Slider

പരിശുദ്ധനായ പോളച്ചൻ.

0
Image may contain: Saji M Mathews, smiling, selfie and closeup


കണ്ടു കണ്ട് ടീവി പ്രോഗ്രാമുകൾ ബോറടിച്ചു തുടങ്ങിയിരിക്കുന്നു.
പോളച്ചൻ ഇടത് കൈനീട്ടി റിമോട്ടെടുത്തു ടീവി ഓഫ് ചെയ്തു.
മൂന്ന് മാസം മുൻപാണ് ടീവിയ്ക്ക് ഹാളിൽ നിന്ന് കിടപ്പു മുറിയിലേക്ക് സ്ഥാനമാറ്റം കിട്ടിയത്.
കർക്കിടകം പുറത്ത് പെയ്യാൻ വിതുമ്പി നിൽക്കുന്നു. മഴക്കാറിനാലാകാം വീടിനകം മുഴുവൻ ഇരുൾ വീണു തുടങ്ങി.
ഒരു മാത്ര ഭിത്തിയിൽ തൂക്കിയിട്ടിരുന്ന തോമാ ശ്ലീഹായുടെ ചിത്രത്തിൽ കണ്ണുകളുടക്കി. ഒരു കൈയ്യിൽ വാരിക്കുന്തവും മറു കൈയ്യിൽ തടിച്ച പുസ്തകവുമായി തോമാശ്ലീഹ പോളച്ചനെ തന്നെ നോക്കി ഭിത്തിയിൽ തൂങ്ങി കിടക്കുന്നു.
ചിത്രകാരന്റെ കൗതുകമാവാം പരിശുദ്ധന്റെ തലയ്ക്ക് മുകളിൽ അങ്ങ് നീലാകാശത്ത് രണ്ട് പക്ഷികൾ പറക്കുന്നതായി വരച്ചു ചേർത്തിട്ടുണ്ട്. കുറച്ചു കാലമായുള്ള നിരീക്ഷണങ്ങൾക്കൊടുവിൽ അവ രണ്ട് കഴുകന്മാർ ആണെന്ന് പോളച്ചൻ കണ്ടുപിടിച്ചു.
ഈയിടെയായി ഒന്ന് കണ്ണടച്ചാൽ പോളച്ചൻ ഒരേ സ്വപനം തന്നെ വീണ്ടും വീണ്ടും കാണുന്നു.
“ഒരു വാരിക്കുന്തം തന്റെ മാറു പിളർക്കുന്നതും, കഴുകന്മാർ വന്ന് ആർത്തിയോടെ ഹൃദയം കൊത്തിപ്പറിക്കുന്നതും"
ഓരോ തവണയും വേദനകൊണ്ട് പുളഞ്ഞ്, ഞെട്ടിയുണരും. കൺ മിഴിക്കുമ്പോൾ കഴുകന്മാർ രണ്ടായിരം വർഷങ്ങൾക്ക് പിറകിലേക്ക് പോയി തോമാശ്ലീഹായുടെ തലയ്ക്കു മുകളിൽ ഒന്നുമറിയാത്ത പോലെ പറന്ന് കൊണ്ടിരിക്കുന്നുണ്ടാകും.
ആ ദു:സ്വപ്നം വീണ്ടും കാണാനിടവരുതേ എന്നാഗ്രഹിച്ച് പോളച്ചൻ കണ്ണുകളടച്ചു കിടന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ വാതിൽപ്പാളി പാതി തുറന്ന് ഭാര്യ ഗ്രേസി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു
" ഉറങ്ങുവാണോ ".
കണ്ണ് തുറന്ന് അവളെ നോക്കി, മെല്ലെ തലയാട്ടി ഉറങ്ങുന്നില്ലെന്ന് ബോധ്യപ്പെടുത്തി.
"ഞാനൊന്ന് ടൌൺ വരെ പോയിട്ട് വരാം ..കുറച്ചു സാധനങ്ങൾ വാങ്ങണം..
ജെസ്സി മുൻവശത്തിരുന്ന് പഠിക്കുന്നുണ്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി "
"എനിക്കൊന്നും വേണ്ട " നിഷേധാർത്ഥത്തിൽ തലയാട്ടി പോളച്ചൻ വീണ്ടും കണ്ണടച്ച് കിടന്നു. മഴ പെയ്യാൻ തുടങ്ങി... . അന്തരീക്ഷത്തിൽ കുളിരു നിറഞ്ഞു.
ഭാര്യ ഗ്രേസിയുടെ അകന്ന ബന്ധത്തിലുള്ളതാണ് ജെസ്സി , അവൾക്കിപ്പോൾ പതിമൂന്ന് വയസ്സ് ആയിട്ടുണ്ടാകും.
നാലഞ്ച് വർഷം മുമ്പൊരു ഉരുൾപൊട്ടലിൽ അപ്പനും അമ്മയും അവരുടെ കൊച്ചു വീടും ഒലിച്ചുപോയി. ജെസ്സി മാത്രം എങ്ങിനെയോ രക്ഷപ്പെട്ടു. അപ്പന്റെയും അമ്മയുടെയും ബന്ധുക്കൾക്ക് അവളൊരു ബാധ്യതയാണെന്നറിഞ്ഞപ്പോൾ ഗ്രേസി അവളെ ഇങ്ങോട്ട് വിളിച്ചോണ്ട്പോന്നു.
കല്യാണം കഴിഞ്ഞ് പത്തിരുപത് വർഷമായിട്ടും കുട്ടികളൊന്നും ഉണ്ടാകാത്തതിൻറെ ദുഃഖം ഗ്രേസിക്കുണ്ട്. അതുകൊണ്ട് പോളച്ചൻ അതിനെതിരുപറഞ്ഞില്ല.
*******************
ഇക്കഴിഞ്ഞ വേനലിൽ ഒരു ദിവസം ഇത് പോലെ നല്ല ശക്തമായ ഒരു മഴ പെയ്തു.
അന്ന് പോളച്ചൻ ടൗണിൽ നിന്ന് തിരികെ വരുമ്പോൾ ഗ്രേസി വീട്ടിലില്ല, ഉണങ്ങാനിട്ടിരുന്ന റബ്ബർ ഷീറ്റുകൾ മഴയ്ക്ക് മുൻപേ പെറുക്കി പുറകിലത്തെ സ്റ്റോർ റൂമിലേക്ക് എടുത്തുകൊണ്ട് പോവുകയായിരുന്നു ജെസ്സി.
പെട്ടന്ന് വേനൽ മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി. പോളച്ചനും ജെസ്സിയെ സഹായിക്കാൻ ചെന്നു. ഷീറ്റെല്ലാം എടുത്തിട്ട് കഴിഞ്ഞപ്പോളേക്കും രണ്ടുപേരും ശരിക്കും നനഞ്ഞു കഴിഞ്ഞിരുന്നു. സ്റ്റോർ റൂമിലെ അരണ്ട വെളിച്ചത്തിൽ പോളച്ചൻ ശ്രദ്ധിച്ചു, നനഞ്ഞൊട്ടിയ വസ്ത്രങ്ങൾക്കുള്ളിൽ, പ്രായത്തിനേക്കാൾ വളർച്ച തോന്നിക്കുന്ന ജെസ്സിയുടെ ശരീരം. അങ്ങിനെയൊരു സാഹചര്യത്തിൽ അവളെ തൊട്ടടുത്ത് കിട്ടിയപ്പോൾ പോളച്ചന്റെ മനസ്സിലൊരു ചെകുത്താൻ ഉണർന്നു. അയാൾ വലത് കൈ നീട്ടി അവളുടെ തോളത്തു വെച്ചു. മനസ്സിൽ കളങ്കമില്ലാത്ത ജെസ്സി ചാച്ചന്റെ കൈയ്യിൽ പിടിച്ചു. പുറത്തെ ഇടിമിന്നലും പേമാരിയും കണ്ട് അവൾ ശരിക്കും ഭയന്ന് പോയിരുന്നു. പോളച്ചൻ അവളെ തന്നോട് ചേർത്ത് നിർത്തി.
ആകാശത്ത് അതി ശക്തമായൊരു മിന്നൽ. കാത് പൊട്ടിപ്പോകുന്നപോലെ ഇടിയുടെ ശബ്ദം.
പോളച്ചന് തലയുടെ ഇടത് ഭാഗത്ത് ഒരു വല്ലാത്ത വേദന തോന്നി. ക്രമേണ അത് കൂടി കൂടി വന്നു. വായിലെ ഉമിനീർ വറ്റി വരളുന്നത് പോലെ. കണ്ണിൽ ഇരുട്ട് കയറി താഴെ വീണതോർമ്മയുണ്ട്, ഉണരുമ്പോൾ ഹോസ്പിറ്റലിലെ ICU വിൽ.
സ്ട്രോക്ക് വന്നതായിരുന്നു, ശരീരത്തിന്റെ വലത് വശം തളർന്നു പോയി. ജീവനെങ്കിലും രക്ഷപെട്ടത് തക്ക സമയത്ത് ജെസ്സി ആരുടെയോ സഹായത്താൽ ആശുപത്രിയിൽ എത്തിച്ചത് കൊണ്ടാണെന്ന് ഡോക്ടർ പറയുന്നത് കേട്ടു.
മൂന്നു മാസമായി, പക്ഷാഘാതം പാതി തളർത്തിയ ശരീരവുമായി പോളച്ചൻ കിടക്കുന്നു.
********************
പുറത്തു പെയ്യുന്ന മഴയ്ക്ക് കാതോർത്ത് കിടന്ന പോളച്ചൻ ഒന്ന് മയങ്ങിപ്പോയി.വീണ്ടും ആ സ്വപ്നം.. നെഞ്ചിൽ ആഴ്ന്നിറങ്ങുന്ന കഴുകന്മാരുടെ കൂർത്ത നഖങ്ങൾ.
"ആഹ് .......... "
വേദനയിൽ പോളച്ചൻ അലറി, സ്വാധീനമുള്ള ഇടതു കൈകൊണ്ട് കഴുകന്മാരെ ആട്ടിയോടിക്കാൻ ശ്രമിച്ചു. ശ്രമത്തിനിടയിൽ കട്ടിലിൽ നിന്ന് വഴുതി താഴെ വീണു.
നിലത്തു വീണ പോളച്ചൻ സഹായത്തിനായി ഗ്രേസിയെ വിളിച്ചു. ഒരു വശത്തേക്കു കോടിയ വായിൽ നിന്നും അസ്പഷ്ടമായ ഒരു ശബ്ദം മാത്രം പുറത്തേക്ക് വന്നു.
ആരോ തന്നെ ആയാസപ്പെട്ട് കട്ടിലിൽ എടുത്ത് കിടത്തിയത് പോളച്ചൻ അറിഞ്ഞു. ചാച്ചനെ പുതപ്പിച്ചിട്ട് തിരികെ പോകും മുൻപ് ജെസ്സി തോമാശ്ലീഹായുടെ ചിത്രത്തിന് മുൻപിൽ മുട്ടുകുത്തിനിന്ന് പ്രാർത്ഥിച്ചു,
"സ്വന്തം മകളെപ്പോലെ എന്നെ സ്നേഹിക്കുന്ന ചാച്ചൻറെ വയ്യായ്ക എത്രയും വേഗം ഭേദമാക്കണേ മുത്തപ്പാ...മരക്കുരിശും ചുമന്ന് മലയാറ്റൂർ മല കേറിവന്ന് വഴിപാട് കഴിച്ചോളാമേ "
അവളുടെ നിഷ്കളങ്കമായ പ്രാർത്ഥന കേട്ടപ്പോൾ കുറ്റബോധം കൊണ്ട് പോളച്ചന്റെ മനസ്സ് വിങ്ങി.
കണ്ണുകളിൽ നിന്ന് പശ്ചാത്താപത്തിന്റെ ഉറവ കണ്ണ് നീരായി നിറഞ്ഞൊഴുകി.
കൃത്യ സമയത്ത് തന്നെ തൻറെ ശരീരത്തിന്റെ പാതി തളർത്തിയതിന്, ഒരു മഹാ പാപത്തിൽപ്പെടാതെ രക്ഷിച്ച ദൈവത്തോട് ആദ്യമായന്ന് നന്ദി പറഞ്ഞു.
ഈ കുരുന്നിനെയാണല്ലോ കർത്താവേ ഞാനന്ന് .....
തോമാശ്ലീഹായുടെ ചിത്രത്തിൽ നോക്കി വിങ്ങിപൊട്ടിക്കൊണ്ടവൻ അപേക്ഷിച്ചു
"ഇതാ എന്റെ പാപ പങ്കിലമായ ഹൃദയം.. നിന്റെ കഴുകന്മാരെ അയച്ചതിനെ കീറി മുറിക്കൂ.. ഈ പാപി ഇതിലും എത്രയോ വലിയ ശിക്ഷകൾ അർഹിക്കുന്നു”
പക്ഷെ അവന്റെ നെഞ്ച് വാരിക്കുന്തത്തിനാൽ പിളർക്കപ്പെട്ടില്ല, ഹൃദയം ഭക്ഷിപ്പാൻ കഴുകന്മാരുമെത്തിയില്ല. പകരം സ്വപ്നത്തിലവനൊരു പ്രാവിന്റെ നനുത്ത ചിറകടി കേട്ടു.. ഒരുപാട് നാളുകൾക്ക് ശേഷം പോളച്ചൻ അന്ന് സ്വസ്ഥമായുറങ്ങി.
*******************************************************************
ഊന്നു വടിയുടെ സഹായത്തോടെ പോളച്ചൻ മല കയറുകയാണ്. വീഴാതിരിക്കാൻ വലതു കൈയ്യിൽ ഗ്രേസി പിടിച്ചിട്ടുണ്ട്. കുറച്ചു മുൻപിലായി ഒരു മരക്കുരിശുമായ് ജെസ്സി.
ദുഃഖവെള്ളിയിലെ തിരക്കിനടയിലും അവളുടെ പ്രാർത്ഥനാ ഗീതം വ്യക്തമായി കേൾക്കാം.
"മാറാത്ത വ്യാധികൾ മാറ്റി, തീരാത്ത ദുഃഖമകറ്റി , അടിയങ്ങൾക്കഭയം നൽകും പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം ...."
*****************************
പുറത്തറിഞ്ഞതും അറിയാത്തതുമായ എത്ര ക്രൂരതകൾ.. ചിലപ്പോളെങ്കിലും ഒരു ദൈവീക ഇടപെടൽ ആരാണ് ആഗ്രഹിച്ചു പോകാത്തത് ..
By Saji.M.Mathews.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo