.................
ഉച്ചവെയിലിന്റെ അസഹ്യമായ ചൂടുകൊണ്ട് പറമ്പിലെ പുല്ലുകളൊക്കെ കരിഞ്ഞിരിക്കുന്നു. നാട്ടിൽ ചൂടിന്റെ കാഠിന്യംമൂലം കുടിവെള്ളത്തിനു വേണ്ടി ആളുകൾ നേട്ടോട്ടമോടുകയാണ്...
പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം നിറച്ചകുടം എളിയിൽവച്ചുകൊണ്ട് അടുക്കളവാതിലിൽകൂടി ചാന്ദിനി വീടിനകത്ത് പ്രവേശിച്ചു. കുടത്തിലെ വെള്ളം പ്ലാസ്റ്റിക്ക് ബക്കറ്റിൽ ഒഴിച്ച് അടച്ചു തിരിയുമ്പോളാണ് ഗേറ്റ് തുറക്കുന്ന ശബ്ദം അവൾ കേട്ടത്.
ഈ ഉച്ച സമയത്ത് ആരായിരിക്കാം?
അടുത്തുണ്ടായിരുന്ന ശാരദാമ്മയോടു അങ്ങനെ ചോദിച്ചു കൊണ്ടു തിണ്ണയിലെത്തിയ ചാന്ദിനി കണ്ടത് ഗേറ്റ് തുറന്ന് തോളിലൊരു ചാക്ക് സഞ്ചിയും മുഷിഞ്ഞ വസ്ത്രവും ധരിച്ച് വടിയൂന്നിപ്പിടിച്ചൊരു മദ്ധ്യവയസ്കനായ ഭിക്ഷക്കാരനെയാണ്. തെല്ലറപ്പു തോന്നിയെങ്കിലും പുറമേ അതു ഭാവിക്കാതെ പിൻതിരിയാൻ തുടങ്ങിയപ്പോൾ അയാൾ അവളോടു ചോദിച്ചു
"അമ്മാ നല്ല വിശപ്പ്.. കഴിക്കാൻ എന്തെങ്കിലും തരുമോ... ഇന്നത്തെ ദിവസം ഇതുവരെ ഒന്നും കഴിച്ചിട്ടില്ല"
ഇതു കേട്ടപ്പോൾ ചാന്ദിനിക്ക് വല്യായ്മ തോന്നി. വിയർപ്പിൽ നനഞ്ഞ പാവം തോന്നിക്കുന്ന അയാളുടെ മുഖത്ത് ഒന്നും കഴിക്കാത്തതിന്റെ ക്ഷീണമുണ്ടായിരുന്നു...
ഇതു കേട്ടുകൊണ്ടു പൂമുഖത്തേയ്ക്കു വന്ന ശാരദാമ്മ ചാന്ദിനിക്കു മാത്രം കേൾക്കത്തവിധം പറഞ്ഞു..
" നീ പോയി ഒരു പാത്രത്തിൽ ചോറും കറിയും എടുത്തോണ്ടു വരു. വീട്ടിൽ വന്നു ഭക്ഷണം ചോദിച്ച ഒരാൾക്ക് അതു കൊടുക്കാതെവിടുന്നത് ദൈവത്തിനു നിരക്കാത്ത പ്രവൃത്തിയാണ് "
അമ്മ പറഞ്ഞത് ശരിവച്ചുകൊണ്ടു ചാന്ദിനി അടുക്കളയിൽ നിന്നും ചോറും കറിയും ഒരു സ്റ്റീൽപ്ലേറ്റിൽ എടുത്ത് മൊന്തയിൽ വെള്ളവുമായി തിണ്ണയിലെത്തി തറയിൽ അയാൾക്കരികിൽ വച്ചു. തിണ്ണയിലെ കസേരയിലിരുന്ന ശാരദാമ്മ കൈകഴുകി കഴിച്ചോളു എന്ന് അയാളോടു പറഞ്ഞു. കൈയും മുഖവും കഴുകിയെന്നു വരുത്തി ആർത്തിയോടെ അയാൾ ആഹാരം കഴിക്കാൻ തുടങ്ങി...
ആ പ്ലേറ്റിലെ ചോറുംകറിയും നിമിഷനേരംകൊണ്ടു കഴിച്ചു തീർത്തിട്ട് ശാരദാമ്മയുടെ മുഖത്തേക്കയാൾ നോക്കി. അയാൾക്കിനിയും ചോറുവേണമെന്നു മനസ്സിലാക്കിയ ശാരദാമ്മ കുറച്ചു ചോറും കറിയുംകൂടി എടുത്തോണ്ടുവരാൻ ചാന്ദിനിയോടാവശ്യപ്പെട്ടു...
ആർത്തിയോടെ രണ്ടാമതു കൊടുത്ത ചോറും കറിയും കഴിച്ചിട്ട് കൈവിരലുകളിൽ പറ്റിയിരിക്കുന്നത് നാക്കുകൊണ്ടു നക്കിയെടുത്തു പിന്നെയും അയാൾ ശാരദാമ്മയെ നോക്കി. ശാരദാമ്മ നെറ്റിചുളിച്ചു കൊണ്ടു ചാന്ദിനിയുടെ നേർക്കു നോക്കി.
ഇതിപ്പോൾ പുലിവാലായിരിക്കുന്നല്ലോ.
മാനസികരോഗിയാണോ ഇയാൾ?
വിശപ്പുമൂത്ത് ഭ്രാന്തായതാണോ?
ശാരദാമ്മ മനസ്സിൽ ഇങ്ങനെയൊക്കെ വിചാരിച്ചു. ഇനിയിപ്പോൾ തങ്ങൾക്ക് കഴിക്കാനുള്ള ചോറേ കാണത്തുള്ളെന്നു മനസ്സിലാക്കിയ ശാരദാമ്മ അയാളുടെ കൈയ്യിൽ നിന്നും പ്ലേറ്റ് മേടിച്ചുകൊണ്ടു അടുക്കളയിലേയ്ക്ക് നടന്നു. കൂടെ ചെറുചിരിയോടെ ചാന്ദിനിയും...
"മോളെ അയാളുടെ കഴിപ്പ് കണ്ടിട്ട് വിശപ്പു തീരുമെന്നു തോന്നുന്നില്ല... പട്ടിണി ആയിരുന്നതുകൊണ്ടു എന്തു കഴിച്ചാലും അതിന് അപ്പോളൊരു പ്രത്യേക രുചിയായിരിക്കും"
"പക്ഷേ അമ്മേ ഇനി നമ്മൾക്കു കഴിക്കാനുള്ള ചോറല്ലേയുള്ളു"
"അത് സാരമില്ല.. അയാളുടെ വിശപ്പു മാറ്റാതെ വിടുന്നതും ശരിയല്ല.. ആരുടെയും വിശപ്പു മാറ്റാൻ അറിയാവുന്ന ഒരു മന്ത്രം എന്റെ കൈയ്യിലുണ്ട്"
ശാരദാമ്മ ചിരിയോടെ പറഞ്ഞു..
പ്ലേറ്റിൽ ചോറും കറിയുമായി ശാരദാമ്മ തിണ്ണയിലെത്തി. പാത്രത്തിലെ ചോറും കറിയും കണ്ടപ്പോൾ അയാളുടെ കണ്ണുകൾ വികസിച്ചു...
ശാരദാമ്മ അയാൾക്കരികിൽ ഇരുന്ന് ചോറും കറിയുംകൂടി നന്നായി കുഴച്ച് ഉരുളയാക്കി അയാൾക്ക് നേരെ നീട്ടി. ആദ്യം ഒന്നരമ്പരന്നെങ്കിലും വിശപ്പ് മാറാത്തതിനാൽ അയാളത് വായിലാക്കി ചവച്ച് തിന്നാൻ തുടങ്ങി...
ഇതുകണ്ട് ചാന്ദിനി അത്ഭുതപ്പെട്ടു. മുമ്പിങ്ങനെ താൻ കണ്ടിരിക്കുന്നത് അശോകേട്ടൻ ഗൾഫിൽ നിന്നും ലീവിനുവന്ന് ഭക്ഷണം കഴിക്കുന്ന സമയത്ത് അമ്മയുടെ മുന്നിലിരുന്നു കൊഞ്ചുമ്പോൾ അമ്മ ഉരുളയായി വായിൽവച്ചു കൊടുക്കുന്നതാണ്. അതു കാണുമ്പോൾ തന്നെവാരി കഴിക്കുന്ന ഒന്നാം ക്ലാസ്സുകാരൻ അപ്പൂസിന് ഞാനും ഉരുളയാക്കി കൊടുക്കണമെന്ന് നിർബന്ധം പിടിക്കുമായിരുന്നു...
മൂന്നുരുള കഴിച്ചപ്പോളേക്കിനും അയാളുടെ കണ്ണുകൾ നിറയുന്നത് ശാരദാമ്മ കണ്ടു. പാത്രത്തിൽ ചോറിനിയും ബാക്കിയുണ്ടായിരുന്നു. പിന്നെയും കൊടുക്കാൻ തുനിഞ്ഞപ്പോൾ അയാൾ ശാരദാമ്മയെ തടഞ്ഞു.
" മതിയമ്മേ വയറും മനസ്സും നിറഞ്ഞു.. ഇനി കഴിച്ചാൽ കഴിച്ചതിന്റെയൊക്കെ രുചി പോകും.. ആദ്യമായിട്ടാണ് ഒരാളെന്നെ സ്നേഹത്തോടെ ഊട്ടുന്നത് "
ഇതും പറഞ്ഞ് പുറംകൈകൊണ്ട് ഒഴുകിവന്ന കണ്ണീർ തുടച്ച് കൈകഴുകാനായി അയാൾ എഴുന്നേറ്റു. അതു കണ്ടപ്പോൾ സന്തോഷം കൊണ്ടു ശാരദാമ്മയുടെ മനസ്സു കുളിർക്കുകയും കണ്ണു നിറയുകയും ചെയ്തു....
തന്റെ മുഷിഞ്ഞ വസ്ത്രത്തിൽ കൈകൾ തുടച്ച് ചാക്കുസഞ്ചി തോളിലിട്ട് ശാരദാമ്മയ്ക്കും ചാന്ദിനിക്കും നേരെ കൈൾ കൂപ്പി ഗേറ്റ് കടന്നയാൾ നടന്നു മറഞ്ഞു. ഒരെയൊരു മകൻ അശോകനെ ഊട്ടി വയറുനിറച്ച സംതൃപ്തിയാണ് ശാരദാമ്മയ്ക്ക് അപ്പോൾ അനുഭവപ്പെട്ടത്...
സ്നേഹത്തിൽ ചാലിച്ച് എന്തു നമ്മൾ നൽകിയാലും അത് ലഭിക്കുന്നയാളുടെ മനസ്സു നിറയ്ക്കുക തന്നെ ചെയ്യും...
ഒരു പക്ഷെ സ്നേഹം കിട്ടാത്തതാണ് ഇന്ന് പലരിലും മനുഷത്വം നിലച്ചുപോകാൻ കാരണമാകുന്നത്...
സ്നേഹമാകുന്ന വളംചേർത്ത് വളർത്തി വലുതാക്കിയ മരത്തിന്റെ തണലിൽ കഴിയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് അനുഭവപ്പെടുന്നത്. സ്നേഹവും, വാത്സല്യവും അതർഹതപ്പെട്ടവർക്ക് നൽകാൻ ഒരിക്കലും മടികാണിക്കരുത്....
.............................
✒ മനു ..............

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക