Slider

നിലപാട്

0

Image may contain: Rethimol Jini, selfie and closeup

അവന്‍റെ കൈമുട്ട് എന്‍റെ വയറില്‍ ചെറുതായൊന്നു സ്പര്‍ശിച്ചുവോ?മീര വീണ്ടും വീണ്ടും ആലോചിച്ചുനോക്കി.തോന്നലായിരുന്നു എന്നങ്ങ് വിശ്വസിക്കാനും വയ്യ.ഇന്‍റര്‍വെല്ലിന് ധൃതിയില്‍ ഗ്രൗണ്ടിലൂടെ നടന്നു പോയപ്പോള്‍ മിസ്സ്, എന്നാണ് മാത്സ് ക്വിസ്?എന്ന ചോദ്യവുമായാണ് അവനെന്നെ സമീപിച്ചത്.മിടുക്കനാണവന്‍.പഠിക്കാന്‍ മാത്രമല്ല സാഹിത്യവാസനയുമുള്ള കുട്ടിയാണ്.എന്‍റെ പ്രിയപ്പെട്ട ശിഷ്യന്‍.പിറ്റേന്ന് രാവിലെ ഒപ്പിട്ടിട്ട് സ്റ്റെപ്പിറങ്ങി വന്നപ്പോള്‍ നിറചിരിയുമായ് എന്തോ ചോദിക്കാനാഞ്ഞ് അവന്‍ വീണ്ടും മുന്നില്‍ .എന്താണു വില്‍സണ്‍ എന്ന ചോദ്യരൂപേണയുള്ള എന്‍റെ നോട്ടത്തിന് മിസ്സ് ,റസിറ്റേഷന്‍ ഡേറ്റ് എന്നാണ് ?അതു നോട്ടീസ് ബോര്‍ഡില്‍ എന്നേയിട്ടിരിക്കുന്നു എന്നു പറഞ്ഞു നടന്ന എന്‍റെ ഒപ്പം ഓരോന്നു പറഞ്ഞ് കൂടെനടന്ന അവന്‍റെ കൈമുട്ട് വീണ്ടും വയറില്‍ സ്പര്‍ശിച്ചപോലെ.ഒരു നിമിഷം കാലില്‍ വിലങ്ങിട്ടപോലെ നിന്നുപോയി മീര.മിസ്സ് ,ഞാന്‍ പോട്ടെ എന്നുപറഞ്ഞ് അവന്‍ ആ നിമിഷം ഓടിപ്പോകുകയും ചെയ്തു.
ഇന്നലെവരെയില്ലാത്ത ഒരു മാറ്റം അവനില്‍.അന്നു മുഴുവന്‍ അസ്വസ്ഥമായ മനസ്സോടെ ,ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ കഴിയേണ്ടിവന്നു.ഇതിനിടയില്‍ പ്രിയപ്പെട്ട കൂട്ടുകാരിയായ നയനയോട് വില്‍സന്‍റെ പെരുമാറ്റത്തെക്കുറിച്ചും അവനെ ഒന്നു ശ്രദ്ധിക്കാനും പറഞ്ഞു.രണ്ടുദിവസത്തിനു ശേഷം ഉച്ചസമയം അവന്‍ ഡിബേറ്റിന്‍റെ ടോപ്പിക് ചോദിച്ചു വന്നപ്പോള്‍ മീര അവനെ നേരെ മുന്‍പില്‍ പിടിച്ചുനിര്‍ത്തി വിഷയം പിന്നീടറിയിക്കാമെന്നു പറഞ്ഞു.അവന് തെറ്റുചെയ്യാന്‍ ഒരവസരവും കൊടുക്കരുതെന്ന് തീരുമാനിച്ചു .നടന്നു സംസാരിക്കുമ്പോഴാണ് അവന്‍ ഇങ്ങനെ പെരുമാറുന്നത്.
അവന്‍ മറ്റേതെങ്കിലും ടീച്ചേഴ്സിനോടോ അവന്‍റെ കൂട്ടുകാരികളോടോ ഇങ്ങനെ പെരുമാറുന്നുണ്ടാകുമോ.ഇതിപ്പോള്‍ ആരോടും ചോദിക്കാനും പറ്റില്ല.ഒന്നോ രണ്ടോ പ്രാവശ്യത്തെ തട്ടലും മുട്ടലുമൊക്കെ അറിയാതെ സംഭവിച്ചതാകാനേ വഴിയുള്ളു എന്നവരും ചിന്തിക്കില്ലേ.അവനെ വിട്ടുകളയാന്‍ പറ്റില്ല.എങ്ങനെയെങ്കിലും തിരുത്തിയെ പറ്റു.
അങ്ങനെയിരിക്കെ ഓണാഘോഷത്തിരക്കിനിടയില്‍ മാവേലിത്തമ്പുരാനെ ആര്‍പ്പുവിളികളോടെ എതിരേല്‍ക്കുന്ന കുട്ടികളും അധ്യാപകരും.മൈക്ക് കൈയില്‍ പിടിച്ചിരിക്കുന്ന മീരടീച്ചറുടെ അടുത്ത് കുട്ടികളുടെ തിക്കും തിരക്കും.മൈക്കിലൂടെ സ്വന്തം ശബ്ദം കേള്‍പ്പിക്കാനൊരവസരം.ആ തിരക്കിനിടയില്‍ വില്‍സണും.മീര കരുതലോടെ നിന്നു.പക്ഷേ അവന്‍......
അവന്‍റെ കൈ ശരീരത്തില്‍ തൊട്ട നിമിഷം തന്നെ ടീച്ചര്‍ പ്രതികരിച്ചു.കത്തുന്ന ഒരു നോട്ടം.അവന്‍ വിളറിയ മുഖത്തോടെ പിന്‍വാങ്ങി.
മീരയുടെ ആധി പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ലായിരുന്നു.വില്‍സണ് അഞ്ചില്‍ പഠിക്കുന്ന ഒരനുജത്തിയുണ്ട്.ഒന്നും അറിയാത്ത ആ കുഞ്ഞിനോടെന്തെങ്കിലും അരുതാത്തത് കാണിക്കുമോ.ബന്ധങ്ങള്‍ക്കൊന്നും യാതൊരു വിലയും കല്പിക്കാത്ത ഈ ലോകത്താണല്ലോ അവന്‍ ജീവിക്കുന്നത്.പോരാത്തതിന് ഇന്‍റര്‍നെറ്റിന്‍റെ ചതിക്കുഴികളും.ഇതിപ്പോള്‍ രക്ഷാകര്‍ത്താക്കളോടു പറഞ്ഞാല്‍ ?വാദി പ്രതിയാകുന്ന കാലമാണ്.ചിന്തകള്‍ക്കു ചൂടുപിടിച്ചു.തന്‍റെ വൈകൃതം ടീച്ചര്‍ മനസ്സിലാക്കി എന്നറിഞ്ഞ വില്‍സന്‍റെ മാനസികാവസ്ഥ.അവനെന്തെങ്കിലും അവിവേകം കാണിച്ചാല്‍?
നയന പായസവിതരണ തിരക്കിലാണ്.ഹൃദയം പൊട്ടിപ്പോകുന്നപോലെ.എവിടെയെങ്കിലുമൊന്നിരുന്നേ പറ്റു.അവനെന്തെങ്കിലും അവിവേകം ചെയ്യുമോ എന്ന ചിന്ത.ദേഹം തളരുന്നപോലെ.പക്ഷേ തളര്‍ന്നിരിക്കാനുള്ള സമയമല്ല.ഉണര്‍ന്നേ പറ്റൂ.കലമടി മത്സരം നടക്കുന്നിടത്ത് ഒന്നിലും പങ്കുചേരാതെ കുട്ടികള്‍ക്കിടയില്‍നിന്ന് മാറി നില്‍ക്കുന്ന അവനെ കൈ പിടിച്ച് മീര സ്റ്റാഫ്റൂമിലേക്കു കൊണ്ടുപോയി കസേരയില്‍ ഇരുത്തി.എന്നിട്ട് വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളമെടുത്ത് നീട്ടി കുടിക്കാന്‍ പറഞ്ഞു.
തലതാഴ്ത്തിയിരിക്കുന്ന അവന്‍റെ കൈരണ്ടും കൂട്ടിപ്പിടിച്ചിട്ട് പറഞ്ഞു.നീ എന്നും എന്‍റെ ഏറ്റവും നല്ല ശിഷ്യനായിരിക്കണം.എന്തെങ്കിലും അരുതാത്തത് മനസ്സില്‍ തോന്നിയിട്ടുണ്ടെങ്കില്‍ ഈ നിമിഷം അതുപേക്ഷിക്കണം.നിന്‍റെ മനസ്സിലേക്ക് ഈ വിഷം കുത്തിവച്ചതാരാണെങ്കിലും അവരില്‍നിന്ന് അകലുക.അല്ലെങ്കില്‍ നീ കാരണം നിന്‍റെ പാവം മാതാപിതാക്കളും കുഞ്ഞനുജത്തിയും കരയാനിടവരും.ജീവിതം പോലും അവര്‍ വേണ്ടെന്നുവയ്ക്കും.കണ്ണുതെളിയിച്ച് നേര്‍വഴി നയിക്കാന്‍ ഭഗവാന്‍ എന്‍റെ കയ്യിലേയ്ക്കുതന്ന കുഞ്ഞാണു നീ.നിന്‍റെ തെറ്റുപൊറുക്കാന്‍ എനിക്കു കഴിയും.ഒരധ്യാപിക അമ്മയ്ക്കു തുല്യയാണ്.മക്കളുടെ തെറ്റുകള്‍ ഒരമ്മയും വിളിച്ചുകൂവി നടക്കില്ല.നിനക്കെന്നെ വിശ്വസിക്കാം.
അയ്യോ അമ്മ ഇതാരുടെ ഫോട്ടോയാ നോക്കിയിരിക്കുന്നെ.എനിക്കു വല്ല ചെക്കനേം തപ്പുവാണോ.ങേ,ഇതു പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ വില്‍സണ്‍ സ്കറിയ അല്ലേ.അടുത്തയാഴ്ച കോളേജില്‍ ഇദ്ദേഹത്തിന്‍റെ ക്ലാസ്സുണ്ടമ്മെ.ഭയങ്കര നല്ല ആളാന്നാ പറയുന്നെ.മകളുടെ വാതോരാതെയുള്ള സംസാരം കേട്ട് ഉള്ളില്‍ വിരിഞ്ഞ ഒരു ഗൂഢസ്മിതം മീരയുടെ മിഴികളില്‍ നിന്ന് അടര്‍ന്നുവീണു.
രതിമോള്‍ ജിനി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo