൽ കഴിയുന്ന പ്രവാസിക്ക് മഴ മനസ്സിൽ കുളിര് കോരുന്ന ഓർമകളാണ്.. എന്നാൽ ഇവിടെ ഈ ദുരിത കെടുതികൾ അനുഭവിക്കുന്ന സാധുക്കളുടെ അവസ്ഥ അവർ അറിയുന്നുണ്ടോ?
അവർ നടന്ന് ജനങ്ങൾ അഭയം തേടിയ സ്കൂളിലെത്തി. സ്കൂൾ മുറ്റത്തും വെള്ളക്കെട്ടിന് കുറവില്ല. വെള്ളം കുറവുള്ള പ്രദേശങ്ങളിൽ കെട്ടിയിട്ടിരിക്കുന്ന വളർത്തു മുഗങ്ങൾ വിശന്നിട്ടായിരിക്കണം, നിർത്താതെ കരയുന്നു..
ക്ലാസ്സ് റൂമുകളിൽ വെള്ളമില്ല. അവർ മടിച്ച് മടിച്ച് സ്ത്രീകളും കുട്ടികളും മാത്രമുള്ള ഒരു ക്ലാസ്സ് റൂമിലേക്ക് കയറി. വിശന്ന് കരയുന്ന കുഞ്ഞുങ്ങൾ.
മൂന്ന് നാലു് ദിവസമായി സർക്കാറിന്റെയും സന്നദ്ധ പ്രവർത്തകരുടെയും കാരുണ്യത്തിൽ കഴിയുന്ന നൂറ് കണക്കിന് ആളുകൾ അവിടെയുണ്ട്. ഏതാണ്ട് എല്ലാ വീടുകളിലെയും മുറികളിലും അടുക്കളയിലും വെള്ളവും ചെളിയും ഇഴ ജന്തുക്കളുമാണ്. വീട്ടിൽ ഉള്ള വസ്തുക്കൾ മിക്കവാറും ഉപയോഗ ശൂന്യമായി.. അവൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ കണ്ട "മഴ സെൽഫി"കളെയും, "മഴക്കവിത"കളെയും കുറിച്ച് ഓർത്തു.. മഴക്കെടുതികളെക്കുറിച്ച് മാത്രം ആരും എഴുതി കണ്ടില്ല..
സുമിക്ക് അവരുടെ അവസ്ഥയറിഞ്ഞു് ശരിക്കും കരച്ചിൽ വന്നു. അവരിൽ പലരും അന്യോന്യം തങ്ങളുടെ ദുരിതങ്ങൾ പറഞ്ഞു് വിങ്ങിപ്പൊട്ടുന്നു.
അതിനിടക്ക് ഒന്ന് രണ്ട് പേർ എല്ലാവർക്കും ഈ രണ്ടു് കഷ്ണം ബ്രഡ് വിതരണം ചെയ്യുന്നു.. സുമി കഴിഞ്ഞ പ്രാവശ്യം ഉപ്പ വന്നപ്പോൾ കൊണ്ട് വന്ന ഒരു വള ഊരി അവരെ ഏൽപ്പിച്ചു.
ഇത് വിറ്റ് കുഞ്ഞുങ്ങൾക്ക് പാലോ ബിസ്കറ്റോ വാങ്ങി കൊടുക്കാൻ പറഞ്ഞു.. അടുത്ത് നിന്ന സ്ത്രീകൾ കൂപ്പ് കയ്യോടെ അവളെ നോക്കി. അവൾ അവരോട് ഒരോരുത്തരോടും വിവരങ്ങൾ ആരാഞ്ഞു. എല്ലാവർക്കും ഓരോ കദന കഥകൾ.. എല്ലാവരെയും ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.. ഒരു മൂലയിൽ ഒറ്റപ്പെട്ട് ഒരു സ്ത്രീ കിടക്കുന്നു. സുമി യും സുലുവും അവരുടെ അടുത്തേക്ക് നീങ്ങി. "എന്താ അമ്മേ ഒറ്റക്ക് കിടക്കുന്നെ "? അവൾ അവരുടെ അടുത്ത് ഇരുന്ന് കൊണ്ടു് ചോദിച്ചു. അവരുടെ എല്ലാ സങ്കടങ്ങളും കണ്ണീർമഴയായി അവളുടെ മുന്നിൽ പെയ്തിറങ്ങി.. "കരയാതമ്മെ. എന്താണെങ്കിലും പരിഹാരം ഉണ്ടാക്കാം". "ഇല്ല മോളെ , എല്ലാം പോയി.. ആകെ ഉണ്ടായിരുന്ന ഒരു കൂരയും അതിൽ സൂക്ഷിച്ചിരുന്ന എല്ലാം എല്ലാം.. അതോടൊപ്പം എന്റെ പൊന്നുമോളുടെ സ്വപ്നങ്ങളും.. പാഞ്ഞ് വന്ന കുത്തൊഴുക്കിൽ ജീവൻ മാത്രം അവശേഷിച്ചു. വേണ്ടായിരുന്നു, ഈ ജീവനും കൂടി അങ്ങെടുത്തൂടാ യിരുന്നോ എന്റെ ദേവീ ".. അവർ നിർത്താതെ കരഞ്ഞു. സുമിക്കും സുലുവിനും സങ്കടം സഹിക്കാനായില്ല. അടുത്ത് നിന്ന ഒരു സ്ത്രീ പറഞ്ഞാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്.
ഒരു വർഷം മുമ്പാണ് നഴ്സായ അവരുടെ മകൾ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ലഭിച്ച് ദുബായിൽ പോയത്. ആ മകളുടെയും അമ്മയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളാണ് ആ കൂരയോടൊപ്പം ഒഴുകിപ്പോയത്. കഷ്ഠപ്പെട്ട് പഠിപ്പിച്ച് വളർത്തി വലുതാക്കിയ തന്റെ അമ്മയെ ഒറ്റപ്പെടലിൽ നിന്ന് മോചിപ്പിച്ച് കുറച്ച് നാളെങ്കിലും ഗൾഫിൽ കൊണ്ടുപോയി തന്നോടൊപ്പം നിർത്തുക എന്നതായിരുന്നു ആ മകളുടെ ഏറ്റവും വലിയ സ്വപനം. അതിന് വേണ്ടി മാസങ്ങളായി അവൾ പ്രയത്നിക്കുകയായിരുന്നു. പലരെയും ആശ്രയിച്ചാണ് അമ്മക്ക് ഒരു പാസ്സ്പോർട്ട് സംഘടിപ്പിച്ചത്. പിന്നെ ഹോസ്പിറ്റൽ എച്ച് ആറി ന്റെ കാരുണ്യത്തിന്നായി അടുത്ത ശ്രമം. അവസാനം കഴിഞ്ഞ ആഴ്ച അമ്മക്ക് വിസ ലഭിച്ച സന്തോഷ ത്തിലായിരുന്നു ഇരുവരും . ടിക്കറ്റും വിസയും അമ്മക്ക് അയച്ച് കൊടുത്തു. കൊച്ചിയിൽ നിന്ന് ഇന്ന് പുറപ്പെടുന്ന ഒരു കൂട്ടുകാരിയോ ടൊപ്പം ദുബായ് ക്ക് പറക്കാനിരിക്കെയാണ്, മൂന്ന് ദിവസങ്ങൾക്ക് മുൻപ് വിധി എല്ലാം തട്ടിത്തെറിപ്പിച്ചത്..
കരഞ്ഞു് കൊണ്ടാണ് സുമി വൈകിട്ട് വീട്ടിൽ ചെന്ന് കയറിയത്.
കുറെ കഴിഞ്ഞാണ് അവളുടെ ഉമ്മി വീട്ടിലെത്തിയത്.. ഉമ്മിയെ കണ്ടപാടെ അവൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. ഉമ്മീ ഞാൻ കണ്ടു, നമുക്ക് ചുറ്റും നരകിക്കുന്ന കുറെ ജീവിതങ്ങൾ..
ഇനി ഞാൻ അൽപസമയം പോലും വെറുതെ പാഴാക്കില്ല. നമുക്കിത് ദൈവാരാധനയാണ്. സംശയമില്ല..
നാളെ മുതൽ ഉമ്മിയുടെ വഴിയിൽ ഞാനും..
നിറമിഴികൾ തുടച്ച് കൊണ്ട് അവർ മകളുടെ മൂർദ്ധാവിൽ തലോടി..
ബഷീർ വാണിയക്കാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo